ഒരു പാട് കണക്കുക്കൂട്ടലുകളിലൂടെയാണു എന്റെ ജീവിതം മുൻപോട്ട് പോകുന്നത്. പക്ഷേ മിക്കപ്പോഴും ആ കണക്കുക്കൂട്ടലുകളെല്ലാം തെറ്റുകയും ചെയ്യുന്നു. പിന്നേയും പുതിയ കണക്കുകൾ. തെറ്റുന്ന കണക്കുകൾ ആരേയും ബോധിപ്പിക്കണ്ടാ കാരണം ആരും എന്റെ കണക്കുക്കൂട്ടലുകളുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തിട്ടില്ല, ഏറ്റെടുക്കുകയുമില്ലാ. എല്ലാം തന്റെ മാത്രം ഉത്തരവാദിത്തങ്ങളായി മാറുമ്പോൾ കുറ്റങ്ങളും കുറവുകളുമെല്ലാം തനിക്ക് മാത്രം സ്വന്തം.
കണക്കുക്കൂട്ടലുകൾ പിഴക്കുമ്പോൾ അറിയാതെ ആഗ്രഹിച്ചു പോകുന്നു ആരെങ്കിലും ഒരു താങ്ങായി അരികിൽ ഉണ്ടായിരുന്നെങ്കിലെന്ന്. ശരിക്കും മനസ്സും ശരീരവും തളർന്നിരിക്കുന്നു. ഓട്ടം തികക്കുവാൻ ഇനിയും എത്രയോ കാതങ്ങൾ താണ്ടണം. അതും തനിയെ.....
യാഥാർത്ഥ്യങ്ങളെ യാഥാർത്ഥ്യങ്ങളായി കാണുമ്പോൾ ജീവിതം ശരിക്കും ഭയാനകമാണു. ആ യാഥാർത്ഥ്യങ്ങൾക്കിടയിൽ കുറച്ച് സ്വപ്നങ്ങളും, കുറച്ചു കുറമ്പും, കുറച്ച് ഭ്രാന്തൻ ചിന്തകളും നമ്മൾ അറിഞ്ഞും അറിയാതെയും ഒരു വിരുന്നുകാരായി വരുമ്പോൾ ജീവിതത്തിലെ ആ ഭയാനകത്വം എവിടെയോ പോയി മറയുന്നു. എന്നിരുന്നാലും ആ ഭയാനകത്വം തല പൊക്കുന്ന നിമിഷങ്ങളുണ്ട് ജീവിതത്തിൽ, അവിടെ നമ്മുടെ കണക്കുക്കൂട്ടലുകൾ എല്ലാം തെറ്റുകയും ചെയ്യുന്നു.
ഓരോ ദിവസവും എത്രയോ കണക്കുക്കൂട്ടലുകളിലൂടെയാണു മുൻപോട്ട് പോകുന്നതല്ലേ. രാവിലെ അലാറം വെച്ച് എണീക്കുമ്പോൾ മുതൽ തുടങ്ങുന്നു കൂട്ടിക്കിഴിക്കലുകളുടെ ലോകം. ചിലർ ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കുവാൻ കണക്കുക്കൂട്ടലുകൾ നടത്തുമ്പോൾ, ചിലർ ജീവിതത്തിന്റെ സുഖലോലുപതകളെ പുൽകുവാനുളള കണക്കുക്കൂട്ടലുകൾ നടത്തുന്നു. എന്നാൽ ഇതിന്റെയെല്ലാം അവസാനം എല്ലാവരും എത്തിച്ചേരുന്ന ഒരു ഉപസംഹാരമുണ്ട് എത്ര കൂട്ടിക്കിഴിക്കലുകൾ നടത്തിയാലും ജീവിതത്തിനു ഒരു ഗതിയുണ്ട് അല്ലെങ്കിൽ ഓരോരുത്തർക്കും ഒരോ വിധിയുണ്ട്..... അത് ഒരു കണക്കുക്കൂട്ടലുകളും നടത്താതെ തന്നെ നമ്മളെ തേടിയെത്തിയിരിക്കും...
രണ്ടു ദിവസം അസുഖം ബാധിച്ചു കിടന്നപ്പോൾ എന്റെ പല കണക്കുക്കൂട്ടലുകളും തെറ്റിയതിന്റെ ഒരു ചേതോവികാരമാണു എന്നെ ഇത്രയും എഴുതുവാൻ പ്രേരിപ്പിച്ചത്.... തെറ്റുന്ന കണക്കുകൾ പിന്നീട് എപ്പോഴെങ്കിലും ജീവിതം തന്നെ ഏറ്റെടുത്ത് നമുക്ക് ശരിയാക്കിത്തരും.... പക്ഷേ അവിടേയും ചില കണക്കുക്കൂട്ടലുകളുടെ ഉത്തരങ്ങൾ ഒരു ചോദ്യചിഹ്നമായിത്തന്നെ അവശേഷിക്കുന്നു!!!.
No comments:
Post a Comment