My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Showing posts with label ഞാനും എന്റെ പടച്ചോനും. Show all posts
Showing posts with label ഞാനും എന്റെ പടച്ചോനും. Show all posts

Monday, February 1, 2016

എന്റെ പുസ്തകങ്ങൾ (അക്ഷരങ്ങളെ പ്രണയിച്ച പെൺകുട്ടി)


രണ്ടു ദിവസമായിട്ട്‌ നല്ല തണുപ്പാണു. ഞാനെന്റെ ജാക്കറ്റിന്റെ അകത്ത്‌ ചുരുണ്ടു കൂടിയിരുന്നു എന്റെ നോവൽ എഴുതിക്കൊണ്ടിരുന്നപ്പോൾ അടുക്കളയിൽ ഒരു ശബ്ദം കേട്ടു. ഞാനെണീറ്റു ചെന്നു നോക്കിയപ്പോൾ എന്റെ പടച്ചോൻ ഞാൻ എനിക്ക്‌ ഉണ്ടാക്കിവെച്ച കാപ്പി രണ്ടു കപ്പിലാക്കിയെടുക്കുന്നത്‌ കണ്ടു.

"അതു ശരി!!! എന്റെ കാപ്പിയൊന്നും വേണ്ടന്ന് പറഞ്ഞു പോയ ആളു ഇപ്പോ എന്റെ കാപ്പിക്കപ്പുമായി നിൽക്കുന്നു. കൊളളാട്ടോ." അതും പറഞ്ഞു ഞാൻ എന്റെ പങ്ക്‌ കാപ്പി ആശാന്റെ കൈയ്യിൽ നിന്നും വാങ്ങി.



പുളളി ഒരു വെളുക്കെ ചിരിയെനിക്ക്‌ സമ്മാനിച്ചിട്ടു പറഞ്ഞു, "എന്തോ തണുപ്പാ ഇവിടെ. ഞാനൊന്ന് നാട്ടിൽ പോയിട്ടു വന്നപ്പോഴേക്കും ദുബായി തണുത്ത്‌ വിറക്കുകയാണല്ലോ."

"ഒരു കാപ്പി കുടിച്ച്‌ അന്റെ ബാക്കി കഥയും കൂടി കേൾക്കാമെന്നു വിചാരിച്ചാ ഞാനിങ്ങോട്ട്‌ കയറിത്‌."
അതും പറഞ്ഞ്‌ ആശാൻ എന്റെ നോവെലെടുത്ത്‌ നോക്കി.

"നാട്ടിൽ എന്തുണ്ട്‌ വിശേഷം?" ഞാൻ ചോദിച്ചു.

"നാട്ടിലെ വിശേഷമൊന്നും നീയറിയണില്ലാ. ഓ അനക്ക്‌ പിന്നെ റ്റി.വി കാണണ പരിപാടിയൊന്നുമില്ലല്ലോ. ഇപ്പോ നാട്ടിലു സരിത മയമല്ലേയെന്ന്. ഓളു എന്റെ പേരും കൂടി പറയുമോയെന്ന് പേടിച്ച്‌ ഞാൻ ദുബായിക്ക്‌ വണ്ടി കേറി." അതും പറഞ്ഞ്‌ പടച്ചോൻ ഒരു ദീർഘനിശ്വാസം വിട്ടു.

അതു കേട്ട്‌ ഞാൻ പൊട്ടിച്ചിരിച്ചു. ഇടക്കങ്ങനെയാ മൂപ്പരു നമ്മളു വിചാരിക്കാത്ത സമയത്ത്‌ ചിരിയുടെ ഒരു ഗുണ്ടു പൊട്ടിക്കും.

ഞങ്ങൾ രണ്ടുപേരും സോഫയിലേക്കിരുന്നു. ഞാനെന്റെ കഥ പറയുവാൻ തുടങ്ങി.

എന്റെ കൊച്ചു കൊച്ചു ഡയറി എഴുത്തുകളിലൂടെ അക്ഷരങ്ങളോടുളള എന്റെ പ്രണയം പുരോഗമിച്ചു. വായിക്കുവാൻ ഞാൻ ഇഷ്ടപ്പെട്ടിരുന്നെങ്കിലും വായിക്കുവാനായി എനിക്ക്‌ പുസ്തകങ്ങൾ ഇല്ലായിരുന്നു. എനിക്ക്‌ പുസ്തകങ്ങൾ വാങ്ങിച്ചു തരുവാൻ ആരുമില്ലായിരുന്നു, ഇന്ന പുസ്തകം വായിക്കണമെന്ന് പറയാനും ആരുമില്ലായിരുന്നു.

അന്നത്തെക്കാലത്ത്‌ ഞാൻ വായിച്ച പുസ്തകങ്ങൾ ബാലരമയും, പൂമ്പാറ്റയും, വനിതയുമൊക്കെയാണു. ബഷീറിനെക്കുറിച്ചും, മാധവിക്കുട്ടിയെക്കുറിച്ചും, എം. ടിയെക്കുറിച്ചും, പെരുമ്പടവം ശ്രീധരൻ തുടങ്ങിയ ഒരുപാട്‌ എഴുത്തുകാരെക്കുറിച്ചു ഞാൻ പത്രങ്ങളിലൂടെ വായിച്ചറിയുന്നുണ്ടായിരുന്നെങ്കിലും ആരുടെയും പുസ്തകം സ്വന്തമാക്കുവാനുളള ഭാഗ്യം എനിക്കില്ലായിരുന്നു.

അങ്ങനെയിരിക്കുമ്പോൾ ഒരു വേനലവധിക്ക്‌ എന്റെ ഒരു ബന്ധു ഒരു പുസ്തകം എന്റെ കൈയിൽ തന്നിട്ടു പറഞ്ഞു , " എടീ കൊച്ചേ ഇത്‌ ഞാൻ നമ്മുടെ ലൈബ്രറിയിൽ നിന്നും എടുത്തതാ. നിനക്ക്‌ വേണമെങ്കിൽ ഇതു വായിച്ചോ".

ജീവിതത്തിൽ ആദ്യമായി എന്റെ കൈയിൽ കിട്ടുന്ന, ഞാൻ ആദ്യമായി വായിക്കുന്ന ഒരു നോവൽ.

"കോവിലന്റെ - തട്ടകം". 


എന്റെ കൈയിൽ ആ പുസ്തകം കിട്ടിയപ്പോൾ ശരിക്കും എനിക്ക്‌ തോന്നിയത്‌ ഞാൻ നാളുകളായി കാത്തിരുന്ന നിധി എന്റെ കൈയിൽ കിട്ടിയ പോലെയായിരുന്നു. ആദ്യമേ തന്നെ ഞാൻ ആ എഴുത്തുകാരനെക്കുറിച്ചു
വായിച്ചു.

കോവിലൻ എന്ന തൂലികാനാമത്തിലറിയപ്പെടുന്ന വി.വി. അയ്യപ്പൻ എഴുതിയ നോവലാണ് തട്ടകം. ഈ നോവൽ 1995-ൽ പ്രസിദ്ധീകരിച്ചു. ആത്മകഥാപരമായി അവതരിപ്പിച്ചിട്ടുള്ള തട്ടകത്തിൽ സ്വന്തം ദേശമായ കണ്ടാണിശ്ശേരി ഗ്രാമത്തിലെ തലമുറകളുടെ ചരിത്രമാണ് പശ്ചാത്തലമാക്കിയിരിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡു, വയലാർ അവാർഡ്‌, ഒ. എൻ.വി. പുരസ്കാരം, എ.പി. കളയ്ക്കാട് അവാർഡ് തുടങ്ങിയ നിരവധി അവാർഡുകൾ തട്ടകത്തിനു ലഭിച്ചിട്ടുണ്ട്.
(കടപ്പാട്‌ ഗൂഗിൾ)

ഞാൻ വായിച്ചുതുടങ്ങിയപ്പോൾ മനസ്സിലായി ആ ഭാഷാ ശൈലിയും അതിന്റെ പൊരുളും മനസ്സിലാക്കുവാൻ ഇത്തിരി ബുദ്ധിമുട്ടാണെന്ന്. ആ പുസ്തകം ഒരു സാധരണക്കരനു മനസ്സിലാക്കുവാൻ സാധിക്കുന്ന ഒന്നായിരുന്നില്ല. അത്രക്കും ശക്തമായിരുന്നു ആ ദ്രാവിഡ ഭാഷ. പക്ഷേ ഞാനത്‌ മുഴുവനും വായിച്ചു. അത്‌ വായിച്ചു കഴിഞ്ഞ സന്തോഷത്തിൽ ഞാൻ മമ്മിയോട്‌ അത്‌ പറഞ്ഞു. അത്‌ കേട്ടു കൊണ്ട്‌ പപ്പ അപ്പുറത്തെ മുറിയിൽ നിൽപ്പുണ്ടായിരുന്നു. ജീവിതത്തിലാദ്യമായി പപ്പയെന്നെ അനുമോദിച്ചുകൊണ്ട്‌ അന്നൊരു കാര്യം പറഞ്ഞു,

"ആ പുസ്തകം വായിക്കുവാൻ ഞാൻ ശ്രമിച്ചു പക്ഷേ മൂന്നു നാലു പേജ്‌ വായിച്ചോപ്പോളെക്കും എനിക്ക്‌ മടുപ്പ്‌ തോന്നി. എനിക്ക്‌ താത്പര്യം തോന്നിയില്ല പിന്നീട്‌ വായിക്കുവാൻ. നീയത്‌ മുഴുവൻ വായിച്ചിട്ടുണ്ടെങ്കിൽ അത്‌ കാണിക്കുന്നത്‌ നിന്റെ വായനയോടുളള താത്പര്യത്തെയാണു. നിന്റെ അക്ഷരങ്ങളോടുളള ഇഷ്ടത്തെയാണു."

എനിക്ക്‌ അന്നൊരുപാട്‌ സന്തോഷം തോന്നി. 

എന്റെ കഥയും കേട്ട്‌ ഏത്തക്കാ വറുത്തതും കൊറിച്ചു കൊണ്ടിരുന്ന എന്റെ പടച്ചോൻ പെട്ടെന്നൊരു ഡയലോഗും പൊക്കിപ്പിടിച്ചു വന്നു,

"അന്റെ ഉപ്പ സ്നേഹമുളള ആളാ. പക്ഷേ പുളളിക്ക്‌ അതെങ്ങനെ പ്രകടിപ്പിക്കണമെന്നറിയില്ലാ. അത്രയേയുളളൂ."

ഞാൻ ചിരിച്ചുകൊണ്ട്‌ എന്റെ കഥ തുടർന്നു.

പിന്നേയും എന്റെ ആ ബന്ധു വേറൊരു പുസ്തകമായും വന്നു. പെരുമ്പടവം ശ്രീധരന്റെ സങ്കീർത്തനം പോലെയെന്ന നോവൽ.ഞാനൊരുപാടിഷ്ടപ്പെടുന്ന നോവലുകളിൽ ഒന്നാണു. അതുപോലെ എം. ടി. യുടെ കാലം എന്ന നോവൽ.  പിന്നീട്‌ എന്റെ ബന്ധു പുസ്തകങ്ങളൊന്നും കൊണ്ടുവന്നില്ലാ. തന്ന പുസ്തകങ്ങൾ എന്റെ കൈയ്യിൽ നിന്നും തിരിച്ചു വാങ്ങിയതുമില്ലാ.

"ഓനെ ലൈബ്രറിക്കാരു ഇപ്പോഴും തപ്പിനടക്കുന്നെണ്ടെന്നാ ഞാനറിഞ്ഞത്‌ ആ മൂന്നു പുസ്തകങ്ങളും കൊടുക്കാത്തതിന്റെ പേരിൽ." അതും പറഞ്ഞു പടച്ചോൻ കുണുങ്ങി കുണുങ്ങി ചിരിച്ചു.

"ഇങ്ങൾക്കറിയുമോ എനിക്ക്‌‌ ആദ്യമായി പുസ്തകങ്ങളെക്കുറിച്ചു പറഞ്ഞുതരുന്നത്‌ എന്റെ മാഷാണു. ഒരു ദിവസം ക്ലാസ്സിലെ ഇടവേളയുടെ സമയത്ത്‌ മാഷ്‌ എന്നോടു ചോദിച്ചു നീ ഷിവ്‌ കേരയുടെ പുസ്തകങ്ങൾ വായിച്ചിട്ടുണ്ടോയെന്നു."

ഞാൻ ആദ്യമായിട്ടായിരുന്നു ആ പേരു കേൾക്കുന്നത്‌ തന്നെ.

ഞാൻ പറഞ്ഞു, "ഇല്ലാ.. അതെവിടുന്നാ വാങ്ങിക്കാൻ പറ്റുകാ?"

നമുക്ക്‌ ഡി.സി ബുക്ക്സിൽ പോയി അന്വേഷിക്കാമെന്ന് മാഷ്‌ പറഞ്ഞു. അങ്ങനെ ക്ലാസ്സ്‌ കഴിഞ്ഞ്‌ ഞാനും മാഷും കൂടി അവിടേക്ക്‌ പോയി. ആദ്യമായിട്ടായിരുന്നു ഞാൻ അവിടെ പോകുന്നതും. എന്തോരം പുസ്തകങ്ങളായിരുന്നൂന്നറിയുവോ അവിടെ. സത്യം പറഞ്ഞാൽ അത്‌ കണ്ടിട്ട്‌ എന്റെ മനസ്സിൽ എത്ര ലഡ്ഡു പൊട്ടിയെന്നറിയുമോ. ആ പുസ്തകങ്ങളെല്ലാം സ്വന്തമാക്കുവാൻ തോന്നി. പക്ഷേ കൈയ്യിൽ സൂക്ഷിച്ചിരുന്ന പോക്കറ്റ്‌ മണി ഒരു പുസ്തകം വാങ്ങിക്കുവാനേ തികയുമായിരുന്നുളളു.


അങ്ങനെ ആദ്യമായി ഞാൻ സ്വന്തമാക്കിയ പുസ്തകം ഷിവ്‌ കേരയുടെ "You can win" എന്ന പുസ്തകമായിരുന്നു. അതും എന്റെ മാഷ്‌ പറഞ്ഞിട്ട്‌. പത്ത്‌ പതിനഞ്ചു വർഷം ഞാൻ മനസ്സിൽ താലോലിച്ച എന്റെ സ്വപ്നമായിരുന്നു അന്ന് മാഷിലൂടെയെനിക്ക്‌ സാധ്യമായത്‌. പക്ഷേ അതൊന്നും മാഷിനറിയില്ലായുരുന്നുട്ടോ.

അതുപോലെ തന്നെ കോട്ടയം പബ്ലിക്ക്‌ ലൈബ്രറിയിലും മാഷ്‌ ഒരു ദിവസം എന്നെ കൊണ്ടുപോയി. അവിടെ പോകണമെന്ന് ഞാൻ ഒരുപാട്‌ ആശിച്ചിരുന്നതാ.  അവിടെയും ഞാനാദ്യമായിപ്പോയത്‌ മാഷിന്റെ കൂടെയാ. ആ ലൈബ്രറിയിൽ കയറി ഞാൻ അതിലെ ബുക്ക്‌ ഷെൽഫിൽ വെച്ചിരിക്കുന്ന പുസ്തകങ്ങളിലൂടെ കൈയ്യോടിച്ചു കൊണ്ട്‌ മനസ്സിൽ പറഞ്ഞു " ഒരിക്കൽ ഞാനെഴുതിയ എന്റെ പുസ്തകങ്ങളും ഈ ഷെൽഫിൽ വരുമെന്ന്". എന്റെ വലിയ സ്വപ്നങ്ങളിൽ ഒന്ന്.

"അപ്പോ അന്റെയീ മാഷില്ലായിരുന്നുവെങ്കിൽ നീയി ജീവിതത്തിൽ ഇതൊന്നും കാണത്തില്ലായിരുന്നു ല്ലേ!!." എന്നെ ചെറുതായിയൊന്ന് കളിയാക്കിക്കൊണ്ട്‌ ആശാൻ ഏറുകണ്ണിട്ട്‌ എന്നെയൊന്ന് നോക്കി.

തെല്ല് നീരസത്തോടെ ഞാൻ തുടർന്നു,
"അതൊന്നുമെനിക്കറിയില്ല. പക്ഷേ അദ്ദേഹത്തിനു എന്റെ ജീവിതത്തിലുളള സ്ഥാനം വളരെ വലുതാണു. അത്‌ ഒരു പക്ഷേ അദ്ദേഹത്തിനു പോലും അതിന്റെ പൂർണ്ണാവസ്ഥയിൽ അറിയില്ലായെന്നുളളതാണു. "

പിന്നീട്‌ രെഞ്ചിയുടെ കൂടെ കൂടിയേപ്പിന്നെയാണു പുസ്തകങ്ങളുടെ ഒരു പെരുമഴ തന്നെ പെയ്യുവാൻ തുടങ്ങിയത്‌. എവിടെപ്പോയാലും രെഞ്ചി ഒരു പുസ്തകവുമായേ തിരിച്ചു വരൂ. ഞങ്ങളുടെ പുസ്തക ഷെൽഫ്‌ നിറഞ്ഞു കവിഞ്ഞപ്പോൾ കുറച്ചു പുസ്തകങ്ങൾ നാട്ടിലോട്ട്‌ പായ്ക്‌ ചെയ്തു വിട്ടു.

ഇപ്പോൾ ഒരുപാട്‌ പുസ്തകങ്ങളുടെ മധ്യത്തിലാണു എന്റെ ജീവിതം തന്നെ. അതിനു ഇങ്ങൾക്കൊരു ബലിയ താങ്ക്സ്‌ ഉണ്ടുട്ടോ... ഇനി ബാക്കി കഥ ഞാൻ പിന്നെപ്പറയാം. എനിക്ക്‌ എന്റെ നോവലൊന്നെഴുതിത്തീർക്കണം.

"അല്ലാ വന്നപ്പം തൊട്ട്‌ ചോദിക്കണമെന്ന് കരുതിയതാ. അന്റെ മുഖത്തെന്താ ഒരു വല്ലാത്ത സന്തോഷം." പോകാനിറങ്ങിയ പടച്ചോൻ വെറുതെ എന്നെ കിളളുവാനായി ചോദിച്ചു.

"ചില സന്തോഷങ്ങൾക്ക്‌ കാരണങ്ങൾ വേണ്ട... അഥവാ കാരണങ്ങൾ ഉണ്ടെങ്കിൽ കൂടിയും അത്‌ ഹൃദയത്തിന്റെ ഭാഷയിൽ എഴുതിയതാ. അത്‌ വായിക്കുവാൻ അറിയാവുന്നവർക്ക്‌ അറിയാൻ പറ്റും ആ സന്തോഷം എന്താണെന്ന്."

അത്‌ കേട്ട്‌ പടച്ചോൻ പുഞ്ചിരിച്ചു. 

"നന്ദി"... ഞാൻ ഉറക്കെ അദ്ദേഹത്തോടായി പറഞ്ഞു.

"എന്തിനു..." എല്ലാമറിയാമായിരിന്നിട്ടും പടച്ചോൻ അത്‌ ചോദിച്ചു.

"എല്ലാത്തിനും." ഞാൻ ചിരിച്ചുകൊണ്ട്‌ മറുപടി പറഞ്ഞു.

"ഓ... ഹൃദയത്തിന്റെ ഭാഷാ." അതും പറഞ്ഞ്‌ പുളളി യാത്രപറഞ്ഞു.

വീണ്ടും ഞാൻ എഴുത്തിന്റെ ലോകത്തിലേക്ക്‌ കടന്നു.   

"പറയുവാൻ ഒരുപാടുണ്ട്‌, എഴുതുവാൻ അതിലേറെയും. എല്ലാം ഞാൻ സൂക്ഷിക്കുന്നു ഹൃദയത്തിന്റെ ഒരു കോണിൽ ആരും കാണാതെ ആരോടും പറയാതെ... കാലത്തിന്റെ കാരുണ്യത്തിനായി....വിധിയുടെ ദയാവായ്പിനായി... ഇനിയും എത്ര നാൾ..



കാർത്തിക.....

Saturday, January 16, 2016

പടച്ചോനെ ഇനിയെന്താണു അടുത്ത പണി??


10 ജാനുവരി 2016

മനസ്സിനു ഇഷ്ടപ്പെട്ട ജോലി ചെയ്യുക എന്ന് പറയുന്നത്‌ ശരിക്കും ഒരു ഭാഗ്യാണുട്ടോ. നമ്മൾ എത്ര ആത്മാർത്ഥതയോട്‌ കൂടി ജോലി ചെയ്താലും നമ്മൾ ആഗ്രഹിക്കുന്ന ജോലിയല്ലാ നമ്മൾ ചെയ്യുന്നതെങ്കിൽ ആ ജോലിയുടെ അവസാനം ഒരു ആത്മസംതൃപ്തിയും
 നമുക്ക്‌ ലഭിക്കില്ലാ... പിന്നെ ജീവിക്കുവാൻ വേണ്ടി എല്ലാവരും ഇഷ്ടങ്ങൾ നോക്കാതെ പണിയെടുക്കുന്നു.

 ജോലിയ്കിടയിൽ വീണു കിട്ടിയ ഒരു നാൽപ്പതു മിനിട്ട്‌ ഇടവേളയിൽ എന്റെ ചിന്തികൾ കാട്‌ കയറുവാൻ തുടങ്ങിയപ്പോൾ പെട്ടെന്ന് ഒരാൾ എന്റെ മുൻപിൽ പ്രത്യക്ഷപ്പെട്ടു. പക്ഷേ പുള്ളി എന്നെ കണ്ട്‌ നിർത്താതെ ചിരിക്കുകയാണു. അതിന്റെ കൂടെ ഒരു ഡയലോഗും.

"അന്റെ വെടിക്കെട്ട്‌ ചീറ്റിയ കാര്യം ഞാൻ അറിഞ്ഞായിരുന്നു. "

ഞാൻ ഒന്നും മിണ്ടിയില്ലാ.

അപ്പോൾ വീണ്ടും പുളളിതന്നെ സംസാരം തുടർന്നു.

"അനക്കെന്നോട്‌ ദേഷ്യാ?? അനക്ക്‌ തോന്നുന്നുണ്ടോ അന്റെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും ഞാൻ അനക്ക്‌ നിഷേധിക്കുകയാണെന്ന്????"

അപ്പോളും ഞാനൊന്നും മിണ്ടിയില്ലാ.

"അപ്പോ സംഗതി വളരെ ഗൗരവമുളളതാണല്ലോ??" പടച്ചോൻ തന്നെ വീണ്ടും തുടർന്നു.

അവസാനം ഞാനെന്റെ മൗനം ഖണ്ഡിച്ചു,

 "ഇങ്ങൾക്ക്‌ എന്നോട്‌ വല്ല വൈരാഗ്യവുമുണ്ടോ??? ഞാൻ എത്ര പ്രതീക്ഷയോടെയാണു ബുർജ്ജ്‌ കലീഫേലെ വെടിക്കെട്ട്‌ കാണാൻ പോയതെന്നറിയുമോ. എന്റെ ഈ വർഷമെങ്കിലും എനിക്ക്‌ ഏറ്റവും സന്തോഷത്തോടെ തുടങ്ങണമെന്ന് ഞാൻ ഒരുപാട്‌ ആഗ്രഹിച്ചു. മുപ്പത്തി ഒന്നാം തീയതി ഏഴുമണി തൊട്ട്‌ ബുർജ്ജ്‌ കലീഫേന്റെ കീഴിൽ ഞാൻ ആകാശത്തിൽ എന്റെ വാൽനക്ഷത്രത്തെ നോക്കിയും , രെഞ്ജിയും ഷിബിയും മദാമ്മമാരേയും ഫിലിപ്പിനോകളേയും വായിനോക്കിയും സമയം കളഞ്ഞുകൊണ്ടിരുന്ന ഞങ്ങക്ക്‌ പണി തന്നത്‌ ഒരു തീപിടുത്തത്തിന്റെ രൂപത്തിലും . ഞങ്ങളുടെ മുൻപിൽ കുറച്ച്‌ അകലത്തിലായി ഒരു ഹോട്ടലു മുഴുവനായും നിന്ന് കത്തണ കണ്ടപ്പോൾ ഞങ്ങളുടെ ചങ്കു തകർന്നു. എനിക്ക്‌ ഒരുപാട്‌ സങ്കടം തോന്നി. വെടിക്കെട്ടും കണ്ടില്ലാ ഒരു കുന്തവും കണ്ടില്ലാ."

എന്റെ മനസ്സിലുളള ദേഷ്യം മുഴുവനും പുറത്തുവരുവാനായി അദ്ദേഹം ഒരു നല്ല കേൾവിക്കാരനായി നിന്നു.

"ഇങ്ങളെന്നെ അത്‌ കാണിക്കാഞ്ഞപ്പോൾ ഞാൻ തീരുമാനിച്ചു ഞാൻ ഈ നാട്ടിൽ നിന്നു പോയാലും ഒരു ഹോളിഡേക്ക്‌ ഞാൻ ഇവിടെ തിരികെ വന്ന് എന്റെ ചീറ്റിപ്പോയ വെടിക്കെട്ട്‌ കാണുമെന്ന് . അവിടം കൊണ്ട്‌ തീർന്നുവെന്ന് മനസ്സിനെ പറഞ്ഞ്‌ സമാധാനിപ്പിച്ചു കൊണ്ടിരുന്നപ്പോൾ ദേ വരുന്നു അടുത്തപണി."

"എന്റെ ജോലി സ്ഥലത്തുനിന്നും എന്നെ മൂന്നാഴ്ച്ചത്തേക്ക്‌ വേറൊരു സ്ഥലത്തേക്ക്‌ ഇട്ടിരിക്കുന്നു. അവിടെ പണികിട്ടിയത്‌ ഞാൻ എഴുതികൊണ്ടിരിക്കുന്ന നോവലിനും. ആഴ്ചയിൽ മൂന്നോ നാലോ ഡൂട്ടിയുണ്ടായിരുന്ന ഞാനിപ്പോൾ റെഗുലർ ഷിഫ്റ്റിലേക്ക്‌ മാറ്റപ്പെട്ടിരിക്കുന്നു. ഇപ്പോൾ നോവിലെഴുത്ത്‌ ഗോവിന്ദ. എന്തിനാ ഇങ്ങൾ എന്നോടിങ്ങനെ ചെയ്യുന്നത്‌."

"പക്ഷേ ഞാനൊരു കാര്യം തീരുമാനിച്ചു. എനിക്ക്‌ തോറ്റ്‌ തരാൻ മനസ്സില്ല. ഇപ്പോൾ ഞാൻ നാലു മണിക്കെണീറ്റ്‌ കുറച്ചു സമയം എന്റെ എഴുത്തിന്നായി മാറ്റിവെക്കുവാൻ തുടങ്ങി. എനിക്കൊരു റ്റാർജ്ജെറ്റ്‌ ദിവസമുണ്ട്‌ . അന്ന് എനിക്കത്‌ തീർത്തിരിക്കണം. "

"അഹങ്കാരമാണെന്ന് കരുതരുത്‌ , ഇങ്ങളോടുളള വാശിയുമല്ലാ. എന്റെ കൊച്ചു കൊച്ചു ആഗ്രഹങ്ങൾ പോലും നിഷേധിക്കപ്പെടുമ്പോഴുളള വേദന കൊണ്ടാ."

"പടച്ചോനെ ഇനിയെന്താണു അടുത്ത പണി???"
ഞാൻ അതും പറഞ്ഞ്‌ തല കുമ്പിട്ടിരുന്നു.

പടച്ചോൻ എന്റെ അടുത്ത്‌ വന്നിരുന്ന് എന്റെ തോളിൽ തട്ടിക്കൊണ്ട്‌ പറഞ്ഞു,

"എനിക്കറിയാം നീയിപ്പോൾ ചെയ്യുന്ന ജോലി നിനക്ക്‌ പ്രിയപ്പെട്ടതല്ലെന്ന്. പക്ഷേ നീയെന്ന വ്യക്തിയുടെ ജീവിതത്തിൽ ഉണ്ടായിട്ടുളള ഉയർച്ച മുഴുവനും ആ ജോലിയിലൂടെ നിനക്ക്‌ ലഭിച്ച സാമ്പത്തിക ഭദ്രതകൊണ്ടാണു. നിന്റെ പ്രിയപ്പെട്ടവർക്ക്‌ മുൻപിൽ നീ തല ഉയർത്തിപ്പിടിച്ചു നിൽക്കുന്നുണ്ടെങ്കിൽ അത്‌ നൽകിയതും ആ ജോലിയാണു. നിനക്ക്‌ വേണ്ട സാഹചര്യങ്ങളെല്ലാം ഞാൻ ഒരുക്കി തന്നു. ഇനി നീയാണു തീരുമാനിക്കേണ്ടത്‌ ആത്മാവിശ്വാസത്തോടെ നീ ആഗ്രഹിക്കുന്ന ജോലിക്കായി പരിശ്രമിക്കണോയെന്നത്‌. ഓരോ മനുഷ്യർക്കുവേണ്ട സമയവും സാഹചര്യവുമൊക്കെ കാലം ഒരുക്കിത്തരും അത്‌ ബുദ്ധിപൂർവ്വം ഉപയോഗിക്കേണ്ടത്‌ മനുഷ്യരുടെ ധർമ്മമാണു." പടച്ചവനെ തർക്കിച്ചു തോൽപ്പിക്കുവാൻ ഈ ലോകത്താർക്കും കഴിയില്ലായെന്ന് ഞാൻ മനസ്സിൽ ചിന്തിച്ചു.

അപ്പോളേക്കും എന്റെ ബ്രേക്കും കഴിഞ്ഞു.

"ഞാൻ പോകുവാ.. ഇങ്ങളോടിനി ഞാൻ സംസാരിച്ചുകൊണ്ടിരുന്നാൽ എന്റെ ജോലി തെറിക്കും." അതും പറഞ്ഞ്‌ ഞാൻ പോകുവാൻ ഇറങ്ങി.

"അനക്കെന്നോട്‌ ദേഷ്യമുണ്ടോ???" പടച്ചോൻ എന്നോടതു ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ വാക്കുകളിൽ നിഴലിച്ച ദുഃഖം ഞാനറിഞ്ഞു.

"ഹേയ്‌... ഇങ്ങോളോടെനിക്ക്‌ ദേഷ്യമോ... ഒരിക്കലുമില്ലാ. ദേഷ്യം ഉണ്ടായിരുന്നു പണ്ട്‌. എനിക്ക്‌ നിങ്ങൾ ഒരു കുഞ്ഞിനേക്കൂടി തരില്ലായെന്നറിഞ്ഞപ്പോൾ. പക്ഷേ ഒരു കുഞ്ഞിന്റെ അമ്മയായി മാത്രം ജീവിക്കാനുളളതല്ലാ എന്റേയീ ജീവിതമെന്ന് ഞാൻ പൂർണ്ണമായും മനസ്സിലാക്കിയ ദിവസം.. ഒരു പാട്‌ കുഞ്ഞുങ്ങൾക്ക്‌ എന്റെ മാതൃത്വം പങ്കിടപ്പെടേണ്ടതാണെന്ന് ഞാൻ തീരുമാനിച്ച ദിവസം ഞാനറിഞ്ഞു നിങ്ങൾക്കെന്നോടുളള സ്നേഹം.. ഇങ്ങളെന്റെ ആജന്മ സൗഹൃദമല്ലേ.. "

അതും പറഞ്ഞ്‌ ഞാനിറങ്ങി. അപ്പോൾ ഞാൻ കണ്ടു അദ്ദേഹത്തിന്റെ കണ്ണുകളിൽ വാത്സല്യത്തിന്റെ ഒരു വലിയ പ്രകാശം വിടരുന്നത്‌, അത്‌ മനോഹരമായ പുഞ്ചിരിയായി ആ ചുണ്ടുകളിൽ വിടർന്നു.

കാർത്തിക....

Sunday, December 27, 2015

ആദ്യത്തെ പ്രണയം ( അക്ഷരങ്ങളെ പ്രണയിച്ച പെൺകുട്ടി)

പുറത്ത് വീശിയടിക്കുന്ന തണുത്ത കാറ്റും ചന്നം പിന്നം‌ പെയ്യുന്ന ചാറ്റൽ മഴയും ആസ്വദിച്ചങ്ങനെയിരുന്നപ്പോൾ ദേ വരുന്നു ആശാൻ.

"എന്തേ ഇത്ര വൈകിയത്‌ ഇന്ന് വരാൻ. ഒരു നല്ല മഴ ഇങ്ങൾക്കൊന്നു പെയ്യിച്ചൂടെ ഇവിടെ. ഞാൻ ഒരു നല്ല മഴക്കായി ഒരു വേഴാമ്പലിനെപ്പോലെ ഇവിടെയിരിക്കാൻ തുടങ്ങിയിട്ട്‌ എത്രനേരമായെന്നറിയുമോ?? ഇങ്ങൾക്കറിയില്ലേ മഴയെന്നത്‌ എന്റെ പ്രണയമാണെന്ന്"

"അല്ലാ... ഞാൻ പല പ്രാവശ്യം ചോദിക്കണമെന്ന് വിചാരിച്ചതാ...അനക്ക്‌ പ്രണയമല്ലാത്തതായി ഈ ലോകത്തിൽ എന്തെങ്കിലുമുണ്ടോ?? ചുമ്മാ ഇതുവഴി പോയപ്പോൾ അന്റെ രോഗവിവരം അന്വേഷിക്കാൻ ഒന്ന് കയറിയതാ.. അതിപ്പോൾ അബദ്ധമായീന്നു തോന്നുന്നു." ദൈവം ആണെന്ന് പറഞ്ഞിട്ട്‌ എന്താകാര്യം പുളളിക്കും ദേഷ്യം മൂക്കിന്റെ തുമ്പത്താ.

"എന്റെ പടച്ചോനെ ഞമ്മക്കൊന്നും വേണ്ടായേ... ഞമ്മളീ ചാറ്റ മഴയും ആസ്വദിച്ചിരുന്നോളാം." പടച്ചോന്റെ മുൻപിൽ ഞാൻ തോൽവി സമ്മതിച്ചു.

"അല്ലാ.. അന്റെ കഥ എന്തായി?? നീയ്‌ ഓർക്കുന്നുണ്ടോ നീ എനിക്കെഴുതിയ ആദ്യത്തെ കത്ത്‌." പടച്ചോൻ എന്റെ കഥയിലേക്ക്‌ കടന്നു.



"യ്യോ!!! ഇങ്ങളത്‌ മറന്നിട്ടില്ല. ഞാനും ഓർക്കുന്നു."

ഞാൻ അന്ന് അഞ്ചാം ക്ലാസ്സിൽ പടിക്കുന്ന സമയം. മരിച്ചുപോയ എന്റെ വല്യവല്യമ്മച്ചിയുടെ സുഖ വിവരങ്ങൾ അന്വേഷിച്ചു കൊണ്ടാണു അക്ഷരങ്ങളോടുളള എന്റെ ആദ്യത്തെ പ്രണയം ഞാൻ കുറിക്കുന്നത്‌ "ദൈവത്തിനുളള എന്റെ കത്ത്‌". ഞാനിപ്പോഴും ഓർക്കുന്നു ഞങ്ങൾ കിടക്കുന്ന മുറിയിലെ ഒരു ചെറിയ മേശയിൽ വെച്ചിരിക്കുന്ന ടേബിൾ ലാമ്പിന്റെ അടിയിലിരുന്നാണു ആദ്യത്തെ വരികൾ ഞാൻ കുറിക്കുന്നത്‌. ഒരു ഇളം ചാണക പച്ച നിറത്തിലുളള ഒരു കുഞ്ഞു പോക്കറ്റ്‌ ഡയറി. അതിലു ഞാനെഴുതി,

"പ്രിയപ്പെട്ട അപ്പാ,

അപ്പയ്ക്‌ സുഖമെന്നു വിശ്വസിക്കുന്നു. എന്റെ വല്യവല്യമ്മച്ചി അങ്ങോട്ട്‌ വന്നായിരുന്നു. അമ്മച്ചിക്കും സുഖമെന്ന് വിശ്വസിക്കുന്നു. അമ്മച്ചി പോയതിൽപിന്നെ ഒരു രസവുമില്ല. പപ്പ ഇപ്പോൾ ഞങ്ങളെ ഒരുപാട്‌ വഴക്കു പറയും. എല്ലാത്തിനും ഞങ്ങളെ തല്ലുകയും ചെയ്യും. വേനലവധിക്ക്‌ മമ്മിയുടെ വീട്ടിൽ ചെല്ലുമ്പോൾ അമ്മച്ചിയുടെ കൂടെ നാലുമണിയാകുമ്പോൾ കാറ്റുകൊളളാൻ തെക്കോട്ട്‌ ഒരു നടപ്പുണ്ട്‌. എന്തു രസായിരുന്നു അത്‌. അമ്മച്ചി വടി കുത്തിപ്പിടിച്ചു വരും ഞാനും എന്റെ അനിയത്തിയും അമ്മച്ചിയുടെ കൂടെ ചാടി തുളളി നടക്കും. പക്ഷേ ഒരു കാര്യത്തിൽ മാത്രം അമ്മച്ചിയോട്‌ എനിക്ക്‌ ദേഷ്യമായിരുന്നു. പോകുന്ന വഴിക്ക്‌ മുറ്റത്തെവിടെയെങ്കിലും പശു ചാണകം ഇട്ടിട്ടുണ്ടെങ്കിൽ ഞങ്ങളെക്കൊണ്ട്‌ അത്‌ വാരിക്കും. വയ്യാന്ന് പറഞ്ഞാലും അത്‌ വാരി കളയാതെ അമ്മച്ചി മുൻപോട്ട്‌ നടക്കത്തില്ല. അങ്ങനെ എത്ര ചാണകം അമ്മച്ചി ഞങ്ങളെക്കൊണ്ട്‌ വാരിച്ചിരിക്കുന്നു. എന്നാലും അപ്പ അമ്മച്ചിയെ ഇത്ര നേരത്തെ വിളിക്കണ്ടായിരുന്നു. ഞാൻ ഇപ്പോൾ തനിച്ചായില്ലേ ഇവിടെ.അമ്മച്ചിയോട്‌ എന്റെ അന്വേഷണം പറയണം ട്ടോ."

അമ്മച്ചിയുടെ മരണശേഷമാണു ഞാനും പടച്ചോനും സുഹൃത്തുക്കളാകുന്നത്‌. എന്റെ എന്തു വിഷമ്മങ്ങളും ഞാൻ ദൈവത്തിനുളള കത്തിലൂടെ എഴുതുവാൻ തുടങ്ങി. ഒരിക്കലും എനിക്ക്‌ മറുപടി കിട്ടില്ലാ എന്നറിയാമായിരിന്നിട്ടും ഞാൻ എന്നും കത്തെഴുതുമായിരുന്നു.

ഞാൻ തന്നെ എനിക്കു ചുറ്റും ഒരു ലോകം സൃഷ്ടിച്ചു. സ്വപ്നങ്ങൾക്കൊണ്ടുളള വളരെ മനോഹരമായ ലോകം. ഞാനും ദൈവവും പ്രകൃതിയും അതിലെ ജീവജാലങ്ങളും അടങ്ങുന്ന ഒരു ലോകം. അവിടെ ഞങ്ങൾ പരസ്പരം ഒരുപാട്‌ സംസാരിക്കുമായിരുന്നു. എന്റെ എന്തു പ്രശ്നത്തിനും എനിക്ക്‌ ഉത്തരവും കിട്ടിയിരുന്നു. എല്ലാവരും ഉച്ചക്ക്‌ ഊണൊക്കെ കഴിഞ്ഞ്‌ ഉറങ്ങുമ്പോൾ ഞാൻ മാത്രം ഉണർന്നിരിക്കും. പറമ്പിൽ കൂടി നടന്ന് മരങ്ങളോടും ചെടികളോടും പൂക്കളോടും കിളികളോടും അണ്ണാരക്കണ്ണന്മാരോടുമെല്ലാം പായാരം പറഞ്ഞു നടക്കും. ഞാൻ സ്ഥിരം സന്ദർശകയായതുകൊണ്ട്‌ ഞാൻ വരുമ്പോളേ അവർക്ക്‌ അറിയാം. ഞാൻ സംസാരിച്ചു തുടങ്ങുമ്പോഴേ അവർ ചെവിയോർത്തു എന്നേയും നോക്കി നിൽക്കുന്നത്‌ കാണാം. അവരുടെ ഭാഷ എനിക്കും എന്റെ ഭാഷ അവർക്കും മനസ്സിലാകുമായിരുന്നു. പ്രകൃതിയുടെ ഭാഷ...

"നീയ്‌ അതു പറഞ്ഞപ്പോളാ നമ്മടെ ഇപ്പോളത്തെ കുട്ടികളെക്കുറിച്ച്‌ ഓർത്തത്‌. ഇപ്പോഴുളള കുട്ടികൾക്ക്‌ ആകെ അറിയാവുന്നത്‌ മൊബെയിലിന്റേയും , കർട്ടൂണിന്റേയും , കമ്പ്യൂട്ടർ ഗെയിമിന്റേയും ഭാഷയാണു. അവർക്ക്‌ ഈ പ്രകൃതീന്റെയും, അതിലെ ജീവജാലങ്ങളുടേയും ഭാഷയൊന്നും മനസ്സിലാകില്ലാ. അല്ലാ .. അതിനു പിളേളരെ പറഞ്ഞിട്ട്‌ കാര്യമില്ലാ.. അവരുടെ അപ്പനും അമ്മക്കും ആകെയറിയാവുന്ന ഭാഷ ഫേയ്സ്‌ ബുക്കിന്റെയാണല്ലോ...  അവരു ഫോട്ടൊയിട്ടും ലൈക്ക്‌ മേടിച്ചും സമയം കളയുമ്പോൾ പിളേളരു കാർട്ടൂൺ കണ്ടും ഗെയിമു കളിച്ചും സമയം കളയുന്നു... കലികാലം അല്ലാണ്ടെന്താ പറയുക.." പടച്ചോന്റെ പരാതി പറച്ചിൽ എന്റെ കഥയുടെ ഗതി മാറ്റി.

"എന്തിനാ എല്ലാവരും കലികാലത്തെ കൂട്ടുപിടിക്കണത്‌. ശാസ്ത്രം മാറുന്നതിനനുസരിച്ച്‌ മനുഷ്യരുടെ ചിന്താഗതിയും ജീവിത രീതിയും മാറുന്നു അത്രേയുളളൂ. എന്നാലും എന്റെ അഭിപ്രായവും കുട്ടികളെ പ്രകൃതിയുടെ ആത്മാവു അറിയിച്ചു വളർത്തണമെന്നാണു. കാരണം പ്രകൃതിയാണു ഒരു കുഞ്ഞിന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഗുരു. അതിന്റെ ആത്മാവിൽ തൊടുന്നവർക്ക്‌ എപ്പോഴും ഒരു പോസിറ്റീവ്‌ എനർജി അവർക്ക്‌ ചുറ്റും അനുഭവിച്ചറിയാൻ സാധിക്കും." ഞാനും വളരെ ഫിലോസഫിക്കലായതുപോലെ എനിക്കും തോന്നി.



"സമയം 4:19. സന്ധ്യയാകുവാൻ തുടങ്ങിയിരിക്കുന്നു. ഞാൻ എന്നാ അങ്ങോട്ട്‌ ചെല്ലട്ടെ. പോയിട്ട്‌ കുറച്ചു തിരക്കുണ്ട്‌. നിന്റെ അടുത്തു വന്നാൽ പിന്നെ സമയം പോണതറിയില്ലാ. നീയ്‌ ആരോഗ്യം നോക്കണം ട്ടോ. എനിക്കറിയാം അസുഖങ്ങൾ നിന്നെ ഒരുപാട്‌ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന്. എത്ര വേദനയുണ്ടെങ്കിലും അന്റെ മുഖത്തുളള ആ ചിരിയായിരുന്നു എന്റെ സന്തോഷം. മനസ്സു തുറന്നുളള നിന്റെ ആ ചിരി കണ്ടിട്ട്‌ കുറേ നാളായിരിക്കുന്നു." പടച്ചോൻ അതും പറഞ്ഞ്‌ എന്റെ മുഖത്തേക്ക്‌ നോക്കി.

"ആ ചിരി എനിക്ക്‌ നഷ്ടപ്പെട്ടൂന്ന് ഇങ്ങൾക്കറിയില്ലേ... അങ്ങനെ ചിരിക്കാൻ ഞാൻ മറന്നേ പോയിരിക്കുന്നു. ഇപ്പോൾ ചിരിക്കുമ്പോൾ മുഖത്തെ പേശികളെല്ലാം വരിഞ്ഞു മുറുകി വല്ലാതെ വേദനിക്കുന്നു. ചിലപ്പോൾ ഉളളിൽ വിങ്ങുന്ന ആ നോവ്‌ ചിരിക്കുവാൻ എന്നെ അനുവദിക്കാത്തതുകൊണ്ടാവണം... സാരല്ല്യാ.. ഇങ്ങളു പൊയ്കീളീൻ. ഞമ്മക്ക്‌ ഇതൊക്കെയൊരു ശീലമല്ലേയെന്ന്." അതു ഞാൻ പറയുമ്പോൾ എന്റെ ഹൃദയത്തിന്റെ വേദന പടച്ചോൻ അറിഞ്ഞിരുന്നു.

അദ്ദേഹം നടന്നകന്ന് പോകുന്തോറും തിരിഞ്ഞു തിരിഞ്ഞു എന്നെ നോക്കുന്നുണ്ടായിരുന്നു. അദ്ദേഹം എന്റെ കണ്ണിൽ നിന്നു മറഞ്ഞപ്പോഴേക്കും ഒരു നല്ല മഴയായി എന്നിലെ പ്രണയത്തെ തൊട്ടുണർത്തുവാൻ അദ്ദേഹം മറന്നില്ല. എന്റെ മനസ്സിലെ എല്ലാ ദുഃഖവും ആ മഴിയിലൂടെ ഈ ഭൂമിയിലേക്ക്‌ പെയ്തിറങ്ങുന്നത്‌ ഞാൻ അറിഞ്ഞു... അവിടെ എനിക്ക്‌ കൂട്ടായി നിന്റെ പ്രണയവും എന്നെ തഴുകി എന്റെ ആത്‌മാവിനെ പുൽകിയപ്പോൾ ഞാൻ അറിഞ്ഞു മഴയെന്നത്‌ പ്രകൃതിയുടെ പ്രണയമാണെങ്കിൽ നീയെന്നത്‌ എനിക്ക്‌ എന്റെ ആത്മാവിന്റെ സൗഹൃദമാണു...
എന്റെ അനശ്വരമായ പ്രണയമാണു ...

(പ്രണയം അവസാനിച്ചിട്ടില്ലാ... അവസാനിക്കുകയുമില്ലാ..)

കാർത്തിക...










Saturday, December 26, 2015

അക്ഷരങ്ങളെ പ്രണയിച്ച പെൺകുട്ടി

"ല്ലാ... ക്രിസ്തുമസ്സ്‌ കഴിഞ്ഞൂല്ലേ?? ചിലരൊക്കെ ക്രിസ്തുമസ്സിനു മുൻപ്‌ കുറേ പടക്കങ്ങൾ പൊട്ടിച്ചായിരുന്നു... ആരുടേയോ കഥ എഴുതാൻ പോകുന്നെന്നോ... നാളെ മുതലങ്ങ്‌ കഥ തുടങ്ങാൻ പോവുകയാണെന്നൊക്കെ പറഞ്ഞ്‌.... ഞാനാണെങ്കിൽ എല്ലാ ദിവസവും കഥ വന്നോ വന്നോയെന്ന് നോക്കിയിരിക്കുകയാ...എവിടെ!!".

തന്റെ ഉറക്കത്തിനു ഭംഗം വരുത്തിയ ശബ്ദത്തിന്റെ ഉറവിടം ഞാൻ അന്വേഷിച്ചു... അത്‌ വേറാരുമായിരുന്നില്ല മ്മടെ പടച്ചോൻ....
"ഇങ്ങൾക്ക്‌ ഉറക്കം ഒന്നുമില്ലേ. സമയം ഇപ്പോൾ വെളുപ്പിനെ 1:04. ഇങ്ങടെ പറച്ചിൽ കേട്ടാൽ തോന്നും ന്റെ കൊയപ്പം കൊണ്ടാ ഞാൻ കഥ എഴുതാഞ്ഞതെന്ന്. കഥ എഴുതാൻ അങ്ങട്‌ മുട്ടി വന്നപ്പോൾ ഇങ്ങളു മ്മക്കിട്ട്‌ പണിതന്നു. മിനിഞ്ഞാന്ന് മുതലു മ്മടെ കൊങ്ങാക്ക്‌ പിടിച്ചോണ്ട്‌ ഒരു ജലദോഷവും മ്മടെ മൂക്ക്‌ തെറിപ്പിച്ചോണ്ട്‌ ഒരു തുമ്മലും ഇങ്ങളു ഞമ്മക്ക്‌ ക്രിസ്തുമസ്സ്‌ ഗിഫ്റ്റായിട്ടു തന്നു . ഒന്നു തല നേരെ നിന്നിട്ട്‌ വേണ്ടേ കഥ എഴുതാൻ."

"അല്ലേലും ഇങ്ങളു എല്ലാവർക്കും പണികൊടുക്കാൻ മിടുക്കനാണല്ലോ?" ഉറക്കത്തിൽ നിന്ന് എന്നെ എണീപ്പിച്ചത്തിന്റെ നീരസവും, പിന്നെ ഒരു നല്ല കാര്യത്തിനു ഇറങ്ങിയപ്പോൾ തന്ന പണിയുടെ ദേഷ്യവും ഞാൻ മറച്ചുവെച്ചില്ല.

"ഇന്നലെ ക്രിസ്തുമസ്സായിട്ട്‌ ഞമ്മക്ക്‌ ഡൂട്ടിയായിരുന്നു. വയ്യാണ്ട്‌ ലീവ്‌ എടുക്കാമെന്ന് വെച്ചപ്പോൾ ഇത്തിരി മനസ്സാക്ഷിയുളളതുകൊണ്ട്‌ ആരേയും ബുദ്ധിമുട്ടിക്കണ്ടാന്ന് വെച്ചു വയ്യാഞ്ഞിട്ടും ഞാൻ ജോലിക്ക്‌ പോയി. അവിടെ ചെന്നിട്ടോ തുമ്മലും ചീറ്റലും പിന്നെ രോഗികളുടെ ഒടുക്കത്തെ ചൊറിച്ചിലും കൂടിയായപ്പോൾ എനിക്ക്‌ ഭ്രാന്ത്‌ പിടിച്ചു. ജോലിക്ക്‌ കയറിപ്പളേ ഞാൻ പറഞ്ഞതാ പടച്ചോനെ തിരക്കൊന്നുമില്ലാതെ ഇന്നത്തെ ദിവസം പോണെയെന്ന്. എവിടെ ഇങ്ങളു ഒന്നിന്റെ പുറകേ ഒന്നായി പണി തന്നോണ്ടേയിരുന്നു. ക്രിസ്തുമസ്സായിട്ട്‌ ആഹാരം കഴിച്ചതോ നാലു മണിക്ക്‌. അതും ഒരു സൂപ്പും രണ്ടു പറ്റ്‌ ചോറും. ഇങ്ങൾക്ക്‌ കണ്ണിച്ചോരയില്ലായെന്ന് പറയുന്നത്‌ ഇതു കൊണ്ടാ. എന്താണേലും നാളത്തേക്ക്‌ ഞാൻ സിക്ക്‌ ലീവെടുത്തു. ഒട്ടും വയ്യായെനിക്ക്‌. ജോലിയും കഴിഞ്ഞ്‌ നേരെ വന്ന് കട്ടിലിൽ കയറിയതാ. ക്ഷീണം കാരണം ഉറങ്ങിപോയതേ അറിഞ്ഞില്ലാ. അപ്പോ ദേ വന്നിരിക്കുന്നു കഥയുടെ കാര്യവും പറഞ്ഞുകൊണ്ട്‌ ഒരാളു."

പക്ഷേ പടച്ചോൻ ആരാ മോൻ... എന്നോട്‌ വഴക്ക്‌ കൂടാൻ തന്നെ തീരുമാനിച്ചു.
"അതു ശരി നിനക്ക്‌ അസുഖം വന്നതിനു ഞാൻ എന്തു പിഴച്ചു. അല്ലേലും ഈ മനുഷ്യന്മാരിങ്ങനെയാ.. എന്തു തട്ടുകേട്‌ വന്നാലും ദൈവത്തിന്റെ പുറത്തങ്ങ്‌ ചാരിക്കോളും. നീയും കണക്കാ. ചുമ്മാണ്ടല്ലാ നിന്നെ എല്ലാരും അഹങ്കാരിയെന്നു വിളിക്കുന്നത്‌."

അഹങ്കാരിയെന്ന വാക്ക്‌ കേട്ടപ്പോളേക്കും എന്റെ മനസ്സിലേക്കൊരു ചിന്ത കയറിവന്നു.
"ഇത്തിരി അഹങ്കാരമില്ലെങ്കിൽ പിന്നെ ജീവിതത്തിനു എന്താ ഒരു ത്രില്ല്. ഇൻഫ്ലുവെൻസ്‌ ഒഫ്‌ ഗുരു ഓൺ ശിക്ഷ്യാ."

"അല്ലാ നീയിപ്പം മനസ്സിൽ വിചാരിച്ച ഡയലോഗ്ഗ്‌ മുൻപ്‌ എവിടെയോ കേട്ടിട്ടുണ്ടല്ലോ."

"അപ്പോളേക്കും ഇങ്ങളെന്റെ മനസ്സും വായിച്ചു. ഇതന്റെ മാഷിനോട്‌ ഞാൻ പറഞ്ഞതാ വർഷങ്ങൾക്ക്‌ മുൻപ്‌. ഇങ്ങളുമെന്നെ അഹങ്കാരീന്ന് വിളിച്ചപ്പോൾ അതങ്ങോർത്തുപോയി. പടച്ചോനറിയുമോ  എന്റെ മാഷാണു എന്നെ ആദ്യമായി അഹങ്കാരിയെന്നു വിളിക്കുന്നത്‌. ".

"അതെന്താ അയിനു മുൻപ്‌ നീ വേറേ അഹങ്കാരീനെയൊന്നും കണ്ടിട്ടില്ല്ലാ??" അതും പറഞ്ഞതും പടച്ചോന്റെ മുഖത്തൊരു കളളച്ചിരി ഞാൻ കണ്ടു.

"അല്ലാ .. ഞാൻ കുറേ നാളുകൊണ്ട്‌ നിന്നോട്‌ ചോദിക്കണമെന്ന് വെച്ചതാ. ഈ മാഷ്‌ മാഷ്‌ എന്നു പറയുന്നതല്ലാതെ ഈ മാഷിനൊരു പേരില്ലേ??"

"ഇല്ലാ ... എന്റെ മാഷിനു പേരില്ല്യാ." അതു പറഞ്ഞതും ഞാൻ നിലത്തേക്ക്‌ നോക്കി തല കുമ്പിട്ടിരുന്നു.

"എന്തേ ഞാൻ അത്‌ ചോദിച്ചത്‌ അനക്കിഷ്ടായില്ലാ.. ഇത്രയും നേരം മുഖത്തുണ്ടായിരുന്ന പ്രസരിപ്പങ്ങ്‌ പോയല്ലോ പെണ്ണിന്റെ?? ശരി അനക്ക്‌ പേരു പറയാൻ താൽപര്യമില്ലാച്ചാൽ വേണ്ടാ.. അനക്ക്‌ മാഷിനെ പെരുത്തിഷ്ടാല്ലേ??"

അത്രയും നേരം മൗനമായിരുന്ന എനിക്ക്‌ ആ ചോദ്യമിഷ്ടപ്പെട്ടു.. അതെന്റെ ചുണ്ടിൽ ഒരു പുഞ്ചിരിയായി വിടർന്നു.

"അപ്പോ എനിക്കൊരു കര്യം മനസ്സിലായി നിന്റെ കഥയിലു മൊത്തം സസ്പെൻസ്സാണു ... " പടച്ചോൻ എന്നെ കിള്ളി എന്റെ കഥ അറിയാനുളള തത്രപോടിലാണെന്ന് എനിക്ക്‌ മനസ്സിലായി.

"അതേ..എന്റെ കഥ ആരേയും വേദനിപ്പിക്കാൻ അല്ലാ... പടച്ചോൻ ഓർക്കുന്നുണ്ടോ ഭാവിയിൽ ഞാൻ ഒരു എഴുത്തുകാരിയാകണമെന്നുളള മോഹം മനസ്സിൽ മൊട്ടിട്ടപ്പോൾതന്നെ ഒരു കാര്യം ഞാൻ തീരുമാനിച്ചായിരുന്നു , ഞാൻ എന്റെ ആത്മകഥ എഴുതില്ലാന്ന്. പിന്നീട്‌ പല തവണയും ആ ചിന്ത മനസ്സിലോട്ട്‌ വന്നു . പക്ഷേ ഇപ്പോളെനിക്ക്‌ അതിന്റെ പോരുൾ പൂർണമായും മനസ്സിലാകുന്നു. എന്റെ കഥ ഞാൻ മുഴുവനായും എഴുതിയാൽ അത്‌ ഒരുപാട്‌ പേരെ വേദനിപ്പിക്കും. മറ്റുളളവരുടെ കണ്ണുനിറയിച്ചുകൊണ്ട്‌ എന്റെ കഥ ഞാൻ എഴുതുന്നത്‌ ശരിയല്ലല്ലോ... പിന്നെ എനിക്ക്‌ മാത്രം താലോലിക്കുവാൻ വേണ്ടി ഒരുപിടി നല്ല ഓർമ്മകൾ എന്റെ മനസ്സിലുണ്ട്‌... അത്‌ ഈ ലോകത്തോട്‌ പറയുന്നതിൽ എനിക്ക്‌ താത്പര്യമില്ലാ ... അത്‌ എന്നോട്‌ കൂടെ ഈ ഭൂമിയിൽ ലയിക്കേണ്ടവയാണു..."

അത്‌ കേട്ടതും പടച്ചോന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു.

ആ പുഞ്ചിരിയുടെ അർത്ഥം എനിക്ക്‌ മനസ്സിലായി... ഞാൻ വെറുതെ ആകാശത്തിലെ നക്ഷത്രങ്ങളേയും നോക്കി ജനാലക്കരികിൽ നിന്നു. ആ നക്ഷത്രങ്ങളുടെ ഇടക്ക്‌ ഞാൻ തേടിയത്‌ എന്റെ പ്രണയത്തേയായിരുന്നു ... അങ്ങു ദൂരെ ഒരു വാൽ നക്ഷത്രമായി ഞാനതുകണ്ടു ... ഒരു പക്ഷേ രാത്രിയിൽ നീയും തെളിഞ്ഞ ആകാശത്തേക്ക്‌ നോക്കുമ്പോൾ ആ വാൽനക്ഷത്രം കണ്ടിരിക്കണം ... അതുകോണ്ടാണു ഇന്നതിനു ഒരു പാടു ശോഭയുളളതായി തോന്നിയത്‌ ...

"എന്താണു കഥയൊരു റൊമാന്റിക്ക്‌ മൂഡിലേക്ക്‌ പോകുന്നത്‌." ഒരു പണിയുമില്ലാത്ത എന്റെ പടച്ചോൻ എന്റെ മനോഹരമായ ആ ചിന്തികൾക്കും കോടാലി വെച്ചു.

ജനാലയിൽക്കൂടി നല്ല തണുപ്പ്‌ അരിച്ചിറങ്ങുന്നു ... എന്തോ മനസ്സിൽ ഒരുപാട്‌ സന്തോഷം തോന്നി അങ്ങനെ നിന്നപ്പോൾ.

"നിങ്ങളു വന്നത്‌ നന്നായി. അതുകൊണ്ടാണോയെന്നറിയില്ല എന്റെ പകുതി അസുഖം കുറഞ്ഞതുപോലെ. അപ്പോ ഇങ്ങളെന്നെക്കൊണ്ട്‌ മുയുവൻ കഥ എഴുതിപ്പിച്ചിട്ടേ പോകത്തോള്ളുവെന്ന് തോന്നുന്നു."
വെറുതെ വെളിയിലേക്ക്‌ നോക്കി നിൽക്കുന്ന പടച്ചോനെ നോക്കി ഞാൻ ചോദിച്ചു.

"നിന്നെയൊന്ന് ഉഷാറാക്കാനല്ലേ ഞാൻ വന്നത്‌. ഇല്ലാച്ചാൽ നീ ഇബിടെയിങ്ങനെ മുയുവൻ സമയവും കരഞ്ഞുകൊണ്ടിരിക്കും. നീയെനിക്കെന്നും പ്രിയപ്പെട്ടതല്ലേ."

അതും പറഞ്ഞു പറഞ്ഞ്‌ പടച്ചോൻ എന്റെ നെറുകയിൽ ചുംബിച്ചു. ഒരു ജന്മത്തിന്റെ സ്നേഹവും വാത്സല്യവും ആ ചുംബനത്തിൽ നിന്ന് ഞാൻ അറിഞ്ഞു. അതെന്റെ കണ്ണുകളേ അറിയാതെ ഈറനണിയിച്ചു.

"ദേ സമയം 2:32. നീയിനി പോയിക്കിടന്നുറങ്ങിക്കോ. ബാക്കി കഥ നമ്മൾക്ക്‌ നാളെ പറയാം. എനിക്ക്‌ നിന്റെ കാര്യം മാത്രം നോക്കിയാൽ പോരല്ലോ. " അതും പറഞ്ഞ്‌ പടച്ചോൻ പോകുവാനൊരുങ്ങി.

"എനിക്ക്‌ ഉറക്കം വരുന്നില്ലാ." പടച്ചോൻ എന്നെ തനിച്ചാക്കി പോകാതിരിക്കുവാൻ വേണ്ടി ഞാൻ പറഞ്ഞു.

"നീ നിന്റെ മനസ്സിൽ താലോലിക്കുന്ന ആ സ്വപ്നങ്ങളേയും കെട്ടിപ്പിടിച്ചു കിടന്നോളൂ .. ഉറക്കം താനേ വന്നോളും.". അതും പറഞ്ഞ്‌ പടച്ചോൻ ആകാശത്തിലേക്ക്‌ മറയുവാൻ തുടങ്ങി.

"ഇങ്ങളും ഭയങ്കര റൊമാന്റിക്കാല്ലേ..." ഞാൻ ഒരു കുസൃതി ചിരിയോടെ അത്‌ പറഞ്ഞു.

അത്‌ കേട്ട് പടച്ചോൻ എനിക്കൊരു ഹൃദ്യമായ പുഞ്ചിരിയും സമ്മാനിച്ച്‌ മേഘങ്ങൾക്കിടയിലേക്ക്‌ മറഞ്ഞു.... അപ്പോളും ഞാൻ കണ്ടു ആകാശത്ത്‌ മിന്നി തിളങ്ങിനിൽക്കുന്ന വാൽ നക്ഷത്രത്തെ ...

(തുടരും..)

കാർത്തിക...