ഞാനിപ്പോൾ അടിമയാണു
നിന്റെയാത്മാവിലെ പ്രണയത്തിൻ അടിമ
പ്രണയമെന്ന ചരടുകൊണ്ട്
നീയെന്നെ നിന്നോട് ബന്ധിച്ചിരിക്കുന്നു
നിന്നിലെ മൗനത്തിൻ
ചാട്ടവാറടികളിൽ പിടയുകയാണു ഞാൻ
ഈ തടവറയും നോവും
നീയെനിക്കു നൽകിയ പ്രണയത്തിനുപഹാരം
ആ വേദനകൾക്കിടയിലും
നിമിഷങ്ങളെണ്ണി ഞാൻ കാത്തിരിക്കുന്നു
ആ ശബ്ദമൊന്ന് കേൾക്കുവാൻ
നിന്നെയൊരു നോക്ക് കാണുവാൻ
എന്നിലെ പ്രണയം
സത്യമാണു, അത്രമേൽ തീവ്രവും
അതിന്റെ തരംഗങ്ങൾ
നിന്നിൽ അലയടിക്കുന്നത് ഞാനുമറിയുന്നു
ഋതുഭേദങ്ങൾ മാറിവരുമ്പോഴും
പ്രണയമെന്ന ഋതുവിനായി രാപ്പാർക്കുന്നു
എന്റെ ഹൃദയമെന്ന
ഉദ്യാനത്തിൽ വിരിഞ്ഞ പ്രണയപുഷ്പങ്ങൾ
വീണ്ടും കാണുമെന്ന
പ്രതീക്ഷയുടെ കിരണങ്ങളെ പുൽകി
നെഞ്ചോട് ചേർക്കുന്നു
നിന്നിൽ നിന്നുതിർന്ന ആ വാക്കുകളെ
പ്രണയം ഈ ഭൂവിൽ
വീണ്ടും പിറവിയെടുക്കകയാണു
നമുക്കു വേണ്ടി
അതിന്റെ അനശ്വരമായ പൂർണ്ണതക്കായി.
പ്രണയപൂർവ്വം
കാർത്തിക...