കാത്തിരിപ്പിനൊടുവിൽ ചില പ്രതീക്ഷകൾ തെറ്റിയെങ്കിലും, പ്രതീക്ഷകളൊന്നും തെറ്റിക്കാതെ ഒരു പുതുവർഷം കൂടി വന്നണഞ്ഞു. ആ പുതുവർഷത്തെ വരവേൽക്കുവാൻ എനിക്ക് കൂട്ടായി മുറിയിൽ കത്തിച്ചു വെച്ചിരുന്ന മെഴുകുതിരി നാളവും, അതിൽ നിന്ന് മുറിയിൽ മുഴുവൻ വ്യാപിച്ച സൗരഭ്യവും, പ്രകൃതിയെ പുണർന്നു നിന്ന മഞ്ഞും, പിന്നെ എന്റെ കൈകളിൽ കിടന്നുറങ്ങുന്ന എന്റെ കുഞ്ഞും ഉണ്ടായിരുന്നു....
സൗരഭ്യത്തിന്റെ ഉറവിടം എന്റെ സുഹൃത്ത് സുമി പുതുവർഷ സമ്മാനമായി എനിക്ക് സമ്മാനിച്ച ഒരു മെഴുകുതിരിയാണു.... അതുകൊണ്ട് എന്റെ പുതുവർഷത്തെ സൗരഭ്യമാക്കിയതിൽ സുമിക്ക് നന്ദി!
എനിക്ക് വായിക്കുവാൻ വേണ്ടി മാത്രം എന്റെ പേഴ്സണിൽ നോട്ടിൽ ഞാൻ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് കുറിച്ച് കഴിഞ്ഞപ്പോൾ വെളിയിൽ നിന്ന് പുതുവർഷത്തെ വരവേൽക്കുന്ന വെടിക്കെട്ട് തുടങ്ങി. കഴിഞ്ഞ വർഷത്തിന്റെ അവസാനവും പുതിയ വർഷത്തിന്റെ ആരംഭവും അങ്ങനെ ഞാൻ എന്റെ അക്ഷരങ്ങളാൽ കുറിച്ചു.... പുതുവർഷം പിറന്നപ്പോൾ മൗനമായി എല്ലാവർക്കായും പ്രാർത്ഥിച്ചു.... പടച്ചോനോട് അറിഞ്ഞും അറിയാതെയും ചെയ്ത തെറ്റുകൾക്ക് ക്ഷമാപണം ചോദിച്ചപ്പോൾ , പടച്ചോൻ തിരിച്ചു ചോദിച്ചു "ഇനി ചെയ്യാനിരിക്കുന്ന തെറ്റുകൾക്ക് ക്ഷമാപണം വേണ്ടേയെന്ന്!". പടച്ചോനു ഞാനൊരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് പറഞ്ഞു "ഹാപ്പി ന്യൂ ഇയർ".
ഒരു പിടി നല്ല ഓർമ്മകളെ താലോലിക്കുവാനും, എന്റെ കൊച്ചു കൊച്ചു സ്വപ്നങ്ങളെ അതിന്റെ പൂർണ്ണതയിൽ ജീവിതത്തിൽ അനുഭവഭേദ്യമാക്കുവാനും ഇടവരുത്തിയ ദൈവത്തിനും അതിനു നിയോഗങ്ങളായി മാറിയ എല്ലാ നല്ല മനസ്സുകൾക്കും നന്ദിയും അതോടൊപ്പം ഒരു നല്ല പുതുവർഷവും ഞാൻ നേരുന്നു.....
ഇനിയും ഈ ജീവിതം കുറിക്കുവാനിരിക്കുന്ന ഓരോ നിമിഷവും കൊച്ചു കൊച്ചു സന്തോഷങ്ങളാലും, എല്ലാ നന്മകളാലും നിറക്കട്ടെയെന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു.....