ദുഃഖം ആത്മാവിന്റെ ആഴങ്ങളിൽ ഘനീഭവിക്കുമ്പോൾ മനസ്സ് മൗനത്തിനു വഴിമാറുന്നു. പിന്നെ ചിന്തകളുടെ ഒരു വേലിയേറ്റമാണു. ആ ചിന്തകളുടെ മധ്യത്തിൽ ഞാൻ വീണ്ടും തനിച്ചായതുപോലെ.
സ്വന്തം കാര്യപ്രാപ്തിക്കായി എല്ലാവരും അഭിനയിക്കുകയാണു, വെറുതെ സ്നേഹം നടിക്കുകയാണു. സാഹചര്യങ്ങൾക്ക് അനുസരിച്ച് എല്ലാവരും മാറുന്നു, വിവിധ മുഖങ്ങൾ സ്വീകരിക്കുന്നു. ആരെയാണു വിശ്വസിക്കേണ്ടത്, ആരുടെ വാക്കുകളാണു സത്യം പറയുന്നത്.
മൗനത്തിൻ മറയിലെ ചോദ്യങ്ങൾക്ക് ഒരുത്തരം മാത്രം ഞാൻ കണ്ടെത്തി..
"ഈ ഭൂമിയിൽ ജനിച്ചു വീണപ്പോൾ ഞാൻ ഒന്നിനും അവകാശിയല്ലായിരുന്നു, ഇനി ജീവിതത്തിൽ അങ്ങോട്ട് എനിക്ക് അവകാശപ്പെടുവാനും ഒന്നുമില്ല, ആരുടെയൊക്കെയോ അവകാശമായിരിക്കുന്ന ഒരു ആറടി മണ്ണിൽ ഈ ജീവന്റെ അവസാനവും എഴുതപ്പെട്ടിരിക്കുന്നു. പിന്നെ ഞാനെന്തിനെക്കുറിച്ചു വിലപിക്കണം!!."
ചിലപ്പോൾ നമ്മൾക്കും ചുറ്റും നമ്മുടെ പ്രിയപ്പെട്ടവർ ഉണ്ടെങ്കിൽ കൂടിയും ഈ ലോകത്തിൽ നമ്മൾ അനാഥരാകുന്ന നിമിഷങ്ങൾ ഉണ്ട്. വേദനയുടെ മറ്റൊരു അനുഭവം. അത് ജീവിതത്തിൽ വീണ്ടും തുടർക്കഥയാകുമ്പോൾ ആരും കാണാതെ കണ്ണുനീർ പൊഴിക്കുവാൻ മാത്രമേ സാധിക്കൂ.