ചരിത്രത്തിലെ വിപ്ലവകരമായ കണ്ടുപിടിത്തങ്ങളിലൊന്നാണ് സിനിമ. തിരസ്കരണങ്ങളിലൂടെയാണു എല്ലാ മാറ്റങ്ങളേയും ഈ ലോകം സ്വീകരിച്ചിട്ടുളളത്. ആദ്യകാലങ്ങളിൽ സിനിമയെന്ന ആശയവുമായി എത്തിയവരെ ജനം സാംസ്കാരികവിരുദ്ധരെന്ന് മുദ്രകുത്തിയവരിൽ നിന്നും, സിനിമ ലോകം വളർന്നത് മാനവരാശിയുടെ ഹൃദയങ്ങളിലേക്കായിരുന്നു. ആ വളർച്ചയിൽ ഇന്ത്യന്‍ സിനിമക്കും ലോക സിനിമക്കും മലയാള സിനിമ നല്‍കിയ സംഭാവനകള്‍ അവർണ്ണനീയമാണു. ലോക പ്രശസ്ത ചലച്ചിത്രകാരന്മാരായ അടൂർ ഗോപാലകൃഷ്ണൻ, ശ്യാമ പ്രസാദ്, ഷാജി എൻ. കരുൺ, ഭരതൻ, പി. പദ്മരാജൻ തുടങ്ങിയവരുടെ തലമുറക്ക് ശേഷം ഈയടുത്ത കാലത്താണ് ആ ശ്രേണിയിലേക്ക് ആഗോള സ്വീകാര്യത നേടിയ ചില പുതു തലമുറക്കാരുടെ കടന്നു വരവ്. ആ പിൻതുടർച്ചക്കാരിൽ ഏറ്റവും ശ്രദ്ധേയനായ ഡോൺ പാലത്തറയെന്ന കലാകാരന്റെ അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ച സിനിമ "1956 മധ്യ തിരുവിതാംകൂർ" അഡ്ലൈഡിലെ കലാ-സാഹിത്യ-സാംസ്കാരിക കൂട്ടായ്‌മയായായ "കേളി" 2021, ജൂൺ 11-നു കേളിഹബിൽ പ്രദർശിപ്പിക്കുകയുണ്ടായി. സമാന്തര സിനിമയേയും, നാടകത്തേയുമൊക്കെ ഇഷ്ടപ്പെടുന്ന ഒരു പറ്റം കലാകാരന്മാരാൽ ആ പ്രദർശനം ഏറെ ആകർഷണീയമായി.
ഡോൺ പാലത്തറ, കേരളത്തിലെ മലയോര നാടായ ഇടുക്കിയിൽ ജനനം, പിന്നീട് സിനിമയക്കുറിച്ച് പഠിക്കുവാനായി സിഡ്നിയിൽ. അവിടെ നിന്നും തിരികെ നാട്ടിലെത്തിയ ഡോൺ തന്റെ ആദ്യ സിനിമയായ ശവം 2015-ൽ ട്രാവൻകൂർ ഫിലിം ബാനറിൽപുറത്തിറക്കി. നല്ല സ്വീകാരിത നേടിയ ആ സിനിമക്ക് ശേഷം സന്തോഷത്തിന്റെ ഒന്നാംരഹസ്യം, 1956-മധ്യ തിരുവിതാംകൂർ എന്നെ സിനിമകൾ 2020-ൽ മലയാള സിനിമക്ക് സമ്മാനിച്ചു. ഈ രണ്ട് സിനിമകളും ഇരുപത്തഞ്ചാമത് IFFK -യിൽ പ്രദർശിപ്പിക്കുകയും, അങ്ങനെ ആദ്യമായി ഒരേ സംവിധായകന്റെ രണ്ട് സിനിമകൾ ഒരു അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇടം പിടിച്ചതും ഡോൺ പാലത്തറയെന്ന കലാകാരന്റെ പ്രസക്തി എടുത്തുകാണിക്കുന്നു. 42 -മത് മോസ്കോ അന്താരാഷ്ട്ര ചലചിത്ര മേളയിലും, അഞ്ചാമത്ബ്രിക്സ് (BRICS) അന്താരാഷ്ട്ര ചലച്ചിത്രമേളയിലും 1956 മധ്യ തിരുവിതാംകൂർ (1956 Central Travancore) പ്രദർശിപ്പിച്ചു.
ബ്ലാക്ക് ആൻഡ് വൈറ്റിൽ പ്രദർശിപ്പിക്കപ്പെട്ട ചലച്ചിത്രം പഴമയുടെ കാലഘട്ടത്തിലേക്ക് കാഴ്ച്ചക്കാരെ കൂട്ടി കൊണ്ടുപോയി. ഭൂപരിഷ്കരണത്തിന് മുൻപുളള ഹൈറേഞ്ചിലെ വാമൊഴികഥകളെ അടിസ്ഥാനമാക്കിയാണു സിനിമ മുൻപോട്ട് പോകുന്നത്. ആ കഥകളൊക്കെ എത്രമാത്രം വിശ്വാസ യോഗ്യമാണെന്നുളള ഒരു സന്ദേഹം സിനിമ ഉയർത്തുന്നുണ്ടെങ്കിൽ പോലും, പലരും പലവിധത്തിൽ പറഞ്ഞ കഥകളുടെയൊരു വംശാവലിയിൽ നിന്ന് പുതിയ കഥകൾ പിറവിയെടുക്കുന്നുവെന്നൊരു നേർക്കാഴ്ചകൂടിയാണു ഈ സിനിമ. ഇതിലെ കേന്ദ്ര കഥാപാത്രങ്ങൾ രണ്ട് സഹോദരന്മാർ ആണ്,ഓനനും കോരയും. അവരുടെ കഥയാണു സിനിമയെ മുൻപോട്ട് കൊണ്ടുപോകുന്നത്. സാമ്പത്തിക ബാധ്യത മാറ്റുവാൻ കാട്ടു പോത്തിനെ വേട്ടയാടുവാൻ പോകുന്നതിലൂടെയാണു കഥ പുരോഗമിക്കുന്നത്.
1903-ല്‍ കൊച്ചീപ്പന്‍ തരകന്‍ രചിച്ച മലയാളത്തിലെ ആദ്യ സാമൂഹിക നാടകമായ മറിയാമ്മയിലെ ഒരു രംഗം ഈ സിനിമയിൽ പുനരാവിഷ്‌കരിച്ചിട്ടുണ്ട്. ആ നാടകത്തിലെ ഗാനമായ "ആഹാ മല്‍പ്രിയ നാഥാ" ബേസില്‍ സി ജെ സംഗീത സംവിധാനം നിര്‍വഹിച്ച്, വിജീഷ്ലാല്‍ 'കരിന്തലക്കൂട്ടം' ആലപിച്ച് പഴമയുടെ മനോഹാരിത ഒട്ടും ചോരാതെ അതിമനോഹരമായി ഈ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നു. ആർട്ട് ബീറ്റ്സ് സ്റ്റുഡിയോയുടെ ബാനറില്‍ അഭിലാഷ് കുമാര്‍ നിര്‍മിച്ച, ചിത്രത്തിന്റെ ഛായാഗ്രഹണം അലക്‌സ് ജോസഫ് നിര്‍വഹിച്ചിരിക്കുന്നു . കോരയായി ആസിഫ് യോഗി, ഓനനായി ജെയിന്‍ ആന്‍ഡ്രൂസ് എന്നിവർ പ്രധാന വേഷത്തിൽ എത്തിയപ്പോൾ, ഷോണ്‍ റോമി , കൃഷ്ണന്‍ ബാലകൃഷ്ണന്, കനി കുസ്രുതി എന്നിവരും ഈ സിനിമയുടെ ഭാഗമായി.
നല്ല സിനിമകൾ, എന്നും ഒരു നല്ല സംസ്കാരത്തിന്റെ ഭാഗമാണു. പുതു തലമുറയിലൂടെ നമ്മുടെ സംസ്കാരവും, അന്തസ്സും ഉയർത്തുവാൻ ഡോൺ പാലത്തറയെപ്പോലുളള കലാകാരന്മാർക്ക് ഇനിയും സാധ്യമാകട്ടെയെന്ന ആശംസയോടൊപ്പം, പ്രവാസ ലോകത്തിൽ നാടിനേയും, നാട്ടിലെ കലകളേയും പ്രോത്സാഹിപ്പിക്കുന്ന കേളിയെപ്പോലെയുളള സംഘടനകളുടെ പ്രവൃത്തനത്തേയും അഭിനന്ദിക്കുന്നു.
കാർത്തിക താന്നിക്കൻ
(മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച ലേഖനം.)