November 14th, 2016 is the day my little one made me to feel proud of myself... Birth of my Ammu....
November 14th, 2017 is the day I touched one of my another dreams... My first book got published.... My another child is given birth through my Soul.
First of all, Thank You Lord! You are the only one knows who I am and what I am, from where did I start my journey and where it's going to end. You are the only one knows the depth of LOVE which I hold for everyone around me.
Yes! My novel is based on Love.... as simple as that a journey through Love and Friendship.... It's written in Malayalam language and published by Green Books Publications, Kerala. The income which I receive from my book will be donated for charity. So, thereby I am taking the first step for launching a charitable organization. Please see the link below for purchasing the book.
ജീവിതത്തിൽ നമ്മൾ മനസ്സിൽ താലോലിക്കുന്ന സ്വപ്നങ്ങളെ പുൽകുവാൻ ദൈവം ഇടവരുത്തുമ്പോൾ അതിനു പ്രചോദനവും, കൈത്താങ്ങലുകളുമായി ദൈവം കുറച്ച് പേരെ നമ്മുടെ ജീവിതത്തിൽ നിയോഗിക്കുമ്പോൾ നന്ദിയർപ്പിക്കുകയെന്നത് എവിടെ തുടങ്ങണം, ആരിൽ തുടങ്ങണം എന്നറിയില്ല!
എല്ലാം ദൈവീകമായ പരംപൊരുളിൽ നിന്ന് തുടങ്ങുമ്പോൾ നന്ദിയും ആദ്യം കുറിക്കുന്നത് മ്മടെ പടച്ചോനോട് തന്നെ. എന്റെ അസ്ഥിത്വത്തെ അതിന്റെ ആഴത്തിലറിഞ്ഞ, ഇപ്പോഴും അറിയുന്ന അവിടുത്തെ തൃപ്പാദങ്ങളിൽ നമിച്ചുകൊണ്ട് എന്റെ കൃതഞ്ജത ഞാൻ അർപ്പിക്കുന്നു.
എഴുത്തിന്റെ ലോകത്തിലേക്കുളള വിശാലമായ വാതിൽ തുറന്ന് തന്ന് കൊണ്ട് പത്ത് വർഷങ്ങൾക്ക് മുൻപ് എന്റെ ആത്മാവിൽ ഒരു നറു വെളിച്ചം പകർന്ന് എനിക്ക് പ്രചോദനമായി മാറിയ അജു രാഘവൻ എന്ന എന്റെ അദ്ധ്യാപകനോട് (മാഷിനോട്) ഈ ജന്മം മുഴുവൻ ഞാൻ കടപ്പെട്ടിരിക്കുന്നു.
ആൻ, സുമി നിങ്ങളായിരുന്നു എന്റെ നോവലിന്റെ എഡിറ്റേഴ്സ്. എന്റെ നോവലിന്റെ ഓരോ അദ്ധ്യായങ്ങൾ അയച്ചു തന്നപ്പോഴും അത് വായിക്കുവാനും, അതിനെക്കുറിച്ച് അഭിപ്രായം പറയുവാനും നിങ്ങൾ കാണിച്ച നല്ല മനസ്സിനു ഒരുപാട് നന്ദി. പിന്നെയെന്റെ അമ്മുവും രെഞ്ചിയും എന്റെ യാത്രയുടെ ഭാഗമായിത്തന്നെ എന്നും കൂടെയുണ്ടായിരുന്നു.
എന്റെ നോവൽ പബ്ലീഷ് ചെയ്യാൻ സന്മനസ്സ് കാണിച്ച ഗ്രീൻ ബുക്സിനോടും, ഗ്രീൻ ബുക്സിലെ ഡോക്ടർ ശോഭയോടും എന്റെ പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിൽ പങ്കുകൊണ്ട എല്ലാവരോടുമുളള നന്ദിയും ഞാൻ സമർപ്പിക്കുന്നു.
പ്രണയം മനസ്സിൽ കാത്തുസൂക്ഷിക്കുന്ന എല്ലാ നല്ല വായനക്കാർക്കും എന്റെ പുസ്തകം ഞാൻ സമർപ്പിക്കുന്നു....
സ്നേഹ പൂർവ്വം
കാർത്തിക.....
Saturday, September 23, 2017
കാലം എന്റെ നെറുകയിൽ ചാർത്തിയ സിന്ദൂരത്തിനു നിറമില്ലാതിരുന്നിട്ടും
ഞാനിന്ന് എന്റെ ആത്മാവിന്റെ ആഴങ്ങളിൽ ഒരു തിരി നാളമായി ജ്വലിച്ചു നിന്ന
എന്നിലെ പൂർണ്ണതയെ പുൽകിയിരിക്കുന്നു.
ജന്മജന്മാന്തരങ്ങളുടെ സായൂജ്യവുമായി ഇനിയെന്റെ യാത്ര തുടരുമ്പോൾ
കാലവും മൗനമായി എന്നെ അനുഗമിക്കും
ഇനി ഞങ്ങൾക്ക് ഒരു ലക്ഷ്യം മാത്രം
എന്നിലെ പ്രണയത്താൽ സംമ്പൂർണ്ണമായ ഈ ജീവിതത്തെ
മുല്ലപ്പൂവിൻ നറുമണം പോൽ സൗരഭ്യമുളളതാക്കുക!
ഇനിയും എത്ര കാതങ്ങൾ കാലത്തിനൊപ്പമുളള യാത്രയെന്നറിയില്ലെങ്കിലും
രണ്ടു ദിവസം മുൻപ് ഞാനും രെഞ്ചിയും എന്റെ കസിൻ രെഞ്ചിത്തും കൂടി അലൈനിൽ സ്ഥിതി ചെയ്യുന്ന ജെബൽ ഹഫീത്ത് മലമുകളിലേക്ക് ഒരു ഡ്രൈവിനു പോയി. 4098 അടി ഉയരമുളള ആ മല മുകളിലേക്ക് എത്തിച്ചേർന്ന ഞാൻ ആദ്യം തേടിയത് എന്റെ വാൽ നക്ഷത്രത്തെയായിരുന്നു. അവിടുത്തെ താപനില പത്ത് ഡിഗ്രിയിലേക്ക് താണിരുന്നു. തണുത്ത് മരവിച്ച് നിൽക്കുന്ന എനിക്ക് ചൂടു പകർന്നു കൊണ്ട് ഞാൻ എന്റെ വാൽനക്ഷത്രത്തെ കണ്ടെത്തി. ആകാശത്ത് ആ നക്ഷത്രത്തെ കണ്ടെത്തിയപ്പോൾ നിർവചിക്കാൻ പറ്റാത്ത ഒരാനന്ദം എന്റെ മനസ്സിൽ വന്നു നിറഞ്ഞു.
ഞാൻ മൗനമായി ചോദിച്ചു "നീയെനിക്കെന്താ വാലന്റൈൻസ് സമ്മാനം തരികാ?"
എന്റെ ചോദ്യം കേട്ടത് കൊണ്ടാണോയെന്നറിയില്ല എന്റെ വാൽനക്ഷത്രം ഒന്നു മിന്നി തിളങ്ങി. പിന്നെ ഞങ്ങളുടേതായ കുറേ സ്വകാര്യ സംഭാക്ഷണങ്ങൾ. അപ്പോഴാണു ഞാൻ വാൽനക്ഷത്രത്തോട് പറഞ്ഞത് ,"എനിക്ക് വാലന്റൈൻസ് ദിനത്തിൽ എന്റെ ബ്ലോഗിൽ പോസ്റ്റ് ചെയ്യാൻ നല്ല ഒരു ആശയം ഒന്നും കിട്ടിയില്ലായെന്ന്."
എന്റെ മനസ്സു വായിച്ചിട്ടെന്നോണം എന്റെ വാൽനക്ഷത്രം എന്റെ ഹൃദയത്തിൽ ഒരു ആശയം കുറിച്ചു, "പ്രണയം"... "രുക്മിണിയുടേയും രാധയുടേയും കൃഷ്ണനോടുളള പ്രണയം".
എന്റെ വാൽനക്ഷത്രം അപ്പോൾ എന്റെ ഓർമ്മകളിൽ നിറച്ചത് കാനഡയിലുളള എന്റെ സുഹൃത്തായ ആൻ എന്നോട് ചോദിച്ച ആ ചോദ്യമാണു, "രുക്മിണിയാണോ ഭാഗ്യവതി അതോ രാധയോ????". കഴിഞ്ഞ മാസം മെയിലിലൂടെ അവളെന്നോടു ചോദിച്ച ചോദ്യമാണിത്. അന്ന് ഞാനൊരു വളിച്ച ഉത്തരം അവൾക്ക് നൽകി. അതിനു മറുപടിയായി അവൾ എനിക്കെഴുതിയത് ഈ ചോദ്യം നിന്നോട് ചോദിച്ച എന്നെ വേണം ആദ്യം കൊല്ലാനെന്ന്. പാവം എന്റെ ഉത്തരം കേട്ട് അത്രക്കും വിജ്രിംമ്പിച്ചു പോയി അവൾ.
അവൾക്കുളള ഉത്തരവും .. എന്റെ വാൽനക്ഷത്രം എനിക്ക് നൽകിയ ആ പ്രണയ സമ്മാനം എന്റെ അക്ഷരങ്ങളിലൂടെ വീണ്ടും എന്റെ വാൽനക്ഷത്രത്തിനുളള എന്റെ പ്രണയ സമ്മാനമായും ഞാൻ കുറിക്കുന്നു.
രുക്മിണിയാണോ ഭാഗ്യവതി അതോ രാധയോ?
രുക്മിണി കൃഷ്ണന്റെ പ്രഥമ ഭാര്യ. രാധ കൃഷ്ണന്റെ കളിത്തോഴി. ഇവരിൽ ആരാണു ഭാഗ്യവതിയെന്ന ചോദ്യത്തിനുത്തരം ഓരോരുത്തരുടേയും കാഴ്ച്ചപ്പടിനനുസരിച്ചിരിക്കും.
രുക്മിണി ലക്ഷ്മി ദേവിയുടെ അവതാരം. ഭഗവാൻ വിഷ്ണുവിന്റെ പൂർണ്ണത ലക്ഷ്മി ദേവിയിലാണു. അപ്പോൾ ലക്ഷ്മി ദേവിയുടെ അവതാരമായ രുക്മിണിക്ക് കൃഷ്ണന്റെ ജീവിതത്തിലുളള പ്രാധാന്യം വലുതാണു. ഒരു ജന്മം മുഴുവൻ കൃഷ്ണന്റെ പ്രഥമ ഭാര്യാ സ്ഥാനം അലങ്കരിക്കപ്പെടുകയും, ഒരു മഹാ രാജ്യത്തിന്റെ രാജ്ഞിയായി വാഴുകയും, അദ്ദേഹത്തിന്റെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും ചെയ്തപ്പോൾ രുക്മിണി തീർച്ചയായും ഭാഗ്യവതിയാണു. രുക്മിണിയുടെ പ്രണയത്തെക്കുറിച്ച് ഒരിടത്തും വർണ്ണിക്കുന്നില്ലെങ്കിലും അവരുടെ കൃഷ്ണനുമൊത്തുളള ജീവിതമായിരുന്നു അവർക്ക് കൃഷ്ണനോടുളള പ്രണയം.
രാധ.... രുക്മിണി കൃഷ്ണന്റെ ഭാര്യയായിരുന്നിട്ടും, ലക്ഷ്മി ദേവിയുടെ അവതാരം ആയിരുന്നിട്ടും ലോകം മുഴുവൻ കൃഷ്ണന്റെ പേരിനൊപ്പം പാടിപ്പുകഴ്‌ത്തുന്നത് രാധയുടെ പേരാണു. രാധ കൃഷ്ണന്റെ സൗഹൃദമായിരുന്നു. ആ സൗഹൃദമായിരുന്നു അവൾക്ക് കൃഷ്‌ണനോടുളള പ്രണയം.
ഞാൻ ഒരിടത്ത് വായിക്കുകയുണ്ടായി രാധ കൃഷ്ണനെ നിയന്ത്രിച്ചിരുന്നത് കൃഷ്ണനോടുളള അവളുടെ പ്രണയം കൊണ്ടായിരുന്നെന്ന്. ഈ ലോകം മുഴുവൻ കൃഷ്ണന്റെ വശ്യതയാൽ ആകർഷിക്കപ്പെട്ടപ്പോൾ കൃഷ്ണൻ സ്വയം അലിഞ്ഞു ചേരുവാൻ ആഗ്രഹിച്ചത് രാധയിലാണു. എത്ര വിചിത്രമായിരിക്കുന്നു ല്ലേ!! അതാണു പ്രണയത്തിന്റെ ശക്തി!!
കൃഷ്ണന്റെ ഭാര്യാ പഥം അലങ്കരിക്കുവാനോ, അദ്ദേഹത്തിനൊപ്പം ആജീവനാന്തം ജീവിക്കുവാനോ രാധക്കു കഴിഞ്ഞില്ല. പക്ഷേ കൃഷ്ണൻ രാധയുടെ ജീവനായിരുന്നു, അവളുടെ ശ്വാസമായിരുന്നു, അവളുടെ ശരീരത്തിലെ ഓരോ അണുവിലും അലിഞ്ഞു ചേർന്നിരുന്നത് കൃഷ്ണനോടുളള പ്രണയമായിരുന്നു. കൃഷ്ണന്റെ അഭാവത്തിലും കൃഷ്ണന്റെ സാമീപ്യം, പ്രണയം അവൾ അറിഞ്ഞിരുന്നു.
അപ്പോൾ രാധയും ഭാഗ്യവതിയല്ലേ. കൃഷ്ണനോടുളള പ്രണയമെന്ന അനശ്വര സത്യത്താൽ ജീവിച്ച് ഈ ലോകത്തിൽ കൃഷ്ണന്റെ പേരിനൊപ്പം യുഗാന്തങ്ങളായി അവളും ജീവിക്കുന്നു... അവളുടെ പ്രണയവും ജനങ്ങൾ വാഴ്‌ത്തിപ്പാടുന്നു....
ഈ ലോകത്തിൽ അനശ്വര പ്രണയങ്ങൾ എന്ന് വാഴ്‌ത്തിപ്പാടുന്ന പ്രണയങ്ങളെല്ലാം അനശ്വരമെന്ന് പറയുന്നത് അവരുടെ ജീവിതത്തിൽ പൂർണ്ണമായതുകൊണ്ടല്ലാ... മറിച്ച് ആ പ്രണയങ്ങളെല്ലാം പൂർണ്ണമായത് അവരുടെ ഹൃദയങ്ങളിലായിരുന്നു .... അവരുടെ അന്തരാത്മാവിലായിരുന്നു ... അതുപോലെ ജീവിതത്തിലും ഹൃദയങ്ങളിലും അനശ്വരമാക്കപ്പെട്ട പ്രണയങ്ങളുമുണ്ട് ഈ ഭൂമിയിൽ ... ഞാൻ പറയുന്നു അവരുടെ ജന്മങ്ങൾ പുണ്യം ചെയ്തവയെന്ന് ... എല്ലാവർക്കും പ്രണയ ദിനാശംസകൾ നേർന്നു കൊണ്ട്...
പ്രണയപൂർവ്വം
കാർത്തിക...
പ്രണയം .....
എന്നിലെ പ്രണയം എറ്റവും തീവ്രമാകുന്നത് എന്റെ നിശബ്ദതയിലാണു. (നിന്റെ വാക്കുകൾ കടമെടുത്തത്, നിന്റെ അക്ഷരങ്ങളാൽ നീ കുറിച്ച വരികളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്).
പ്രണയം മനസ്സിൽ കാത്തു സൂക്ഷിക്കുന്ന എല്ലാ നല്ല മനസ്സുകൾക്കും
എന്റെ വാലന്റൈൻസ് ദിനാശംസകൾ....
നാളെ ഫെബ്രുവരി 14, വാലന്റൈൻസ് ദിനം. ലോകം മുഴുവൻ പ്രണയിതാക്കളുടെ ദിനമായി കൊണ്ടാടപ്പെടുന്ന ദിവസം. പക്ഷേ ഈ ദിനത്തിന്റെ യഥാർത്ഥ ഉദ്ദേശ ശുക്തിയെന്നത് സ്നേഹമെന്ന ഉദാത്തമായ ഭാവത്തെ മനുഷ്യമനസ്സുകളിൽ നിറക്കുകയെന്നതാണു.
ഈ ദിനത്തെ അനുബന്ധമാക്കി ഒരുപാടു കഥകൾ പ്രചരിക്കുന്നുണ്ട്. യഥാർത്ഥത്തിൽ ഈ ദിവസം ക്രിസ്ത്യാനികൾക്കിടയിൽ സെയ്ന്റ് വാലെന്റൈൻസിന്റെ ഓർമ്മപ്പെരുന്നാളായി കൊണ്ടാടപ്പെടുന്ന ദിവസമാണു. ആ ഓർമ്മപ്പെരുന്നാളിന്റെ പ്രധാന സന്ദേശം സ്നേഹമെന്ന അമൂല്യമായ ബന്ധത്തിലൂടെ മാനവരാശിയെ ഒരുമിപ്പിക്കുകയന്നതാണു. കാലാന്തരത്തിൽ അത് പ്രണയിതാക്കളുടെ ദിനമായി മാറ്റപ്പെടുകയാണു ചെയ്തത്.
ഈ ദിവസത്തെക്കുറിച്ചുളള ഒരു കഥയിൽ പറയുന്നത് രണ്ടാം നൂറ്റാണ്ടിൽ റോമാ സാമ്രാജ്യം ഭരിച്ചിരുന്ന ക്ലോഡിയസ് എന്ന ചക്രവർത്തി തന്റെ യുദ്ധ ഭടന്മാരെ വൈവാഹിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ വിലക്ക് കൽപ്പിച്ചു. കാരണം കുടുംബ ബന്ധങ്ങളുടെ കെട്ടുപാടുകൾ സൈനികരുടെ യുദ്ധത്തിലുളള കാര്യക്ഷമതയെ ബാധിക്കും എന്നതായിരുന്നു.
തന്റെ പൗരന്മാരെ ചൂഷണം ചെയ്യുന്ന ചക്രവർത്തിയുടെ ഈ നയത്തെ അന്നത്തെ ബിഷപ്പായിരുന്ന വാലന്റൈൻ എതിർത്തു. അതുമാത്രമല്ല ചക്രവർത്തിയറിയാതെ അദ്ദേഹം പരസ്പരം സ്നേഹിക്കുന്ന മനസ്സുകളെ ഒരുമിപ്പിക്കുവാനായി രഹസ്യമായി ഭടന്മാരുടെ വിവാഹം നടത്തിക്കൊടുക്കുവാൻ തുടങ്ങി. ഇതറിഞ്ഞ ചക്രവർത്തി അദ്ദേഹത്തെ ജയിലിൽ അടച്ചു. പിന്നീട് അവിടുത്തെ ജയിലറുടെ അന്ധയായ മകളുടെ കാഴ്ച്ച ശക്തി തന്റെ സ്നേഹത്തിലൂടെയും വിശ്വാസത്തിലൂടെയും വീണ്ടെടുത്ത് അദ്ദേഹം ആ പെൺകുട്ടിക്ക് രോഗ സൗഖ്യം നൽകി. ഈ അത്ഭുതത്തിനു സാക്ഷിയായ ജയിലറും അദ്ദേഹത്തിന്റെ കുടുംബവും ക്രിസ്തുമതം സ്വീകരിച്ചതറിഞ്ഞ ചക്രവർത്തി ബിഷപ്പിന്റെ തല വെട്ടി മരണ ശിക്ഷ നൽകുവാൻ ആജ്ഞ പുറപ്പെടുവിച്ചു.
മരണ ശിക്ഷ നടപ്പാക്കുന്നതിനു മുൻപ് ബിഷപ്പ് ഒരു കടലാസിൽ ജയിലറുടെ മകൾക്കായി ഒരു സന്ദേശം കുറിച്ചു "ഫ്രം യുവർ വാലന്റൈൻ". വിശുദ്ധമായ സ്നേഹത്തെ പ്രധിനിധാനം ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ ആ സന്ദേശം. പിന്നീട് നാലാം നൂറ്റാണ്ടു മുതൽ അദ്ദേഹമെഴുതിയ ആ സന്ദേശം പ്രണയിതാക്കളുമായി അനുബന്ധപ്പെടുത്തി ആ ദിവസം പ്രണയിതാക്കൾക്കായി കുറിക്കപ്പെടുകയും അത് അവരുടെ പ്രധാന സന്ദേശമായി മാറ്റപ്പെടുകയും ചെയ്തു.
വേറൊരു കഥ പ്രചാരത്തിലിരിക്കുന്നത് വാലന്റൈൻ പുരോഹിതനെ ക്ലോഡിയസ് ചക്രവർത്തി ജയിലിൽ അടക്കുന്നത് മത പരിവർത്തനവുമായി ബന്ധപ്പെട്ട കാരണങ്ങളാലാണെന്നുമാണു. അദ്ദേഹം നിലകൊണ്ടത് ദൈവീകമായ സ്നേഹത്തിനും, അതിലൂടെ സ്നേഹിക്കുന്ന ഹൃദയങ്ങളെ ഒരുമിപ്പിക്കുന്നതിലുമായിരുന്നു.
ഫെബ്രുവരി 14 വിശുദ്ധ വാലന്റൈൻന്റെ മൃതുദേഹം സംസ്കരിച്ച ദിവസമായി കണക്കാക്കപ്പെടുന്നു. അതുപോലെ അദ്ദേഹത്തിനു "റോമിന്റെ വാലന്റൈൻ" എന്ന സ്ഥാനം നൽകി ബഹുമാനിച്ചതും ഒരു ഫെബ്രുവരി പതിനാലാം തീയതിയാണു.
കുറേ ദിവസം കൊണ്ട് ചിന്തിക്കുകയായിരുന്നു വാലന്റൈൻസ് ദിനത്തിൽ ഞാനെന്റെ ബ്ലോഗിൽ എന്തെഴുതുമെന്ന്. പല ചിന്തകൾ വന്നെങ്കിലും ഒന്നും എന്റെ മനസ്സിനെ തൃപ്തമാക്കിയില്ലാ.. പ്രണയത്തെക്കുറിച്ച് ഒരു കഥയോ കവിതയോ എഴുതി ഒരു സാധാരണ പോസ്റ്റിടുവാൻ താത്പര്യവുമില്ലായിരുന്നു... അപ്പോ വിചാരിച്ചു എന്നാ ഒന്നുമിടണ്ടാന്ന്...
അങ്ങനെയിരുന്നപ്പോൾ എന്റെ വാൽനക്ഷത്രം എന്നോടൊരു വിഷയത്തെക്കുറിച്ചു പറഞ്ഞു.... അത് മനസ്സിൽ തെളിഞ്ഞപ്പോൾ മുതൽ ഒരുപാടു സന്തോഷം തോന്നി... ഞാൻ എഴുതാൻ ആഗ്രഹിച്ച ഞാൻ പറയാതെ പറയുവാൻ ആഗ്രഹിച്ച ഒരു പ്രണയം.... പക്ഷേ അത് ചിലപ്പോൾ എനിക്ക് മാത്രം പ്രിയപ്പെട്ടതുമാകാം ...
നാളെ പ്രണയ ദിനത്തിന്റെ പ്രഭാതം എന്റെ പ്രണയത്തിനൊപ്പം വിടരുന്നത് എനിക്ക് എന്റെ വാൽനക്ഷത്രം നൽകിയ ആ പ്രണയ സമ്മാനവുമായാണു...
നിന്നിലെ പ്രണയത്തെ ഞാൻ ആദ്യം കണ്ടത് നിന്റെ കണ്ണുകളിലാണു ...
നിന്നിൽ പ്രണയം നിറയുമ്പോൾ ഇമകൾ വെട്ടാതെ നീയെന്റെ കണ്ണുകളിലേക്ക് നോക്കും.. അപ്പോൾ ഞാൻ കണ്ടിരുന്നു നിന്റെ നയനങ്ങളിൽ ഒരു പ്രകാശം വിടരുന്നതും അതിന്റെ കിരണങ്ങൾ എന്റെ കണ്ണുകളിലൂടെ എന്റെ ആത്മാവിലേക്ക് പ്രണയമായി അലിഞ്ഞുചേരുന്നതും ....
നിന്റെ മനസ്സും ശരീരവും ആത്മാവും പ്രണയത്താൽ നിറയുമ്പോൾ നിന്റെ ചുണ്ടുകളിൽ വിടരുന്ന പുഞ്ചിരിയിലൂടെയാണു നിന്നിലെ പ്രണയത്തിന്റെ മനോഹാരിത ഞാൻ അറിഞ്ഞിരുന്നത് ...
പ്രണയത്തെ അറിയുവാനുളള അല്ല്ലെങ്കിൽ അനുഭവഭേദ്യമാക്കാനുളള നിന്നിലെ വ്യഗ്രത ഞാൻ അറിഞ്ഞിരുന്നത് നിന്റെ വാക്കുകളിലൂടെയാണു ....
നിന്റെ വാക്കുകളിലൂടെ പ്രതിഫലിക്കുന്ന ശബ്ദത്തിനുമുണ്ടായിരുന്നു പ്രണയത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുവാൻ കഴിയാവുന്ന ശക്തമായ തരംഗങ്ങൾ ... ആ തരംഗങ്ങളാണു നിന്നിലെ പ്രണയത്തിന്റെ സംഗീതത്തെ എന്റെ കാതുകൾക്ക് കേൾക്കുമാറാക്കിയത് ...
പ്രണയത്തിന്റെ പൂർണ്ണതയിൽ നിന്നിലെ ശബ്ദം മൗനത്തിനു വഴിമാറുമ്പോൾ നിന്നിൽ നിന്നുതിരുന്ന നിശ്വാസത്തിൽ നിന്നും ഞാൻ അറിഞ്ഞു നിന്നിലെ പ്രണയത്തിൻ തീവ്രത...
നിന്റെ സ്പർശം ഏൽക്കാതെ..
നിന്റെ നെഞ്ചിലെ ചൂടറിയാതെ..
നിന്റെ തനുവിൻ ഗന്ധമറിയാതെ..
ഞാനറിഞ്ഞു നിന്റെയാത്മാവിലെ പ്രണയത്തെ..
പ്രണയമേ... നിന്നെ ഞാൻ അറിയാതെ അറിഞ്ഞതോ ... അതോ പൂർണ്ണമായും ഞാൻ നിന്നെ അറിയുമെന്ന പ്രത്യാശയോ എന്റെ ജന്മത്തിൻ സാഫല്യം ...
നിന്നെ അറിയാതെ ഞാനീ ലോകത്തിൽ നിന്നും യാത്രയായാൽ ഇനിയുമൊരു ജന്മത്തിനായി നീയും കാത്തിരിക്കുമോ... ഇനിയൊരു പുനർജ്ജന്മം നമുക്കുണ്ടാകുമോ .... അറിയില്ല ... അതുകൊണ്ട് ഞാനും എന്റെ പ്രണയവും ഈ പ്രകൃതിയിലേക്ക് ലയിക്കുന്നതിനു മുൻപ്
ഈ ജന്മം നീ നീയായും ഞാൻ ഞാനായും പ്രണയമെന്ന അനശ്വര സത്യത്തെ അതിന്റെ പൂർണ്ണതയിൽ അറിയുമെന്ന് ഞാൻ വിശ്വസിക്കുന്നു .....
എത്ര വേഗമാണു നിമിഷങ്ങളും സമയവും ദിവസങ്ങളും കൊഴിഞ്ഞുകൊണ്ടിരിക്കുന്നത് ... ചിലപ്പോൾ തോന്നും എനിക്ക് എഴുതുവാൻ ഉളളതെല്ലാം എഴുതുവാൻ ഈ ജന്മം മതിയാകില്ലെന്ന്. ഓരോ നിമിഷങ്ങളും എന്നിൽ നിന്ന് അകന്ന് ഓർമ്മകളായി മാറ്റപ്പെടുമ്പോൾ എനിക്ക് വളരെ വേദന തോന്നുന്നു.. കാരണം എന്റെ ആയുസ്സിന്റെ ദൈർഘ്യം കുറയുന്തോറും അക്ഷരങ്ങളുടെ ലോകത്ത് വിരിയേണ്ടുന്ന എന്റെ പ്രണയവും സമയപരിമിതമായിക്കൊണ്ടിരിക്കുന്നു ...
ഇന്ന് പുസ്തകങ്ങൾക്ക് പകരം രണ്ടു പാട്ടുകളെ കൂട്ടായിച്ചേർത്തു. ഇന്നലെ ഡൂട്ടിക്ക് പോയപ്പോൾ കേട്ട നീർപളുങ്കിൻ എന്ന ഗാനവും, പിന്നെ ഇയ്യോബിലെ പുസ്തകത്തിലെ ഗാനവും ...രണ്ടും തികച്ച് വ്യത്യസ്തമായ ഗാനങ്ങൾ പക്ഷേ പ്രണയത്തിൽ ചാലിച്ചെഴുതിയത് ....
ആ പാട്ടുകൾ വീണ്ടും വീണ്ടും ആവർത്തിച്ച് കേട്ട് ഞാൻ എന്റെ എഴുത്ത് തുടങ്ങി ....
എന്താണെന്നറിയില്ല പാട്ട് കേൾക്കുമ്പോൾ എന്റെ അക്ഷരങ്ങൾ ഒരുപാട് പ്രണയാതുരമാകുന്നതുപോലെ... എന്റെ മനസ്സിന്റെ എല്ലാ വിഹ്വലതകളും എവിടെയോ പോയ്മറയുന്നതുപോലെ... പിന്നെ എന്റെ മനസ്സും ശരീരവും ആത്മാവും പ്രണയത്താൽ നിറയും.... അപ്പോൾ നിന്റെ ഓർമ്മകളിൽ ഞാൻ അലിഞ്ഞു ചേരും.... അതൊരു പുഞ്ചിരിയായി എന്റെ ചുണ്ടുകളിൽ വിടരും ....
ഇന്നലെ മുതൽ ദുബായിൽ വീശിയടിക്കുന്ന കാറ്റിനു തണുത്ത കോടമഞ്ഞിന്റെ ആവരണമാണു.. താപനില 20 - 19 ഡിഗ്രിയായി കുറഞ്ഞിരിക്കുന്നു. യു.എ.ഇ. എന്ന രാജ്യം തണുപ്പിന്റെ മേലാപ്പണിഞ്ഞിരിക്കുന്നു. ആ തണുപ്പിൽ എന്റെ ശരീരം തണുത്തുവിറങ്ങലിക്കുമ്പോളും മനസ്സിൽ നിന്നോടുളള പ്രണയം ചൂടു പകർന്നുകോണ്ടേയിരിക്കുന്നു .....
പ്രണയം ...
മനസ്സിന്റെ അനന്തമായ ആഹ്ലാദം ...
ഹൃദയത്തിന്റെ മനോഹരമായ സംഗീതം..
സിരകളിൽ തുടിക്കുന്ന ഉന്മാദം ...
തനുവിൽ പടരും കാമം ....
ആത്‌മാവിൽ നിറയും നിർവൃതി ...
അരികിൽ നീ ഉണ്ടായിരുന്നപ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല
നീ എനിക്ക് ഇത്രയും പ്രിയപ്പെട്ടതാണെന്നു,
ഞാൻ നിന്നെ ഇത്രമേൽ സ്നേഹിച്ചിരുന്നുവെന്ന്,
ഞാൻ നിന്നെ തീവ്രമായി പ്രണയിക്കുന്നുവെന്ന് ...
ഈ ജന്മം ഇനിയൊരിക്കലും നമ്മൾ കണ്ടുമുട്ടിയില്ലെങ്കിൽ കൂടിയും
നമ്മൾ തമ്മിലുളള ദൂരം വിധിയുടെ വിളയാട്ടത്താൽ എത്ര ദീർഘമായാലും
നീ എന്നിൽ നിന്നകലുന്തോറും ഞാൻ നിന്റെ സാമീപ്യം അറിയുകയാണു
ഓരോ നിമിഷങ്ങളും എനിക്കായി കുറിക്കുന്നത് നിന്റെ പ്രണയമാണു..
ഒരിക്കൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെയൊരു സുഹൃത്ത് ചോദിച്ചു എന്തുകൊണ്ടാണു നമ്മൾ സ്നേഹത്തിനായി, അല്ലെങ്കിൽ പ്രണയത്തിനായി നിലകൊളളുമ്പോൾ നമ്മൾക്ക് വേദനിക്കുന്നതെന്ന്.
എന്റെ ചിന്തകൾ സമാഹരിച്ചത് ഈ ആശയമാണു, "സ്നേഹമെന്നത് ഒരു കൊടുക്കൽ വാങ്ങൽ ആകുമ്പോൾ ആ സ്നേഹത്തിന്റെ ആഴം നമ്മൾ അളക്കുവാൻ തുടങ്ങും ... ആ അളവിൽ നമ്മൾ കാണുന്ന നേരിയ വ്യത്യാസം പോലും നമ്മിൽ നിരാശയും വേദനയും പടർത്തും ... യഥാർത്ഥ സ്നേഹം ഒരിക്കലും അളവുകോലാൽ ബന്ധിച്ചതല്ലാ..."
തിരികെ കിട്ടുമെന്ന് പ്രതീക്ഷിച്ചു സ്നേഹിക്കുന്നതും പ്രണയിക്കുന്നതും ഒരിക്കലും സ്നേഹവുമല്ല പ്രണയുവുമല്ല .... ഈ ഭൂമിയിലെ പരിശുദ്ധമായ പ്രണയമായി ഞാൻ കാണുന്നത് ... കൃഷ്ണനും രാധയും തമ്മിലുളള പ്രണയം... മീരയ്ക് കൃഷ്ണനോടുളള പ്രണയം ... രാധയുടേയും കൃഷ്ണന്റേയും സൗഹൃദമായിരുന്നു അവരുടെ പ്രണയം ... അതേ സമയം മീരക്ക് കൃഷ്ണനോടുളള ആരാധനയായിരുന്നു അവളുടെ പ്രണയം ...... അവർ രണ്ടു പേരും തങ്ങളുടെ പ്രണയത്തിൽ ജീവിച്ച് തങ്ങളുടെ പ്രണയത്തിൽ ഇപ്പോഴും നശ്വരമായി ജീവിക്കുന്നവരാണു.
പ്രണയം ഒരനുഭൂതിയാണു മനസ്സിന്റെ ശരീരത്തിന്റെ ആത്മാവിന്റെ ....
അതിലലഞ്ഞു ചേരുവാൻ കഴിയുക എന്നത് ഒരു ജന്മത്തിന്റെ സാഫല്യമാണു.
ഈ ഭൂവിലുള്ള ഓരോ മാനവനിലും നിസ്വാർത്ഥ പ്രണയത്തിന്റെ അനുഭവം സാർത്ഥകമാകട്ടെ... അതിലൂടെ ഈ ലോകത്തിൽ നിറയട്ടെ നന്മയും സമാധാനവും ഒരു നല്ല ജീവിതവും ...
ഞാൻ തേടുകയായിരുന്നു എന്നിലെ പ്രണയത്തെ... ആ യാത്ര അവസാനിച്ചത് നിന്നിലായിരുന്നു.. അപ്പോൾ ഞാൻ ചിന്തിച്ചത് എന്നിലെ പ്രണയത്തെ ഞാൻ എന്തിനു നിന്നിൽ കണ്ടെത്തണം??? അത് എന്നിൽ വിരാജിക്കേണ്ടതും ഞാൻ അനുഭവിച്ചറിയേണ്ടതുമായ ഒന്നല്ലേ... അതെ നിന്നിലൂടെ ഞാനറിഞ്ഞു എന്നിലെ പ്രണയത്തെ.. എന്നിലുറങ്ങും പ്രണയമെന്ന തീക്ഷണമാം തൃഷ്ണയെ നീ തൊട്ടുണർത്തുകയായിരുന്നു.. ആ പ്രണയത്തിൻ സാഫല്യം ഞാൻ അറിയാതെ എന്നിലും നീയറിയാതെ നിന്നിലും അങ്കുരിച്ചപ്പോൾ അതിലലിഞ്ഞുചേരുകയായിരുന്നു നമ്മൾ... എന്നിലെ സ്നേഹം പങ്കിട്ട് കൊടുക്കുമ്പോഴും.. എന്നിലെ പ്രണയത്തെ, അതിന്റെ പൂർണതയെ നിനക്കായി മാത്രം കരുതിയത് എന്നും കരുതുന്നത് എന്റെ സ്വാർത്ഥതയാണോ???? അറിയില്ല !!!! പക്ഷേ ഇനി എന്റെ പ്രണയത്തെ എനിക്ക് തേടേണ്ടതില്ലാ ... ആ പ്രണയം ഇനിയാരുമീ ലോകത്തിൽ അറിയുകയുമില്ലാ... കാരണം ഞാൻ തേടിയ പ്രണയവും അതിന്റെ പൂർണതയും നിന്നിലൂടെ എന്റെ ഹൃദയത്തിലും എന്നിലൂടെ അത് നിന്നിലും നമ്മിലൂടെ ഈ പ്രപഞ്ചത്തിലും ഇപ്പോൾ വിരാജിക്കുന്നു ...
അതെ ഞാൻ പ്രണയിക്കുകയാണു .... ചില ഓർമ്മകൾക്ക് മഞ്ഞുനീർ തുള്ളിയുടെ പരിശുദ്ധിയാണു ... ആ ഓർമ്മകൾ പ്രണയബദ്ധിതമാകുമ്പോൾ അതിന്റെ നനുത്ത കുളിരിൽ സ്വയം മറന്ന് അലിഞ്ഞുചേരുവാൻ എന്റെ മനം തുടിക്കുന്നു ... ഇനിയും വിടരുനുളള പ്രഭാതങ്ങൾക്കായും ഋതുക്കൾക്കായും ഞാൻ എന്റെ ഹൃദയത്തിൽ സൂക്ഷിക്കും ആ നിമിഷങ്ങൾ.. എന്റെ പ്രണയത്തെ ഞാനറിഞ്ഞ നിമിഷങ്ങൾ.. എന്റെ ആത്മാവിനെ തൊട്ടുണർത്തിയ നിമിഷങ്ങൾ.. ഈ വർഷത്തെ അവസാന മാസത്തിലേക്ക് പ്രവേശിക്കുന്നു ... ജീവിതം പുതിയ തീരുമാനങ്ങൾക്കും വഴിത്തിരുവുകൾക്കും സാക്ഷിയാകുവാൻ പോകുന്നു ... എന്റെ യാത്രകളിൽ എനിക്ക് കൂട്ടായി ഇനി എന്റെ അക്ഷരങ്ങളും എന്റെ ഏകാന്തതയും എന്റെ പ്രണയവും മാത്രമാകുവാൻ പോകുന്നു ....
Love this song .... Because it's just inculcating all the emotions of Love..
ഇന്ന് രാവിലെ വളരെ നേരത്തെ എണീറ്റു, സ്വിച്ചിട്ടതുപോലെ സമയം അഞ്ചരയായപ്പോള്‍ കണ്ണു തുറന്നു...ഒരു കാപ്പിയും ഇട്ട് നേരെ പഠിക്കുവാന്‍ ഇരുന്നു. പക്ഷേ പ്രതീക്ഷിച്ച വിജയം കരസ്ഥമാക്കുവാന്‍ സാധിക്കാഞ്ഞതുകൊണ്ട്... വീണ്ടും ഒരു പൂച്ചയുറക്കത്തിനു വേദിയൊരുങ്ങി. എനിക്ക് വേണ്ടി എന്നത്തെയും പോലെ എന്‍റെ സ്വപ്നങ്ങളും എനിക്കായി കാത്തിരിപ്പുണ്ടായിരുന്നു... ഞാന്‍ കാണുവാന്‍ ആഗ്രഹിച്ച സ്വപ്നം... എന്‍റെ മാത്രം സ്വപ്നം... അത് കണ്ടുകഴിഞ്ഞു എണീറ്റപ്പോള്‍ എവിടെയോ ഒരു ഡിപ്രഷന്‍ അടിച്ചു.... അങ്ങനെയിരിക്കുമ്പോള്‍ ഗൂഗിളില്‍ കയറി സിനിമ ലിസ്റ്റ് ഒന്നു തപ്പി... ദേ! കിടക്കുന്നു ഞാന് കാണാന്‍ ആഗ്രഹിച്ച പടം...
അങ്ങനെ മൂന്നു മാസത്തെ ഇടവേളക്ക് ശേഷം ഞാന്‍ ആദ്യമായി തനിച്ചു പോയി ഒരു സിനിമ കണ്ടു " എന്നു നിന്‍റെ മൊയ്ദീന്‍" ... നാടും വീടും,പുഴയും മഴയും, അമ്പലവും ഉത്സവവും അതിലുപരി അനശ്വരമായ ഒരു പ്രണയവും കോര്‍ത്തിണക്കി വളരെ മനോഹരമായ എന്നാല്‍ ദുരന്തപൂര്‍ണമായ ഒരു പ്രണയ കാവ്യം...
ടിക്കറ്റ് കൌണ്ടറില്‍ ചെന്നപ്പോള്‍ എനിക്കുവേണ്ടി അവിടെ നിന്ന സ്റ്റാഫ് തിരഞ്ഞെടുത്തത് സീറ്റ് നമ്പര്‍ 14... ടിക്കറ്റിലെ നമ്പര്‍ കണ്ട് എന്‍റെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു.." എന്‍റെ മാജിക് നമ്പര്‍." ഈ പടം കാണാന്‍ ഞാന്‍ ഇരിക്കേണ്ട അനുയോജ്യമായ സീറ്റ് നമ്പര്‍.
ഈ സിനിമയില്‍ തമാശകളില്ലാ... പകരം ഒരു വ്യക്തിയുടെ ജീവിതത്തില്‍ നിര്‍ഭാഗ്യം എന്നത് ഏതെല്ലാം വഴികളിലൂടെ എത്തപ്പെടുന്നു എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ഈ സിനിമ... അത് ജീവിതത്തില്‍ അനുഭവിച്ചവര്‍ക്ക് അല്ലെങ്കില്‍ ഇപ്പോഴും അനുഭവിക്കുന്നവര്‍ക്ക് തികച്ചും സ്വീകാര്യമായ സിനിമ... നിര്‍ഭാഗ്യങ്ങള്‍ ജീവിതത്തില്‍ തുടര്‍ക്കഥയാകാത്തവര്‍ക്ക് ഒരാളുടെ ജീവിതത്തില്‍ ഇങ്ങനെയും സംഭവിക്കുമോയെന്നു ചിന്തിപ്പിക്കുന്ന കഥ...
അതിലഭിനയിച്ച ഓരോ വ്യക്തിയും അവരുടെ ഏറ്റവും നല്ല അഭിനയ മുഹൂര്‍ത്തം കാഴ്ച്ച വെച്ചിരിക്കുന്നു... ജോമോന്‍ റ്റി. ജോണിന്‍റെ ഛായാഗ്രഹണം എടുത്ത് പറയേണ്ടിയിരിക്കുന്നു.
ആ സിനിമയില്‍ ഒരു ദിവസം എടുത്തു പറയുന്നുണ്ട് "ജൂലൈ 12"...
എന്‍റെ ജീവിതത്തിലും ഒരിക്കലും മറക്കാനാകാത്ത ദിവസം "JULY 12".
അപ്പോള്‍ ഞാന്‍ ചിന്തിച്ചത് ആയുദം കൊണ്ടുണ്ടാക്കുന്ന മുറിവാണോ , വാക്കുകള്‍ കൊണ്ടുണ്ടാക്കുന്ന മുറിവാണോ നമ്മില്‍ കൂടുതല്‍ ആഴത്തില്‍ മുറിവുണ്ടാക്കുന്നത്?????.... നമ്മള്‍ ജീവനു തുല്യം സ്നേഹിക്കുന്നവര്‍ ഒന്നു ചെറുതായി ശ\കാരിച്ചാല്‍ പോലും നമ്മുടെ ചങ്കുപൊടിയും .... ഒരുപാട് വേദന തോന്നിയാലും നമ്മുടെ ഇടയിലുള്ള സ്നേഹം നമ്മില്‍ എന്നും അതുപോലെ തന്നെയുണ്ടാകും.... അത് ആര്‍ക്കും മുറിച്ചുമാറ്റുവാന്‍ സാധിക്കില്ല....
ഞാനും തേടിയത് അനശ്വരമായ ആ പ്രണയത്തെയായിരുന്നു... പ്രണയമെന്നത് ഒരു കാമുകീ കാമുക ബന്ധമായി കാണുവാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല... അത് രണ്ടു വ്യക്തികള്‍ തമ്മിലലുള്ള രണ്ടു ആത്മാക്കള്‍ തമ്മിലുള്ള ഒരു നല്ല സൌഹൃദമായിട്ട് കാണുവാന്‍ ഞാന്‍ എന്നുമാഗ്രഹിച്ചിട്ടുള്ളത്... അതിന്‍റെ ആഴവും പരപ്പും ഒരിക്കലും അളക്കുവാന്‍ പറ്റാത്തതായിരിക്കണം... അതിന്‍റെ അടിസ്ഥാനങ്ങള്‍ പൂര്‍ണ സ്വാതന്ത്ര്യത്തിലും വിശ്വാസത്തിലും വേരൂന്നിയതായിരിക്കണം.... അവിടെയാണ് പ്രണയമെന്നത് അനശ്വരമായി മാറുന്നത്...
ഞാന്‍ തേടിയതും കണ്ടെത്തിയതും അതാണ്... പക്ഷേ....
എന്‍റെ വിശ്വാസങ്ങളില്‍ ഞാന്‍ അടിയുറച്ചു നില്‍ക്കുന്നിടത്തോളം കാലം എന്‍റെ പ്രണയം എന്നോടൊപ്പം എന്നുമുണ്ടാകും.... എന്‍റെ അവസാന ശ്വാസം വരെ.... എന്‍റെ മാത്രം സ്വകാര്യതയായി... അതിന്‍റെ പൂര്‍ണത എന്‍റെ ഏറ്റവും മനോഹരമായ സ്വപ്നമായി എന്നും എന്നില്‍ അവശേഷിക്കും....
നിര്‍വചനങ്ങളില്ലാത്ത, ദിവ്യമായ എന്‍റെ പ്രണയത്തിനായി, എന്‍റെ മനോഹരമായ ആ സ്വപ്നങ്ങള്‍ക്കായി ഞാന്‍ ഇത് കുറിക്കുന്നു...
പ്രണയം.... സ്നേഹം.... ഇഷ്ടം..... ഈ മൂന്നു വാക്കുകള്‍ക്ക് ഓരോ വ്യക്തിയും നല്‍കുന്ന നിര്‍വചനങ്ങള്‍ പലതാണ്...... അത് ഓരോ വ്യക്തികളുടെ ജീവിതത്തില്‍ പ്രതിഫലിക്കപ്പെടുന്നതും വളരെ വിചിത്രമായിട്ടാണ്..... പക്ഷെ ഈ മൂന്നു വാക്കുകളും ഒരു പദത്തിന്‍റെ വ്യാഖ്യാനം എന്നുള്ളത് അതിലേറെ രസകരവും....
എന്തോ ഈ പാട്ട് കേട്ടപ്പോള്‍ എന്‍റെ മനസ്സിലും ആ മൂന്നു ഭാവങ്ങളും മിന്നിമറഞ്ഞു.....
പ്രണയം ..... മനുഷ്യനിലെ ഏറ്റവും തീവ്രമായ വികാരം.... എന്തുകൊണ്ടാണത്???....
പ്രണയം എന്ന വൈകാരികാവസ്ഥയില്‍ ഒരു വ്യക്തിയില്‍ പ്രകടമാകുന്നത് അവരുടെ ഉപബോധ മനസ്സില്‍ ഉറങ്ങിക്കിടക്കുന്ന അനര്‍വചനീയമായ ഊര്‍ജ്ജത്തിന്‍റെ ഒരു വിസ്‌ഫോടനമാണു..... .അവിടെ
വ്യാപരിക്കുന്ന പരമമായ ചൈതന്യമാണ് പ്രണയമുള്ള ഒരു വ്യക്തിയില്‍ പ്രതിഫലിക്കപ്പെടുന്ന അനന്തമായ ആനന്ദത്തിന് കാരണമാകുന്നത്......
ഒരിക്കല്‍ ഒരു സുഹൃത്ത് എന്നോടു പറഞ്ഞു നിനക്ക് ഈ ലോകത്തുള്ള എല്ലാത്തിനോടും പ്രണയമാണ്..... അക്ഷരങ്ങളോട്, പ്രകൃതിയോട്, മഴയോട്, ഏകാന്തതയോട്, പൂക്കളോട്.... അങ്ങനെ ഈ പ്രപഞ്ചത്തിലുള്ള ഭൌമീകമായ സൗന്ദര്യത്തോടെല്ലാം ... അതെ ... ആ പ്രണയമാണ് എന്‍റെ ജീവിതം.. എന്‍റെ സൗന്ദര്യം... എന്‍റെ ആത്മവിശ്വാസം....
പ്രണയം എന്നു പറയുമ്പോള്‍ ഒരു സാധാരണ മനുഷ്യന്‍റെ ചിന്തകള്‍ ഒരു ആണിലും പെണ്ണിലുമായി ഒതുങ്ങുന്നു... ആ വലയത്തില്‍ നിന്നും പുറത്തു കടന്ന് ചിന്തിക്കുവാന്‍ തുടങ്ങുമ്പോളാണ് പ്രണയം എന്ന അത്ഭുതലോകത്തിന്‍റെ വിശാലമായ അനന്തതയിലേക്ക് നമുക്ക് ഇറങ്ങിചെല്ലുവാന്‍ സാധിക്കുന്നത്...
പ്രണയത്തിന്‍റെ മൂര്‍ത്തിഭാവം എന്നുള്ളത് പരസ്പര സംയോജനമാണ്.... അതിലൂടെ ആവിര്‍ഭവിക്കപ്പെടുന്നത് ഉദാത്തമായ വൈകാരികനുഭവമാണ്... നമ്മിലുള്ള പ്രണയത്തിന്‍റെ തീവ്രതയാണ് ആ അനുഭവം സ്വായക്താമാക്കുന്നതും...
എന്‍റെ പ്രണയവും നിര്‍വചനങ്ങള്‍ക്കതീതമാണ്.... അതിലൂടെ ഞാന്‍ ആഗ്രഹിക്കുന്നത് അനന്തമായ ഈ പ്രപഞ്ചത്തില്‍ വിഹരിക്കുന്ന അഭൌമമായ ആ ഊര്‍ജ്ജസ്രോതസ്സില്‍ അലിഞ്ഞു ചേരുകയെന്നതാണ്...
(feeling so sleepy...it's midnight now.. winding up for the day... actually all these thoughts are for my upcoming Creation... hoping that I can give my best in my book..)
Love You my Lord....
സമയം 6 മണി...
സൂര്യന്‍ പടിഞ്ഞാറ് അസ്തമിക്കാന്‍ തുടങ്ങിയിരിക്കുന്നു. സായന്തനത്തിനന്‍റെ സൗന്ദര്യം മുറിക്കുള്ളിലിരുന്നു ജനാലയിലൂടെ ആസ്വദിക്കാന്‍ നല്ല രസമാണ്.. പക്ഷേ പുറത്തിറങ്ങിയാല്‍ ചൂട് കാരണം ആ സൗന്ദര്യത്തിന് മാറ്റ് കുറയുന്നു....
ഇന്നലെ പ്രണയത്തിലവസാനിപ്പിച്ചു..... ഇന്ന് സ്നേഹത്തില്‍ തുടങ്ങുന്നു...
സ്നേഹം എന്നവാക്കില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നത് ദൈവീകമായ പരിശുദ്ധിയാണ്... അതിലൂടെ സ്വായക്തമാകുന്നത് സ്വര്‍ഗ്ഗീയമായ നിര്‍മ്മലതയാണ്....
അതെ ഒരുവനില്‍ സ്നേഹം ഉണ്ടെങ്കില്‍ ഈ പ്രപഞ്ചത്തേയും അതിലുള്ള സകല ചരാചരങ്ങളേയും അവന്‍ ബഹുമാനിക്കുന്നു... അവയിലെല്ലാം അവന്‍ സമത്വവും കാണുന്നു... അത് എപ്പോഴും അപരിമിതമാണ്...
ഇഷ്ടം എന്ന വാക്കിലൂടെ പ്രതിഫലിക്കപ്പെടുന്നത് ഒരു കരുതല്‍ ആണ്.... നമ്മുടെ ആഗ്രഹങ്ങളും ആശകളുമെല്ലാം ഇഷ്ടം എന്ന വാക്കിലൂടെ പ്രകടിപ്പിക്കുന്നു... അത് ചിലപ്പോള്‍ നമ്മിലെ ആസക്തിയും തുറന്നുകാണിക്കുന്നു....
നമുക്ക് എന്തിനോടും ഇഷ്ടം തോന്നാം പക്ഷെ അവയെല്ലാം നമുക്ക് ലഭിക്കണമെന്നില്ല... അവിടെ പരിമിതികള്‍ നാം തന്നെ നിശ്ചയിക്കുന്നു... അവ നമുക്ക് അന്യമാണെന്ന് അറിയാമെങ്കിലും നമ്മിലെ ഇഷ്ടം ഇഷ്ടമായിതന്നെ എന്നും നിലനില്‍ക്കും...
ഇനിയും എഴുതുവാന്‍ ഒരുപാട് ഉണ്ട്... പക്ഷേ മനസ്സിന്‍റെ ഉള്‍ക്കോണില്‍ എവിടെയോ ഒരു നോവ് അനുഭവപ്പെടുന്നു...എഴുതുവാന്‍ മാത്രമേ എനിക്ക് ഇപ്പോള്‍ സാദ്ധ്യമാകുന്നുള്ളു...
ചെറുപ്പം മുതല്‍ ഞാന്‍ കാരണം ആരും വേദനിക്കുന്നത് എനിക്കിഷ്ടമില്ലായിരുന്നു.... എന്നും ഞാന്‍ ദൈവത്തോടു അപേക്ഷിക്കുന്ന പ്രാര്‍ത്ഥനകളില്‍ ഒന്നാണത്."ഞാന്‍ മൂലം ആരുടേയും കണ്ണുകള്‍ നിറയരുത്, ആരുടേയും ഹൃദയം മുറിപ്പെടരുത്.... പക്ഷേ എന്‍റെ ജീവിതത്തില്‍ ഞാന്‍ സ്നേഹിച്ചവരും എന്നെ സ്നേഹിച്ചവരും ഞാന്‍ കാരണം എന്നും വേദനിച്ചിട്ടേയുള്ളൂ ....
ദൈവത്തോട് പലപ്രാവശ്യം ഞാന്‍ ചോദിച്ചു അതെന്തുകൊണ്ടാണെന്ന്... പക്ഷേ പുള്ളിക്കാരനും മൌനത്തിലാണ്.... പിന്നെ സ്വയം ആ ചോദ്യം ചോദിക്കും സ്വയം ഉത്തരം കണ്ടെത്തും:
"നിന്‍റെ സ്നേഹവും, നിന്‍റെ പ്രണയവും, നിന്‍റെ ഇഷ്ടങ്ങളും" നിന്നില്‍ മാത്രം വിലയം പ്രാപിക്കേണ്ടവയാണ്....ചില പ്രാപഞ്ചിക സത്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുവാന്‍ ആര്‍ക്കും സാധ്യമല്ല... അതുപോലൊരു സത്യമാണ് നീയും...."