എന്റെ ദിന ചര്യകളും ജീവിതവും പൂർണ്ണമായി മാറിയിരിക്കുന്നു. എന്റെ സ്വഭാവവും നിന്റെ ശീലങ്ങളും തമ്മിൽ ഒരുപാട് അന്തരമുണ്ട്. ഞാനിപ്പോൾ പൂർണ്ണമായും നിന്റെ നിയന്ത്രണത്തിലാണു. എനിക്ക് ശരിക്കും അതിശയം തോന്നുന്നു.
ഒരു ദിവസം അഞ്ചു മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നത് എനിക്ക് ഒട്ടുമേ ഇഷ്ടമില്ലാത്ത കാര്യമാണു. എന്നാൽ നീ വന്നതോടെ ഉണർന്നിരിക്കുവാൻ ഞാൻ കൊതിക്കുകയാണു. കാരണം നീ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യം ഉറക്കമാണു. എന്റെ നോവലു റ്റ്യൈപ്പ് ചെയ്യാൻ ഇരിക്കുമ്പോൾ അതിനു നീ അനുവദിച്ചിരിക്കുന്ന സമയം പത്ത് മിനിട്ട്. ആ സമയം കഴിയുമ്പോൾ നിനക്കും വീണ്ടും ഉറങ്ങണം, കൂടെ നീ എന്നേയും കിടത്തി ഉറക്കും. അങ്ങനെ പത്ത് മിനിട്ടത്തെ റ്റ്യൈപ്പിങ്ങും ഒരു മണിക്കൂറത്തെ ഉറക്കവുമായി എന്റെ നോവലെഴുത്ത് പുരോഗമുക്കുന്നു.
എന്ത് മുൻശുണ്ഠിയാ പെണ്ണേ നിനക്ക്!!! പാവം എന്റെ രെഞ്ചിയെ നീ ദേഷ്യം വരുമ്പോൾ വാണത്തെ കേറ്റി വിടുന്നത് കാണുമ്പോൾ എനിക്ക് ചിരി വരും. ഞാൻ വിചാരിച്ചത് രെഞ്ചിയാണു ഈ ലോകത്തിലെ ഏറ്റവും വലിയ വഴക്കാളിയെന്നാ. എന്നാൽ ഇപ്പോൾ മനസ്സിലായി നീ രെഞ്ചിയേം തോൽപ്പിക്കുമെന്ന്. എനിക്കാണെങ്കിൽ വഴക്കു പിടിക്കുന്നത് ഒട്ടും ഇഷ്ടമല്ലാ. പക്ഷേ നിന്റെ കുറുമ്പ് എന്നെയിപ്പോൾ വലിയ ഒരു വഴക്കാളിയാക്കിയിരിക്കുന്നു.
ജീവൻ നില നിർത്തുവാൻ ദിവസം ഒരു നേരം ആഹാരം കഴിച്ചാൽ മതിയെന്ന് ചിന്തിക്കുകയും, ആ ശീലം ഉളള കൂട്ടത്തിലുമായിരുന്നു ഞാൻ. നീ വന്നതിൽ പിന്നെ ഓരോ നാലു മണിക്കൂർ കൂടുമ്പോഴും ഭക്ഷണത്തിനു വേണ്ടി ആക്രാന്തം പിടിച്ച് ഓട്ടമാണു. നീ എന്നെക്കൊണ്ട് അങ്ങനെ തീറ്റിക്കുമ്പോഴും ഞാൻ മനസ്സിൽ നിന്നോട് പറയും എനിക്ക് ഒത്തിരി ആഹാരം കഴിക്കണത് ഇഷ്ടമല്ലാ.... എവിടെ കേൾക്കാൻ .. അവിടേയും നിന്റെ വാശിയല്ലാതെ ഒന്നും ജയിക്കില്ലാ.
ഇന്നലെ എന്നയൊരു ദിവസം ഞാനനുഭവിച്ച ടെൻഷൻ ആർക്കും മനസ്സിലാവില്ലാ. എനിക്ക് പ്രിയപ്പെട്ടത് രണ്ടും ജീവിതത്തിന്റെ തുലാസ്സിൽ ഇട്ടു തന്നിട്ട് വിധി മാറിനിന്നു. അതിൽ ഒന്ന് തിരഞ്ഞെടുക്കുവാൻ പറഞ്ഞ്. അതിൽ ഒരു തട്ടിൽ നീയും, മറു തട്ടിൽ എന്റെ വലിയ ഒരു സ്വപ്നവും. ദൈവവും, കൂടെ നീ എനിക്ക് നൽകിയ ധൈര്യവും ആ പ്രതിസന്ധി ഘട്ടത്തെ വളരെ ധീരമായി നേരിടുവാൻ എന്നെ സഹായിച്ചു. എനിക്ക് നിന്നേയും സംരക്ഷിക്കുവാൻ സാധിച്ചു, എന്റെ സ്വപ്നത്തേയും നെഞ്ചോട് ചേർത്ത് തന്നെ പിടിക്കുവാനും സാധിച്ചു... നന്ദി ദൈവമേ... നന്ദി!!!.
നന്ദി എന്റെ ജീവിതത്തിലേക്ക് നീ വന്നതിനു. എനിക്ക് പുതിയ ഒരു ലോകം കാണിച്ചു തന്നതിനു. എത്ര കുറുമ്പു കാണിച്ചാലും, എന്റെ ഇഷ്ടങ്ങളെല്ലാം നീ നിന്റെ ഇഷ്ടങ്ങളാക്കി മാറ്റിയാലും എനിക്ക് നിന്നോടു സ്നേഹം മാത്രമേയുളളൂ.... വാത്സല്യം മാത്രമേയുളളൂ.
എന്റെ സ്വപ്നങ്ങളിലേക്ക് പറന്നുയരാൻ എനിക്കിപ്പോൾ നീയും കൂടി കൂട്ടുണ്ട്. ഞാൻ നിനക്കായിട്ടൊരുക്കിരിക്കുന്ന സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ, അതിശയങ്ങളുടെ ലോകത്തേക്ക് സ്വാഗതം.
ഒരു പാടിഷ്ടത്തോടെ എന്റെ കുറുമ്പി പെണ്ണിന്റെ മമ്മ...