നിങ്ങളുടെ
ചുണ്ടില്‍ ഒരു ചെറു പുഞ്ചിരി അവശേഷിപ്പിക്കാന്‍ ഈ യാത്രക്ക് കഴിയുമെന്ന
വിശ്വാസത്തോടെ..
|
വാഹനമോടിക്കുകയെന്നത് സ്ത്രീകള്‍ക്ക് ഒരു
ബാലികേറാമലയോ??? അല്ലായെന്ന് എനിക്ക് പറയണമെന്നുണ്ട്, പക്ഷേ ചിലപ്പോള്‍ എനിക്കും
തോന്നിയിട്ടുണ്ട് ആണെന്ന്.. ഒരു പുരുക്ഷന് വാഹനം ഓടിക്കുമ്പോള്‍ കാണിക്കുന്ന
ആവേശം ഒന്നും ഒരിക്കലും സ്ത്രീകള്‍ ഓടിക്കുമ്പോള്‍ ഉണ്ടാകാറില്ല. ഞാനൊരിക്കലും
സ്ത്രീകളെ അപമാനിക്കുവാനായി എഴുതുന്നതല്ലിത്... ഞാനും ഒരു സ്ത്രീയാണ്
വാഹനങ്ങളേയും അവ ഓടിക്കുമ്പോള്‍ ഉണ്ടാകുന്ന ആവേശത്തേയും, വിഹ്വലതകളെയും
ഒരുപാടിഷ്ടപ്പെടുന്ന വ്യക്തി. ഈ യാത്രയില്‍ എനിക്ക് കുടെ കൂട്ടുവാനുള്ളത് ചില
രസകരങ്ങളായ നിമിഷങ്ങളാണ്. ജീവിതത്തില്‍ ഇങ്ങനെയും മണ്ടത്തരങ്ങള്‍ സ്ത്രീകള്‍ക്കും
ചിലപ്പോള്‍ പുരുഷന്മാര്ക്കും സംഭവിക്കുമെന്ന ഓര്‍മപ്പെടുത്തലോടുകൂടിയ ഒരു യാത്ര.
എന്റെ ഒരു സുഹൃത്തിന്റെയടുത്തേക്കാണ് നമ്മുടെ യാത്ര ...
ഡിസംബറിലെ
മഞ്ഞുപുതച്ച ഒരു രാത്രി. ഉണ്ണീശോയുടെ തിരുപ്പിറവി കൊണ്ടാടുവാനായി ലോകം മുഴുവന്‍
ഉണര്‍ന്നിരിക്കുന്നു. ഒരു പാതിരാ
കുര്‍ബാന കൂടുവാനായി എന്റെ സുഹൃത്തും കുടുംബവും യാത്ര തിരിക്കുകയാണ്.. വാഹനം
ഓടിക്കുവാനുള്ള ലൈസന്‍സ് കിട്ടിയിട്ട് വര്‍ഷം അഞ്ചു കഴിഞ്ഞു. പക്ഷേ ഇപ്പോളാണ് ഒരു
വാഹനം എടുക്കുന്നതും അതില്‍ തന്റെ അഭ്യാസപ്രകടനങ്ങള്‍ ആരംഭിക്കുന്നതും.
സുഹൃത്തിന്റെ ഭര്‍ത്താവ് ലൈസന്‍സ് എടുക്കുവാന്‍ ഒരുപാട് പരിശ്രമിച്ചു. ഇവിടെ ഈ
ഗള്‍ഫ് നാട്ടില്‍ പുരുഷന്മാര്ക്ക് ലൈസന്‍സ് കിട്ടുകയെന്നത് വേറൊരു
ബാലികേറാമലയാണ്. ഒരുപാട് പ്രാവശ്യം പരാജയങ്ങുളുമായി ഏറ്റുമുട്ടിയപ്പോള്‍
വാഹനമോടിക്കുകയെന്ന സ്വപ്നം വലിച്ചുകീറി ചവിറ്റുകുട്ടയില്‍ എറിഞ്ഞു. ഇപ്പോള്‍
ഭാര്യ ഓടിക്കുന്ന വാഹനത്തില്‍ സര്‍വദൈവങ്ങളെയും വിളിച്ച്
ശ്വാസമടക്കിയിരിക്കുന്നു.. തനിക്കറിയാവുന്ന പാഠങ്ങള്‍ ഇടയ്ക്കിടക്ക് ഭാര്യയ്ക്ക്
മാര്‍ഗനിര്‍ദേശമായി നല്കിക്കൊണ്ടിരിക്കുന്നു.
നമ്മള്
എന്ത് കാര്യവും ആദ്യം ഉപയോഗിക്കുമ്പോള്‍ അഞ്ജതയുണ്ടാകാറുണ്ട്. പിന്നെ പല പല
അബദ്ധങ്ങളിലൂടെയും സ്വയം പഠിക്കുന്ന പാഠങ്ങളിലൂടെയും അവ നമുക്ക്
സ്വായക്തമാകാറുണ്ട്. ശ്ശോ! ഞാന്‍ മടുപ്പിച്ചുവല്ലേ.. നമുക്ക് യാത്ര തുടരാം... വളരെ
മെല്ലെ വാഹനം ഓടിച്ചാണ് എന്റെ സുഹൃത്ത് പോകുന്നത്. ആളും വണ്ടിയും ഒഴിഞ്ഞ
വഴിയായതുകൊണ്ട് എന്റെ സുഹൃത്തിന്റെ ആത്മവിശ്വാസം ഇത്തിരി മൂര്‍ദ്ധന്യാവസ്ഥയില്‍
നില്ക്കുന്ന സമയം. അതാ ഒരു പോലീസ് വാഹനം... അത് തങ്ങളെ പിന്തുടരുകയാണോ എന്നൊരു
സംശയം... പിന്നീട് വേറൊരു ചിന്ത മനസ്സിലേക്ക് വരുന്നതിനു മുന്‍പേതന്നെ അത്
സംഭവിച്ചുകഴിഞ്ഞു...
പോലീസുകാര്‍
കൈ കാണിച്ച് വാഹനം നിര്‍ത്തുവാന്‍ ആഗ്യം കാണിച്ചു.
"കര്‍ത്താവേ!
.. പാതിരാകുര്‍ബാന ഇനി പോലീസ് സ്റ്റേഷനില്‍"... അങ്ങനെ ഒരു അഭിപ്രായ പ്രകടനം തന്റെ സുഹൃത്ത്
ഭര്‍ത്താവില്‍ നിന്നും പ്രതീക്ഷിച്ചില്ല. പോലീസുകാരനെ കണ്ട വെപ്രാളത്തില്‍ അതിനു
മറുപടി കൊടുക്കുവാന്‍ തോന്നിയതുമില്ല...എന്റെ സുഹൃത്ത് ശരിക്കും പേടിച്ചരണ്ടു.
സര്‍വശക്തിയുമെടുത്ത്
ബ്രേക്ക് ആഞ്ഞുചവിട്ടി... പുറകിലിരുന്ന കുട്ടികളും മുന്പിലിരുന്ന ഭര്‍ത്താവും ആ
ചവിട്ടിന്റെ ആഘാത്തില്‍ ഒന്ന് കുരിശുവരച്ച് കുമ്പിട്ടപോലെയായി. പോലീസ് വന്ന്
ചില്ലുതാക്കുവാന്‍ ആഗ്യം കാണിച്ചു. വെപ്രാളത്തില്‍ ഏതൊക്കെ ബട്ടണ്‍
ഞെക്കിയെന്നറിയില്ല ... എങ്ങനെയോ ചില്ലുകള്‍ താഴ്ന്നു.
"നിങ്ങളെന്താണ്
ഈ ഹൈ ബീം ലൈറ്റിട്ട് വണ്ടിടോടിക്കുന്നത്? ഇവിടെ അതുപയോഗിക്കാന്‍
പാടില്ലെന്നറിയില്ലേ!" പോലീസുകാരന്റെ ചോദ്യം കേട്ട് എന്റെ
സുഹൃത്തൊന്നമ്പരന്നു.
"അയ്യോ!
സര് എനിക്കറിയില്ലായിരുന്നു. ഞാന്‍ അടുത്തയിടക്കാണ് വണ്ടിയോടിക്കാന്‍
തുടങ്ങിയത്." അതും പറഞ്ഞ് എന്റെ സുഹൃത്ത് സ്ത്രീകളുടെ സ്ഥിരം നമ്പര്‍
പുറത്തെടുത്തു, "കണ്ണുനീര്"..
ദേ!
പോലീസുകാരന് വീണു..
"ശരി
ശരി ലൈറ്റ് കെടുത്തിയിട്ട് വണ്ടിയോടിക്ക്".
അങ്ങനെ
എന്റെ സുഹൃത്ത് വണ്ടിയുടെ ലൈറ്റ് ഒക്കെ കെടുത്തി വീണ്ടും യാത്ര ആരംഭിച്ചു.
അപ്പോള്‍
സുഹൃത്തിന്റെ വക ഒരു അഭിപ്രായപ്രകടനം, "ഹും! ഞാനൊരു സ്ത്രീയായതുകൊണ്ട് ആ
പോലീസുകാരന് വെറുതെവിട്ടു. എന്റെ സ്ഥാനത്ത് നിങ്ങള്‍ ആയിരുന്നെങ്കില്‍ എപ്പോള്‍
ഫൈന്‍ എഴുതി കൈയ്യില്‍ തന്നെന്ന് ചോദിച്ചാല്‍ മതി. എന്നാലും രാത്രിയില്‍ ലൈറ്റ്
ഇടാതെ വണ്ടിയോടിക്കണമെന്നുള്ളത് പുതിയ അറിവാണ്" നേരത്തെ ഭര്‍ത്താവ് പറഞ്ഞ
അഭിപ്രായപ്രകടനത്തിന് ഒരു മറുപടികൂടിയായിരുന്നു അത്. തെല്ല് അഹങ്കാരം
കൂടിയോയെന്നൊരു സംശയം.
അങ്ങനെ
വീണ്ടും യാത്ര തുടരുകയാണ്... അതാ വീണ്ടും ഒരു പോലിസ് വാഹനം അവരെ പിന്തിടരുവാന്‍
തുടങ്ങിയിരിക്കുന്നു...
"ഇനിയെന്ത്
പുലിവാലാണോ പുറകെ വരുന്നത്?" അതിപ്രാവശ്യം പറഞ്ഞത് ഭര്‍ത്താവാണ്, എന്നിട്ട്
ഭാര്യയെ ഒന്നിരുത്തിനോക്കി.
അതാ
പോലീസുകാരന് കൈ കാണിക്കുന്നു. വീണ്ടും ഭര്‍ത്താവിനും കുട്ടികള്‍ക്കും
കുരിശുവരച്ച് കുമ്പിടുവാനുള്ള അവസരം ഒരിക്കൊണ്ട് എന്റെ സുഹൃത്ത് ആഞ്ഞു ചവിട്ടി.
പോലീസുകാരന് വരുന്നതിനുമുന്‍പേ ചില്ലുകള്‍ താഴ്ത്തി.
"നിങ്ങളെന്താ
വണ്ടിയുടെ ലൈറ്റ് കെടുത്തിയിട്ട് ഓടിക്കുന്നത്?" പോലീസുകാരന് കുറച്ചു
ദേഷ്യത്തിലായിരുന്നു.
"അയ്യോ!
സര് കുറച്ചു മുന്‍പ് ഒരു പോലീസുകാരന് വണ്ടിയുടെ ലൈറ്റ് കെടുത്തിയിട്ട്
വണ്ടിയോടിക്കുവാന്‍ പറഞ്ഞു. അതാണ് ഞങ്ങള്‍ ലൈറ്റ് ഇടാത്തത്." വളരെ
നിഷ്കളങ്കതയോടെ എന്റെ സുഹൃത്ത് പറഞ്ഞു.
"എന്ത്!"
ഇപ്പോള്‍ കണ്ണുതള്ളിയത് പോലീസുകാരന്റെയാണ്.
"ഒരാള്‍
ലൈറ്റ് കെടുത്താന്‍ പറയുന്നു, മറ്റൊരാള്‍ ഇടാന്‍ പറയുന്നു. ഇതെന്താ വെള്ളരിക്ക പട്ടണമോ?" എന്റെ സുഹൃത്ത് മനസ്സില്‍ പറഞ്ഞു.
"ഏതു
പോലീസുകാരനാണ് അങ്ങനെ പറയുന്നത്" പോലീസുകാരന് ആകാംക്ഷഭരിതനായി.
"സത്യമായിട്ടും
സര്.. കുറച്ചു മുന്‍പാണ് ഹൈ ബീം ലൈറ്റ് കെടുത്താന്‍ ഒരു പോലീസുകാരന്
പറഞ്ഞത്"
അത് കേട്ടതും
പോലീസുകാരന് ചിരിക്കുവാന്‍ തുടങ്ങി.
എന്താണ്
സംഭാവിക്കുന്നതെന്നറിയാതെ എന്റെ
സുഹൃത്ത് അമ്പരന്നു നിന്നു.
നിങ്ങള്‍
എത്രനാളായി വണ്ടിയോടിക്കുന്നു?" പോലീസുകാരന് ചിരിച്ചുകൊണ്ട് ചോദിച്ചു.
"ഒരാഴ്ച
ആയതേയുള്ളൂ സര്"..
"വണ്ടിയിലെ
ഹൈ ബീം ലൈറ്റ് അണക്കുവാനാണ് പോലീസുകാരന് നിങ്ങളോട് പറഞ്ഞത്.. അല്ലാതെ ലൈറ്റ്
ഇടാതെ വണ്ടിയോടിക്കുവനല്ല" അതും പറഞ്ഞ് പോലീസുകാരന് ലോ ബീം ലൈറ്റ്
പ്രവര്‍ത്തിപ്പിച്ചു കാണിച്ചു.
"പ്ലിങ്ങ്!"..
എന്റെ സുഹൃത്ത് ജാള്യതയോടെ തന്റെ ഭര്‍ത്താവിനെ നോക്കി.
ഭര്‍ത്താവിന്റെ മുഖത്ത് ഒരു
പുച്ഛഭാവത്തോടെയുള്ള ഒരു ചെറു പുഞ്ചിരി വിടര്‍ന്നു. അയാള്‍ മനസ്സില്‍
പറയുന്നുണ്ടായിരിക്കണം, "ഇവള്‍ക്കിത് വേണം, ഒരു വണ്ടിയോടിക്കാന്‍
തുടങ്ങിയപ്പോള്‍ മുതല്‍ ഈ ലോകം മുഴുവന്‍ അവളുടെ തലയിലൂടെയാണ് ഓടുന്നതെന്നായിരുന്നു
അവളുടെ വിചാരം."
സുഹൃത്ത്
പോലീസുകാരനോട് ക്ഷമയും പിന്നെ പുതിയ ഒരു പാഠം പഠിപ്പിച്ചുതന്നതിനുള്ള നന്ദിയും
രേഖപ്പെടുത്തി വണ്ടിയെടുത്തപ്പോഴേക്കും അവിടെ പാതിരാ കുര്‍ബാന
പകുതിയായികഴിഞ്ഞിരുന്നു...
കാര്‍ത്തിക..