My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Showing posts with label എന്റെ ജീവിതം (My Life). Show all posts
Showing posts with label എന്റെ ജീവിതം (My Life). Show all posts

Saturday, December 26, 2015

അക്ഷരങ്ങളെ പ്രണയിച്ച പെൺകുട്ടി

"ല്ലാ... ക്രിസ്തുമസ്സ്‌ കഴിഞ്ഞൂല്ലേ?? ചിലരൊക്കെ ക്രിസ്തുമസ്സിനു മുൻപ്‌ കുറേ പടക്കങ്ങൾ പൊട്ടിച്ചായിരുന്നു... ആരുടേയോ കഥ എഴുതാൻ പോകുന്നെന്നോ... നാളെ മുതലങ്ങ്‌ കഥ തുടങ്ങാൻ പോവുകയാണെന്നൊക്കെ പറഞ്ഞ്‌.... ഞാനാണെങ്കിൽ എല്ലാ ദിവസവും കഥ വന്നോ വന്നോയെന്ന് നോക്കിയിരിക്കുകയാ...എവിടെ!!".

തന്റെ ഉറക്കത്തിനു ഭംഗം വരുത്തിയ ശബ്ദത്തിന്റെ ഉറവിടം ഞാൻ അന്വേഷിച്ചു... അത്‌ വേറാരുമായിരുന്നില്ല മ്മടെ പടച്ചോൻ....
"ഇങ്ങൾക്ക്‌ ഉറക്കം ഒന്നുമില്ലേ. സമയം ഇപ്പോൾ വെളുപ്പിനെ 1:04. ഇങ്ങടെ പറച്ചിൽ കേട്ടാൽ തോന്നും ന്റെ കൊയപ്പം കൊണ്ടാ ഞാൻ കഥ എഴുതാഞ്ഞതെന്ന്. കഥ എഴുതാൻ അങ്ങട്‌ മുട്ടി വന്നപ്പോൾ ഇങ്ങളു മ്മക്കിട്ട്‌ പണിതന്നു. മിനിഞ്ഞാന്ന് മുതലു മ്മടെ കൊങ്ങാക്ക്‌ പിടിച്ചോണ്ട്‌ ഒരു ജലദോഷവും മ്മടെ മൂക്ക്‌ തെറിപ്പിച്ചോണ്ട്‌ ഒരു തുമ്മലും ഇങ്ങളു ഞമ്മക്ക്‌ ക്രിസ്തുമസ്സ്‌ ഗിഫ്റ്റായിട്ടു തന്നു . ഒന്നു തല നേരെ നിന്നിട്ട്‌ വേണ്ടേ കഥ എഴുതാൻ."

"അല്ലേലും ഇങ്ങളു എല്ലാവർക്കും പണികൊടുക്കാൻ മിടുക്കനാണല്ലോ?" ഉറക്കത്തിൽ നിന്ന് എന്നെ എണീപ്പിച്ചത്തിന്റെ നീരസവും, പിന്നെ ഒരു നല്ല കാര്യത്തിനു ഇറങ്ങിയപ്പോൾ തന്ന പണിയുടെ ദേഷ്യവും ഞാൻ മറച്ചുവെച്ചില്ല.

"ഇന്നലെ ക്രിസ്തുമസ്സായിട്ട്‌ ഞമ്മക്ക്‌ ഡൂട്ടിയായിരുന്നു. വയ്യാണ്ട്‌ ലീവ്‌ എടുക്കാമെന്ന് വെച്ചപ്പോൾ ഇത്തിരി മനസ്സാക്ഷിയുളളതുകൊണ്ട്‌ ആരേയും ബുദ്ധിമുട്ടിക്കണ്ടാന്ന് വെച്ചു വയ്യാഞ്ഞിട്ടും ഞാൻ ജോലിക്ക്‌ പോയി. അവിടെ ചെന്നിട്ടോ തുമ്മലും ചീറ്റലും പിന്നെ രോഗികളുടെ ഒടുക്കത്തെ ചൊറിച്ചിലും കൂടിയായപ്പോൾ എനിക്ക്‌ ഭ്രാന്ത്‌ പിടിച്ചു. ജോലിക്ക്‌ കയറിപ്പളേ ഞാൻ പറഞ്ഞതാ പടച്ചോനെ തിരക്കൊന്നുമില്ലാതെ ഇന്നത്തെ ദിവസം പോണെയെന്ന്. എവിടെ ഇങ്ങളു ഒന്നിന്റെ പുറകേ ഒന്നായി പണി തന്നോണ്ടേയിരുന്നു. ക്രിസ്തുമസ്സായിട്ട്‌ ആഹാരം കഴിച്ചതോ നാലു മണിക്ക്‌. അതും ഒരു സൂപ്പും രണ്ടു പറ്റ്‌ ചോറും. ഇങ്ങൾക്ക്‌ കണ്ണിച്ചോരയില്ലായെന്ന് പറയുന്നത്‌ ഇതു കൊണ്ടാ. എന്താണേലും നാളത്തേക്ക്‌ ഞാൻ സിക്ക്‌ ലീവെടുത്തു. ഒട്ടും വയ്യായെനിക്ക്‌. ജോലിയും കഴിഞ്ഞ്‌ നേരെ വന്ന് കട്ടിലിൽ കയറിയതാ. ക്ഷീണം കാരണം ഉറങ്ങിപോയതേ അറിഞ്ഞില്ലാ. അപ്പോ ദേ വന്നിരിക്കുന്നു കഥയുടെ കാര്യവും പറഞ്ഞുകൊണ്ട്‌ ഒരാളു."

പക്ഷേ പടച്ചോൻ ആരാ മോൻ... എന്നോട്‌ വഴക്ക്‌ കൂടാൻ തന്നെ തീരുമാനിച്ചു.
"അതു ശരി നിനക്ക്‌ അസുഖം വന്നതിനു ഞാൻ എന്തു പിഴച്ചു. അല്ലേലും ഈ മനുഷ്യന്മാരിങ്ങനെയാ.. എന്തു തട്ടുകേട്‌ വന്നാലും ദൈവത്തിന്റെ പുറത്തങ്ങ്‌ ചാരിക്കോളും. നീയും കണക്കാ. ചുമ്മാണ്ടല്ലാ നിന്നെ എല്ലാരും അഹങ്കാരിയെന്നു വിളിക്കുന്നത്‌."

അഹങ്കാരിയെന്ന വാക്ക്‌ കേട്ടപ്പോളേക്കും എന്റെ മനസ്സിലേക്കൊരു ചിന്ത കയറിവന്നു.
"ഇത്തിരി അഹങ്കാരമില്ലെങ്കിൽ പിന്നെ ജീവിതത്തിനു എന്താ ഒരു ത്രില്ല്. ഇൻഫ്ലുവെൻസ്‌ ഒഫ്‌ ഗുരു ഓൺ ശിക്ഷ്യാ."

"അല്ലാ നീയിപ്പം മനസ്സിൽ വിചാരിച്ച ഡയലോഗ്ഗ്‌ മുൻപ്‌ എവിടെയോ കേട്ടിട്ടുണ്ടല്ലോ."

"അപ്പോളേക്കും ഇങ്ങളെന്റെ മനസ്സും വായിച്ചു. ഇതന്റെ മാഷിനോട്‌ ഞാൻ പറഞ്ഞതാ വർഷങ്ങൾക്ക്‌ മുൻപ്‌. ഇങ്ങളുമെന്നെ അഹങ്കാരീന്ന് വിളിച്ചപ്പോൾ അതങ്ങോർത്തുപോയി. പടച്ചോനറിയുമോ  എന്റെ മാഷാണു എന്നെ ആദ്യമായി അഹങ്കാരിയെന്നു വിളിക്കുന്നത്‌. ".

"അതെന്താ അയിനു മുൻപ്‌ നീ വേറേ അഹങ്കാരീനെയൊന്നും കണ്ടിട്ടില്ല്ലാ??" അതും പറഞ്ഞതും പടച്ചോന്റെ മുഖത്തൊരു കളളച്ചിരി ഞാൻ കണ്ടു.

"അല്ലാ .. ഞാൻ കുറേ നാളുകൊണ്ട്‌ നിന്നോട്‌ ചോദിക്കണമെന്ന് വെച്ചതാ. ഈ മാഷ്‌ മാഷ്‌ എന്നു പറയുന്നതല്ലാതെ ഈ മാഷിനൊരു പേരില്ലേ??"

"ഇല്ലാ ... എന്റെ മാഷിനു പേരില്ല്യാ." അതു പറഞ്ഞതും ഞാൻ നിലത്തേക്ക്‌ നോക്കി തല കുമ്പിട്ടിരുന്നു.

"എന്തേ ഞാൻ അത്‌ ചോദിച്ചത്‌ അനക്കിഷ്ടായില്ലാ.. ഇത്രയും നേരം മുഖത്തുണ്ടായിരുന്ന പ്രസരിപ്പങ്ങ്‌ പോയല്ലോ പെണ്ണിന്റെ?? ശരി അനക്ക്‌ പേരു പറയാൻ താൽപര്യമില്ലാച്ചാൽ വേണ്ടാ.. അനക്ക്‌ മാഷിനെ പെരുത്തിഷ്ടാല്ലേ??"

അത്രയും നേരം മൗനമായിരുന്ന എനിക്ക്‌ ആ ചോദ്യമിഷ്ടപ്പെട്ടു.. അതെന്റെ ചുണ്ടിൽ ഒരു പുഞ്ചിരിയായി വിടർന്നു.

"അപ്പോ എനിക്കൊരു കര്യം മനസ്സിലായി നിന്റെ കഥയിലു മൊത്തം സസ്പെൻസ്സാണു ... " പടച്ചോൻ എന്നെ കിള്ളി എന്റെ കഥ അറിയാനുളള തത്രപോടിലാണെന്ന് എനിക്ക്‌ മനസ്സിലായി.

"അതേ..എന്റെ കഥ ആരേയും വേദനിപ്പിക്കാൻ അല്ലാ... പടച്ചോൻ ഓർക്കുന്നുണ്ടോ ഭാവിയിൽ ഞാൻ ഒരു എഴുത്തുകാരിയാകണമെന്നുളള മോഹം മനസ്സിൽ മൊട്ടിട്ടപ്പോൾതന്നെ ഒരു കാര്യം ഞാൻ തീരുമാനിച്ചായിരുന്നു , ഞാൻ എന്റെ ആത്മകഥ എഴുതില്ലാന്ന്. പിന്നീട്‌ പല തവണയും ആ ചിന്ത മനസ്സിലോട്ട്‌ വന്നു . പക്ഷേ ഇപ്പോളെനിക്ക്‌ അതിന്റെ പോരുൾ പൂർണമായും മനസ്സിലാകുന്നു. എന്റെ കഥ ഞാൻ മുഴുവനായും എഴുതിയാൽ അത്‌ ഒരുപാട്‌ പേരെ വേദനിപ്പിക്കും. മറ്റുളളവരുടെ കണ്ണുനിറയിച്ചുകൊണ്ട്‌ എന്റെ കഥ ഞാൻ എഴുതുന്നത്‌ ശരിയല്ലല്ലോ... പിന്നെ എനിക്ക്‌ മാത്രം താലോലിക്കുവാൻ വേണ്ടി ഒരുപിടി നല്ല ഓർമ്മകൾ എന്റെ മനസ്സിലുണ്ട്‌... അത്‌ ഈ ലോകത്തോട്‌ പറയുന്നതിൽ എനിക്ക്‌ താത്പര്യമില്ലാ ... അത്‌ എന്നോട്‌ കൂടെ ഈ ഭൂമിയിൽ ലയിക്കേണ്ടവയാണു..."

അത്‌ കേട്ടതും പടച്ചോന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു.

ആ പുഞ്ചിരിയുടെ അർത്ഥം എനിക്ക്‌ മനസ്സിലായി... ഞാൻ വെറുതെ ആകാശത്തിലെ നക്ഷത്രങ്ങളേയും നോക്കി ജനാലക്കരികിൽ നിന്നു. ആ നക്ഷത്രങ്ങളുടെ ഇടക്ക്‌ ഞാൻ തേടിയത്‌ എന്റെ പ്രണയത്തേയായിരുന്നു ... അങ്ങു ദൂരെ ഒരു വാൽ നക്ഷത്രമായി ഞാനതുകണ്ടു ... ഒരു പക്ഷേ രാത്രിയിൽ നീയും തെളിഞ്ഞ ആകാശത്തേക്ക്‌ നോക്കുമ്പോൾ ആ വാൽനക്ഷത്രം കണ്ടിരിക്കണം ... അതുകോണ്ടാണു ഇന്നതിനു ഒരു പാടു ശോഭയുളളതായി തോന്നിയത്‌ ...

"എന്താണു കഥയൊരു റൊമാന്റിക്ക്‌ മൂഡിലേക്ക്‌ പോകുന്നത്‌." ഒരു പണിയുമില്ലാത്ത എന്റെ പടച്ചോൻ എന്റെ മനോഹരമായ ആ ചിന്തികൾക്കും കോടാലി വെച്ചു.

ജനാലയിൽക്കൂടി നല്ല തണുപ്പ്‌ അരിച്ചിറങ്ങുന്നു ... എന്തോ മനസ്സിൽ ഒരുപാട്‌ സന്തോഷം തോന്നി അങ്ങനെ നിന്നപ്പോൾ.

"നിങ്ങളു വന്നത്‌ നന്നായി. അതുകൊണ്ടാണോയെന്നറിയില്ല എന്റെ പകുതി അസുഖം കുറഞ്ഞതുപോലെ. അപ്പോ ഇങ്ങളെന്നെക്കൊണ്ട്‌ മുയുവൻ കഥ എഴുതിപ്പിച്ചിട്ടേ പോകത്തോള്ളുവെന്ന് തോന്നുന്നു."
വെറുതെ വെളിയിലേക്ക്‌ നോക്കി നിൽക്കുന്ന പടച്ചോനെ നോക്കി ഞാൻ ചോദിച്ചു.

"നിന്നെയൊന്ന് ഉഷാറാക്കാനല്ലേ ഞാൻ വന്നത്‌. ഇല്ലാച്ചാൽ നീ ഇബിടെയിങ്ങനെ മുയുവൻ സമയവും കരഞ്ഞുകൊണ്ടിരിക്കും. നീയെനിക്കെന്നും പ്രിയപ്പെട്ടതല്ലേ."

അതും പറഞ്ഞു പറഞ്ഞ്‌ പടച്ചോൻ എന്റെ നെറുകയിൽ ചുംബിച്ചു. ഒരു ജന്മത്തിന്റെ സ്നേഹവും വാത്സല്യവും ആ ചുംബനത്തിൽ നിന്ന് ഞാൻ അറിഞ്ഞു. അതെന്റെ കണ്ണുകളേ അറിയാതെ ഈറനണിയിച്ചു.

"ദേ സമയം 2:32. നീയിനി പോയിക്കിടന്നുറങ്ങിക്കോ. ബാക്കി കഥ നമ്മൾക്ക്‌ നാളെ പറയാം. എനിക്ക്‌ നിന്റെ കാര്യം മാത്രം നോക്കിയാൽ പോരല്ലോ. " അതും പറഞ്ഞ്‌ പടച്ചോൻ പോകുവാനൊരുങ്ങി.

"എനിക്ക്‌ ഉറക്കം വരുന്നില്ലാ." പടച്ചോൻ എന്നെ തനിച്ചാക്കി പോകാതിരിക്കുവാൻ വേണ്ടി ഞാൻ പറഞ്ഞു.

"നീ നിന്റെ മനസ്സിൽ താലോലിക്കുന്ന ആ സ്വപ്നങ്ങളേയും കെട്ടിപ്പിടിച്ചു കിടന്നോളൂ .. ഉറക്കം താനേ വന്നോളും.". അതും പറഞ്ഞ്‌ പടച്ചോൻ ആകാശത്തിലേക്ക്‌ മറയുവാൻ തുടങ്ങി.

"ഇങ്ങളും ഭയങ്കര റൊമാന്റിക്കാല്ലേ..." ഞാൻ ഒരു കുസൃതി ചിരിയോടെ അത്‌ പറഞ്ഞു.

അത്‌ കേട്ട് പടച്ചോൻ എനിക്കൊരു ഹൃദ്യമായ പുഞ്ചിരിയും സമ്മാനിച്ച്‌ മേഘങ്ങൾക്കിടയിലേക്ക്‌ മറഞ്ഞു.... അപ്പോളും ഞാൻ കണ്ടു ആകാശത്ത്‌ മിന്നി തിളങ്ങിനിൽക്കുന്ന വാൽ നക്ഷത്രത്തെ ...

(തുടരും..)

കാർത്തിക...



Saturday, November 14, 2015

വികൃതികൾ ഉറങ്ങും ബാല്യം ...

Published in Metro Malayalam, Australia (Sep-Oct 2015).

Thank You Santhosh Sir for sending me the link...






http://issuu.com/mtromalayalam/docs/metro_malayalam_sept-oct_2015




 വികൃതികള്‍ ഉറങ്ങും ബാല്യം 


ബാല്യം മുതല്‍ വാര്‍ദ്ധക്യം വരെയുള്ള കാലഘട്ടത്തില്‍ ഒരിക്കെലെങ്കിലും ജീവിതത്തില്‍ തിരിച്ചുകിട്ടാന്‍ ആഗ്രഹിക്കുന്ന ഒരേയൊരു കാലഘട്ടം ബാല്യമായിരിക്കും. കാരണം ബാല്യമെന്നത് നിഷ്കളങ്കത്തിന്‍റെയും പൂര്‍ണസ്വാതന്ത്ര്യത്തിന്‍റെയും നാളുകളാണ്. ആ ബാല്യകാല ഓര്‍മ്മകള്‍ വിടരുവാന്‍ വെമ്പുന്ന ഒരു പുഷ്പം പോലെ എന്‍റെ ഓര്‍മ്മകളിലെന്നും നിറഞ്ഞുനില്‍ക്കുന്നു. അതില്‍ ഒരു പുഷ്പമാണ്‌ വികൃതികള്‍ ഉറങ്ങും ബാല്യത്തിലൂടെ ഇവിടെ വിടരുവാന്‍ തുടങ്ങുന്നത്...


പിതാവിന്‍റെ കാര്‍ക്കശ്യസ്വഭാവം ഞങ്ങളുടെ കുസൃതിക്ക് എന്നും ഒരു വിലങ്ങുതടിയായിരുന്നു. എന്നിരുന്നാലും ചില കുറുമ്പുകള്‍ കൊണ്ട് ഞങ്ങള്‍ അപ്പനേയും ഞെട്ടിച്ചിട്ടുണ്ട്. ഇത് സംഭവിച്ചത് ഒരു വേനലവദിക്കാലത്താണ്. രാവിലെ ഉറക്കമുണര്‍ന്ന് പല്ലു തേച്ചാലും ഇല്ലെങ്കിലും കാപ്പിയും കുടിച്ചു നേരെ ഇറങ്ങുന്നത് കളിക്കാനാണ്. എല്ലാ ദിവസവും കഞ്ഞീം കറിയും, ഒട്ടാപ്പിടുത്തവും, സാറ്റ് കളിയുമൊക്കെ കളിച്ചു മടുത്തപ്പോളാണ് എന്‍റെ അനിയത്തി പുതിയ കളിയെക്കുറിച്ച് പറഞ്ഞത്.


"എടീ നമുക്കിന്ന് കോഴി കളിച്ചാലോ?"


"എന്തൂട്ടാ, കോഴിയോ.. അതെങ്ങനെ കളിക്കാനാണ്?" ഞാന്‍ അതിശയത്തോടെ ചോദിച്ചു!


അവള്‍ വിവരിക്കുവാന്‍ തുടങ്ങി..."നീ കോഴിയായിട്ട് അഭിനയിക്കണം ഞാന്‍ നമ്മടെ അമ്മച്ചിയായിട്ടും. വൈകിട്ട് അമ്മച്ചി കൂട് അടക്കാന്‍ വരുമ്പോള്‍ നീ കൂട്ടില്‍ കയറിയിരിക്കണം. ഞാന്‍ വന്ന് വാതിലടക്കും. രാവിലെ നീ കോഴികൂകുന്നതുപോലെ കൂകുമ്പോള്‍ ഞാന്‍ നിന്നെ വന്നു അഴിച്ചുവിടും."


"എന്നാലും ... കോഴികൂട്ടില്‍ ഞാന്‍..." ആകാംക്ഷയോടും അമ്പരാപ്പോടും കൂടി അവസാനം ഞാന്‍ കോഴിയായി അഭിനയിക്കുവാന്‍ തീരുമാനിച്ചു.


വളരെ തത്രപ്പെട്ട് കോഴികള്‍ക്ക് കയറുവാന്‍ വെച്ചിരുന്ന കൊച്ചു ഗോവണിയിലൂടെ ഞാന്‍ അതിന്‍റെയകത്ത് കയറിപ്പറ്റി. കാലും കൈയ്യും തലയും കൂച്ചിക്കൂട്ടിപ്പിടിച്ചു ഒരു കോഴിമുട്ടയുടെ ആകൃതിയില്‍ ഞാന്‍ അതില്‍ നിലയുറപ്പിച്ചു. ശരിക്കും എനിക്ക് ശ്വാസം മുട്ടുന്നുണ്ടായിരുന്നു, അതിന്‍റെ കൂടെ കോഴികാഷ്ഠത്തിന്‍റെ വൃത്തികെട്ട നാറ്റവും... ഞാന്‍ കയറിയതോടെ അവള്‍ വന്ന് വാതിലും അടച്ചു.


അതിന്‍റെ അടുത്തുള്ള പശുത്തൊഴുത്തിന്‍റെ ഇറയത്ത്‌ അവള്‍ ഉറങ്ങുന്നതായി അഭിനയിച്ചു. ഉടനെതന്നെ ഞാന്‍ കൂകുവാന്‍ തുടങ്ങി,"കൊക്കരക്കോ.. കൊക്കരക്കോ..".


എവിടെ അവള്‍ അനങ്ങുന്ന ലക്ഷണമില്ല.


ഞാന്‍ വീണ്ടും ഉച്ചത്തില്‍ കൂകി, "കൊക്കരക്കോ.. കൊക്കരക്കോ.."


ദേ! അവള് വീണ്ടും കൂര്‍ക്കം വലിച്ചുറങ്ങന്നു... പിന്നെ ഞാന്‍ അലറികൂവി. അത്കേട്ടു പൊട്ടിച്ചിരിച്ചുകൊണ്ട്‌ അവള്‍ ചാടിയെണീറ്റു വാതില്‍ തുറക്കുവാന്‍ വന്നു. എനിക്ക് ദേഷ്യം ഇരച്ചുകയറി. എങ്ങെനെയെങ്കിലും അതിന്‍റെയുള്ളില്‍ നിന്നും പുറത്തുചാടുവാന്‍ കാത്തിരുന്ന ഞാന്‍ കേള്‍ക്കുന്നത് ഒരു അലറിവിളിയാണ്..


"എടീ ഇത് തുറക്കാന്‍ വയ്യാടീ.."


"എന്‍റെ ദൈവമേ! നീ എങ്ങനെയെങ്കിലും അത് തുറക്ക്...ഇല്ലാച്ചാല്‍ അപ്പന്‍ ഇന്നെന്നെ കോഴിക്കറിയാക്കും."


തന്‍റെ പരിശ്രമങ്ങള്‍ വിഫലമായിക്കൊണ്ടിരുന്നപ്പോള്‍ ഞാന്‍ കോഴിക്കൂട്ടിന്‍റെയകത്തും അവള്‍ കോഴിക്കൂട്ടിന്‍റെ പുറത്തും നിന്ന് കരയുവാന്‍ തുടങ്ങി.


"അയ്യോ! ഞാന്‍ കോഴിക്കൂട്ടില്‍ കിടന്നു ചത്തുപോകുമേ. ആരെങ്കിലും എന്നെ തുറന്നുവിടണേ.." എന്‍റെ കാറിച്ച കേട്ടു പണിക്കാരും വീട്ടുകാരും നാട്ടുകാരും ഓടിയെത്തി.


അവര്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും അത് തുറക്കുവാന്‍ കഴിഞ്ഞില്ല. പിന്നെ ആ പൂട്ട് തല്ലിപ്പൊളിച്ചു. അങ്ങനെ കോഴികൂട്ടിലിരുന്നു കരഞ്ഞുവിളിച്ചു വിയര്‍ത്തുകുളിച്ചു നനഞ്ഞ കോഴിയെപ്പോലെയിറങ്ങിവന്ന എന്നെ സ്വീകരിച്ചത് നാട്ടുകാരുടെയും വീട്ടുകാരുടേയും ഉച്ചത്തിലുള്ള ചിരിയായിരുന്നു. ഞാന്‍ എന്‍റെ അനിയത്തിയെ അമര്‍ത്തിയൊന്നു നോക്കി മനസ്സില്‍ പറഞ്ഞു, "അവടെയൊരു കോഴിക്കളി".. അത് മനസ്സിലായിട്ടെന്നോണം അവളുടെ കരച്ചിലിനിടക്കും അവള്‍ എന്നെ നോക്കി ചിരിച്ചു... അവളുടെ ചിരികണ്ടപ്പോള്‍ ഞങ്ങളുടെ വികൃതികള്‍ക്ക് അന്നത്തേക്ക്‌ വിരാമമിട്ടുകൊണ്ട് ഞാനും ചിരിച്ചു....




      കാര്‍ത്തിക.....