രാത്രി 11:55
ഡേ ഡൂട്ടി കഴിഞ്ഞ ക്ഷീണത്തിൽ രാവിലെ മൊബെയിലിൽ ആർ.ടി.എക്കാരു ഓവർ സ്പീഡിനു എനിക്ക് ഫൈനടിച്ചുവെന്നു പറഞ്ഞു അയച്ച മെസ്സേജും നോക്കി ആ വൈക്ലബ്യത്തിൽ അങ്ങനെയിരുന്നപ്പോൾ ഒത്തിരി നാളിനു ശേഷം എന്റെ ആശാൻ എന്നെ കാണാൻ വന്നു.
പടച്ചോൻ: "എന്താടി പെണ്ണേ നീയിതു വരെ ഉറങ്ങിയില്ലേ?".
കാർത്തു: "ഇങ്ങളിത് എവിടെയായിരുന്നു? എത്ര നാളായി ഇങ്ങളെ കണ്ടിട്ട്. ഞാൻ വിചാരിച്ചു ഇങ്ങളു വാലന്റൈൻസ് ഡേയിക്ക് എന്നെ കാണാൻ വരുമെന്ന്."
പടച്ചോൻ: "ഓ... വാലന്റൈൻസ് ഡേയിക്ക് നീയ് രുക്മിണിയുടേയും രാധയുടേയും പുറകേ അല്ലായിരുന്നോ. നിന്റെ വാൽനക്ഷത്രമല്ലായിരുന്നോ അവിടെ സ്റ്റാർ."
(പടച്ചോന്റെ ഇത്തിരി കുശുമ്പ് കണ്ട് എനിക്ക് ഒത്തിരി ചിരി വന്നു.)
കാർത്തു: "ഹേയ്! ഇങ്ങളത് വിട് അതൊരു തമാശക്ക്."
പടച്ചോൻ: "അത് അനക്ക് തമാശയല്ലെന്ന് എനിക്ക് നന്നായി അറിയാം."
(ഞാൻ ഒന്നും പറയാതെ ഒരു നിസംഗ ഭാവത്തോടെ തല കുമ്പിട്ടിരുന്നു. പടച്ചോൻ എന്റെ അടുത്തുവന്ന് എന്റെ തലയിൽ തലോടി. ഞാൻ മുഖമുയർത്തി അദ്ദേഹത്തോടായി പറഞ്ഞു.)
കാർത്തു: "ഇങ്ങളു നോക്കിക്കോ എല്ലാം ശരിയാകും. എല്ലാം..."
(എന്റെ കണ്ണുകളിലെ ആത്മവിശ്വാസം അദ്ദേഹം കണ്ടു.)
പടച്ചോൻ: "അതു പൊട്ടേ. അന്റെ വാലന്റൈൻസ് ഡേ എങ്ങനെയുണ്ടായിരുന്നു."
കാർത്തു: "എപ്പോഴും ഹൃദയത്തിൽ പ്രണയം കാത്തുസൂക്ഷിക്കുകയും ഓരോ നിമിഷവും അതിന്റെ സ്പന്ദനങ്ങൾ എന്റെ അന്തരാത്മാവിനാൽ അറിയുവാനും കഴിയുന്ന എനിക്കെന്ത് ആഘോഷം. ഒരു ദിവസത്തേക്ക് മാത്രമായി തളച്ചിടേണ്ട ഒന്നാണോ ഈ പ്രണയം."
(എന്റെ വാചകമടി കേട്ടപ്പോൾ പടച്ചോന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു. പിന്നേയും ഞാൻ തന്നെ സംസാരം തുടർന്നു.)
കാർത്തു: "എന്റെ ജീവിതത്തിലെ ആഘോഷങ്ങളൊക്കെ ഞാൻ തനിയെ ആഘോഷിക്കാറാണു പതിവെന്ന് ഇങ്ങൾക്കറിയില്ലേ. അതുകൊണ്ട് ഇപ്രാവശ്യവും വാലന്റൈൻസ് ഡേയുടെ അന്ന് എന്നത്തേയും പോലെ ഞാൻ എനിക്കായിട്ട് സ്വന്തമായി ഒരു സമ്മാനം വാങ്ങി, ഞാൻ അത് എനിക്ക് തന്നെ സമ്മാനിച്ച് ,ഞാൻ എന്നോട് തന്നെ ആശംസയും പറഞ്ഞു ഞാനതങ്ങോട്ട് ആഘോഷിച്ചു."
" എങ്ങനെയുണ്ട് ന്റെ ആഘോഷം??? അതാകുമ്പോൾ ആരും മ്മളെ ആശംസിച്ചില്ലെന്നോ, മ്മൾക്ക് സമ്മാനം തന്നില്ലല്ലോയെന്ന് പറഞ്ഞ് കരയേണ്ടല്ലോ."
" എങ്ങനെയുണ്ട് ന്റെ ആഘോഷം??? അതാകുമ്പോൾ ആരും മ്മളെ ആശംസിച്ചില്ലെന്നോ, മ്മൾക്ക് സമ്മാനം തന്നില്ലല്ലോയെന്ന് പറഞ്ഞ് കരയേണ്ടല്ലോ."
പടച്ചോൻ: "അന്റെ ഓരോ വട്ടുകളു. ഇയ്യെന്താ ഇങ്ങനെയായി പോയത്?"
കാർത്തു: "അത് വട്ടൊന്നുമല്ല. എന്റെ അപ്പനാണു അതെന്നെ പഠിപ്പിച്ചത്. ഞാൻ ഡെൽഹിയിൽ ജോലി ചെയ്തുകൊണ്ടിരുന്ന സമയം. അന്നെന്റെ പിറന്നാളായിരുന്നു. എല്ലാ പിറന്നാളിനു എന്റെ പാവം മമ്മ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചെറുപയറു പരിപ്പ് പായസം ഉണ്ടാക്കി തരും. ശ്ശോ! എനിക്കിപ്പോ അത് കുടിക്കാൻ തോന്നുന്നു.
അന്നു രാവിലെ മമ്മയും എന്റെ അനിയത്തിമാരും എനിക്ക് പിറന്നാൾ ആശംസ നേരുവാനായി വിളിച്ചു. അവരെല്ലാവരും ആശംസിച്ച് കഴിഞ്ഞ് എന്റെ അനിയത്തി പറഞ്ഞു എടീ പപ്പ ഇവിടെയിരുപ്പുണ്ട് ഞാൻ പപ്പയുടെ കൈയ്യിൽ ഫോൺ കൊടുക്കാമെന്ന്. ഒരുപാട് സന്തോഷത്തോടെ ഞാൻ പപ്പയ്കുവേണ്ടി ചെവിയോർത്തു. ഞാനപ്പോൾ കേൾക്കുന്നുണ്ടായിരുന്നു എന്റെ അനിയത്തി പപ്പയോടു പറയുന്നത്, "പപ്പാ ഇതവളാ. ഇന്നവളുടെ പിറന്നാളാ."
അന്നു രാവിലെ മമ്മയും എന്റെ അനിയത്തിമാരും എനിക്ക് പിറന്നാൾ ആശംസ നേരുവാനായി വിളിച്ചു. അവരെല്ലാവരും ആശംസിച്ച് കഴിഞ്ഞ് എന്റെ അനിയത്തി പറഞ്ഞു എടീ പപ്പ ഇവിടെയിരുപ്പുണ്ട് ഞാൻ പപ്പയുടെ കൈയ്യിൽ ഫോൺ കൊടുക്കാമെന്ന്. ഒരുപാട് സന്തോഷത്തോടെ ഞാൻ പപ്പയ്കുവേണ്ടി ചെവിയോർത്തു. ഞാനപ്പോൾ കേൾക്കുന്നുണ്ടായിരുന്നു എന്റെ അനിയത്തി പപ്പയോടു പറയുന്നത്, "പപ്പാ ഇതവളാ. ഇന്നവളുടെ പിറന്നാളാ."
വളരെ പ്രതീക്ഷയൊടെ പപ്പയുടെ ആശംസക്ക് ചെവിയോർത്ത ഞാൻ കേട്ടത്, "വെച്ചിട്ടു പോടീ ഫോൺ. അവടെയൊരു പിറന്നാൾ." പാവം എന്റെ അനിയത്തി അതുകേട്ട് പേടിച്ച് ഫോൺ വെച്ചിട്ടോടി.
അന്നെന്റെ പിറന്നാൾ വളരെ ആഘോഷമായി കരഞ്ഞ് ഞാൻ ആഘോഷിച്ചു. പിന്നെ ഒരു തീരുമാനമെടുത്തു ഇനി എന്റെ ജീവിതത്തിൽ മറ്റുളളവരുടെ കൂടെയുളള ആഘോഷങ്ങളൊന്നും വേണ്ടന്ന്. അന്ന് തൊട്ട് ഈ കാർത്തുവിന്റെ ആഘോഷങ്ങൾ അവളു തന്നെ ആഘോഷിക്കുവാൻ തുടങ്ങി. അതാകുമ്പോൾ മറ്റുളളവർ നമുക്ക് സമ്മാനം തന്നില്ലേ, ആശംസിച്ചില്ലേയെന്ന് പറഞ്ഞ് പരാതിയും പറയണ്ടാ, വിഷമിക്കുകയും വേണ്ടാ.
പിന്നെ നമ്മൾ സ്നേഹിക്കുന്നവർ നമ്മളെ ഓർക്കുകയും, ചെറിയ സമ്മാനങ്ങൾ തരികയും ഒക്കെ ചെയ്യുകയെന്നത് എല്ലാവർക്കും ഒരു സന്തോഷമാണു ജീവിതത്തിൽ.
പക്ഷേ അത് കിട്ടാത്തവർക്ക് എന്റെയീ തിയറി ജീവിതത്തിൽ പ്രാവർത്തികമാക്കിയൽ കുറച്ചു കണ്ണുനീരു സേവ് ചെയ്യാം. എങ്ങനെയുണ്ട് കാർത്തൂസ് life principle on how to make your life easy & happy!".
(അതു കേട്ടതും പടച്ചോൻ നിന്ന് ചിരിക്കുവാൻ തുടങ്ങി.)
പടച്ചോൻ: "ന്റെ കാത്തൂ ... അന്നെക്കൊണ്ടു ഞാൻ തോറ്റു."
കാർത്തൂ: "ഹും.. ഇങ്ങളെന്നെക്കൊണ്ട് തോറ്റെങ്കിൽ . ഞാൻ വേറൊരാളെക്കൊണ്ടാ എന്റെ ജീവിതത്തിൽ തോറ്റിരിക്കുന്നത്. തോൽപ്പിക്കട്ടെ .... എത്ര നാൾ. ഞാനും ജയിക്കും ഒരു ദിവസം. ഒരിക്കലും അയാളെ തോൽപ്പിച്ചുകൊണ്ടായിരിക്കില്ലാ ആ ജയം. അയാളെ ജയിപ്പിച്ചുകൊണ്ട് ഞാനും ജയിക്കും."
പടച്ചോൻ: "അതെന്തൊരു ജയം? ഒരാളെ തോൽപ്പിച്ചാൽ ഇയ്യ് ജയിച്ചൂന്ന് പറയാം. ഒരാളെ ജയിപ്പിച്ചുകൊണ്ട് ഇയ്യെങ്ങനെയാ ജയിക്കുന്നത്?".
(ആ ചോദ്യത്തിനു ഞാനുത്തരം ഒന്നും പറഞ്ഞില്ലാ അദ്ദേഹത്തെ നോക്കി ചിരിക്കുക മാത്രം ചെയ്തു. കാരണം അതിനുളള ഉത്തരം എന്നേക്കാൾ നന്നായി അദ്ദേഹത്തിനറിയാം.)
പടച്ചോൻ: "അല്ലാ അന്നെ തോപ്പിക്കാനും ആരെങ്കിലും വേണോല്ലോ ഈ ഭൂമിയിലു."
കാർത്തു: "ഓ.. അപ്പോ ഇങ്ങളും ഓന്റെ സൈഡാല്ലേ?"
പടച്ചോൻ: "ഞാനാരുടേയും സൈഡല്ലേ... ഇനി അതു പറഞ്ഞ് ഈയ്യ് എന്നോടു വഴക്കു കൂടണ്ടാ. ഒരു കാര്യം ചോദിക്കാൻ മറന്നു അനക്ക് ഫൈനടിച്ചൂല്ലേ. അന്റെ ഓവർ സ്പീഡ് കണ്ട അന്നേ എനിക്കറിയാമയിരുന്നു താമസിയാതെ ഈയ് ഒരു ഫൈനും കൊണ്ട് പോവൂന്ന്. എത്ര പോയി കാശ്."
(ഇത്തിരി ചമ്മലോടെയാണെങ്കിലും ആത്മവിശ്വാസത്തിനു ഒരു കുറവുമില്ലാതെ ഞാൻ ഉത്തരം നൽകി.)
കാർത്തു: "600 പോയി. ഇത് പോലീസുകാരു ഒളിപ്പിച്ചു വെച്ച ക്യാമറ പറ്റിച്ച പണിയാ. ഓവർ സ്പീഡാണെങ്കിലും അല്ലാതെയെനിക്ക് ഫൈനൊന്നും അടിക്കാറില്ലാ. ഇരുപത്തിയൊന്നാം തീയതി അവധി കഴിഞ്ഞ് ഡൂട്ടിക്ക് കയറി. അന്ന് നൈറ്റ് ഡൂട്ടിയായിരുന്നു. ഇരുപത്തിരണ്ടാം തീയതി ഫൈൻ അടിച്ചു. അതിന്റെ സന്തോഷം പങ്കുവെച്ചു കൊണ്ട് ആർ. റ്റി. എക്കാരു ഇന്ന് മെസ്സേജും വിട്ടു.. പെരുത്ത് സന്തോഷായി. ഇവിടെ നിന്നും പോകുന്നതിനു മുൻപ് ഒരു ഫൈനൊക്കെയായി ആഘോഷായിട്ട് പോകാൻ അങ്ങട് തീരുമാനിച്ചു .. എന്തേ??"
(ഞാൻ പടച്ചോനെ നോക്കി തെല്ല് അഹങ്കാരത്തോടെ പറഞ്ഞു.)
പടച്ചോൻ: എന്ത് കിട്ടിയാൽ എന്താ? ഈ അഹങ്കാരത്തിനു മാത്രം ഒരു കുറവുമില്ലാ."
(ഞാൻ അതുകേട്ട് ചിരിച്ചു.)
കാർത്തിക: "എനിക്ക് വല്ലാണ്ട് ഉറക്കം വരുന്നു. ഇന്ന് മൊത്തത്തിലൊരു ക്ഷീണാണേ."
പടച്ചോൻ: "ശരി .. ഈയ്യ് കിടന്നോളീൻ. ഞാൻ എന്നാ പോയിട്ട് പിന്നെ വരാം."
പോകുവാനൊരുങ്ങിയ പടച്ചോനോടായി ഞാൻ പറഞ്ഞു..
കാർത്തു: "ഇങ്ങളു എനിക്കുവേണ്ടി ഒരു കാര്യം ചെയ്തു തരുവോ?".
പടച്ചോൻ: "എന്ത്?".
കാർത്തു: "ഈ മനുഷ്യന്മാരുടെ മനസ്സ് വായിക്കണ രഹസ്യം എന്നെയൊന്നു പഠിപ്പിക്കുവോ ഇങ്ങൾ? ഒന്നൂല്ലാ ... ആരൊക്കെ മ്മളെ ആത്മാർത്ഥമായി സ്നേഹിക്കൊണൊണ്ടെന്ന് ഒന്ന് വെറുതെ അറിയാനായിരുന്നു. മനസ്സിലുളള ഉഹാപോഹങ്ങളു വെച്ചു നോക്കിയപ്പോ ആരുമില്ലാന്നൊരു തോന്നൽ... തോന്നലല്ലാ അതാണു സത്യം.... ഇങ്ങളു പൊക്കോളീൻ.. വെറുതെ എന്റെ ഓരോ വട്ടുകൾ ".
പടച്ചോൻ കുറച്ചു നേരം എന്നെത്തന്നെ നോക്കി നിന്നു. എന്നിട്ട് എന്നോടു ആകാശത്തേക്ക് കൈചൂണ്ടി മുകളിലേക്ക് നോക്കുവാൻ ആഗ്യം കാണിച്ചു. ഞാൻ ആകാശത്തേക്ക് നോക്കിയപ്പോൾ നക്ഷത്രങ്ങളാൽ നിറഞ്ഞ പൂർണ്ണചന്ദ്രന്റെ ശോഭയാൽ മനോഹരമാക്കപ്പെട്ട ആ ആകാശത്ത് എനിക്കുവേണ്ടി ഉദിച്ച എന്റെ വാൽനക്ഷത്രത്തെ കണ്ടു. ആ കാഴ്ച്ച എന്റെ ചുണ്ടിൽ ഒരു പുഞ്ചിരിയായി വിടർന്നു...
കാർത്തിക