24.03.20
കൊറോണ ലോകത്തിൽ ആധിപത്യം സ്ഥാപിച്ചപ്പോൾ എല്ലാ മനുഷ്യരും അവരവരുടെ വീടുകളിൽ ആധിപത്യം ഉറപ്പിച്ചു. അപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് എല്ലാവർക്കും ഒരു പാട് ഫാമിലി ടൈം കിട്ടുവാൻ പോകുന്നുവെന്നതാണു. പക്ഷേ ആരും കാണാത്ത ഒരു കൊച്ചു ലോകം നമ്മളറിയാതെ നീറിപ്പിടയുന്നുണ്ട്. നമുക്ക് ചുറ്റും കറങ്ങുന്ന നമ്മുടെ കുട്ടികളുടെ ലോകം.
ഒരു കൊച്ചു പൂമ്പാറ്റ ഒരു പൂവിനു ചുറ്റും കറങ്ങുന്നതുപോലെ എന്റെ മകൾ അമ്മു ഇന്ന് എനിക്ക് ചുറ്റും കളിചിരികളുമായി പാറിപ്പറന്നി നടന്നു. ഞാൻ ഒരു മുറിയിൽ നിന്നും മറ്റൊരു മുറിയിലേക്ക് പോകുമ്പോളും അവളെന്റെയൊപ്പം തന്നെ ഉണ്ടാവും. അവളുടെ കളിക്കൂട്ടുകാരികൾ അവളുടെ അടുത്ത് വന്ന് കളിച്ചിട്ട് നാലഞ്ചു ദിവസമായി. ഒരു പക്ഷേ ആ കുഞ്ഞു മനസ്സിൽ നമ്മൾ മുതിർന്നവർക്ക് മനസ്സിലാക്കാൻ പറ്റാത്ത വേവലാതികൾ കാണും, "എന്തായിരിക്കും എന്റെ കളിക്കൂട്ടുകാരികൾ ഇപ്പോൾ എന്റെയടുത്ത് കളിക്കാൻ വരാത്തത്?? അവർ എന്നെ ഇട്ടേച്ചു പോയതു പോലെ എന്റമ്മയും എന്നെ ഇട്ടിട്ടു പോകുമോ?? എന്നാണെനിക്ക് കളിക്കാൻ പോകുവാൻ പറ്റുകാ?? " അങ്ങനെ നമ്മൾ കാണാത്തതും കേൾക്കാത്തതുമായ ഒരു കുഞ്ഞു ലോകം ഈ കൊറോണ സംഘർഷങ്ങൾക്കിടയിൽ നീറിപ്പിടയുന്നുണ്ട്.
എന്റെ അപ്പനും അമ്മയ്ക്കും എന്നെക്കുറിച്ചുളള ഏറ്റവും വലിയ പരാതി ഞാനാരേയും ഫോൺ വിളിക്കാറില്ലായെന്നതാണു. എന്നാൽ കൊറോണ ലോകത്തെ കീഴടക്കിയപ്പോൾ എന്റെ മനസ്സിൽ ഞാൻ ഏറ്റവും ആഗ്രഹിച്ചത് എനിക്ക് പ്രിയപ്പെട്ടവരോടെല്ലാം എനിക്കൊന്ന് സംസാരിക്കണമെന്നായിരുന്നു. എല്ലാവരും ഭീതിൽ കഴിയുമ്പോൾ അവരെ അന്വേഷിച്ച് ഒരാൾ വിളിക്കുകയെന്നത് വലിയയൊരു ആശ്വാസമാണു. നാട്ടിൽ വിളിച്ചപ്പോളും എല്ലാവരും ഏറ്റവും കൂടുതൽ വിഷമിക്കൂന്നത് കുട്ടികളെ കുറിച്ചോർത്താണു. അവധി കിട്ടിയാൽ ഒന്നുകിൽ സൈക്കിളും എടുത്തോണ്ട്, ഇല്ലെങ്കിൽ ബാറ്റും ബോളും പന്തുമൊക്കെയായി റബർ തോട്ടത്തിലും കണ്ടത്തിലും മൈതാനത്തുമൊക്കെ കളിച്ചു നടക്കുന്ന കുട്ടികൾ വീട്ടിൽ തന്നെയിരുന്ന് ഒരു പരുവമായി എന്ന പരിവേദനങ്ങൾ മാത്രമാണു കേട്ടത്. കുറച്ച് നേരം റ്റിവി കാണും പിന്നെ കമ്പൂട്ടർ പിന്നെ അടിപിടി. ഇത് തന്നെ തുടർന്ന് കൊണ്ട് പോകുന്നു.
കൊറോണ എപ്പോൾ തങ്ങളെത്തേടി വരുമെന്ന് ആലോചിച്ചിരിക്കുന്ന, സോഷ്യൽ മീഡിയായിലെ എല്ലാ പോസ്റ്റുകളും അപ് ഡേറ്റ് ചെയ്യുന്ന, അടുത്ത ആറു മാസത്തേക്ക് നമുക്ക് ജീവിക്കാനുളള എല്ലാം സ്വരുക്കൂട്ടിവെച്ച എല്ലാ അച്ഛനമ്മമാരോടുമൊരു ചോദ്യം;
"നിങ്ങളുടെ കുഞ്ഞു മനസ്സുകൾക്കുവേണ്ടി നിങ്ങൾ എന്ത് ചെയ്തു, ഇനി എന്തു ചെയ്യുവാൻ നിങ്ങൾ ആഗ്രഹിക്കുന്നു??"
വീട്ടിൽ തന്നെ ഇരിക്കുമ്പോൾ അവരുടെ മാനസികാവസ്ഥ ഒരു ഫിക്സഡ് സ്റ്റേജിലേക്ക് മാറുകയാണു. അതവരിൽ പ്രതിഫലിക്കപ്പെടുന്നത് ഒരു ഉൾവലിഞ്ഞ മാനസികാവസ്ഥയിലേക്കായിരിക്കും. ചിലപ്പോളത് ദേഷ്യമായും വാശിയായുമൊക്കെ അവർ പ്രകടിപ്പിക്കാം. മാതാപിതാക്കളായ നമ്മുടെ എല്ലാ പ്രതികരണങ്ങളും അവരിലേക്ക് എത്തപ്പെടുന്നുണ്ട്. നമ്മളറിയാതെ തന്നെ അത് അവരിലും വളരെയധികം പിരിമുറുക്കം ഉണ്ടാക്കുന്നുണ്ട്.
എല്ലാ മാനസ്സിക സംഘർഷങ്ങളും മാറ്റിവെച്ച് കുറച്ച് സമയം അവരോടൊപ്പം ചിലവഴിക്കുക... അവരുടെ കഴിവുകളെ പ്രോത്സാപ്പിക്കുവാൻ സാധ്യമാകുന്ന എല്ലാ സാഹചര്യങ്ങളും അവർക്ക് വീട്ടിൽ ഒരുക്കികൊടുക്കുക... അവരുടെ സുഹൃർത്തക്കളുമായും ബന്ധുക്കളുമായുമൊക്കെ ഫോണിൽ സംസാരിക്കുവാനുളള സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കുക... ഓൺലൈൻ ലൈബ്രറിയിലൂടെ നല്ല ബുക്കുകൾ അവർക്ക് എടുത്ത് കൊടുക്കുക... ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കുക, അവരുടെ മനസ്സറിഞ്ഞ് ആത്മാവറിഞ്ഞ് അവരുടെ ആത്മവിശ്വാസമായി അവരുടെ സന്തോഷമായി നിലകൊളളുക...
സ്നേഹപൂർവ്വം
കാർത്തിക...