ജീവിതത്തിന്റെ ഓരോ കാലഘട്ടങ്ങളിലും ഓരോ സൗഹൃദങ്ങൾ... ഓരോ സൗഹൃദങ്ങൾക്കും ഓരോ നിയോഗങ്ങൾ ...
പത്തു വര്‍ഷത്തെ പള്ളിക്കൂടജീവിതം ഒരുപാട് സുഹൃത്തുക്കുളെ നല്കി. ആ സൗഹൃദം പിന്നെ കലാലയജീവിതത്തിന് വഴിമാറിയപ്പോള്‍ അതാണ് ഏറ്റവും തീവ്രവും ഒരിക്കലും പിരിയാത്തതുമായ സൌഹൃദമെന്നു ഉറപ്പിച്ചു. എന്തിന് അത് ചിന്തിച്ചുതീര്ന്നില്ല അതിലും വലിയ ലോകവും തുറന്നുകൊണ്ട് പിന്നെയും ഓരോ സൗഹൃദങ്ങളും വിടര്‍ന്നു. പക്ഷേ ഒന്നും ജീവിതത്തില്‍ സ്ഥായിയല്ല എന്നു വിളിച്ചുപറഞ്ഞുകൊണ്ട് അവയെല്ലാം നമ്മെ വിട്ട് ദൂരേക്ക് പറന്നകന്നു പോവുകയും ചെയ്യുന്നു....
സൗഹൃദങ്ങളാണോ ഏറ്റവും വലിയ ബന്ധമെന്ന് ചോദിച്ചാൽ ഓരോരുത്തർക്കും ഓരോ ഉത്തരങ്ങൾ... എവിടെയൊക്കെയോ നമ്മുടെ ചിന്തകളും, ആശയങ്ങളും, ഇഷ്ടങ്ങളുമൊക്കെ ഒന്നാകുമ്പോൾ അവിടെയൊരു സൗഹൃദം പിറക്കുന്നു. പരസ്പര വിശ്വാസവും, പരസ്പര ബഹുമാനവും അതിനെ ഊട്ടി ഉറപ്പിക്കുന്നു. ഒരാളുടെ സ്വാതന്ത്ര്യത്തിന് സ്വാർത്ഥത കൊണ്ടും, അസൂയ കൊണ്ടും വിലങ്ങുതടികൾ തീർക്കാതെ ഈ ഭൂമിയിലെ അയാളുടെ യാത്ര പൂർണ്ണമാക്കുവാൻ നിശബ്ദമായി ആ സൗഹൃദത്തിനൊപ്പം ഒഴുകുക ... ആ യാത്ര ചിലപ്പോൾ പാതി വഴിയിൽ അവസാനിച്ചേക്കാം, അല്ലെങ്കിൽ ഒരായുസ്സ് മുഴുവൻ കൂടെ കണ്ടേക്കാം ...
എന്നോ ഒരു പിടി ചാരമാകേണ്ടവർ, മണ്ണിന്റെ ആഴങ്ങളിൽ അഴുകി തീരേണ്ടവർ എന്ന ബോധ്യം ഒന്നും സ്ഥായിയല്ലെന്ന് പറയാതെ നമ്മോട് പറയുന്നു... അവിടെ ആ യാത്രയും പൂർണ്ണമാകുന്നു ...
❤️
KR