17/2/16
4:30 pm
എന്റെ പ്രോസസ്സിങ്ങിന്റെ അവസാന മിനുക്കു പണികളുമായി ബന്ധപ്പെട്ട് കുറേ പേപ്പർ വർക്കുകളും കഴിഞ്ഞ് തിരികെ വീട്ടിൽ എത്തിയപ്പോൾ രണ്ടര മണിയായി. രാവിലെ തൊട്ടുളള അലച്ചിൽ ഒരു തല വേദനയായി കൂടെക്കൂടിയപ്പോൾ വെറുതെ കുറച്ചു നേരം കട്ടിലിൽ കിടന്നു വിശ്രമിക്കുവാൻ തീരുമാനിച്ചു. പകലുറക്കത്തോട് താത്പര്യമില്ലാത്തതുകൊണ്ട് ഉറങ്ങണമെന്ന് എത്ര ആഗ്രഹിച്ചാലും ഉറക്കം വരികയുമില്ലാ.
പിന്നെ കുറച്ചു നേരം ബ്ലോഗുമായിരുന്നു. തലവേദന വീണ്ടുമെന്നെ അലോരസപ്പെടുത്തിയപ്പോൾ വായന നിർത്തി എന്റെ നോവലിനെക്കുറിച്ചായി ചിന്ത. ഈ നോവലെഴുത്തെന്ന് പറയുന്നത് അത്ര എളുപ്പമുളള കാര്യമല്ലെന്ന് ഇപ്പോൾ മനസ്സിലായി. ഒരദ്ധ്യായം കൂടി കഴിഞ്ഞാൽ അത് പൂർണ്ണമാകും. പക്ഷേ ആ അദ്ധ്യായം എഴുതുന്നതിനു മുൻപ് മറ്റ് അദ്ധ്യായങ്ങളുടെ എഡിറ്റിംങ് ഞാൻ തുടങ്ങി.
ഇന്നലെ രാവിലെ മുതൽ വൈകിട്ട് വരെ ഞാൻ ആകെ എഡിറ്റ് ചെയ്തത് ഒറ്റയദ്ധ്യായം. വായിക്കും തോറുമത് വീണ്ടും വീണ്ടും തിരുത്തുകയാണു. ശരിക്കും പറഞ്ഞാൽ എനിക്ക് ഭ്രാന്ത് പിടിച്ചു.
എഡിറ്റിംങ്ങ് കഴിഞ്ഞ് മനസ്സിൽ ആദ്യം ആഗ്രഹിച്ചത് അത് നിനക്ക് അയച്ചു തരണമെണമെന്നാണു. ആ അതിയായ ആഗ്രഹം മനസ്സിൽ നിൽക്കുമ്പോഴും ചില കാര്യങ്ങൾ എന്നെ അതിൽ നിന്നും പിൻ വലിപ്പിക്കുന്നതായി എനിക്ക് തോന്നി. ആ ചിന്ത ഒരു ദിവസം മുഴുവൻ മനസ്സിലിട്ടു നടന്നു. അതുകൊണ്ടും കൂടിയായിരിക്കണം തല വേദന ഇത്ര ജാസ്തിയായത്.
തലവേദനമാറ്റുവാൻ ഒരു കട്ടൻ കാപ്പിയുമിട്ട് വീണ്ടും മൗനമായിരുന്നു ആലോചിച്ചു. കാരണം അതയക്കുവാനുളള അനുവാദം എനിക്കില്ലാ. ഞാൻ അയച്ചാൽ അത് ശരിയാണോയെന്ന് പറയുവാനുമാരുമില്ലാ. അവസാനം ഞാൻ അതയക്കുവാൻ തീരുമാനിച്ചു.
അതും തീരുമാനിച്ചു കൊണ്ട് ജനാലയുടെ കർട്ടൻ തുറന്ന ഞാൻ കണ്ടത് ഓരോ തുളളികളായി ഭൂമിയിലേക്ക് പതിക്കുവാൻ തുടങ്ങുന്ന ഒരു മഴയുടെ ആരംഭത്തെയാണു. എന്റെ മനസ്സിൽ ആഹ്ലാദം തിര തല്ലി. കാരണം ഞാനെന്റെ നോവൽ തുടങ്ങുവാനായി ഒരു മഴക്കുവേണ്ടി കാത്തിരുന്നത് ഞാൻ തനിക്ക് എഴുതിയിരുന്നു. വീണ്ടും ഒരു പാട് നാളിനു ശേഷം ആ നോവലിന്റെ ഒരു ഭാഗം തനിക്കയക്കുവാൻ തീരുമാനിച്ച നിമിഷം എന്റെ പ്രണയം ഒരു മഴയായി വീണ്ടും പെയ്തിറങ്ങി. ഞാനും പ്രകൃതിയും തമ്മിലുളള അനർവചനീയമായ ആ ബന്ധം ഞങ്ങൾ വീണ്ടും ഊട്ടിയുറപ്പിച്ചു.
എന്റെ കട്ടൻ കാപ്പിയുമായി ആ മഴയും ആസ്വദിച്ചങ്ങനെ നിന്നപ്പോൾ ആകാശത്തെ കീറി മുറിച്ച് ഒരു കൊളളിയാൻ പായുന്നത് ഞാൻ കണ്ടു. അതിനെ അകമ്പടി സേവിച്ച് ഇടിമുഴക്കവും അന്തരീക്ഷത്തിൽ മുഖരുതമായി.
മേഘപാളികൾ തങ്ങളുടെ പ്രണയം കൈമാറുമ്പോൾ
അതിനു ദിവ്യപ്രഭ പൊഴിക്കുന്ന മിന്നൽ പിണരുകളും
ആ പ്രണയത്തിന്റെ തീവ്രതയെ അറിയിച്ച്
നാലു ദിഗന്തങ്ങളിലും മുഖരിതമാകുന്ന ഇടിമുഴക്കവും
പിന്നെയാ പ്രണയത്തിൻ പൂർണ്ണതയായി പെയ്തിറങ്ങുന്ന
മഴനീർത്തുളളികളും എന്നിൽ നിറച്ചത് പ്രണയമാണു...
മഴ ശക്തമായപ്പോൾ ആ മഴ നീർ കണങ്ങൾ എന്റെ മുഖത്തേക്കും മുടിയിഴകളിലേക്കും പെയ്തിറങ്ങുവാൻ തുടങ്ങി.
മഴത്തുളളിയുടെ കുളിരും പ്രണയത്തിന്റെ നിറവും
എന്നിലേക്ക് എത്തിച്ചത് നിന്നിലെ പ്രണയത്തെയാണു...
ഒരു മഴയായി പെയ്തിറങ്ങുന്ന നിന്നിലെ അനശ്വരമായ പ്രണയത്തെ...
ഞാൻ മെല്ലെ കണ്ണുകളടച്ച് നിന്നോടു പറഞ്ഞത് ഒന്നു മാത്രമായിരുന്നു
"നിന്നോട് പറയാൻ ഞാൻ ബാക്കിവെച്ച എന്റെ പ്രണയം..."
അറിയില്ലാ എന്തിനാണു ഈ അകൽച്ചയെന്ന്...
എന്തിനാണു ഈ മൗനമെന്നും...
ഇനിയെനിക്ക് പറയുവാൻ ഒന്നുമില്ല...
ഞാൻ .........................
സിനിമ : നീയെത്ര ധന്യ (1987)
പാടിയത്: കെ. ജെ. യേശുദാസ്
വരികൾ : ഒ. എൻ. വി. കുറുപ്പ്
സംഗീതം : ജി. ദേവരാജൻ
"അരികിൽ നീയുണ്ടായിരുന്നെങ്കിലെന്നു ഞാൻ
ഒരു മാത്ര വറുതെ നിനച്ചു പോയി...
ഇന്നൊരു മാത്ര വെറുതേ നിനച്ചു പോയീ.."
ഒരു പാടിഷ്ടത്തോടെ,
കാർത്തിക...