12.04.20
കൊറോണയെന്ന വ്യാധി ലോകം കീഴടക്കിയപ്പോൾ ഞാനേറ്റവും കൂടുതലാഗ്രഹിച്ചത് ജനിച്ചു വളർന്ന സ്വന്തം നാട്ടിലേക്ക് പോകണമെന്നായിരുന്നു... ജീവിതം മരണമെന്ന സത്യത്തോട് അടുത്തപ്പോൾ കാണുവാനാഗ്രഹിച്ചത് സ്വന്തക്കാരേയും ബന്ധുക്കാരേയുമൊക്കെയാണു... ഒരു പക്ഷേ ആ ആഗ്രഹത്തിനു പുറകിൽ ചെറിയയൊരു സ്വാർത്ഥതയും ഒളിഞ്ഞു കിടന്നൂ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കൊറോണ മൂലം എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ കുഞ്ഞിനു എന്റെ സ്വന്തക്കാരും ബന്ധക്കാരുമൊക്കെ ഉണ്ടാകുമായിരിക്കുമെന്ന സ്വാർത്ഥത....
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോട് കൂടി നാട്ടിലേക്ക് പോകുവാനുളള ആഗ്രഹം ഉപേക്ഷിച്ചു .... അപ്പോൾ ഈ പ്രവാസ ജീവിതത്തിൽ താങ്ങും തണലുമായി നിൽക്കുന്ന സുഹൃത്തുക്കൾ സ്വന്തക്കാരും ബന്ധുക്കാരുമായി മാറി... പരസ്പരം ഞങ്ങൾ പറഞ്ഞു എന്തുവന്നാലും നമ്മൾ ഒരുമിച്ച് നേരിടും. ഓരോ ആഘോഷങ്ങളും ഒത്തുച്ചേരലുകളില്ലാതെ കടന്നുപോയപ്പോൾ എവിടെയൊക്കെയോ എല്ലാവരും ഒരു കൂട്ടായ്മയും സന്തോഷവുമൊക്കെ മിസ്സ് ചെയ്യുവാൻ തുടങ്ങി. അങ്ങനെയിരിക്കുമ്പോ ഈസ്റ്റർ വന്നെത്തി. ഞാനാഗ്രഹിച്ചു രാവിലെ കുറച്ച് അപ്പവും കറിയുമുണ്ടാക്കി എന്റെ സുഹൃത്തുക്കൾക്ക് കൊടുക്കണം. ശനിയാഴ്ച്ച ഡൂട്ടി കഴിഞ്ഞു വന്ന് ഈസ്റ്ററിനു വേണ്ടിയുളള വിഭവങ്ങളുണ്ടാക്കി. അതുണ്ടാക്കിയ ഓരോ നിമിഷവും ഓർത്തത് എന്റെ മമ്മിയേം വല്യമ്മിച്ചിയേമൊക്കെയാണു. മക്കൾക്കും കൊച്ചുമക്കൾക്കും വേണ്ടി എത്ര സന്തോഷത്തോടെ ആത്മാർത്ഥതയോടെയായിരുന്നു അവർ വിരുന്നൊരുക്കിയിരുന്നത്..
രാവിലെ ഞാൻ എന്റെ സുഹൃത്തുക്കൾക്ക് മെസ്സേജ് അയച്ചു ലോക്ക് ഡൗണിൽ കുറച്ച് അപ്പവും കറിയും കഴിക്കുന്നത് വിരോധമില്ലെങ്കിൽ വീട്ടു പടിക്കൽ ഡെലിവറി ചെയ്യുന്നതാണു. നമ്മൾ പ്രതീക്ഷിക്കുന്നവർ മറുപടി തരാത്തപ്പോൾ അപ്രതീക്ഷിതമായ മറുപടികൾ ആ ദിവസത്തിന്റെ ഗതി തന്നെ മാറ്റും. എനിക്ക് റാണിയമ്മയുടെ വിളി വന്നു, "എന്റെ റ്റിന്റു, ഇന്നലെ അപ്പത്തിനിടുവാൻ മറന്ന സങ്കടത്തിലാ രാവിലെ എണീറ്റത് . റ്റിന്റുവിന്റെ മെസ്സേജ് കണ്ടപ്പോൾ വലിയ സന്തോഷം തോന്നി." അങ്ങനെ ഞങ്ങൾ ഈസ്റ്റർ ആഘോഷം തുടങ്ങി. സുമിക്ക് ഡൂട്ടിക്ക് പോകുവാനിറങ്ങിയപ്പോൾ അപ്പവും കറിയും പൊതിഞ്ഞു കൊടുത്തുവിട്ടു. രെഞ്ചി മാഷിനും ശ്രീ ഭായിക്കും അപ്പവും കറിയും ഡെലിവറി ചെയ്തു.
ഒരു പാട് സന്തോഷത്തോടെയാണു ഡൂട്ടിക്ക് പോയത്. ഡൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ എല്ലാവർക്കും പങ്കുവെച്ച് കഴിഞ്ഞപ്പോൾ വൈകിട്ടത്തേക്ക് കറികളൊന്നും ഇല്ലാതെ എന്തു കഴിക്കണമെന്ന് ആലോചിച്ചിരിക്കുമ്പോളിതാ റാണിയമ്മയുടെ വിളി വീണ്ടും വരുന്നു," കുട്ടി ഡോർ തുറന്നു പുറത്തു വരൂ." അപ്പോ ദേ നല്ല ബിരിയാണിയുമൊക്കെയായി റാണിയമ്മയും ശ്രീ ഭായിയും വീട്ടുപടിക്കൽ. സത്യം പറഞ്ഞാൽ മനസ്സു നിറഞ്ഞു പോയി. സുമിയും പറഞ്ഞത് അതേ അനുഭവം ; വൈകിട്ടത്തേക്ക് ഇനി ആഹാരം ഉണ്ടാക്കണമല്ലോയെന്ന് ചിന്തിച്ചിരുന്നപ്പോൾ മേശപ്പുറത്ത് ബിരിയാണിയിരിക്കുന്നു.
സോഷ്യൽ ഡിസ്റ്റൻസിംങ്ങ് പരിപാലിച്ചു കൊണ്ട് തന്നെ ഞങ്ങളുടെ ഈസ്റ്റർ ആഘോഷം ഞങ്ങൾ ആഘോഷിച്ചപ്പോൾ പങ്കുവെക്കലിന്റേയും പരസ്പര സഹകരണത്തിന്റേയും കരുതലിന്റേയും ഒരനുഭവം ഈ ഈസ്റ്ററിനു ഞങ്ങൾക്ക് കൂട്ടായി... എന്റെ വല്യമ്മച്ചിയും മമ്മിയുമൊക്കെ കാണിച്ച് തന്ന മാതൃക എന്നിലൂടെ എന്റെ കുഞ്ഞുങ്ങളിലേക്കും എത്തണമെന്നും ഞാനാഗ്രഹിക്കുന്നു... ജീവിതത്തിൽ അവർ അനുഭവിച്ചറിയുന്ന കണ്ടു പടിക്കുന്ന ജീവിത പാഠങ്ങൾ ... എന്നും ആ നല്ല അനുഭവങ്ങളുടെ മഹത്വം മനസ്സിലാക്കുവാൻ എല്ലാവർക്കും സാധിക്കട്ടേയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു....
കാർത്തിക