CORAL ISLAND |
യാത്രകളെ
ഞാന്‍ ഒരിക്കലും പ്രണയിച്ചിട്ടില്ല
പക്ഷേ അക്ഷരങ്ങളോടുള്ള എന്റെ പ്രണയം യാത്രകളെ എനിക്ക് പ്രിയങ്കരമാക്കുകയായിരുന്നു...
അതെ ഞാന്‍ തുടുങ്ങുകയാണ് എന്റെ യാത്രകള്‍ എന്റെ പ്രണയത്തിലൂടെ സൗഹൃദത്തിലൂടെ
എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ അക്ഷരങ്ങളിലൂടെ...
എല്ലാവരുടെയും
ജീവിതത്തില്‍ വഴിത്തിരിവുകള്‍ ഉണ്ടാകാറുണ്ട്. അത് ഏത് സമയത്ത് വേണമെങ്കിലും
സംഭവിക്കാം. അങ്ങനെയൊരു വഴിത്തിരിവിലൂടെയാണ് എന്റെ യാത്രകളും ആരംഭിച്ചത്. ആ
യാത്രകള്‍ എനിക്കായി കാത്ത് വെച്ചത് അറിവിന്റെയും, പ്രകൃതിയുടെ അനന്തമായ
സൗന്ദര്യത്തിന്റെയും അവിശ്വസനീയമായ കാഴ്ചകള്‍ ആയിരുന്നു.
തായിലന്റിലെ കിഴക്കന്‍ കടല്‍ത്തീരങ്ങളിലെ
ദ്വീപുസമൂഹങ്ങളില്‍ ഒന്നാണ് കൊ ലാന് / കോറല്‍ ദ്വീപ്. കടലും അതിലെ തിരകളും അതില്‍
അലിഞ്ഞുചേരുന്ന സൂര്യനും എന്നും എനിക്ക് എന്റെ പ്രണയത്തിന്റെ ദൃഷ്ടാന്തങ്ങള്‍
ആണ്. ഏപ്രില്‍ 26 2015 ഞാനും റെഞ്ചിയും പട്ടയാ എന്ന ചെറിയ
പട്ടണത്തില്‍ നിന്നും ഒരു കടത്തുബോട്ടില്‍ ആ മനോഹര തീരത്തേക്ക് യാത്ര ആരംഭിച്ചു.
കടലിലൂടെയുള്ള ആ യാത്ര എന്റെ എല്ലാ വികാരങ്ങള്‍ക്കും ഒരു പുതു ജീവന് നല്കി.
കാതുകളില്‍ സംഗീതവും മനസ്സില്‍ പ്രണയവും ആ യാത്രയുടെ മനോഹാരിത വര്‍ദ്ധിപ്പിച്ചു.
തിരകള്‍ മുറിച്ചു കീറി ആ ബോട്ട് യാത്ര തിരിച്ചപ്പോള്‍ സമയം 8 മണി. അവിടെ നിന്നും അരമണിക്കൂറിന് മുകളില്‍
എടുത്തു ആ മനോഹര തീരത്ത്c എത്തുവാന്‍. അതിനുള്ളില്‍ എന്റെ കൈയില്ലുണ്ടായിരുന്ന
കൊന്തമണികളിലെ പ്രാര്‍ത്ഥനയും ഞാന്‍ തികച്ചിരുന്നു. ആ പ്രാര്‍ത്ഥന ഞാന്‍
സമര്‍പ്പിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഒരു സൗഹൃദത്തിനു വേണ്ടിയായിരുന്നു.
ഉഷ്ണമേഖല
വനാന്തരങ്ങളാലും മലഞ്ചെരുവുകളാലും അണിയിച്ചൊരുക്കപ്പെട്ടതായിരുന്നു ആ
ദ്വീപുസമൂഹങ്ങള്‍. ഇത്രയും സൗന്ദര്യം ആ കൊച്ച് ദ്വീപിനുണ്ടാകുമെന്ന് ഞാന്‍
ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഏകദേശം 205 മീറ്റര്‍ ഉയരമുള്ള കുന്നിന്റെ
താഴ്വാരത്തായിരുന്നു ആ ദ്വീപുസമൂഹം
വലയം ചെയ്യപ്പെട്ടിരുന്ന മനോഹരമായ ആ കടല്‍തീരം സ്ഥിതി ചെയ്തിരുന്നത്. ആ
കുന്നിന്റെ മുകളില്‍ അതിന്റെ
സൌന്ദര്യത്തിന് ഒരു ദൈവീകമായ പരിവേക്ഷം നല്കി ഒരു ബുദ്ധക്ഷേത്രം നിലകൊള്ളുന്നു.
കടലിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിന് മുന്‍പ് ആ മലഞ്ചെരുവിലേക്ക് ഒരു സാഹസിക
യാത്രയാകാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. കടലിനോടു തൊട്ടു കിടക്കുന്ന ആ മലയടിവാരത്ത്
ഞങ്ങള്‍ എത്തി.
കുന്നിന്റെ
മുകളിലേക്ക് പോകുവാന്‍ അവിടെ വാഹനങ്ങള്‍ സജ്ജമായിരുന്നു. രഞ്ജിക്ക് ജീപ്പിന് പോകുവാനായിരുന്നു
താല്‍പ്പര്യം. പക്ഷേ എന്നെ ആകര്‍ഷിച്ചത് ബൈക്ക് ആണ്. എന്റെ ആവേശം ആകാശത്തോളം
ഉയര്‍ന്നു. ബൈക്കിന് പുറകില്‍ ഇരുന്ന് യാത്ര ചെയ്യുക എന്നത് എനിക്ക് എന്നും
ഒരാവേശം ആയിരുന്നു. ഞങ്ങള്‍ മൂന്നു പേരും, ബൈക്ക് ഓടിക്കുന്ന ബോയി എന്ന
തായവാനിയും, രഞ്ജിയും പിന്നെ ഞാനും ഒരു ബൈക്കില്‍ ആ മലയുടെ മുകളിലേക്ക് യാത്ര
തിരിച്ചു. മലമുകളിലേക്ക് കയറും തോറും പ്രകൃതിയുടെ സൗന്ദര്യം എന്റെ സിരകളില്‍
ഉന്മാദം എന്ന ഭാവം നിറച്ചുകൊണ്ടേയിരുന്നു. ഞാന്‍ എല്ലാം മറക്കുകയായിരുന്നു അവിടെ
എന്റെ ദുഃഖങ്ങള്‍, നിരാശകള്‍... എല്ലാം ഒരു നിമിഷത്തേക്ക് എന്നില്‍ നിന്നും
പറന്നകന്നു. ഞാനും പ്രകൃതിയും അതിന്റെ സൗന്ദര്യവും പിന്നെ എന്റെ പ്രണയവും
മാത്രമായ നിമിഷങ്ങള്‍.
ബുദ്ധന്റെ
ക്ഷേത്രത്തിലും അവിടുത്തെ ചില പ്രതിഷ്ഠകളുടെ മുന്‍പിലും ഞാന്‍ പ്രാര്‍ത്ഥനാ
നിരതയായി നിന്നു. ഈ ലോകത്തില്‍ എല്ലാ മതങ്ങളും ഒന്നാണെന്ന് വിശ്വസിക്കുന്ന ഞാന്‍
അവിടെ അര്‍പ്പിക്കപ്പെട്ട പ്രാര്‍ത്ഥനകള്‍ എന്റെ ഏറ്റവും പ്രിയപ്പെട്ടവര്‍ക്ക്
അനുഗ്രഹങ്ങളായി വര്‍ഷിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. ആ മലയുടെ മുകളില്‍ നിന്നും
താഴേക്ക് നോക്കുമ്പോള്‍ മനോഹരമായ കടലും, അതിന്റെ തീരവും, അതില്‍ ഓടിക്കളിക്കുന്ന
സ്പീഡ് ബോട്ടുകളും കാണാമായിരുന്നു. അതിന്റെ ഭംഗി അനര്‍വചനീയമാണ്. അവിടെ നിന്നും
തിരികെ പോകുവാന്‍ തോന്നിയില്ല. പക്ഷേ സമയ പരിധിയും ഇനിയും കാണുവാനുള്ള പുതിയ
സൗന്ദര്യത്തിന്റെ ആകര്‍ഷണതയും ഞങ്ങളെ താഴ്വാരത്തിന്റെ അടിത്തത്തിലേക്ക് തിരികെ
കൊണ്ടുവന്നു. ബോയിക്ക് 300 ബാട്ട്
പ്രതിഫലം നല്കി. പിന്നെ എന്റെ സന്തോഷത്തിന്റെ ഭാഗമായി ഞാന്‍ കുറച്ചു പൈസാകൂടി
ബോയിക്ക് കൊടുത്തു. അപ്പോള്‍ അയാളുടെ മുഖത്ത് വിരിഞ്ഞ ചിരിക്ക് ഞാന്‍ അവിടെ കണ്ട
എല്ലാ സൗന്ദര്യങ്ങളെക്കാളും അധിക സൗന്ദര്യമുള്ളതായി തോന്നി.
പിന്നെ ഒരു
കരിക്കിന് വള്ളം ഒക്കെ വാങ്ങിച്ച് കുടിച്ചു നേരെ കടലിലേക്ക്. ആളും തിരുക്കും
ഒഴിഞ്ഞ ഒരു തീരം ഞാന്‍ കണ്ടെത്തി. അവിടെ ഞാന്‍ എന്നെ തന്നെ മറന്നു. കുറെ നേരം
തിരകള്‍ പുല്കുന്ന തീരത്ത് വെറുതെ ഇരുന്നു. എന്റെ മടിത്തിട്ടിലേക്ക് ഒരു
കുഞ്ഞിന്റെ ആവേശത്തില്‍ തിരകള്‍ ആഞ്ഞടിച്ചുകൊണ്ടിരുന്നു. എന്റെ മനസ്സിലും പ്രണയം
നിറഞ്ഞു. അവ ചിറകുകള് വിടര്‍ത്തി എവിടെയൊക്കെയോ സഞ്ചരിച്ചു. മനസിനെ അങ്ങനെ വെറുതെ
അഴിച്ചു വിടുമ്പോള്‍ ഒരു സുഖമാണ്. അപ്പോള്‍ നമ്മള് ഈ ലോകത്തില്‍ നിന്നും
പൂര്‍ണമായും മാറ്റപ്പെടുന്നു. അവിടെ ഓര്മിക്കുവാന് ഇഷ്ടപ്പെടുന്ന കുറെ നല്ല
സ്വപ്നങ്ങള്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളു. പിന്നെ ഞാന്‍ മൌനമായി ആ കടലിനോട്
സംസാരിക്കുന്നുണ്ടായിരുന്നു. എന്റെ ഭാഷ മനസിലായിട്ടെന്നോണം തിരകളുടെ ശക്തി
കൂടുവാന്‍ തുടങ്ങി. പിന്നെ അവയുടെ ആകര്‍ഷണത്തില്‍ ഞാന്‍ കടലിലേക്ക് ഇറങ്ങി. കടലിനോടുള്ള
പ്രണയവും, തിരകളോടുള്ള വാത്സല്യവും മനസ് നിറഞ്ഞ് ഞാന്‍ ആസ്വദിച്ചു.
സുര്യന്റെ
ചൂട് അസഹനീയമായി അനുഭവപ്പെടാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ കടലിനോടും ആ തീരങ്ങളോടും
യാത്ര പറഞ്ഞ് തിരികെ ബോട്ട് ജെട്ടിയിലേക്ക് യാത്ര തുടങ്ങി. വീണ്ടും തിരികെ
കടലിലൂടെ അതിന്റെ സൗന്ദര്യത്തില്‍ മതിമറന്ന് സംഗീതത്തില്‍ ലയിച്ച് യാത്ര
ആരംഭിച്ചു. തിരികെയുള്ള യാത്രയില്‍ ജീവിതത്തില്‍ ഇത്രയും മനോഹരമായ നിമിഷങ്ങള്‍
തന്ന സര്വേശ്വരന് നന്ദി പറയാന്‍ മറന്നില്ലാ! ഇനിയും എന്റെ യാത്ര തുടരും എന്റെ
പ്രണയത്തിനു വേണ്ടി, എന്റെ
സൗഹൃദത്തിന് വേണ്ടി, എന്റെ അക്ഷരങ്ങള്‍ക്ക് വേണ്ടി....
....... കാര്‍ത്തിക ......