ജീവിത യാത്രയിൽ നമ്മൾ ഒരുപാട് ആൾക്കാരെ പരിചയപ്പെടുന്നു... യാത്രയുടെ തുടർച്ചയിൽ ചിലർ എന്നന്നേക്കുമായി വിടപറഞ്ഞു പോകും, ചിലർ ഓർമ്മകളുടെ ഏടുകളിൽ മറയപ്പെടും, ചിലർ കാലചക്രത്തിന്റെ കറക്കത്തിൽ വീണ്ടും കണ്ടുമുട്ടും, എന്നാൽ വളരെ ചുരുക്കം പേർ മാത്രം നമ്മോടൊപ്പം നമ്മുടെ ജീവിതാവസാനം വരെ കൂടെയുണ്ടാവും... നമ്മുടെ സന്തോഷങ്ങളിൽ, നമ്മുടെ ദുഃഖങ്ങളിൽ, നമ്മുടെ എല്ലാ തല്ലുകൊളളിത്തരങ്ങളിലും നമുക്ക് കൂട്ടായി അവർ ഉണ്ടാകും.
ഒരാളുടെ ജീവിതത്തിൽ നമുക്ക് എത്രമാത്രം പ്രാധാന്യമുണ്ട് എന്ന് നാം മനസ്സിലാക്കുന്നത് അവരുടെ ജീവിതത്തിലെ ഏറ്റവും പരമ പ്രധാനമായ കാര്യങ്ങൾ അത് ദുഃഖമായാലും, സന്തോഷമായാലും നമ്മോട് പങ്കുവെക്കപ്പെടുമ്പോഴാണു. ശരിക്കും ആ ഒരു അടുപ്പം ആത്മാവിന്റെ ആഴങ്ങളിൽ വേരൂന്നിയതായിട്ട് എനിക്ക് തോന്നിയിട്ടുണ്ട്. അപ്പോഴാണു നമുക്ക് നമ്മോട് തന്നെ ഒരു ബഹുമാനം തോന്നിപ്പോകുന്നത്, നമ്മുടെ അസ്തിത്വവും ജീവിതവുമൊക്കെ ആരുടെയൊക്കെയോ ജീവിതത്തിന്റേയും ഭാഗമാണെന്ന് തോന്നുന്നത്.
കഴിഞ്ഞ രണ്ട് വർഷത്തിനുളളിൽ എന്നെ ബന്ധപ്പെടുവാൻ ഒരു കോണ്ടാക്ട്ട് ഡീറ്റെയിൽസ് ഇല്ലാതിരുന്നിട്ടു കൂടിയും എന്നെ തേടി ഒരു സുഹൃത്ത് വന്നു. ശരിക്കും എനിക്ക് ഒരുപാട് സന്തോഷം തോന്നി അന്ന്. നാമറിയാതെ നമ്മെ സ്നേഹിക്കുന്നവരും, നമ്മെ തേടുന്നവരുമുണ്ട് ഈ ലോകത്ത് ഉണ്ട് എന്നറിയുന്നത് ഒരു സുഖമുളള അനുഭവമാണു.
ഇപ്പോൾ ഞാൻ ഇതിവിടെ എഴുതിയതെന്താണെന്നു വെച്ചാൽ കഴിഞ്ഞ രണ്ട് പ്രഭാതങ്ങൾ എനിക്ക് നൽകിയത് രണ്ട് വാർത്തകളാണു; ഒരു വാർത്ത സന്തോഷത്തോടൊപ്പം മനസ്സിൽ ചെറിയ ഒരു വേദന ഉണ്ടാക്കിയെങ്കിൽ, അടുത്ത വാർത്ത ഒരുപാടു സന്തോഷം നൽകുന്ന ഒന്നായിരുന്നു. രണ്ടും ഈ ലോകത്തിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നവരിൽ നിന്നാകുമ്പോൾ ആ സന്തോഷം ഒരു പടി മുന്നിലാണു. രണ്ടും ഒരു മനസ്സ് കൊണ്ട് സ്വീകരിക്കുമ്പോൾ എന്നും ദൈവം അവർക്ക് നന്മ മാത്രം വരുത്തണമേയെന്നുളള മനസ്സ് നിറഞ്ഞ പ്രാർത്ഥന മാത്രം എന്നിൽ അവശേഷിക്കുന്നു.