ഇന്ന് നല്ല മഴയും തണുപ്പുമുളള ദിവസമായിരുന്നു. ഞാനും രെഞ്ചിയും കൂടി എന്റെ സ്കാനിംങിനായി പോകുവാനിറങ്ങിയപ്പോൾ ഞാങ്ങളെ സ്വാഗതം ചെയ്തുകൊണ്ട് മഴയുടെ ശക്തിയും കൂടി. ഒരു കുടക്കീഴിൽ എന്നേയും ഞങ്ങടെ കുഞ്ഞൂസിനേയും നനയിക്കാതിരിക്കാൻ രെഞ്ചി എന്നെ രെഞ്ചിയോട് ചേർത്തുപിടിച്ചു നടന്നു. ഞങ്ങളുടെ നടപ്പ് കണ്ട് ബൈക്കിൽ ഞങ്ങളെ കടന്നു പോയ ഒരു പോസ്റ്റ് വുമൺ ഉറക്കെ വിളിച്ച് എന്നോടായി പറഞ്ഞു,
"He's taking care of you well!"
പുളളിക്കാരിക്ക് ഒരു നല്ല ചിരിയും സമ്മാനിച്ച് ഞങ്ങൾ യാത്ര തുടർന്നു.
സ്കാനിംങ്ങിനായി കാത്തിരുന്നപ്പോഴും ഒരു പ്രാർത്ഥനമാത്രമേ ഉണ്ടായിരുന്നുളളൂ "എന്റെ കുഞ്ഞിക്ക് ഒരു കുഴപ്പവും ഉണ്ടാകരുതേയെന്ന്." രെഞ്ചിയെക്കൂട്ടി സ്കാനിംങ്ങ് മുറിയിൽ കയറിയപ്പോൾ ഞാൻ കണ്ടു എന്റെ കൊച്ചിന്റെ മുഖത്തും ഒരു പാട് പിരിമുറുക്കം ഉളളതായി. പക്ഷേ കുഞ്ഞിന്റെ ഓരോ ചലനങ്ങളും സ്ക്രീനിൽ കാണുവാൻ തുടങ്ങിയപ്പോൾ ശരിക്കും ആ പിരിമുറുക്കം എവിടെയോ പോയി മറഞ്ഞു. ഞങ്ങൾ കണ്ടു എന്റെ കുഞ്ഞൂസിന്റെ കുഞ്ഞി കൈകളും കാലുകളും ഉടലും ശിരസ്സും മുഖവുമെല്ലാം.
സ്കാനിംങ്ങിൽ കുഞ്ഞ് ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് കേട്ടപ്പോഴാണു ശരിക്കും മനസ്സ് നിറഞ്ഞു സന്തോഷിച്ചത്. പക്ഷേ ആ സന്തോഷം അമിതമാകാതിരിക്കാനാകണം എനിക്ക് ചില പ്രശ്നങ്ങൾ അവർ കണ്ടെത്തി. അതുകൊണ്ട് ഇനിയങ്ങോട്ട് കുഞ്ഞിന്റെ വളർച്ചയും, കുഞ്ഞിന്റെ ജനനവുമൊക്കെ ഒരു അഗ്നിപരീക്ഷ പോലെയാണു. എന്താണെങ്കിലും എന്തിനേയും നേരിടാൻ മനസ്സുകൊണ്ടും ശരീരം കൊണ്ടും തെയ്യാറായി കഴിഞ്ഞു.
വീണ്ടും ഒരു കുടക്കീഴിൽ വീട്ടിലോട്ട് യാത്ര തിരിച്ചപ്പോഴും മനസ്സിൽ നിറയെ എന്റെ കുഞ്ഞിന്റെ മുഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ മനസ്സിൽ ഒരു പിടി പ്രാർത്ഥനകളും "എന്നെ വിശ്വസിച്ച് എന്റെ ഉദരത്തിൽ ഉരുവായിരിക്കുന്ന എന്റെ കുഞ്ഞിനു ഈ ഭൂമിയിൽ പൂർണ്ണ ആരോഗ്യത്തോടെ ജനിച്ച് വീഴുവാൻ എനിക്ക് ആയുസ്സും ആരോഗ്യവും തരണമേയെന്നു. എന്റെ രെഞ്ചിയുടേയും, കുടുംബത്തിന്റേയും പ്രതീക്ഷകളെ സ്വപ്നങ്ങളെ ഞാൻ കാരണം ഇല്ലാണ്ടാക്കുവാൻ ഇടവരരുതേയെന്ന്. നല്ലത് മാത്രം പ്രതീക്ഷിക്കുന്നു ..... പ്രാർത്ഥിക്കുന്നു.