എന്തിനായിരുന്നൂ ഈ തിക്കും
തിരക്കുകളും?..
എന്തിനായിരുന്നൂ ഈ പടയോട്ടം?...
എന്തിനായിരുന്നൂ ഞാനെന്നെ
മറന്ന്,
എന്റെ സ്വത്വത്തെ വെടിഞ്ഞീ യാത്രകളൊക്കെയും?...
ദിക്കെന്തെന്നറിയാതെ, ദിഗന്തങ്ങ-
ളറിയാതെ,
എന്തിനെന്നറിയാതെ, എന്തിനെ-
യെല്ലാമോ,
തേടിയുളള യാത്ര!...
കാഴ്ച്ചകൾ മങ്ങിയ ജീവിതത്തിലെ
മായക്കാഴ്ച്ചകളെ മറന്ന്
ഞാനിന്ന് പോകുന്നൂ എന്റെ ഉൾക്കാഴ്ച്ചകളിലേക്ക്..
കാലം കൽപ്പിച്ചു നൽകിയ
ദേശങ്ങളിൽ,
കാണാത്ത, ഇനിയും കാണുവാ-
നിടയില്ലാത്ത,
കൂട്ടത്തിൽ കൂടെയോടിയ
കുറച്ച് മനുഷ്യർ..
ആത്മാവിന്റെ ഭാഗമായ് കൂടെ
ചേർന്നവർ...
ആത്മാംമശമാണെന്നറിഞ്ഞിട്ടും ആത്മബന്ധങ്ങളെ,
കാണരുതെന്നാശിച്ച് ദൂരേക്ക്
അകന്നവർ...
കാഴ്ച്ചകൾ മങ്ങിയ ജീവിതത്തിലെ
മായക്കാഴ്ച്ചകളെ മറന്ന്
ഞാനിന്ന് പോകുന്നൂ എന്റെ ഉൾക്കാഴ്ച്ചകളിലേക്ക്..
ആത്മാവിന്റെ പാതി പകുത്ത്
ജന്മം നൽകിയവർ,
ഉളളിലൊളിക്കും സ്വപ്നങ്ങൾക്ക്
ചിറകുകൾ നൽകിയവർ,
ഒരു നോക്ക് കാണുവാനാശിച്ച് അകലങ്ങളിലിരിക്കുന്നവർ...
വരവും കാത്തുമ്മറപ്പടിയിലിരുന്ന് വാർദ്ധക്യത്തെ പുണർന്നവർ...
അന്ത്യനാളിലൊരുനോക്ക് കാണാതെ
മരണത്തെ വരിച്ചവർ...
കാഴ്ച്ചകൾ മങ്ങിയ ജീവിതത്തിലെ
മായക്കാഴ്ച്ചകളെ മറന്ന്
ഞാനിന്ന് പോകുന്നൂ എന്റെ ഉൾക്കാഴ്ച്ചകളിലേക്ക്..
നാടായനാടെല്ലാം ഓട്ടം തികച്ച്
ഞാനുമെത്തീ-
ഒച്ചപ്പാടുകളില്ലാത്ത ഓട്ടങ്ങളില്ലാത്ത
ജീവിത സായാഹ്നത്തിൽ...
പിൻ തിരിഞ്ഞു നോക്കുമ്പോൾ
ഞാനറിഞ്ഞൂ-
തേടിപ്പോയവരില്ലാ, തേടിവന്നവരില്ലാ-
കൂടെയോടിയവരാരുമില്ലാ...
നടന്ന വഴികളിലിനി തിരികെ
ഒരു യാത്രയുമില്ലാ,
തനിച്ചായ പാന്ഥാവിലിനിയനവധി
കാതങ്ങളുമില്ലാ...
കാഴ്ച്ചകൾ മങ്ങിയ ജീവിതത്തിലെ
മായക്കാഴ്ച്ചകളെ മറന്ന്
ഞാനിന്ന് പോകുന്നൂ എന്റെ ഉൾക്കാഴ്ച്ചകളിലേക്ക്..
മരണമേ!
നീയെന്ന സത്യത്തിലേ-
ക്കോടിയെത്തുവാൻ മാത്രമല്ലോ
ഞാനീ തികച്ചയീ ഓട്ടങ്ങളെല്ലാ-
മെന്നയുൾക്കാഴ്ച്ചയിലേക്ക്
തിരികെ ഒരു യാത്ര!....
❣️
KR