14. 11. 2016
നവംബർ 14 , ശിശുദിനം... പിന്നെ സൂപ്പർ മൂൺ ലോകത്തിനു ദൃശ്യമായ ദിവസവും.... അതിലുമുപരി ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു അതിഥി കൂടി എത്തിച്ചേർന്ന ദിവസം...
നവംബർ 14 2016, ഞാൻ കാത്തിരുന്ന, ദൈവം നൽകിയ ദാനമായ ഞങ്ങളുടെ മകൾ ഇന്നു ജനിച്ചു. ഒരുപാടു പേരുടെ പ്രാർത്ഥന അവളുടെ ജനനത്തിനു കൂട്ടായി ഉണ്ടായിരുന്നു. ഞാൻ അനുഭവിച്ച വേദനകൾക്കും, പരിഹാസങ്ങൾക്കും മറുപടിയായി എന്റെ വ്യക്തിത്വത്തെ ജീവിതത്തിൽ എന്നും തല ഉയർത്തിപ്പിടിച്ചു നിർത്തുവാനായി അവൾ എന്റെ ഉദരത്തിൽ ഉരുവായി, ദൈവ കൃപയാൽ അവൾ ഈ ഭൂമിയിൽ ജനിച്ചു വീണപ്പോൾ മുതൽ ഞാൻ അവൾക്കും കടപ്പെട്ടിരിക്കുന്നു.
ഇന്ന് ഞാൻ സന്തോഷവതിയാണു ഒരു അമ്മയായതിൽ, ആ ഉത്തരവാദിത്വത്തിന്റെ മധുരവും ജീവിതത്തിൽ ആസ്വദിക്കാൻ സാധിച്ചതിൽ. പക്ഷേ ഇപ്പോൾ ഞാൻ ഇതെഴുതുന്നത് ഒരു കുഞ്ഞിനു വേണ്ടി വർഷങ്ങളായി കാത്തിരിക്കുന്നതിന്റെ വേദനയും, അപകർഷതാബോധവും, സാമൂഹികമായ ഒറ്റപ്പെടലിന്റേയും അനുഭവങ്ങൾ ഏറ്റെടുത്ത് ജീവിക്കുന്ന ദമ്പതികൾക്ക് വേണ്ടിയാണു. ഏഴു വർഷവും, ഏഴു മാസവും ഞങ്ങൾ കാത്തിരുന്നു ഞങ്ങളുടെ കുഞ്ഞിന്റെ ജനനത്തിനായി. എന്റെ ജീവിതത്തിൽ ആ ഏഴു വർഷങ്ങൾ എനിക്ക് നൽകിയ അനുഭവങ്ങൾ എന്നെ പുതിയ ഒരു വ്യക്തിയാക്കി മാറ്റി. ഇന്ന് എന്റെ കുഞ്ഞിന്റെ ഉത്തരവാദിത്തങ്ങൾക്ക് ഒപ്പം ഒരു പിടി സ്വപ്നങ്ങളും എനിക്ക് കൂട്ടായിയുണ്ട്.
നിങ്ങൾ കാത്തിരിക്കുന്ന ഓരോ നിമിഷവും ദൈവം നിങ്ങളിൽ ഒരു പുതിയ വ്യക്തിയെ സൃഷ്ടിക്കുകയാണു. അതുകൊണ്ട് വിശ്വസിക്കുക ദൈവം നിങ്ങൾക്ക് തീർച്ചയായും ഒരു കുഞ്ഞിനെ നൽകുമെന്ന്. അതോടൊപ്പം നിങ്ങൾ മനസ്സിലാക്കുക നിങ്ങളുടെ ജീവിതത്തിൽ ദൈവം ആഗ്രഹിക്കുന്ന എന്തോ ഒരു കാര്യത്തിന്റെ നിവർത്തീകരണവും ഈ കാത്തിരിപ്പിന്റെ നാളിൽ നടക്കേണ്ടതായിട്ടുണ്ടെന്ന്.
ഞാൻ കാത്തിരുന്ന ഏഴു വർഷം എനിക്ക് എന്റെ പപ്പയുടെ കാൻസർ ചികിത്സക്ക് പിന്തുണയായി നിൽക്കുവാൻ സാധിച്ചു, എന്നാൽ കഴിയാവുന്ന വിധത്തിൽ ഒരു അനാഥാലയത്തിനുവേണ്ട സഹായങ്ങൾ ചെയ്യുവാൻ സാധിച്ചു, സാമ്പത്തികമായി കുറച്ച് മനുഷ്യരെ പിന്തുണക്കുവാൻ സാധിച്ചു. അതുകൊണ്ട് ഞാൻ വിശ്വസിക്കുന്നു ദൈവം ഈ ഭൂമിയിൽ ദൈവത്തിന്റെ കരങ്ങളായി വർത്തിക്കുവാൻ തിരഞ്ഞെടുത്തിരിക്കുന്ന വ്യക്തികളിൽ ഒരാളാണു ഞാനെന്ന്, അതിനുവേണ്ടി ദൈവം എന്നെ ഒരുക്കിയത് ആ ഏഴു വർഷങ്ങൾക്കൊണ്ട്.
ഇപ്പോൾ എന്റെ മുൻപിലുളള ലക്ഷ്യങ്ങൾ വളരെ വലുതാണു, ദൈവം എന്നെ ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വവും അതിലും വലുതാണു. ജീവിതം ഒരിക്കൽ മാത്രമേയുളളൂ, അതുകൊണ്ട് ഓരോ നിമിഷവും ആ ജീവിതത്തെ അതിന്റെ പൂർണ്ണതയിൽ ആസ്വദിക്കുവാൻ ശ്രമിക്കുക. പ്രാർത്ഥനയോടെ ഞങ്ങൾക്ക് താങ്ങായി നിന്ന എല്ലാവർക്കും നന്ദി അർപ്പിക്കുന്നു. സർവ്വോപരി ദൈവത്തിനും നന്ദി!
നന്ദി പൂർവ്വം
കാർത്തിക രെഞ്ചിത്ത്