എത്ര വേഗമാണു നിമിഷങ്ങളും സമയവും ദിവസങ്ങളും കൊഴിഞ്ഞുകൊണ്ടിരിക്കുന്നത് ... ചിലപ്പോൾ തോന്നും എനിക്ക് എഴുതുവാൻ ഉളളതെല്ലാം എഴുതുവാൻ ഈ ജന്മം മതിയാകില്ലെന്ന്. ഓരോ നിമിഷങ്ങളും എന്നിൽ നിന്ന് അകന്ന് ഓർമ്മകളായി മാറ്റപ്പെടുമ്പോൾ എനിക്ക് വളരെ വേദന തോന്നുന്നു.. കാരണം എന്റെ ആയുസ്സിന്റെ ദൈർഘ്യം കുറയുന്തോറും അക്ഷരങ്ങളുടെ ലോകത്ത് വിരിയേണ്ടുന്ന എന്റെ പ്രണയവും സമയപരിമിതമായിക്കൊണ്ടിരിക്കുന്നു ...
ഇന്ന് പുസ്തകങ്ങൾക്ക് പകരം രണ്ടു പാട്ടുകളെ കൂട്ടായിച്ചേർത്തു. ഇന്നലെ ഡൂട്ടിക്ക് പോയപ്പോൾ കേട്ട നീർപളുങ്കിൻ എന്ന ഗാനവും, പിന്നെ ഇയ്യോബിലെ പുസ്തകത്തിലെ ഗാനവും ...രണ്ടും തികച്ച് വ്യത്യസ്തമായ ഗാനങ്ങൾ പക്ഷേ പ്രണയത്തിൽ ചാലിച്ചെഴുതിയത് ....
ആ പാട്ടുകൾ വീണ്ടും വീണ്ടും ആവർത്തിച്ച് കേട്ട് ഞാൻ എന്റെ എഴുത്ത് തുടങ്ങി ....
എന്താണെന്നറിയില്ല പാട്ട് കേൾക്കുമ്പോൾ എന്റെ അക്ഷരങ്ങൾ ഒരുപാട് പ്രണയാതുരമാകുന്നതുപോലെ... എന്റെ മനസ്സിന്റെ എല്ലാ വിഹ്വലതകളും എവിടെയോ പോയ്മറയുന്നതുപോലെ... പിന്നെ എന്റെ മനസ്സും ശരീരവും ആത്മാവും പ്രണയത്താൽ നിറയും.... അപ്പോൾ നിന്റെ ഓർമ്മകളിൽ ഞാൻ അലിഞ്ഞു ചേരും.... അതൊരു പുഞ്ചിരിയായി എന്റെ ചുണ്ടുകളിൽ വിടരും ....
ഇന്നലെ മുതൽ ദുബായിൽ വീശിയടിക്കുന്ന കാറ്റിനു തണുത്ത കോടമഞ്ഞിന്റെ ആവരണമാണു.. താപനില 20 - 19 ഡിഗ്രിയായി കുറഞ്ഞിരിക്കുന്നു. യു.എ.ഇ. എന്ന രാജ്യം തണുപ്പിന്റെ മേലാപ്പണിഞ്ഞിരിക്കുന്നു. ആ തണുപ്പിൽ എന്റെ ശരീരം തണുത്തുവിറങ്ങലിക്കുമ്പോളും മനസ്സിൽ നിന്നോടുളള പ്രണയം ചൂടു പകർന്നുകോണ്ടേയിരിക്കുന്നു .....
പ്രണയം ...
മനസ്സിന്റെ അനന്തമായ ആഹ്ലാദം ...
ഹൃദയത്തിന്റെ മനോഹരമായ സംഗീതം..
സിരകളിൽ തുടിക്കുന്ന ഉന്മാദം ...
തനുവിൽ പടരും കാമം ....
ആത്‌മാവിൽ നിറയും നിർവൃതി ...
അരികിൽ നീ ഉണ്ടായിരുന്നപ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല
നീ എനിക്ക് ഇത്രയും പ്രിയപ്പെട്ടതാണെന്നു,
ഞാൻ നിന്നെ ഇത്രമേൽ സ്നേഹിച്ചിരുന്നുവെന്ന്,
ഞാൻ നിന്നെ തീവ്രമായി പ്രണയിക്കുന്നുവെന്ന് ...
ഈ ജന്മം ഇനിയൊരിക്കലും നമ്മൾ കണ്ടുമുട്ടിയില്ലെങ്കിൽ കൂടിയും
നമ്മൾ തമ്മിലുളള ദൂരം വിധിയുടെ വിളയാട്ടത്താൽ എത്ര ദീർഘമായാലും
നീ എന്നിൽ നിന്നകലുന്തോറും ഞാൻ നിന്റെ സാമീപ്യം അറിയുകയാണു
ഓരോ നിമിഷങ്ങളും എനിക്കായി കുറിക്കുന്നത് നിന്റെ പ്രണയമാണു..
ഒരിക്കൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെയൊരു സുഹൃത്ത് ചോദിച്ചു എന്തുകൊണ്ടാണു നമ്മൾ സ്നേഹത്തിനായി, അല്ലെങ്കിൽ പ്രണയത്തിനായി നിലകൊളളുമ്പോൾ നമ്മൾക്ക് വേദനിക്കുന്നതെന്ന്.
എന്റെ ചിന്തകൾ സമാഹരിച്ചത് ഈ ആശയമാണു, "സ്നേഹമെന്നത് ഒരു കൊടുക്കൽ വാങ്ങൽ ആകുമ്പോൾ ആ സ്നേഹത്തിന്റെ ആഴം നമ്മൾ അളക്കുവാൻ തുടങ്ങും ... ആ അളവിൽ നമ്മൾ കാണുന്ന നേരിയ വ്യത്യാസം പോലും നമ്മിൽ നിരാശയും വേദനയും പടർത്തും ... യഥാർത്ഥ സ്നേഹം ഒരിക്കലും അളവുകോലാൽ ബന്ധിച്ചതല്ലാ..."
തിരികെ കിട്ടുമെന്ന് പ്രതീക്ഷിച്ചു സ്നേഹിക്കുന്നതും പ്രണയിക്കുന്നതും ഒരിക്കലും സ്നേഹവുമല്ല പ്രണയുവുമല്ല .... ഈ ഭൂമിയിലെ പരിശുദ്ധമായ പ്രണയമായി ഞാൻ കാണുന്നത് ... കൃഷ്ണനും രാധയും തമ്മിലുളള പ്രണയം... മീരയ്ക് കൃഷ്ണനോടുളള പ്രണയം ... രാധയുടേയും കൃഷ്ണന്റേയും സൗഹൃദമായിരുന്നു അവരുടെ പ്രണയം ... അതേ സമയം മീരക്ക് കൃഷ്ണനോടുളള ആരാധനയായിരുന്നു അവളുടെ പ്രണയം ...... അവർ രണ്ടു പേരും തങ്ങളുടെ പ്രണയത്തിൽ ജീവിച്ച് തങ്ങളുടെ പ്രണയത്തിൽ ഇപ്പോഴും നശ്വരമായി ജീവിക്കുന്നവരാണു.
പ്രണയം ഒരനുഭൂതിയാണു മനസ്സിന്റെ ശരീരത്തിന്റെ ആത്മാവിന്റെ ....
അതിലലഞ്ഞു ചേരുവാൻ കഴിയുക എന്നത് ഒരു ജന്മത്തിന്റെ സാഫല്യമാണു.
ഈ ഭൂവിലുള്ള ഓരോ മാനവനിലും നിസ്വാർത്ഥ പ്രണയത്തിന്റെ അനുഭവം സാർത്ഥകമാകട്ടെ... അതിലൂടെ ഈ ലോകത്തിൽ നിറയട്ടെ നന്മയും സമാധാനവും ഒരു നല്ല ജീവിതവും ...
കാർത്തിക....
No comments:
Post a Comment