15/09/2017
സമയം രാത്രി ഏഴു മണി. ജോലി കഴിഞ്ഞ് കാർ പാർക്ക് ചെയ്ത സ്ഥലത്തോട്ട് നടക്കുമ്പോൾ നല്ല തണുപ്പുണ്ടായിരുന്നു. എത്രയും വേഗം വീട്ടിൽച്ചെന്ന് എന്തെങ്കിലും കഴിക്കണം, പിന്നെ കുഞ്ഞിന്റെ കാര്യങ്ങൾ നോക്കണം എന്നോക്കെയുളള ചിന്തയിൽ നടപ്പ് വേഗത്തിലാക്കി കാറിന്റെ അടുത്ത് ചെന്ന് ഓട്ടോമാറ്റിക്ക് ചാപിയെ ഞെക്കിയപ്പോൾ അത് പ്രവൃത്തിക്കുന്നില്ലായെന്ന് മനസ്സിലായി. ആദ്യം മനസ്സിൽ വന്നത്,
"ഈശ്വരാ! ഇതിന്റെ ബാറ്ററി വേഗന്ന് തീർന്നോ?"
പിന്നെ ഒരു വിധത്തിൽ കാർ തുറന്ന് കാർ സ്റ്റാർട്ട് ചെയ്തപ്പോൾ അത് സ്റ്റാർട്ടാകുന്നില്ല.
" പടച്ചോനെ ബാറ്ററി അടിച്ചു പോയല്ലോ!"
ആ സമയത്ത് നമ്മുടെ മാനസികാവസ്ഥ എന്താണെന്ന് അത് അനുഭവിച്ചിട്ടുളളവർക്ക് നന്നായി അറിയാം. രാവിലെ കാറിന്റെ ഹെഡ് ലൈറ്റ് കെടുത്താൻ ഞാൻ മറന്നു പോയി. പന്ത്രണ്ടു മണിക്കൂർ ജോലിയായിരുന്നതുകൊണ്ട് ഒളള ചാർജ്ജ് മുഴുവൻ ലൈറ്റ് ഊറ്റിയെടുത്തു. കുറച്ചു നേരം ഞാൻ വണ്ടിക്കകത്ത് അങ്ങനെ തന്നെയിരുന്നു. ഇനി ആരെ സഹായത്തിനു വിളിക്കണം എന്ന് മനസ്സിൽ ചിന്തിച്ച് സൗഹൃദങ്ങളുടെ ലിസ്റ്റ് നോക്കിയപ്പോൾ ആരുമില്ലായെന്ന വസ്തുത എന്നെ ചെറുതായിയൊന്ന് വേദനിപ്പിച്ചു. ഇവിടെ എനിക്ക് എന്ത് ആവശ്യത്തിനു വിളിച്ചാലും ഓടിയെത്തിയിരുന്നത് ആശയും ലോയിഡുമായിരുന്നു; അവർ മെൽബണിനു ഷിഫ്റ്റ് ചെയ്തതോടെ എന്റെ കോൾ ലിസ്റ്റും ശൂന്യമായതുപോലെ.
ഞാൻ രെഞ്ചിയെ വിളിച്ചു കാര്യം പറഞ്ഞിട്ട് വീണ്ടും വെറുതെ ആ വണ്ടിക്കകത്തിരുന്ന് വഴിയിലൂടെ പോകുന്ന വണ്ടികളേം, പിന്നെ ട്രാഫിക്ക് ലൈറ്റിൽ മാറി മാറി വരുന്ന നിറങ്ങളേം നോക്കിയിരുന്നപ്പോൾ ഒരു പാട് ചിന്തകൾ മാറിയും മറിഞ്ഞും മനസ്സിൽ വന്നു, പെട്ടെന്ന് എന്തോ ഒരു സന്തോഷം മനസ്സിൽ വന്നു നിറഞ്ഞു. ആ സന്തോഷം എന്റെ മനസ്സിലേക്ക് കൊണ്ടുവന്ന ചിന്തയിതായിരുന്നു;
"മനുഷ്യൻ ഒരു സമൂഹ ജീവിയാണു. ഓരോ മനുഷ്യനും എന്തെങ്കിലുമൊക്കെ കാര്യത്തിനു മറ്റുളളവരുടെ സഹായം ആവശ്യമാണു. പക്ഷേ ചിലപ്പോൾ ജീവിതത്തിൽ നാം തനിച്ചു തന്നെ ചില ജീവിത സാഹചര്യങ്ങളെ നേരിടേണ്ടി വരും, അവിടെ മറ്റുളളവരുടെ സഹായമില്ലാതെ നാം തന്നെ എങ്ങനെ അതിനെ അഭിമുഖീകരിക്കുന്നു എന്നതിലാണു നമ്മുടെ വ്യക്തിത്വം എത്ര സ്വതന്ത്രവും, ശക്തവുമാണെന്ന് നാം തിരിച്ചറിയുന്നത്."
ഞാൻ അപ്പോൾ തന്നെ ഇനി അടുത്തത് എന്ത് എന്ന് ചിന്തിക്കുവാൻ തുടങ്ങി. അങ്ങനെ ഇൻഷുറൻസകാരെ വിളിച്ചു. അപ്പ്പോഴാണു റോഡ് സൈഡ് അസ്സിസ്റ്റൻസ് ഇൻഷുറൻസിൽ കവറല്ലെന്ന് ഞാൻ അറിയുന്നത്. പിന്നെ രെഞ്ചിയെക്കൊണ്ട് അപ്പോൾ തന്നെ ആ ഇൻഷുറൻസ് എടുപ്പിച്ചു. തിരികെ വീട്ടിൽ ബസ്സിനു പോകുവാൻ ഒരുങ്ങിയപ്പോൾ രെഞ്ചി രെഞ്ചിയുടെ ഒരു സുഹൃത്തിനെ വിളിച്ച് എന്നെ പിക്ക് ചെയ്‌ത് വീട്ടിൽ എത്തിക്കുവാൻ ഏൽപ്പിച്ചിരുന്നു. ശരിക്കും ആ സുഹൃത്തിനെ ബുദ്ധിമുട്ടിക്കേണ്ടായിരുന്നുവെന്ന് ഞാൻ വീട്ടിലെത്തിയപ്പോൾ രെഞ്ചിയോട് പറഞ്ഞു. പിന്നീട് രെഞ്ചി പോയി വണ്ടി കൊണ്ടുവന്നു.
എല്ലാം കഴിഞ്ഞപ്പോൾ എവിടെയോ ഒരു ചാരിതാർത്ഥ്യം! ഞാൻ എന്നോട് തന്നെ മനസ്സിൽ പറഞ്ഞു,
"Hey! You managed well, so let your call list be empty. Trust Yourself and Your innate power, those are the best companions you can hold firmly in your life until your last breaths."
"Make sure that hard times in your life will never let you down. Instead, be confident and use your brain to find out the solutions for the smooth flow of your Life!"
KARTHIKA