കോട്ടയം
ബസേലിയസ് കോളേജില്‍ ഡിഗ്രിക്ക് ഒന്നാം വര്‍ഷം പഠിക്കുമ്പോളാണ് എന്‍റെ ജീവിതത്തില്‍
ഞാന്‍ എത്ര ഭാഗ്യവതിയാണെന്ന് വെളിപ്പെടുത്തുന്ന ഒരു ഏട് ജീവിതത്തില്‍
കുറിക്കപ്പെടുന്നത്. എം.ജി.ഒ.സി.എസം.
എന്ന സംഘടനയുടെ ഭാഗമായിരുന്ന ഞാന്‍ മൂന്നു ദിവസത്തെ ധ്യാനത്തിനും
സന്ദര്‍ശനത്തിനുമായി കോട്ടയം ജില്ലയിലെ മാങ്ങാനത്ത് ക്രിസ്തവര്‍ഷം എന്ന
പേരിലറിയപ്പെടുന്ന ശാന്തിനികേതനും അതിനോട് അനുബന്ധമായി പ്രവര്‍ത്തിക്കുന്ന
കേരളാബാലാഗ്രാമെന്ന അനാഥമന്ദിരവും സന്ദര്‍ശിക്കുവാന്‍ ഇടയായത്. പതിന്നാലു
വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഓര്‍മ്മകള്‍ അത്ര തീവ്രമല്ല. പക്ഷേ എവിടെയൊക്കെയോ
മറന്നുകിടക്കുന്ന ആ ഓര്‍മകളെ ഒന്ന്‍ പൊടി തട്ടിയെടുക്കണം...
ഒരു ചെറിയ
കുന്നിന്‍റെ മുകളിലായിരുന്നു മനോഹരമായ ആ ആശ്രമം നിലനിന്നിരുന്നത്. തികച്ചും
ശാന്തപൂര്‍ണമായ അന്തരീക്ഷം. ചുറ്റും മരങ്ങളും പുല്‍ച്ചെടികളും നിറഞ്ഞ
പച്ചപ്പിന്‍റെ വര്‍ണാഭമായ ഒരു കാഴ്ച്ചവിരുന്ന് അവിടെ പ്രകൃതിയും അവിടുത്തെ
അന്തേവാസികളും നമുക്കായി ഒരുക്കിയിരിക്കുന്നു. മൂന്നു ദിവസം പുറം ലോകത്തിന്‍റെ
എല്ലാ ആകുലതകലില്‍ നിന്നകന്ന് പൂര്‍ണമായും മനസ്സും ശരീരവും ആത്മീയവഴികളില്‍
സമര്‍പ്പിക്കപ്പെട്ട ദിനങ്ങള്‍. ഞങ്ങള്‍ വിദ്യര്‍ത്ഥികളും ടീച്ചര്‍മാരും ഒരുപോലെ
അവിടെ ചിലവഴിച്ച ഓരോ നിമിഷവും ആസ്വദിച്ചു.
മൂന്നാമത്തെ
ദിവസമാണ് ആ ആശ്രമത്തിനോട് ചേര്‍ന്നുള്ള അനാഥമന്ദിരം സന്ദര്‍ശിക്കുവാന്‍ അവസരം
ലഭിച്ചത്. ദാരിദ്ര്യത്തിന്‍റെയും കടക്കെണികളുടെ പേരിലും സ്വന്തം മാതാപിതാക്കളാല്‍
ഉപേക്ഷിക്കപ്പെട്ടവരും, ജയിലിലടയ്ക്കപ്പെട്ട മാതാപിതാക്കളാല്‍
അനാഥരായവരുമായിരുന്നു അവിടുത്തെ അന്തേവാസികള്‍.ഓടിട്ട ഒരു കൊച്ച് കെട്ടിടം. പക്ഷേ
അതിന്‍റെ മുറ്റം മനോഹരമായ പൂന്തോട്ടത്താല്‍ മനോഹരമാക്കിയിരുന്നു. അതിനോട്
ചേര്‍ന്ന്‍ ഒരു കൊച്ചു കുളവും അതിലൊരു കുഞ്ഞു മുതലയും. ഓരോ സംഘടനകള്‍ നടത്തുന്ന
പ്രദര്‍ശന പരിപാടികള്‍ക്ക് അവിടുത്തെ കുട്ടികള്‍ പോകുമ്പോള്‍ സമ്മാനം
വാങ്ങിത്തരുന്ന മുതലായാണത്രെയത്. ഓരോ കുട്ടികളും വളരെ ആവേശത്തോടെയാണ് ആ
മുതലകുഞ്ഞിനെക്കുറിച്ച് സംസാരിച്ചത്.
കൊച്ച്
കുട്ടികള്‍ ഞങ്ങളെ കണ്ടപ്പോള്‍ വളരെ ആവേശത്തോടെ ഞങ്ങളുടെ അടുത്തേക്ക് വന്നു.
എന്നാല്‍ മുതിര്‍ന്ന കുട്ടികള്‍ ഓടിയൊളിക്കുവാന്‍ ശ്രമിച്ചു. കാരണം അനാഥത്വം എന്ന
ശാപത്തിന്‍റെ പൊരുള്‍ അറിയാവുന്ന അവര്‍ തങ്ങളെ ഒരു പ്രദര്‍ശന വസ്തുവാക്കാന്‍
ആഗ്രഹിച്ചിരുന്നില്ല. അവരുടെ വേദനയും നിസ്സാഹായവസ്ഥയും എന്നെ വല്ലാതെ
വേദനിപ്പിച്ചു. ആ വീടിന്‍റെ ചുവരുകളിലും തിണ്ണയിലും നിറയെ ആ കുട്ടികളുടെ
കലാസൃഷ്ടികള്‍ നിറഞ്ഞു നിന്നിരുന്നു.
ഞങ്ങള്‍
കൊണ്ടു വന്ന മധുരപലഹാരങ്ങള്‍ എല്ലാവര്‍ക്കുമായി വിതരണം ചെയ്തപ്പോളാണ് ആ കുട്ടിയെ
ഞാന്‍ ശ്രദ്ധിച്ചത്. ഒരു പത്ത്-പന്ത്രണ്ടു വയസ്സു പ്രായം വരുന്ന ഒരു സുമുഖനായ
ആണ്‍കുട്ടി. എല്ലാ കുട്ടികളും കളിച്ചു ചിരിച്ചു നടന്നപ്പോള്‍ അവന്‍ മാത്രം ഒരു
കോണില്‍ ദുഃഖഭാരത്താല്‍ നിറഞ്ഞ് മ്ലാനവദനനായിരിക്കുന്നു. അവന്‍റെ കണ്ണുകള്‍
നിറഞ്ഞിരുന്നു. എന്‍റെ ഹൃദയത്തില്‍ ഒരു നൂറു ചോദ്യങ്ങളുയര്‍ന്നു:
"അവന്‍റെ
ആ കണ്ണുനീര്‍ തന്‍റെ മാതാപിതാക്കളെക്കുറിച്ചോര്‍ത്തുള്ളതായിരിക്കാം, തനിക്ക്
നഷ്ടപ്പെട്ട ബാല്യത്തെക്കുറിച്ചോര്‍ത്തായിരിക്കാം, തന്‍റെ
അനാഥത്വത്തെക്കുറിച്ചോര്‍ത്തായിരിക്കാം".
ഞാന്‍
അവന്‍റെയടുത്ത് പോയിരുന്നു, അവന്‍റെ കൈകളില്‍ തൊട്ടു. അവന്‍ എന്‍റെ കണ്ണുകളിലേക്കു
വളരെ ദയനീയമായി നോക്കി. എന്‍റെ മനസ്സില്‍ തളം കെട്ടിയ ദുഃഖത്തിന്‍റെ ആധിക്യം
കൊണ്ടു എനിക്ക് അവനോട് ഒന്നും സംസാരിക്കുവാന്‍ സാധിച്ചില്ല. വെറുതെ അവന്‍റെയടുത്ത്
കുറേനേരമിരുന്നു.
എന്‍റെ
ചിന്തകള്‍ എന്നിലേക്ക് ഒരു പരമമായ സത്യം എഴുതിച്ചേര്‍ക്കുകയായിരുന്നു:
"എനിക്ക്
ഈ ലോകത്തില്‍ ചൂണ്ടികാണിക്കാന്‍ അമ്മയുണ്ട്, അപ്പനുണ്ട്, സഹോദരങ്ങളുണ്ട്,
ബന്ധങ്ങളുണ്ട്.... കേറി കിടക്കുവാന്‍ ഒരു പുരയിടമുണ്ട്... മൂന്നു നേരം അന്നത്തിന്
മുട്ടില്ല... പിന്നെ എനിക്കെന്താണ് കുറവ്??? ഇല്ലാത്തതിനെക്കുറിച്ച് പറഞ്ഞ്
പരാതിപ്പെടാന്‍ എനിക്കെന്തവകാശമാണുള്ളത്????....
ഞങ്ങള്‍
തിരികെ പോരുമ്പോളുംഅവന്‍ എന്നെത്തന്നെ നോക്കുന്നുണ്ടായിരുന്നു.... എന്‍റെ
കണ്ണുകളും നിറഞ്ഞിരുന്നു.... അവന്‍ എന്നില്‍ കണ്ടത് അവന്‍റെ അമ്മയെയായിരിക്കാം
സഹോദരിയെയായിരിക്കാം.... പക്ഷേ ഞാനും നിസ്സഹായയാരുന്നു... ആ കണ്ണുകളിലെ വേദന
ആഴ്ന്നിറങ്ങിയത് എന്‍റെ ആത്മാവിലേക്കായിരുന്നു.....
ഇപ്പോള്‍
അവന്‍ വലിയ കുട്ടിയായിട്ടുണ്ടാവും. ഞങ്ങള്‍ തിരികെ പോരുമ്പോള്‍ അവിടുത്തെ
ഭാരവാഹിയായ തോമസ്സ് അങ്കിള്‍ അവരുടെ ബുദ്ധിമുട്ടുകളെക്കുറിച്ചു ഞങ്ങളോട് പറഞ്ഞു...
ഞങ്ങളോട് സഹായവും അഭ്യര്‍ത്ഥിച്ചു... ആ വാക്കുകള്‍ പിന്നീടുള്ള ജീവിതയാത്രയില്‍
എന്നും തെളിഞ്ഞുനിന്നിരുന്നു. പക്ഷേ അദ്ദേഹത്തിന്‍റെ അപേക്ഷ എനിക്ക്
സാധ്യമാക്കുവാന്‍ കഴിഞ്ഞത് ദുബായില്‍ എത്തിക്കഴിഞ്ഞാണ്.
ആ കുട്ടികള്‍
നിലത്തു പാവിരിച്ചാണ് ഉറങ്ങിയിരുന്നത്. അത് കണ്ടപ്പോള്‍ മുതല്‍ മനസ്സില്‍ ഒരുപാട്
ആഗ്രഹിച്ചിരുന്നു അവര്‍ക്കു കിടക്കുവാന്‍ നല്ല ഒരു സൗകര്യം
ഒരുക്കിക്കൊടുക്കണമെന്ന്. പക്ഷേ അതിനു ഭീമമായ ഒരു തുക ആവശ്യമായിരുന്നു, ആ ആഗ്രഹം
ഒരു പ്രാര്‍ത്ഥനയായി എന്നും മനസ്സില്‍ നിന്നിരുന്നു.
ഒരു ദിവസം
തോമസ്സ് അങ്കിള്‍ വിളിച്ചു "ടിന്‍റു ... മോള് ആരോടെങ്കിലും കുട്ടികള്‍ക്ക്
കിടന്നുറങ്ങുന്നതിന്‍റെ പരിമിതികളെക്കുറിച്ച് പറഞ്ഞിരുന്നോ? ദുബായില്‍നിന്ന് ഒരു
പള്ളിയുടെ ഭാരാവാഹികള്‍ ഇവിടെയുള്ള കുട്ടികള്‍ക്ക് അതിനുള്ള സൗകര്യം ചെയ്തു
തരാമെന്ന് പറഞ്ഞു."
"അങ്കിള്‍
ഞാന്‍ ഒത്തിരി ആശിച്ച കാര്യാമാണത്. പക്ഷേ എന്‍റെ പരിമിതികള്‍ അത്
സാധ്യമാക്കിയില്ലാ. അവരുടെ നല്ല മനസ്സിനായി നമുക്ക് പ്രാര്‍ഥിക്കാം."
എനിക്കിതുവരെ
അവിടെ പോകുവാന്‍ സാധിച്ചില്ല. പക്ഷേ ഫോണിലൂടെയും, മെയിലിലൂടെയും ഞങ്ങള്‍ അവരുടെ
സന്തോഷങ്ങളില്‍ പങ്കുചേരുന്നു.
നമ്മള്‍ക്ക്
മുന്‍പിലുള്ള ജീവിതത്തിന്‍റെ മഹത്വം കാണുവാന്‍ കഴിയുന്നത് ഇതുപോലുള്ളവരുടെ ജീവിതം
തോട്ടറിയുമ്പോളാണ്.... നമ്മിലൂടെ ഒരു കുഞ്ഞിന്‍റെ മുഖത്ത് വിരിയിക്കുന്ന
പുഞ്ചിരിക്കു ഒരു ജന്മായുസ്സിന്‍റെ സുകൃതം ഉണ്ടായിരിക്കും....
"അനാഥമാം
ബാല്യങ്ങള്‍ക്ക് സനാഥരാം നമ്മള്‍ തുണയായിടൂ...
നിറയട്ടെ ഈ
പ്രപഞ്ചം അവരുടെ നിഷ്കളങ്കമാം പുഞ്ചിരികളാല്‍"
നന്മകള്‍ നേര്‍ന്നുകൊണ്ട്
കാര്‍ത്തിക......