01/3/16
06:52 pm
നാലു മണി കഴിഞ്ഞപ്പോൾ എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് വിളിച്ചിട്ടു പറഞ്ഞു ഇന്ന് അയാളും കൂടി എന്റെ കൂടെ ഡൂട്ടിക്കു വരുന്നുണ്ടെന്ന്. ഞാൻ ഇന്ന് ലീവെടുത്തൂന്ന് അയാൾക്കറിയില്ലായിരുന്നു. അയാളെ നിരാശപ്പെടുത്തെണ്ടെന്ന് വെച്ച് ഞാൻ പറഞ്ഞു നീ വന്ന് എന്റെ കാറുമായിട്ട് പൊയ്കോ നാളെ ഡൂട്ടി കഴിഞ്ഞു വരുമ്പോൾ ഞാൻ തന്നെ വീട്ടിലോട്ട് വിട്ടേക്കാമെന്നു പറഞ്ഞു.
ആറര ആയപ്പോളേക്കും അയാൾ വന്നു. ഞാൻ വലിയ ഒരു കാര്യം ചെയ്ത ചാരിതാർത്ഥ്യത്തിൽ റൂമിന്റെ താഴെ പോയി വണ്ടിയും അതിന്റെ കീയും കൈമാറി തിരിച്ചു മുറിയിലോട്ട് നടന്നപ്പോഴാണു പണി പാളിയെന്ന് മനസ്സിലായത്.
എനിക്ക് വീട്ടിൽ കയറുവാൻ ഒരു നിർവാഹവുമില്ലാ കാരണം കാറന്റെ ചാപിക്കൂട്ടത്തിൽ നിന്നും എന്റെ മുറിയുടെ താക്കോൽ എടുക്കാൻ മറന്നു പോയി. ഞാനാ വഴിയിൽ നിന്ന് ചിരിച്ചു പോയി.
"ന്റെ പടച്ചോനെ ഇങ്ങളെനിക്കിട്ട് വീണ്ടും പണി തന്നല്ലോ, അതും ഈ ഒന്നാതീയതി തന്നേ".
രെഞ്ചി വന്നാലേ എനിക്കകത്ത് കയറാൻ പറ്റൂ. ഞാൻ അയാളെ വിളിച്ചപ്പോൾ അറിഞ്ഞു അയാൾ വരാൻ ഇനിയും സമയമെടുക്കുമെന്ന്. നേരെ അടുത്തുളള ഷവർമ്മ കടയിലേക്ക് വെച്ചു പിടിപ്പിച്ചു.
അവിടെ ചെന്നപ്പോൾ ഒരാളു ഷവർമ്മക്കടയുടെ ബോർഡിലേക്ക് നോക്കിയങ്ങനെ നിൽക്കുകയാണു. എനിക്ക് മനസ്സിലായി എനിക്ക് പണി തന്നിട്ട് ഒന്നുമറിയാത്തപോലെ നിൽക്കുകയാണെന്ന്."
കാത്തു: "ഇങ്ങളിതിവിടെ എന്തെടുക്കുവാ? ബോർഡു വായിച്ചു പഠിക്കുവാ?"
പടച്ചോൻ: "അല്ലാ .. ഈ ഷവർമ്മയൊക്കെ കഴിക്കുന്നത് നല്ലതാണോ? ഇത് ആളെ കൊല്ലണ സാധനമല്ലേയെന്ന്!".
കാത്തൂ: "പിന്നെ ഇങ്ങളെന്തിനാ ഇതിന്റെ ചോട്ടിൽ വന്ന് വെള്ളമിറക്കി നിൽക്കണത്."
പടച്ചോൻ : "ഇയ്യ് വിചാരിച്ചോ ഞാൻ കൊതിയോണ്ട് നോക്കി നിൽക്കണതാണെന്ന്! ഇത് കഴിച്ച് എത്ര പേർക്ക് അസുഖം വരണൊണ്ടെന്ന് ആലോചിച്ചു നിന്നതാ."
(പടച്ചോനും ദേഷ്യയൊക്കെയുണ്ട് ട്ടോ)
കാത്തൂ: "യ്യോ ... ഇങ്ങൾക്ക് ഫീലു ചെയ്തു. സാരല്യ ഞാനിങ്ങൾക്ക് ഷവർമ്മ വാങ്ങിച്ചു തരാം."
പടച്ചോൻ: "എനിക്ക് വേണ്ടാ അന്റെ ഷവർമ്മയൊന്നും."
പടച്ചോനെ വലിച്ചോണ്ട്
അവിടെ ചെന്ന് രണ്ട് ഷവർമ്മയും ഒരു അവക്കാഡോ ജൂസും പറഞ്ഞു. അതും വാങ്ങിച്ച് ഫ്ലാറ്റിന്റെ താഴെ വന്നു അതിന്റെ അടുത്തുകണ്ട ഒരു കല്ലിന്റെ പുറത്ത് കയറി ഞങ്ങളു രണ്ടു പേരും ഇരിപ്പുറപ്പിച്ചു. പതിയെ ഷവർമ്മയെടുത്ത് തീറ്റി തുടങ്ങി. പുള്ളിയത് തൊട്ടില്ലാട്ടോ.
അതു തിന്നു കഴിഞ്ഞപ്പോൾ മനസ്സിനൊരാശ്വാസം തോന്നി. ഒന്നാം തീയതി പറ്റിയ അക്കിടി ഷവർമ്മക്കൊപ്പം അങ്ങട്ട് ദെഹിച്ചു.
കാത്തു: "ഷവർമ്മ തിന്നുന്നത് ആരോഗ്യത്തിനു ചീത്തയാണെന്ന് അറിയുവാൻ വയ്യാഞ്ഞിട്ടല്ല. ഇതൊക്കെ തിന്നാതെയിരുന്നാലും മ്മളു ചാകും, തിന്നാലും ചാകും. ന്നാപ്പിന്നെ തിന്നിട്ട് അങ്ങോട്ട് ചത്തൂടെ."
പടച്ചോൻ: "ഈ മദ്യപിക്കുന്നവരും പുകവലിക്കുന്നവരും ഇതൊക്കെ തന്നെയാ പറയുന്നത്. അവസാനം ആഘോഷങ്ങളെല്ലാം കഴിഞ്ഞ് അസുഖങ്ങളു കയറി അങ്ങോട്ട് ശരീരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുമ്പോൾ പിന്നെ കുറ്റ ബോധവും കെട്ടിപ്പിടിച്ച് അവിടെയിരിക്കും. കൂടെയാരും കാണില്ലാ നമ്മുടെ ശരീരവും ആത്മാവും പിന്നെ നമ്മൾ നേടിയ അസുഖവുമൊഴിച്ച്."
(പടച്ചോൻ വളരെ ഗൗരവത്തിലായി.)
കാത്തു: "എനിക്കറിയാം അതൊക്കെ."
പടച്ചോൻ: "അറിയാമെന്ന് പറഞ്ഞിട്ട് കാര്യമില്ലാ. അറിയാവുന്ന അറിവ് ജീവിതത്തിൽ പ്രാവർത്തികമാക്കുമ്പോഴാണു ആ അറിവുകൊണ്ട് പ്രയോജനമുണ്ടാകുന്നത്. എല്ലാവർക്കും എല്ലാ അറിയാം പക്ഷേ എല്ലാമറിയാമെങ്കിലും ഒന്നും അറിയാത്തവനെപ്പോലെ എല്ലാവരും ജീവിക്കുന്നു."
കാത്തു: " മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണു."
"പുകവലി ആരോഗ്യത്തിനു ഹാനികരമാണു."
"ഷവർമ്മ ആരോഗ്യത്തിനു ഹാനികരമാണു."
പടച്ചോൻ: "ഇതെന്താ പെട്ടെന്നൊരു മുദ്രാവാക്യം."
കാത്തു: "കണ്ണുളളവർ കാണട്ടെ, ചെവിയുളളവൻ കേൾക്കട്ടെ."
പടച്ചോൻ: " കാത്തൂ".
കാത്തു: "ഇങ്ങൾക്കറിയുവോ എന്റെ പപ്പയ്കു പുകവലിയായിട്ടോ മദ്യപാനമായിട്ടോ ഒരു ദുസ്വഭാവവും ഇല്ലായിരുന്നു. പക്ഷേ കഴിഞ്ഞ വർഷം പപ്പയ്ക് കാൻസർ ആണെന്നറിഞ്ഞപ്പോൾ അസുഖത്തിനു ആളും തരവുമൊന്നും നോട്ടമില്ലെന്ന് മനസ്സിലായി. അന്നു മുതൽ രണ്ട് പേർക്ക് വേണ്ടി എന്നും പ്രത്യേകം പ്രാർത്ഥിക്കുവാൻ തുടങ്ങി.
കഴിഞ്ഞ വെള്ളിയാഴ്ച വെല്ലൂരു വെച്ച് നടന്ന പരിശോധനയിൽ തെളിഞ്ഞു പപ്പയുടെ കാൻസർ പൂർണ്ണമായും മാറിയെന്ന്. മരണത്തിൽ നിന്നും പുതിയ ജീവിതത്തിലേക്കുളള തിരിച്ചു വരവായിരുന്നു അത്. അസുഖത്തോട് പടവെട്ടുവാനുളള നിശ്ചയ ദാർഡ്യമായിരുന്നു പപ്പയെ അതിൽ നിന്ന് കരകയറുവാൻ സഹായിച്ചത്.
ആ നിശ്ചയദാർഡ്യമുണ്ടെങ്കിൽ എന്തും സാധ്യമാകും ജീവിതത്തിൽ. പക്ഷേ അതിനു നമ്മൾ പരിശ്രമിക്കണം എന്നു മാത്രം.
(പ്രാർത്ഥിക്കുന്നു ഇപ്പോഴും എല്ലാം ശരിയാകുവാൻ. എല്ലാ രോഗങ്ങളിൽ നിന്നും എല്ലാവരേയും വിടുവിക്കുവാൻ.)
പ്രർത്ഥനകളോടെ
കാർത്തിക...