എനിക്ക് സാഹസികതകളോടു വലിയ ഭ്രമമുളള കൂട്ടത്തിലല്ലാ. പക്ഷേ ഞാൻ ചെറുപ്പത്തിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരുന്നത് മരം കയറ്റമാണു. അതു കൊണ്ട് കുടുംബത്തിൽ മരം കയറിയെന്ന സ്ഥാനപ്പേരു എനിക്ക് മാത്രം സ്വന്തമായിരുന്നു. വീട്ടു വളപ്പിലും പറമ്പിലുമുളള ഒരു ജാതിപ്പെട്ട എല്ലാ മരത്തേലും എന്റെ കാലടികൾ പതിഞ്ഞിട്ടുണ്ട്.
മരത്തേൽ കയറി അതിന്റെ ഏറ്റവും തുഞ്ചെത്ത് എത്തുക എന്നതായിരുന്നു എന്റെ ലക്ഷ്യം. അതിന്റെ തുഞ്ചെത്തെത്തുമ്പോഴേക്കും മരം കിടന്ന് പതിയെ ആടുവാൻ തുടങ്ങും. ശരിക്കും പേടിയാവൂട്ടോ. ഒന്ന് ബാലൻസ് തെറ്റിയാൽ താഴെയാണു. എന്റെ എല്ലാ കുരുത്തക്കേടിനും എന്റെ അനിയത്തി കൂട്ടൊണ്ടെങ്കിലും, ഈ മരം കിടന്ന് ആടണത് കാണുമ്പോൾ അവൾ കിടന്ന് "താഴോട്ടിറങ്ങടീ....." എന്നു പറഞ്ഞ് അലയ്ക്കുവാൻ തുടങ്ങും.
അങ്ങനെ ഒരു മരം കയറ്റത്തിന്റെ ഓർമ്മയാണു ഈ മമ്മക്ക് എന്റെ കുറുമ്പിപ്പെണ്ണിനോട് പറയുവാനുളളത്.... കഥ പറയുമ്പോൾ നീയെന്നെ ഉറക്കം കൊണ്ടോ, വിശപ്പുകൊണ്ടോ ശല്യപ്പെടുത്തിയേക്കരുത്...
ഞങ്ങൾ അന്ന് കൊച്ചുകുട്ടികളായിരുന്നു. പറമ്പിൽ നിന്ന് കശുവണ്ടിയും, അതുപോലെ കൊക്കോക്കായൊക്കെ പറിച്ചു കൊണ്ടു പോയി അമ്മച്ചിക്ക് കൊടുത്താൽ ഞങ്ങൾക്ക് കൈമണി കിട്ടുമായിരുന്നു... കൈമണീന്നു വെച്ചാൽ പൈസാ. അപ്പോൾ എന്നും രാവിലെയെണീറ്റ് ഞങ്ങൾ കാപ്പിലുമാവിൻ തോട്ടത്തിലേക്ക് പോകും. പിന്നെ ഓടി നടന്ന് കപ്പിലണ്ടി പെറുക്കും. അതിനും മത്സരമുണ്ട് കാരണം ഏറ്റവും കൂടുതൽ പെറുക്കുന്നവർക്ക് കൂടുതൽ കാശുണ്ടേ. പിന്നെ പ്രഭാത ഭക്ഷണവും കഴിഞ്ഞ് നേരെ കണ്ടത്തിലോട്ട് വിടും കാരണം അവിടെ കൊക്കോ മരങ്ങൾ കൂടുതൽ ഉണ്ട്. അതിൽ കയറി കൊക്കോക്കാ പറിക്കുന്നത് എന്റെ ജോലിയാണു. പതിവു പോലെ ഞാൻ കൊക്കോയേൽ വലിഞ്ഞു കയറി. എന്റെ അനിയത്തി അതിന്റെ ചുവട്ടിൽ ഞാൻ കയറുന്നതും നോക്കി നിൽക്കുകയാണു.
അന്നും ആത്മവിശ്വാസം നമ്മുടെ പാരമ്പര്യവും അഹങ്കാരം നമ്മുടെ കുത്തകയുമായിരുന്നു. ഞാൻ ഓരോ കൊക്കോക്കാ പറിച്ച് താഴോട്ട് ഇട്ടുകൊണ്ടിരിക്കുകയാണു. ഒരു കൊക്കോക്കാ ആഞ്ഞു പറിക്കുവാൻ ശ്രമിച്ചപ്പോൾ എന്റെ കാൽ തെന്നിപ്പോയി. ഞാൻ പെട്ടെന്ന് വേറൊരു കമ്പിൽ ചവിട്ടി ബാലൻസ് കൊടുക്കുവാൻ ശ്രമിച്ചപ്പോഴേക്കും അത് ഒടിഞ്ഞ് ഞാൻ താഴേക്ക് വീണു. ഞാൻ ചവിട്ടിയത് ഒരു ഉണക്കക്കമ്പായിരുന്നു.
ഞാൻ വീഴുന്നത് കണ്ടതോടെ എന്റെ അനിയത്തി കണ്ണുപൊത്തി കാറിവാൻ തുടങ്ങി. കൂടെ എന്റെ കാറിച്ചയും, ഞാൻ വീഴുന്ന ശബ്ദവും പ്രതീക്ഷിച്ച അവൾ കേട്ടത് അവളുടെ കാറിച്ച മാത്രമാണു. എന്റെ ശബ്ദമൊന്നും കേൾക്കാതായപ്പോൾ അവൾ പതിയെ തന്റെ കുഞ്ഞി വിരലുകൾക്കിടയിലൂടെ മരത്തിന്റെ ചുവട്ടിലേക്ക് നോക്കി. എന്നെ പ്രതീക്ഷിച്ച അവൾ എന്റെ പൊടി പോലും അവിടെ കണ്ടില്ല. അവൾ മരത്തിനു ചുറ്റും കിടന്ന് എന്നെ അന്വേഷിച്ചു. അവൾ വിചാരിച്ചത് അവളെ പറ്റിച്ച് ഞാൻ എവിടെയോ ഒളിച്ചിരിക്കുവാന്നാണു.
"എടീ..." അവൾ ഒരശരീരി മാത്രം കേട്ടു.
"നീയിതെവിടെയാ???" അവൾ ചോദിച്ചു.
"മരത്തിന്റെ മുകളിലോട്ട് നോക്കടീ പോത്തേ." ഞാൻ മരത്തിന്റെ മുകളിൽ നിന്നലറി.
അവൾ മുകളിലേക്ക് നോക്കിയതും ആ കാഴ്ച്ച കണ്ട് വലിയ വായിൽ ചിരുക്കുവാൻ തുടങ്ങി. വേറൊന്നും കൊണ്ടല്ലാ. മരത്തിൽ നിന്നും കാൽ വഴുതി ഒരു ഉൽക്കപോലെ താഴേക്ക് പതിച്ചു കൊണ്ടിരുന്ന വഴിക്ക് വേറൊരു കമ്പ് നമുക്കിട്ട് വീണ്ടും പണി തന്നു. എന്റെ പാവാട അതിൽ ഉടക്കി ഞാൻ വവ്വാൽ പോലെ തല കീഴായി തൂങ്ങിക്കിടന്നു.
എനിക്കാണെങ്കിൽ വേറൊരു കമ്പേലും എത്തിപ്പിടിക്കുവാനും സാധിക്കുന്നില്ല. ഈ കോലത്തിൽ അപ്പൻ എന്നെ കണ്ടാൽ അവിടെയിട്ട് അടിക്കും. എങ്ങനെയെങ്കിലും താഴെയെത്തണമെന്നായി എന്റെ ചിന്ത. അനിയത്തി അപ്പോഴേക്കും ചിരി തുടർന്നുകൊണ്ട് തന്നെ താഴത്തെ കല്ലും കമ്പുമൊക്കെ മാറ്റി എന്റെ വീഴ്ച്ചക്കുളള കളമൊരുക്കി. പക്ഷേ എന്തു ചെയ്യണമെന്നറിയാതെ മരത്തിന്റെ കീഴെ എന്നേയും നോക്കിക്കിണ്ട് നിന്ന എന്റെ അനിയത്തിയും, ലോകം തല കീഴായി കണ്ടു കൊണ്ട് മരത്തിന്റെ മുകളിൽ വവ്വാലിനെപ്പോലെ കിടന്ന ഞാനും പെട്ടെന്നൊരു ശബ്ദം കേട്ടു.
"എന്താടിയത്.??"
എന്റെ അനിയത്തി എന്നോടു ചോദിച്ചു.
ഞാൻ ചിരിച്ചു കൊണ്ട് ഉത്തരം പറഞ്ഞു, "എന്റെ പാവാട കീറുന്നതാണു."
അങ്ങനെ എന്റെ ഭാരം താങ്ങാതെ പാവാട സ്വയം കീറിക്കൊണ്ട് എന്റെ ലാൻഡിംങ്ങിനു സിഗ്നൽ തന്നു. പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. ഭൂമിയിലേക്ക് ഉൽക്ക പതിക്കുന്നതുപോലെ ഞാൻ ഠപ്പേന്ന് താഴെ ലാൻഡ് ചെയ്തു. ആ വീഴ്ച്ചയിൽ എന്റെ കുഞ്ഞി ചന്തിക്കും കൈകാലുകൾക്കും നേരിയ ക്ഷതം സംഭവിച്ചു. എന്റെ മുറിവൊക്കെ കമ്മൂണിസ്റ്റ് പച്ചയും , തൊട്ടാവാടിയില കൊണ്ടുമൊക്കെ എന്റെ അനിയത്തി വെച്ചുകെട്ടി.
ഒരു വിധത്തിൽ ഏന്തി വലിഞ്ഞ് ഉളള കൊക്കോക്കായും പെറുക്കിയെടുത്ത് വീട്ടിലോട്ട് വിട്ടു. കൊക്കോക്കായുടെ എണ്ണം കുറഞ്ഞത് കണ്ട് വല്യമ്മച്ചി ചോദിച്ചു, "എന്താടീ പിളേളരെ ഇന്ന് കൊക്കോക്കാ കുറവാണല്ലോ??"
അതിനുത്തരമായി എന്റെ അനിയത്തി പറഞ്ഞു, "ഓ.. അതോ ... അമ്മച്ചി... ഇവളു ഇന്നു വവ്വാലിനു പഠിക്കാൻ പോയതു കൊണ്ട് ഇന്ന് കുറച്ചേ കിട്ടിയുള്ളൂ."
ഞങ്ങൾ കൊണ്ടുവന്ന കൊക്കോക്കാ പൊട്ടിച്ച് അതും ചപ്പിക്കൊണ്ടിരുന്ന ഞാൻ അവളുടെ ഡയലോഗ് കേട്ട് ചിരിച്ചു പോയി, ആ ചിരിയിൽ രണ്ടു കൊക്കോക്കുരു ഞാൻ വിഴുങ്ങുകയും ചെയ്തു. അത് അറിയാതെ വിഴുങ്ങിപ്പോയതാണെങ്കിലും എന്റെ അപ്പോഴത്തെ വിഷമം അമ്മച്ചിക്ക് കൊടുക്കേണ്ടുന്ന കൊക്കോകുരുവിൽ രണ്ടെണ്ൺം കുറഞ്ഞു പോയല്ലോയെന്നോർത്തായിരുന്നു.
"വവ്വാലിനോ.. അതെന്താ പിളേളരെ." അവളു പറഞ്ഞൊതൊന്നും അമ്മച്ചിക്ക് മനസ്സിലായില്ലെന്ന് കുരു വിഴുങ്ങിപ്പോയ വിഷമത്തിലിരുന്ന എനിക്ക് മനസ്സിലായി.
അന്നത്തെ പോക്കറ്റുമണിയും വാങ്ങിച്ചോണ്ട് നേരെ മിഠായി കടയിലേക്ക് ഞങ്ങൾ ഓടി...
ഒരിക്കൽ കൂടി ആ ബാല്യം തിരിച്ചു കിട്ടിയിരുന്നെങ്കിൽ... ആ നിഷ്കളങ്കതയും, സ്വാതന്ത്ര്യവും, സന്തോഷവുമെല്ലാം ഇപ്പോളന്യമാണു.... ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത ആ ബാല്യത്തിന്റെ ഓർമ്മക്കായി ഞാനിതു കുറിക്കുന്നു....
കാർത്തിക...