My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Wednesday, February 3, 2016

എന്റെ വാൽനക്ഷത്രം...



ജ്യോതിഷത്തെക്കുറിച്ചു ഓൺലൈനിൽ വായിച്ചുകൊണ്ടിരുന്നപ്പോളാണു പെട്ടെന്ന് എന്രെ വാൽനക്ഷത്രത്തിന്റെ കാര്യമോർത്തത്‌. ഉടനെ തന്നെ നിന്നെ കാണുവാൻ ഞാൻ ജനാലയുടെ ചില്ലു കൂട്‌ തുറന്ന് എന്റെ തല വെളിയിലേക്കിട്ട്‌ ആകാശത്തേക്ക്‌ നോക്കി. 

ജനാല തുറന്നപ്പോഴേക്കും തണുത്ത കാറ്റ്‌ എന്നെ പൊതിഞ്ഞു. കാറ്റിൽ ഇളകിയാടിയ എന്റെ അനുസരണയില്ലാത്ത മുടിയിഴകൾ എന്റെ മുഖത്തേക്ക്‌ വീണു എന്റെ കാഴ്ചയെ മറയ്കുവാൻ ഒരു പാഴ്‌ ശ്രമം നടത്തി. ആ മുടിയിഴകളെ മാടിയൊതുക്കി എന്റെ കണ്ണുകൾ നിന്നെ തേടുവാൻ തുടങ്ങി....

പക്ഷേ ഒത്തിരി പ്രതീക്ഷയോടെ നിന്നെ കാണുവാൻ ആഗ്രഹിച്ച ഞാൻ കണ്ടത്‌ തൂവെളള മേഘങ്ങളാൽ മൂടപ്പെട്ട ആകാശമാണു. ശാന്തമായി ഒഴുകുന്ന നദി പോലെ മേഘങ്ങൾ ഭൂമിയെ തൊട്ടു തൊട്ടില്ലായെന്ന മട്ടിൽ ആകാശത്തൂടെ ഒഴുകി നീങ്ങുകയാണു.

ആകാശത്തെ നക്ഷത്രങ്ങളേയും ചന്ദ്രനേയുമെല്ലാം ആ മേഘപാളികൾ മറച്ചിരിക്കുന്നു. സാധാരണ ആകാശത്തേക്ക്‌ നോക്കുമ്പോൾ ഒരു പാട്‌ വിമാനങ്ങളും കാണുന്നതാണു. ഇന്ന് അവയേം കാണുവാനില്ലാ. എയർപ്പോർട്ട്‌ ഇവിടെ അടുത്തായതുകൊണ്ട്‌ രാത്രിയാകുമ്പോൾ വിമാനങ്ങളുടെ പച്ചയും ചുമലയും വെളളയും നിറത്തിലുളള ലൈറ്റുകളാൽ ആകാശം അലങ്കരിക്കപ്പെടുന്നത്‌ കാണുവാൻ നല്ല രസമാണു. 

ആകാശത്തിലൂടെ പറന്നുപോകുന്ന ആ വിമാങ്ങൾ കാണുമ്പോൾ ഞാനെപ്പോഴും ഓർക്കും നാട്ടിലോട്ട്‌ പ്രവാസ ജീവിതത്തിന്റെ മടുപ്പിൽ നിന്ന് രക്ഷപെട്ട്‌ നാടിന്റെ പ്രതീക്ഷകളുമായിയാണു അവയെപ്പോഴും പറന്നുയരുന്നതെന്ന്‌. തിരികെ ആ വിമാനങ്ങൾ താഴ്‌ന്നിറങ്ങുന്നതോ അടുത്ത അവധിക്കാലം വരെ ഓർക്കുവാനുളള ഒരു പിടി നല്ല ഓർമ്മകളും, പിന്നെ നെഞ്ചിൽ ഘനീഭവിച്ച ഗൃഹാതുരത്വത്തിന്റെ വേദനയുമായാണു. 

വിമാനം ലാൻഡ്‌ ചെയ്യുമ്പോളേ എല്ലാവരും മനസ്സിൽ പറയും "വീണ്ടും പ്രവാസത്തിന്റെ വഴിത്താരയിലേക്ക്‌. ഫ്ലാറ്റ്‌ - ജോലി- ഔട്ടിംങ്ങ്‌. ഒരു സൈക്ലിക്കൽ ലൈഫാണു പിന്നെയങ്ങോട്ട്‌. പക്ഷേ ജീവിക്കുവാൻ ഇതെല്ലാം കൂടെ കൂട്ടിയേ പറ്റൂവെന്ന് പറഞ്ഞു എല്ലാവരും സ്വയം ആശ്വസിപ്പിക്കുന്നു.

അങ്ങനെ ചിന്തകൾക്കിടയിലും കുറേ നേരം നിന്റെ ഒരു പുഞ്ചിരി കാണുവാൻ ഞാൻ കാത്തുനിന്നു. പക്ഷേ നിന്നെ മാത്രം കണ്ടില്ല. അപ്പോഴേക്കും മേഘങ്ങൾക്കിടയിൽ നിന്നും വിമാനങ്ങൾ ലൈറ്റുകളിട്ട്‌ തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചു.

 തണുപ്പിന്റെ തീവ്രതയിൽ എന്റെ ശരീരം വിറങ്ങലിക്കുവാൻ തുടങ്ങി. എവിടെയൊക്കെയോ വിശപ്പിന്റെ വിളികളും കേട്ട്‌ തുടങ്ങിയിരിക്കുന്നു. അതിനു തിരികൊളുത്തിക്കൊണ്ട്‌ അടുത്തുളള ഏതോ ഫ്ലാറ്റിൽ നിന്നു നല്ല കുടം പുളിയിട്ട്‌ വെച്ച മീൻ കറിയിൽ കടുകു വറുത്ത്‌ ചേർക്കുന്ന മണം എന്റെ മൂക്കിലോട്ട്‌ അടിച്ചു കേറുവാൻ തുടങ്ങി. പടച്ചോനെ എന്റെ കണ്ട്രോളു പോയീന്ന് പറഞ്ഞാൽ മതിയല്ലോ... അപ്പോ എനിക്ക്‌ കപ്പ വേയിച്ചതും മുളകിട്ടു പറ്റിച്ച മീൻ കറിയും കഴിക്കുവാൻ തോന്നി.

അല്ലെങ്കിൽ തന്നെ ഈ തണുപ്പുകാലമായാൽ പിന്നെ ഒടുക്കത്തെ വിശപ്പാണു ... അതിന്റെ കൂടെ മനുഷ്യനെ കൊതി പിടിപ്പിക്കുവാൻ ഇങ്ങനത്തെ കുറേ മണങ്ങളും... എന്റെ കൊതികൊണ്ട്‌ ആ വീട്ടുകാർക്ക്‌ വയറ്റിളക്കം പിടിക്കാതിരുന്നാൽ മതിയായിരുന്നു....

എനിക്ക്‌ നിന്നോടാണു അപ്പോൾ ദേഷ്യം തോന്നിയത്‌. എന്നെ കൊതിപിടിപ്പിക്കാനായിരുന്നോ നീ അപ്പോ എന്റെ മനസ്സിലോട്ട്‌ പറന്നിറങ്ങിയത്‌.... എനിക്ക്‌ നിന്നേയും കാണാൻ പറ്റിയില്ലാ.... കപ്പയും മീനും കഴിക്കുവാനും പറ്റിയില്ലാ...സാരല്ല്യാ....

എന്നാലും നിന്നെ കണ്ടില്ലെങ്കിൽ എനിക്ക്‌ എന്തോ ഒരു വിഷമമാണു മനസ്സിൽ.... നീ സുഖായിട്ടിരിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു.... നാളെ വരണോട്ടോ എന്നെ കാണാൻ.... 

ഇന്നത്തെ വട്ടുകൾക്ക്‌ വിട ചൊല്ലി .... 
നാളെ എനിക്ക്‌ അന്നെ കാണുവാൻ പറ്റുമെന്ന പ്രതീക്ഷയിൽ...

ഒരുപാടിഷ്ടത്തോടെ അന്റെ കുഞ്ഞു വാൽനക്ഷത്രം....


ഒരുപാട്‌ നാളിനു ശേഷമാണു ഈ പാട്ട്‌ കേൾക്കുന്നത്‌...
എന്റെ പ്രിയപ്പെട്ട പാട്ടുകളിൽ ഒന്ന്....

ഇല പൊഴിയും ശിശിരത്തിൽ 
ചെറുകിളികൾ വരവായി
മനമുരുകും വേദനയിൽ 
ആൺകിളിയാ കഥ പാടി
മറഞ്ഞുപോയി ആ മന്ദഹാഹാസം
 ഓർമ്മകൾ മാത്രം ഓർമ്മകൾ മാത്രം

ചിത്രം - വർഷങ്ങൾ പോയതറിയാതെ (1987)
പാടിയത്‌ - കെ. ജെ. യേശുദാസ്‌



(ഇല്ലാത്ത എന്തിനെയൊക്കെയോ സ്വന്തമായി ഉണ്ടെന്നു സങ്കൽപ്പിച്ചു ജീവിക്കുന്ന അന്റെ കുഞ്ഞു വാൽനക്ഷത്രം)