നിന്റെ മൗനമാണു എന്റെ പ്രണയം
ആ മൗനത്തിൻ വാചാലതയായി
എന്നന്തരാത്മാവിൽ നിറയുമാ പ്രണയം
പിറക്കുന്നു ഈ ഭൂവിൽ എന്നക്ഷരങ്ങളായി.
വാചാലമല്ലാത്ത ആ വാക്കുകൾ ഞാൻ കേൾക്കുന്നു. അതിന്റെ വീചികൾ പ്രണയത്താൽ ബന്ധിതമാണു. മൗനത്തിൽ ഒളിപ്പിച്ച ആ പ്രണയം എന്റെ കാതുകളിൽ ഒരു സംഗീതമായി അലയടിക്കുന്നു. ആ സംഗീതം എന്നിലെ പ്രണയത്തെ തൊട്ടുണർത്തി എന്റെ അക്ഷരങ്ങളായി ഈ ഭൂവിൽ ജന്മമെടുക്കുന്നു.
മൗനം .... വാചാലമല്ലാത്ത എന്നാൽ വളരെ നിഗൂഡമായ ഒന്ന്. പറയുവാൻ ഏറെയുണ്ടെങ്കിലും പറയുവാൻ പറ്റാതെ വാക്കുകളെ ഹൃദയത്തിന്റെ ഒരു കോണിൽ സൂക്ഷിക്കുന്ന ഓർമ്മചെപ്പിൽ ആരും കാണാതെ ആരും കേൾക്കാതെ തനിക്ക് മാത്രമായി സൂക്ഷിക്കും ആ മൗനം. അവിടെയെല്ലാം നിഗൂഡമാണു. പക്ഷേ ആ മൗനത്തെ കേൾക്കുവാൻ വാഞ്ചിക്കുന്ന കാതുകൾക്ക്, അറിയുവാൻ ആഗ്രഹിക്കുന്ന ഹൃദയത്തിനു ആ മൗനം വാചാലമാണു. എത്ര താഴുകൾ ഇട്ടു പൂട്ടിയാലും, എത്ര നിഗൂഡമായി അതിനെ സൂക്ഷിച്ചാലും ആ മൗനം ആ ബന്ധനങ്ങളെയെല്ലാം ഭേദിച്ച് അത് എത്തിച്ചേരുവാൻ ആഗ്രിഹിക്കുന്നിടത്ത് എത്തിച്ചേരുക തന്നെ ചെയ്യും....
നിന്റെ വാക്കുകൾ മൗനത്തിനു വഴിമാറുമ്പോൾ
ആ മൗനത്തെ കേൾക്കുന്ന എന്റെ കാതുകളും
ആ മൗനത്തെ അറിഞ്ഞ എന്റെ ഹൃദയവും
എന്നോടു ചൊല്ലിയത് ഒന്നു മാത്രം
"നിന്റെ മൗനമാണു എന്റെ പ്രണയം".
കാർത്തിക....
സിനിമ. : സ്പിരിറ്റ് (2012)
ഗാനം. : മഴകൊണ്ടു മാത്രം
പാടിയത് : വിജയ് യേശുദാസ്
സംഗീതം : ഷഹബാസ് അമൻ
വരികൾ : റെഫീക്ക് അഹമ്മെദ്