My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Sunday, December 29, 2019

29.12.19

ഞാൻ തിരഞ്ഞെടുത്ത വഴിയാണു ഇന്നെന്റെ ജീവിതം...
അതിന്റെ ബാക്കി പത്രം മാത്രമാണു ഞാൻ ഇന്നനുഭവിക്കുന്ന വേദനകൾ....

എല്ലാം മനസ്സിലാക്കിയിട്ടും പിന്നേയും ഞാൻ എന്തിനു എന്റെ അധ്വാനവും സമ്പാദ്യവും ഹോമിച്ചു എന്നു ചോദിച്ചാൽ....

ആദ്യം എല്ലാം തിരികെ തരുമെന്ന വിശ്വാസം....
പിന്നെ എന്റെ സംമ്പൂർണ്ണതക്ക്‌ ഞാൻ വില നൽകുകയല്ലായെന്നാ വിശ്വാസം....
എന്നിലെ പ്രണയവും അതിന്റെ അനുഭവവും തികച്ചും നിർമ്മലമാണെന്നുളള വിശ്വാസം....

പിന്നെ എല്ലാ ഒരു മായയാണെന്നറിഞ്ഞിട്ടും ഉളളിൽ എരിഞ്ഞ പ്രണയത്തിനു മുൻപിൽ എല്ലാം ഹോമിക്കുകയായിരുന്നു....

സ്വന്തമല്ലാത്തിനെ ആഗ്രഹിക്കുമ്പോൾ അതിന്റെ പരിമിതികളേയും മനസ്സുകൊണ്ട്‌ സ്വീകരിക്കുക... അപ്പോൾ അമിതമായ ആഗ്രഹങ്ങൾക്ക്‌ ജീവിതം തന്നെ ഒരു പരിധി നിർണ്ണയിക്കും.... 

Monday, November 25, 2019

അഡ്‌ലൈഡ്‌ സാഹിത്യ വേദി

24.11.19
അഡ്‌ലൈഡ്‌ സാഹിത്യ വേദിയുടെ വാർഷിക പരിപാടിയുടെ ഭാഗമായി എഴുത്തിനേയും വായനേയുമൊക്കെ ഇഷ്ടപ്പെടുന്ന ഒരു കൊച്ചു കൂട്ടായ്മയിൽ പങ്കെടുക്കുവാൻ ഇന്ന് സാധിച്ചു. പുതിയ മുഖങ്ങൾ പുതിയ വ്യക്തിത്വങ്ങൾ പുതിയ സൗഹൃദങ്ങൾ.

ആ വേദിയിൽ എന്റെ പുസ്തകത്തെക്കുറിച്ച്‌ ഒരു വിവരണം നൽകണമെന്ന് അവർ ആവശ്യപ്പെട്ടു. ജീവിതത്തിൽ ഞാൻ മനസ്സിൽ താലോലിക്കുന്ന സ്വപ്നങ്ങളിലൊന്നാണു ഒരു നല്ല മോട്ടിവേഷണൽ സ്പീക്കർ ആവുകയെന്നുളളത്‌. ആ വേദയിൽ എന്റെ പുസ്തകത്തെക്കുറിച്ച്‌ പറയുന്നതിനു മുൻപ്‌ ആ പുസ്തകത്തിലേക്ക്‌ ഞാൻ നടത്തിയ യാത്ര.... ഞാൻ നേരിടേണ്ടി വന്ന അനുഭവങ്ങൾ... അത്‌ ആ വേദിയിൽ അവതരിപ്പിച്ചപ്പോൾ എന്റെ സ്വപ്ന സാക്ഷാത്കാരത്തിലേക്ക്‌ ഞാൻ നടന്നു കയറുകയായിരുന്നു. നന്ദി ദൈവമേ!!!....ഇനിയും നല്ല നല്ല വേദികളിൽ എന്റെ അനുഭവങ്ങൾ പങ്കുവെക്കുവാൻ ദൈവം സഹായിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു....

JLF എന്ന ലിറ്റററി ഫെസ്റ്റിവലിനെക്കുറിച്ച്‌ ഒരു നല്ല വിവരണം ആ വേദിയിൽ നിന്ന് അറിയുവാൻ സാധിച്ചു. വളർന്നു വരുന്ന എഴുത്തുകാരുടെ അവരുടെ സ്വപ്ന സാക്ഷാത്കാരത്തുന്റെ അനുഭവവും ആ കൊച്ച്‌ പരിപാടിക്ക്‌ ഊർജ്ജം നൽകി. വീണ്ടും അക്ഷരങ്ങളുടെ ലോകത്ത്‌ എത്തിച്ചേർന്നതിൽ, ആ അനുഭവത്തുന്റെ ഭഗമായതിൽ ഒരു പാട്‌ സന്തോഷം തോന്നി....

സാഹിത്യവേദി ഇനിയും നല്ല സാഹിത്യകാരന്മാർക്ക്‌ ഒരു നല്ല പ്രചോദനവും ഒരു നല്ല വേദിയുമായി മാറി ഒരു പാട്‌ പേരിലേക്ക്‌ അത്‌ എത്തി ചേരുകയും ഒരു നല്ല വലിയ പ്രസ്ഥാനമായി വളർന്ന് വരികയും ചെയ്യട്ടെയെന്ന് ആശംസിക്കുന്നു....

ആശംസകളോടെ 
കാർത്തിക....

Wednesday, November 20, 2019

എല്ലാം എന്റെ തെറ്റ്‌ ....

ആയിരം കാരണങ്ങൾ എനിക്കുണ്ടായിരുന്നു എല്ലാം അവസാനിപ്പിക്കുവാൻ ...

എന്നിട്ടും എന്നും നെഞ്ചോട്‌ ചേർത്ത്‌ പിടിക്കുവാനേ ആഗ്രഹിച്ചിട്ടുളളൂ....

അവസാന ശ്വാസം വരെ കൂടെക്കാണണമെന്നേ 
ആഗ്രഹിച്ചിട്ടുളളൂ....

എന്നിട്ടും എന്റെ "ഒരു" ആഗ്രഹത്തെ നിക്ഷേധിക്കുവാൻ 
എല്ലാം അവസാനിപ്പിക്കുമെന്ന പറഞ്ഞ നിമിഷം .... 
അത്‌ എത്ര മാത്രം മറ്റൊരാളെ വേദിനിപ്പിക്കുന്നുവെന്ന് 
മനസ്സിലാക്കിയിരുന്നുവെങ്കിലെന്ന് അറിയാതെ ആഗ്രഹിച്ചു പോയി...

ചിലപ്പോൾ ആ ആഗ്രഹവും എന്റെ തെറ്റായിയിരിക്കും...
എല്ലാം എന്റെ തെറ്റ്‌ ....

Saturday, October 19, 2019

നിമിഷങ്ങൾ ...


18.10.19
ജീവിതത്തിൽ എല്ലാ നിമിഷങ്ങളും വിലപ്പെട്ടതാണു... 

അതുപോലെ വിലയാൽ നിർണ്ണയിക്കപ്പെടുന്ന നിമിഷങ്ങളും 
ചിലപ്പോൾ ജീവിതം നമുക്കായി ഒരുക്കുന്നു...

വില നൽകാൻ ഇല്ലാതാകുമ്പോൾ 
വിധിക്കപ്പെട്ട നിമിഷങ്ങളെ പുൽകി സായൂജ്യമടയുന്നു...

എല്ലാ നിമിഷങ്ങളും ഒരു വിലയുടെ അടിസ്ഥാനത്തിൽ അളക്കപ്പെടുമ്പോൾ,
ഞാനും നീയും നമ്മുടെ നിമിഷങ്ങളും വെറും കാൽപ്പനികം മാത്രമായി മാറുന്നു....

നാം പുൽകിയ നിമിഷങ്ങൾക്ക്‌ നീയെന്ത്‌ വില നൽകിയാലും ഇല്ലെങ്കിലും,
നീ തന്ന നിമിഷങ്ങൾക്ക്‌ നന്ദിയെന്ന വില നൽകി 
ഞാനാ നിമിഷങ്ങളെ എന്റെ നെഞ്ചോട്‌ ചേർക്കുന്നു ....

Thursday, October 10, 2019

9.10.19

അസ്വസ്ഥമായ മനസ്സിനെ ശാന്തമാക്കുമെന്ന വിശ്വാസത്തിൽ തുടങ്ങിയ യാത്ര....

ജീവിത സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ
 മനസ്സിലാഗ്രഹിച്ച്‌ സ്വരുക്കൂട്ടിയ സ്വപ്നത്തെ ഉപേക്ഷിച്ചു കൊണ്ടുളള യാത്ര....

വീണ്ടും ഒരമ്മയുടെ സാന്നിദ്ധ്യം കൊണ്ട്‌ ധന്യമായ യാത്ര....

പുതിയ യാത്രാനുഭവങ്ങൾ തേടിയുളള യാത്ര....

ഹൃദയങ്ങൾ താലോലിക്കുന്ന സാമീപ്യങ്ങ ളാൽ സംതൃപ്തമായ യാത്ര....

ജീവിത യാത്രയുടെ ഏടുകളിൽ കുറിക്കപ്പെട്ട ഒരു യാത്ര....

നന്ദി.... 

Sunday, October 6, 2019

11/7/2019

Being part of Someone's life is Your choice...

And Your choice is made by how Others treat You!

Still, always a keep a space for Love and Respect,

No matter what Others did to You.

KARTHIKA....



Monday, September 23, 2019

23.09

23.09.19

ഒരു കുന്നോളം അനുഭവങ്ങൾ... ഓർമ്മകൾ... 

ആരോരും അറിയാതെ ഞാൻ കണ്ടെത്തിയ 
കൊച്ച്‌ കൊച്ച്‌ സന്തോഷങ്ങൾ ....
എന്നെ തേടി വന്ന സങ്കടങ്ങൾ....

ഞാനെന്താണെന്ന് അറിയാതെയും അറിഞ്ഞും 
നീ കണ്ടെത്തിയ സന്തോഷങ്ങൾ ...

എപ്പോഴും നന്മ മാത്രം ആഗ്രഹിച്ചിട്ടും വികാര പ്രക്ഷോഭങ്ങൾക്ക്‌ അടിമപ്പെട്ട്‌ 
നിന്റെ വാക്കുകളാൽ നീ കീറിമുറിച്ച എന്റെ ഹൃദയത്തിൽ നിന്നും ഉതിർന്ന് വീണത്‌ 
സ്നേഹത്തിന്റെ നിർമ്മലത മാത്രമായിരുന്നു....

ഇനിയും നീയെത്ര യാത്ര ചെയ്യേണ്ടിയിരിക്കുന്നു 
ഞാനെന്ന സത്യത്തിന്റെ ഉൾക്കാമ്പിലെത്തുവാൻ ...

രണ്ടു വ്യക്തിത്വങ്ങൾ... രണ്ട്‌ വഴികൾ .... 

ആ വഴികൾ ജീവിത യാത്രയിൽ എപ്പോഴെങ്കിലുമൊക്കെ ഒന്നാകുമ്പോൾ 
നാമറിയാതെ അറിയുന്നു 
നീ എനിക്ക്‌ ആരൊക്കെയോ ആണെന്ന് ... 
ഞാൻ നിനക്കും എന്തൊക്കെയോ ആണെന്ന് .... 

അങ്ങനെ എല്ലാ വികാരങ്ങളുടേയും സമ്മോഹനമായ ജീവിതത്തിലെ ഒരേട്‌... 

നന്ദി .... 

ആ നന്ദി വാക്കുകൾ എന്തിനാണെന്ന് പോലും നിനക്കറിയില്ലായെന്ന് എനിക്കറിയാം ... 
കാരണം നിന്റെ സാന്നിദ്ധ്യത്തിലൂടെ ഞാൻ നിന്നെ മാത്രമേ അറിഞ്ഞിട്ടുളളൂ... 
ഞാനെന്താണെന്നും ഞാനെന്തിനു നിന്റെ ജീവിതത്തിൽ വന്നുവെന്നും 
പൂർണ്ണമായിട്ട്‌ നിനക്കറിയില്ലാ.....

എല്ലാം അറിയുന്ന നാൾ വരുമെന്ന വിശ്വാസത്തിൽ നമുക്ക്‌ ഈ യാത്ര തുടരാം ... 
ഈ ജന്മത്തിന്റെ ലക്ഷ്യങ്ങൾ നിറവേറുന്നതുവരെ...

കാർത്തിക....




"No matter what you ask of the daffodil,
 it will still wait until Spring to bloom.
from this I learned that we all open up
when the time is right"
Ruby Francisco (poet)
                                         
 

                                         

                                     

 

                                    

                                            

 

                                           

                                                

 

                                      


Monday, September 16, 2019

കൈയ്യെത്തും ദൂരത്ത്‌ നീയുണ്ടെങ്കിലും,
എത്രയോ കാതങ്ങൾ അകലെയാണു ഞാൻ നിനക്ക്‌‌.

മനസ്സ്‌ നിറഞ്ഞ്‌ സ്നേഹിക്കുമ്പോഴും,
സ്നേഹിക്കപ്പെടുവാൻ ഇനി എത്ര ജന്മം ഞാൻ കാത്തിരിക്കണം.

കാലം കൊട്ടിയടച്ച വാതിലിനിരുപുറം,
നീയും ഞാനും കാത്തിരിക്കുന്ന നിമിഷങ്ങൾ...

നാം ഒന്നു ചേരേണ്ട പകലുകളും രാവുകളും,
ആ കാത്തിരിപ്പിൽ നഷ്ടപ്പെടുമ്പോൾ, 
അറിയാതെ എന്റെ മനസ്സ്‌ മന്ത്രിക്കും എന്തിനു ഞാൻ നിന്നെ സ്നേഹിച്ചു...

എല്ലാം ഒരു കാത്തിരുപ്പാണെന്ന് അറിയാമായിരുന്നിട്ടും എന്തിനു ഞാൻ നിന്നെ സ്നേഹിച്ചു ....

കാർത്തിക...

Saturday, September 14, 2019

സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ

ആശംസകളയക്കാനോ പിറന്നാൾ സമ്മാനം നൽകാനോ അനുവാദമില്ലാത്ത എനിക്ക്‌ എന്റെ ആത്മാവിന്റെ ഭാഗമായ ഈ എഴുത്തു പുരയിൽ ഞാൻ കുറിക്കുന്ന ആശംസക്ക്‌ ഒരു ജന്മത്തിന്റെ മുഴുവൻ സ്നേഹമുണ്ട്‌ പ്രാർത്ഥനകളുണ്ട്‌.... എന്നും നല്ലത്‌ മാത്രം വരെട്ടെയെന്ന് ആശംസിക്കുന്നു ....

ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ദിവസങ്ങളുടെ കൂട്ടത്തിൽ ഈ പിറന്നാൾ ദിനവും എഴുതി ചേർക്കുമെന്ന് എനിക്കറിയാം .... അതിലും വലുതായ ഒരു സമ്മാനവും ആശംസയും എനിക്ക്‌ ജീവിതത്തിൽ തരുവാനുമില്ലാ ....

നന്ദി എന്റെ പ്രിയ സുഹൃത്ത്‌ സുമിക്കും റാണിയമ്മയ്ക്കും ... ഇതു പോലൊരു നല്ല ദിവസം ഞങ്ങൾക്ക്‌ സമ്മാനിച്ചതിനു .....

Wednesday, September 11, 2019

നന്മ നിറഞ്ഞ ഓണശംസകൾ ....

ഇന്ന് തിരുവോണം .....

ജോലിക്കു പോയതുകൊണ്ട് ഓണത്തിന്റെ ഓർമ്മകളുടെ തേരിലേറി അങ്ങനെ മനസ്സ് പറന്നു നടന്നു ....

മറുനാട്ടിലെ ഓണത്തിന് എപ്പോഴും ഓർമ്മകളുടെ ഒരു ഗൃഹാതുരത്വം ഉണ്ട്...
നഷ്ടപ്പെട്ട ബാല്യവും , അത്തപൂക്കളവും , ഊഞ്ഞാലും, ഓണസദ്യയും , ഓണക്കളികളുംകൂടി അതിനു അകമ്പടി സേവിക്കുമ്പോൾ നാടിന്റെ ഓർമ്മകൾ ചെറിയ ഒരു നോവായി മനസ്സിൽ നിറയും ....

എന്നിരുന്നാലും സുഹൃത്തുക്കളുമൊത്ത് ആ ഓണത്തിന് ചെറിയ ഒരു പരിവേഷം നൽകി ഒരു ചെറിയ അത്തപ്പൂക്കളുമൊക്കെ ഇട്ട് ഒരു നല്ല സദ്യയുമൊക്കെ വെച്ച് മറുനാട്ടിലും ഓണം ആഘോഷിക്കുമ്പോൾ നാടിന്റെ നന്മയും ആചാരങ്ങളും അടുത്ത തലമുറയ്ക്ക് പകർന്നു കൊടുക്കുവാൻ പ്രവാസികളും ശ്രമിക്കാറുണ്ട് ...

എല്ലാം ഒരു ഓർമ്മയായി മാറുന്നതിനു മുൻപ് ജീവിതത്തിൽ ബാക്കിയാകുന്ന ഈ കൊച്ചു കൊച്ചു സന്തോഷങ്ങൾ ജീവിതത്തിനൊരു പുത്തനുണർവ് നൽകി അതിൻറെ നന്മ എല്ലാവരിലേക്കും എത്തട്ടെയെന്നു നമുക്ക് ആശംസിക്കാം ....

നന്മ നിറഞ്ഞ ഓണശംസകൾ ....
കാർത്തിക ......


Monday, September 9, 2019

ഇനിയും സ്‌നേഹിക്കുക .......

ഒരു നീണ്ട ഇടവേള .....
 വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക് .....

ജീവിതത്തിൽ ചിലപ്പോഴൊക്കെ ചില അനുഭവങ്ങൾ നമുക്ക് മുൻപിൽ ഒരു ചോദ്യം അവശേഷിപ്പിക്കും ,

"ഞാൻ എന്ത് തെറ്റാണ് ചെയ്തത് ! തികച്ചും നിഷ്കളങ്കമായ എന്റെ ഉദേശങ്ങളെ മറ്റൊരാൾ എങ്ങനെ സ്വാർത്ഥമായി കാണുന്നു ...." .

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്തുന്ന കൂട്ടത്തിൽ ഈ ഒരു ചോദ്യത്തിനു മാത്രം മനസ്സ് കണ്ടെത്തുന്ന ആശ്വാസം ,

 "എല്ലാ വ്യക്തികൾക്കും അവർ എങ്ങനെ പെരുമാറണമെന്നത് അവരുടെ സ്വാതത്ര്യം മാത്രമാണ് . അതൊരു പക്ഷേ നമ്മളെ വേദനിപ്പിക്കുന്നു എന്നുള്ളത് നമ്മുടെ അനുഭവവും .... നമ്മുടെ പോരായ്മയും . കാരണം നമ്മുടെ നിഷ്കളങ്കമായ സ്‌നേഹത്തെ മറ്റൊരാൾക്ക് അംഗീകരിക്കാൻ സാധിക്കാതെ വരുമ്പോൾ, നമ്മൾ അവരെ സ്നേഹിക്കുന്ന അതേ അനുഭവത്തിൽ അവർ തിരിച്ചും നമ്മളെ സ്നേഹിക്കണമെന്നും , നമ്മളെ കരൂതണമെന്നും ഒക്കെയുള്ള നമ്മുടെ സ്വാർത്ഥതയാണ് നമ്മുടെ വേദനക്ക് കാരണം... "

തിരികെ ഒന്നും പ്രതീക്ഷിക്കാതെ നമ്മൾ മറ്റുള്ളവരെ സ്നേഹിച്ചാൽ ഒരു പക്ഷേ മറ്റൊരാൾ എങ്ങനെയായിരിക്കുന്നുവോ അതേ വ്യക്തിത്വത്തിൽ നമ്മൾക്ക് അയാളെ അംഗീകരിക്കുവാനും, നമ്മുടെ മാനസികമായ വ്യഥകളെ ഒരു പരിധിവരെ നമുക്ക് നിയന്ത്രിക്കുവാനും സാധിക്കും ....

പറയുവാൻ വളരെ എളുപ്പം പക്ഷേ പ്രാവർത്തികമാക്കുവാൻ എത്രയോ ക്ഷമയും സഹനവും വേണമെന്നത് ഓരോരുത്തരുടെയും അനുഭവം ....

എന്റെ കുറിപ്പുകൾ ഇവിടെ നിർത്തുമ്പോൾ , ഒന്ന് മാത്രം ഞാൻ പറഞ്ഞവസാനിപ്പിക്കുവാൻ ആഗ്രഹിക്കുന്നു മറ്റൊരാളുടെ വാക്കുകളാലും പ്രവൃത്തികളാലും കുറഞ്ഞു പോകേണ്ടതല്ല നിങ്ങളുടെ ഉള്ളിലെ സ്‌നേഹം , നിങ്ങളുടെ  ഉള്ളിലെ നന്മ , നിങ്ങളുടെ ഉള്ളിലെ കരുണ .....

എന്നും സ്‌നേഹിച്ചിട്ടേയുള്ളൂ ....
ഇന്നും സ്നേഹിക്കുന്നു .....
ഇനിയും സ്‌നേഹിക്കുക .......

             കാർത്തിക ........   

Thursday, August 1, 2019

ഓർമ്മകളിൽ അർപ്പിച്ച ബലി..

31.7.19

ഇന്ന് കർക്കിടക വാവ്‌. ഹിന്ദു ആചാരങ്ങൾക്കിടയിൽ പൂർവികർക്ക്‌ ബലിയർപ്പിക്കുന്ന ദിവസം. 

ആദ്യമായി ആ ആചാരത്തിന്റെ ഭാഗമാകുവാൻ എനിക്കും സാധിച്ചു മാഷിന്റെ അമ്മയുടെയും അച്ഛന്റേയും ബലിയർപ്പണത്തിൽ ഭാഗവാക്കയതിലൂടെ. അതിലുമുപരി എന്നെ സന്തോഷവതിയാക്കിയത്‌ ആ നിമിഷങ്ങളിൽ എന്നിലേക്ക്‌ വന്ന എന്റെ കുഞ്ഞിന്റെ ഓർമ്മകളാണു. ആ ക്ഷേത്രത്തിൽ അർപ്പിച്ച പ്രാർത്ഥനയിൽ ഗർഭാവസ്ഥയിൽ വെച്ച്‌ ജീവൻ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്കും ബലി അർപ്പിക്കുകയെന്ന് പറഞ്ഞപ്പോൾ എന്റെ ഹൃദയത്തിൽ അവൾക്കുവേണ്ടിയുളള പ്രാർത്ഥനകൾ ഞാൻ അർപ്പിച്ചു. 

ജൂൺ 15, 2015-ൽ മൂന്ന് മാസം മാത്രം പ്രായമുളള എന്റെ കുഞ്ഞിനെ എനിക്ക്‌ നഷ്ടപ്പെട്ടു. ഒരിക്കലും മാമ്മോദീസാ മുങ്ങാതെ അവളെയൊരു കൃസ്ത്യാനിയായി കരുതാത്ത എന്റെ മത വിഭാഗത്തിനു അവൾക്കുവേണ്ടി ഒരു ഓർമ്മയോ പ്രാർത്ഥനയോ ഇല്ലായിരുന്നതുകൊണ്ട്‌ ആദ്യമായി ഞാൻ അവൾക്കുവേണ്ടി എന്റെ മനസ്സിൽ ബലിയർപ്പിച്ചു.... മാഷിന്റെ അച്ഛന്റേയും അമ്മയുടേയും കൂടി എന്റെ കുഞ്ഞിന്റെ ആത്മ്മാവിനും ഞാൻ നിത്യ ശാന്തി നേർന്നപ്പോൾ ഒരു പാട്‌ നാളിനു ശേഷം ഒരു വലിയ ശാന്തത മനസ്സിലേക്ക്‌ നിറഞ്ഞതുപോലെ തോന്നി....

മാഷേ .... ഒരു പാട്‌ നന്ദി ആ കർമ്മത്തിനു സാക്ഷിയാകുവാൻ എന്നെ അനുവദിച്ചതിൽ .... ഈ ജന്മത്തിൽ മാഷിന്റെ സാന്നിധ്യം കൊണ്ട്‌ മാത്രം ഞാൻ നേടിയ നേട്ടങ്ങൾ, ഞാൻ അനുഭവിച്ച സന്തോഷങ്ങൾ, ഞാൻ കണ്ടെത്തിയ എന്നിലെ ഏറ്റവും ശക്തമായ വ്യക്തിത്വം , എന്നിലെ നന്മ, എന്നിലെ സ്നേഹം.... അങ്ങനെ വാക്കുകൾക്കുമപ്പുറം എന്റെ ഈ ജന്മത്തിന്റെ പൂർണ്ണത.... നന്ദി!

Saturday, June 15, 2019

In Your Memories my Baby!!!

കുഞ്ഞേ നിന്റെ ഓർമ്മകളിൽ.....

ഈ നാലു വർഷങ്ങളിൽ 
ആരും കാണാത്തതും ആരും കേൾക്കാത്തതും
 ആരും അറിയാത്തതും നീ അറിയുന്നുവെന്ന് എനിക്കറിയാം....

ഈ അമ്മയുടെ സ്നേഹവും വാത്സല്യവും എന്നും നിനക്ക്‌ കൂട്ടായി ഉണ്ടാകും.... 

Missing You with every beat of my heart..... Love You...

Sunday, June 9, 2019

കടപ്പാട്‌

ആരോടാണു ഈ ജന്മത്തിൽ ഞാൻ കടപ്പെട്ടിരിക്കുന്നത്‌!!! 
ഓരോ കടപ്പാടും ഓരോ ഓർമ്മകളാണു... 
ഓരോ ഓർമ്മകളും ഓരോ വേദനകളാണു... 
ഓരോ വേദനകളും ഓരോ നേട്ടങ്ങളാണു.... 

Friday, June 7, 2019

സിന്ദൂരം...

എന്റെ നെറ്റിയിൽ എനിക്ക്‌ സിന്ദൂരം തൊടണം.... 

പക്ഷേ ആ സിന്ദൂരം പ്രതിനിധാനം ചെയ്യേണ്ടത്‌
 എന്റെ ഭാര്യാത്വത്തെയാണോ,
 അതോ എന്റെ പ്രണയത്തെയാണോ!!!....

രണ്ട്‌ അവസ്ഥാത്നരങ്ങളുടേയും യഥാർത്ഥ പൊരുൾ
 എന്റെ ജീവിതത്തിൽ അന്യമായതുകൊണ്ട്‌
 ഞാൻ തൊടുന്ന സിന്ദൂരം എന്റെ വ്യക്തിത്വത്തിന്റെ പ്രതിഫലനം മാത്രമായിരിക്കും.....

  

Wednesday, June 5, 2019

5.6.19

ഈ നാട്ടിൽ വന്നിട്ട്‌ ഇന്ന് മൂന്നു വർഷം തികയുന്നു....

കണ്ടതും കേട്ടതും അനുഭവിച്ചറിഞ്ഞതുമായ ഒരുപാടനുഭവങ്ങൾ....

പ്രിയപ്പെട്ടവരെന്ന് കരുതി നമ്മൾ നെഞ്ചോട്‌ ചേർത്തവരുടെ വിവിധ മുഖങ്ങൾ കണ്ടറിഞ്ഞ വർഷങ്ങൾ....

എല്ലാവരുടേയും ആവശ്യങ്ങളും ആഗ്രഹങ്ങളും പഴിചാരലുകളും കഴിഞ്ഞപ്പോൾ ബാക്കിയായ ശിഷ്ട ജീവിതം....

പക്ഷേ ഞാൻ വിശ്വസിക്കുന്ന ചില സത്യങ്ങൾ , എന്റെ ജന്മത്തിന്റെ ലക്ഷ്യങ്ങൾ , അവ നിറവേറുന്നതു വരെ ഞാൻ എന്റെ യാത്ര തുടരുക തന്നെ ചെയ്യും....

Monday, May 13, 2019

യാത്ര..,

ഇനിയൊരു യാത്രയാണു.... 
ദിക്കുകൾ ഏതെന്നറിയാത്ത യാത്ര...
എവിടെ തുടങ്ങണമെന്നറിയാത്ത യാത്ര....
എവിടെ അവസാനിക്കുമെന്നറിയാത്ത യാത്ര...


കണ്ണുനീർ വറ്റിയ യാത്ര...
ചിരിക്കുവാൻ മറന്ന യാത്ര....
ആരോടും പരാതികളില്ലാത്ത യാത്ര...
ആരേയും പഴി ചാരാത്ത യാത്ര....


കൂട്ടിനാരുമില്ലാത്ത യാത്ര....
മൗനത്തിൽ ചാലിച്ച യാത്ര....
ലക്ഷ്യങ്ങളെ തേടിയുളള യാത്ര....
ഇനിയൊരു മടക്കമില്ലാത്ത യാത്ര....


യാത്രാ മദ്ധ്യേ തളർന്നു വീണുപോയാൽ 
ഒരു കൈത്താങ്ങിനായി എൻ ചാരേ 
നീ അണയുമെന്ന പ്രതീക്ഷയിൽ 
തുടങ്ങുന്ന യാത്രാ....

Sunday, March 31, 2019

31/3/19

എന്താണു ഞാനിങ്ങനെ.... എവിടെയാണു എന്റെ ജീവിതത്തിന്റെ മൂല്യങ്ങൾ എനിക്ക്‌ നഷ്ടപ്പെട്ടത്‌....


പറയാതെ പറയുന്ന പരിഹാസങ്ങൾ എന്റെ കാതുകളിൽ മുഴങ്ങുമ്പോൾ, അതിന്റെ ആഴങ്ങളിൽ ഞാൻ മുങ്ങിത്താഴുമ്പോൾ ഒരു ന്യായീകരണവും പറയാൻ വയ്യാതെ തലകുനിച്ച്‌ നിൽക്കുവാൻ മാത്രമേ എനിക്ക്‌ സാധിക്കുന്നുളളൂ...


"ഞാൻ".... നഷ്ടപ്പെട്ട അഭിമാനത്തിനും വിങ്ങുന്ന ഹൃദയത്തിനുമിടയിൽ ഒരു പാട്‌ സ്നേഹം ഉളളിൽ കാത്ത്‌ സൂക്ഷിക്കുമ്പോഴും സ്വയം തിരഞ്ഞെടുത്ത ജീവിതം ജീവിച്ചു തീർക്കുവാൻ തീരുമാനിച്ചവൾ.... ആ ജീവിതത്തെ ആരാലും അംഗീകരിക്കപ്പെട്ടില്ലെങ്കിലും അതിന്റെ മഹത്വം എന്റെ അവസാന ശ്വാസം വരെ ഞാൻ എന്റെ ഹൃദയത്തിൽ സൂക്ഷിക്കും.... 


ആ മഹത്വത്താൽ എന്റെ ജീവിതത്തിന്റെ ഏറ്റവും നല്ല വശങ്ങളിലൂടെ എന്നിലെ എന്നെ ശക്തമാക്കി, തല ഉയർത്തിപ്പിടിച്ചു തന്നെ ജീവിച്ച്‌, എനിക്ക്‌ മാത്രം അനുഭവഭേധ്യമായ എന്റെ പ്രണയത്തെ നുകർന്ന് എന്റെ മരണത്തെ ഞാൻ പുൽകുന്ന നാളിൽ ഒരു വേള നീ അറിയുമായിരിക്കും ഞാൻ നിനക്ക്‌ ആരൊക്കെയോ ആയിരുന്നുവെന്ന്... 


എന്റെ മരണത്തിലും ഞാൻ സംതൃപ്തയായിരിക്കും... കാരണം ഈ ജന്മത്തിന്റെ ലക്ഷ്യങ്ങളെല്ലാം എന്റെ ജീവിതത്തിൽ സാധൂകരിച്ചതിന്റെ സംതൃപ്തിയും സന്തോഷവും എന്റെ മരണത്തിലും എന്റെ ചുണ്ടുകളിൽ വിടർന്ന് നിൽക്കുന്നുണ്ടാവും...


ഇനിയൊരിക്കലും എന്റെ വ്യക്തിത്വവും അഭിമാനവും നിന്റെ മുൻപിൽ തലകുനിച്ച്‌ നിൽക്കുവാൻ ഞാൻ അനുവദിക്കില്ലാ...... ഒരു സാധാരണ വ്യക്തിത്വത്തിന്റെ ചാപല്യങ്ങളെ അതി ജീവിച്ച്
‌‌എന്നിലെ എന്നെ ഞാൻ അംഗീകരിക്കുന്നിടത്ത്‌ ഞാനെന്റെ പുതിയ യാത്ര ആരംഭിക്കുന്നു..... ആ യാത്രയിൽ ഞാൻ മാത്രമേ മാറുന്നുളളൂ... അവിടെ എന്റെ ഈ ജന്മത്തിലൂടെ നീയെന്താണോ എന്നിൽ നിന്ന് ആഗ്രഹിക്കുന്നത്‌ ആ പരിധിക്കുളളിൽ ഞാനെന്നുമുണ്ടാവും.....


Saturday, January 5, 2019

5.1.2019

When I try to occupy in everyone's space...
Consciously, forgetting the needs of my own Self...

At times,I do long for an acknowledgement -
 in terms of Love and Respect,
With the knowledge that I don't receive it from you..

At the end, I find a peaceful self in my silence,
Leaving everything into the hands of destiny