ജീവിതത്തിൽ നമുക്ക് ഓർത്തിരിക്കാൻ ഇഷ്ടപ്പെടുന്ന ഓർമ്മകൾ നമ്മൾ ക്ഷണിക്കാതെ തന്നെ നമ്മളെ തേടി വരാറുണ്ട്. ആ ഓർമ്മകളുടെ കൂട്ടത്തിൽ ഒന്നാണു ഞങ്ങളുടെ ഹോളിക്രോസ്സ് ജീവിതം. ഞങ്ങളെന്നു പറയുമ്പോൾ ഞാനും, അന്നക്കുട്ടിയും (ആൻ), പിന്നെ പ്രാച്ചിയും ( പ്രതിഭാ). അതൊരു നേഴ്സ്സിംഗ് സ്കൂളായിരുന്നു. ഞങ്ങൾ അവിടുത്തെ ഇത്തിരി തല തെറിച്ച ടീച്ചർമ്മാരും. പക്ഷേ കുട്ടികളുടെ പ്രിയപ്പെട്ട ടീച്ചർമാരായിരുന്നു ട്ടോ ഞങ്ങൾ.
അവിടുത്തെ പ്രത്യേകത ഹോസ്റ്റലും, ക്ലാസ്സുമുറിയും ഒറ്റ കെട്ടിടത്തിലാണെന്നതാണു.അതു കൊണ്ട് ഞങ്ങടെ മുറിയിൽ നിന്നിറങ്ങിയാൽ നേരെ കാലു വെക്കുന്നത് ഏതെങ്കിലും ക്ലാസ്സ് മുറിയിലേക്കായിരിക്കും. അതുകൊണ്ട് ഊഹിക്കാമല്ലോ കിടക്കപ്പായേന്ന് എണീറ്റ് ചിലപ്പോൾ ക്ലാസ്സിലോട്ട് ഓടിയിട്ടുണ്ട്. കാരണം ഉറക്കത്തിന്റെ കാര്യത്തിൽ അവിടെ മത്സരമായിരുന്നു പ്രാച്ചിയും അന്നക്കുട്ടിയും തമ്മിൽ. ഞാൻ അപ്പോഴും സ്വപ്നങ്ങളുടെ ലോകത്ത് പറന്നു നടക്കകയായിരിക്കും.
പിന്നെ ഞങ്ങളുടെ നിർത്താതെയുളള വർത്തമാനങ്ങൾ .....
കൂട്ടത്തിലുളള മറ്റു ടീച്ചേർസ്സിനേയും, പിന്നെ പിളേളരെയും അങ്ങനെ അവിടെയുളള ഒരു മാതിരിപ്പെട്ട എല്ലാവരേയും കുറിച്ച് കുറ്റം പറഞ്ഞു സന്തോഷിക്കും. സത്യം പറഞ്ഞാൽ കുറ്റമല്ലാ. ഞങ്ങൾ സിസ്റ്റർ തെരേസ്സ് മാർട്ടിന്റെ (പ്രിൻസിപ്പാൾ) പ്രിയപ്പെട്ട ടീച്ചർമ്മാരായിരുന്നു. ഞങ്ങൾ അവിടെ പുതിയ ഭരണ പരിഷ്കാരങ്ങളൊക്കെ കൊണ്ടു വരുവാൻ ശ്രമിച്ചു. അത് മറ്റുളളവർക്ക് അത്ര പിടിക്കുന്നില്ലായിരുന്നു. പിന്നെ ഇടയ്കിടക്ക് വേറൊരു അഥിതി കൂടി ഞങ്ങടെ മുറിയിൽ വരുമായിരുന്നു സ്വപ്നാ ടീച്ചർ. പുളളി ഞങ്ങളുമായിട്ട് വെറുതെ കത്തിവെക്കാൻ വരുന്നതാണു ട്ടോ. ആറു മണി കഴിയുമ്പോൾ പുളളി വീട്ടിൽ പോകും.
പിന്നെ ഞങ്ങളു നാലു മണി കഴിയുമ്പോൾ ഒരു കറക്കമുണ്ട്. ആദ്യം നേരെ ചാപ്പലിൽ. അവിടെ എന്റെ വക മൂന്നു നാലു പാട്ടൊക്കെ പാടി മാതാവിനെ സന്തോഷിപ്പിക്കും. പിന്നെ പതിയെ ഒരു നടപ്പിനിറങ്ങും, അടൂർ പട്ടണം മുഴുവൻ ചുറ്റിക്കറങ്ങി കടയായ കടയിൽ ഒക്കെ കയറി ഹോസ്റ്റലിന്റെ താഴെയുളള തട്ടുകടയുടെ മുൻപിൽ എത്തും. അവിടെ വരുമ്പോഴേക്കും സ്വിച്ചിട്ടപോലെ ഞങ്ങൾ മൂന്നു പേരും നിൽക്കും. പരസ്പരം മുഖത്തോടു മുഖം നോക്കും. കാരണം ആരെങ്കിലും ഒരാൾ പറയണം ഓർഡർ ചെയ്യാമെന്ന്. ഒരാൾക്ക് ആഗ്രഹം തോന്നിയാൽ മതി പിന്നെ മൂന്നു പേർക്കും പകർച്ചവ്യാധി പോലെ ആ കൊതിയങ്ങ് പടരും. പിന്നെ തട്ടുകടച്ചേട്ടനു പൊറോട്ടായും, ഗോബി മഞ്ചൂരിയും, ചില്ലി ചിക്കനും ഓർഡറായി.
ഇത് കിട്ടാനും സമയമെടുക്കും. അപ്പോൾ അവിടെ നിന്ന് കത്തിവെക്കലിന്റെ കൂടെ ആ ബെസ്റ്റോപ്പിൽ വരുന്ന ആൾക്കാരെ ഞങ്ങൾ ബസ്സ് കയറ്റിവിടും, വരുന്നവരെ വീട്ടിൽ കൊണ്ടെ വരെ വിടും. പച്ച മലയാളത്തിൽ പറഞ്ഞാൽ വായിനോട്ടം. പിന്നെ പൊതിയും വാങ്ങിച്ചോണ്ട് ഒരു പോക്കാണു. പൊതിയഴിക്കുന്നതും കാണാം പിന്നെയവിടെ ഒരു യുദ്ധമാണു. ഈശ്വരാ.... ഇപ്പോഴും അതോർക്കുമ്പോൾ ചിരി വരും. ആദ്യത്തെ ആക്രാന്തം കഴിയുമ്പോഴേക്കും ഞാനും പ്രാച്ചിയും വടിയാകും. ഇര വിഴുങ്ങിയ പാമ്പിനെപ്പോലെ ഞങ്ങൾ കട്ടിലേൽ നീണ്ടു നിവർന്ന് കിടപ്പുണ്ടാവും. അപ്പോഴും ഒരു ഇടതടവില്ലാതെ തീറ്റി തുടരുന്നുണ്ടാവും അന്നക്കുട്ടി. കൂടെയൊരു ഉപദേശവും ഞങ്ങൾക്ക് സ്ഥിരമായി തരാറുണ്ട്. പതിയെ തിന്നാൽ പനയും തിന്നാം. എന്താണേലും ഞങ്ങൾ വാങ്ങിക്കുന്ന ആഹാരമൊക്കെ പാഴാക്കാതെ കഴിച്ചുകൊണ്ടിരുന്നത് അവളാണു. അതു മൊത്തം കഴിച്ചു കഴിയുമ്പോഴേക്കും പിന്നെ മൂന്നു വശത്തു നിന്നുമായി കൂർക്കം വലികൾ ഉയരും. എന്താണെങ്കിലും ആ തട്ടുകടയും, അവിടുത്തെ ഭക്ഷണത്തിന്റേയും രുചി ഇപ്പോഴും നാവിലുണ്ട്.
ആഴ്ചയവസാനം ആനും പ്രാച്ചിയും വീട്ടിൽ പോകും, ഞാൻ മാത്രം ആ ഹോസ്റ്റലിൽ തനിച്ചാകും. പിന്നെ അതെന്റെ ലോകമായി മാറും. എന്റെ വീട്ടിൽ പോകാൻ എനിക്ക് വലിയ താത്പര്യമില്ലാത്തതു കൊണ്ട് ഞാനെന്റെ ഡയറിയെഴുത്തും, സ്വപ്നം കാണലുമായി സമയം കൊല്ലും. പിന്നെ കുട്ടികളുമായി വർത്തമാനം പറഞ്ഞും, അവരുടെ സമസ്യകൾക്കുമൊക്കെയായി ആ അവധി ദിവസങ്ങൾ മാറ്റി വെക്കുമായിരുന്നു.
പിന്നെ എന്റേയും ആനിന്റേയും ഡ്രൈവിംഗ് പഠിത്തം. ഹോ!! ആ ആശാന്റെ ക്ഷമ മുഴുവനും ഞങ്ങൾ പരീക്ഷിച്ചിട്ടുണ്ട്. എന്തോരം ചീത്തവിളിച്ച ആ പാവം മനുഷ്യൻ ഞങ്ങളെ പഠിപ്പിച്ചെടുത്തത്. അവിടെ ഏറ്റവും കൂടുതൽ ക്ലാസ്സെടുത്ത് പഠിച്ചത് ഞങ്ങളായിരുന്നെന്ന് തോന്നുന്നു. കാരണം ആശാൻ അവസാനം ഞങ്ങളോടു ചോദിച്ചു "എന്തേ എന്റെ ജോലി തെറുപ്പിക്കാൻ വല്ല പ്ലാനുമുണ്ടോ??? നിങ്ങളു മാത്രമെന്താ ടെസ്റ്റിനു ഡെയിറ്റ് എടുക്കാത്തത്?? ഞങ്ങളു തറവായിട്ടേ എഴുതത്തൊളളൂ. എങ്ങനെയോ ആദ്യത്തെ ടെസ്റ്റിൽത്തന്നെ ജയിച്ചു. ടെസ്റ്റ് ജെയിച്ചെന്ന് പറഞ്ഞപ്പോൾ ആശാൻ പറയുകയാ "നിങ്ങളെന്റെ മാനം കാത്തു. ഇല്ലായിരുന്നേൽ ഞാനീ ജോലി രാജി വെച്ചേനെ."
ഇപ്പോഴും എന്നെ വിളിക്കുമ്പോൾ ആനും, പ്രാച്ചിയും എന്നോട് എപ്പോഴും സംസാരിക്കാൻ ഇഷ്ടപ്പെടുന്നത് ആ ദിവസങ്ങളെക്കുറിച്ചാണു. ശരിക്കും ജീവിതത്തിലെ സന്തോഷവും സ്വാതന്ത്ര്യവും ഏറ്റവും കൂടുതൽ ആസ്വദിക്കാൻ പറ്റുന്നത് യൗവന കാലത്താണു. എല്ലാം ഒരോർമ്മയായി മാറിയിരിക്കുന്നു. ആൻ, പ്രാച്ചി, സ്വപ്നാ ശരിക്കും നിങ്ങളെയൊക്കെ ഒരുപാടു മിസ്സ് ചെയ്യുന്നു, ആ ഹോളി ക്രോസ്സ് ജീവിതവും, ചാപ്പലിലെ എന്റെ പാട്ടും, പൊറോട്ട കഴിപ്പും, എന്റെ ആനിന്റേയും ഡ്രൈവിംഗ്ഗ് പഠിത്തവും... അങ്ങനെയെല്ലാം..