ജീവിതത്തിലെ വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു ടീച്ചറായി ജോലി ചെയ്യുകയെന്നത്. അത് സാർത്ഥകമായത് ഹോളി ക്രോസ്സ് നേഴ്സ്സിംങ് സ്കൂളിൽ ടീച്ചറായി ജോലിക്ക് ചേർന്നപ്പോഴാണു. എന്റെ സുഹൃത്ത് ആൻ വഴിയാണു ഞാൻ അവിടെ ജോലിക്കു ചേരുന്നത്.
രണ്ടാം വർഷക്കാരുടെ ക്ലാസ്സ് ടീച്ചറായിട്ടായിരുന്നു എന്റെ നിയമനം. ഞാൻ അവരെ പഠിപ്പിച്ചത് സൈക്കാട്രി എന്ന വിഷയവും. ജോലിക്ക് കയറിയപ്പോൾ മുതൽ പ്രിൻസിപ്പാളടക്കം എല്ലാk ടീച്ചേഴ്സും പറഞ്ഞു ആ കുട്ടികൾ പഠിക്കാൻ അത്ര മിടുക്കരല്ലാ. ആദ്യ വർഷ പരീക്ഷയിൽ ആകെ ഇരുപത് ശതമാനം കുട്ടികളേ ജയിച്ചിട്ടുളളുവെന്ന്. ശരിക്കും പറഞ്ഞാൽ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ഒരു കൂട്ടം കുട്ടികളെയാണു എനിക്ക് കിട്ടിയത്.
ഞാൻ ആ കുട്ടികളുടെ ക്ലാസ്സിൽ ചെന്നപ്പോൾ അവരെല്ലാവരും വളരെ നിരാശരായും ദുഃഖിതരായും ഇരിക്കുന്നത് കണ്ടു. ഞാൻ അറിഞ്ഞു അവർക്ക് വേണ്ടിയത് സഹതാപമല്ല. മറിച്ച് ഈ ലോകത്തിൽ ഏതു ദുഃഖത്തേയും മാറ്റുവാൻ കഴിയുന്ന സ്നേഹവും, പിന്നെ ആത്മവിശ്വാസമാണെന്ന്. ഏന്റെ ഏറ്റവും ശ്രമകരമായ ജോലി അവർക്ക് നഷ്ടപ്പെട്ട അവരുടെ ആ ആത്മവിശ്വാസം വീണ്ടെടുക്കുക എന്നുളളതായിരുന്നു. അവരുടെ ബുദ്ധിക്കും കഴിവിനും അനുസരിച്ച് പുതിയ രീതിയിലുളള പഠന രീതികൾ അവലംബിച്ചു.
ഒരു ടീച്ചർ എന്ന രീതിയിൽ നിന്ന് മാറി ഞാൻ അവരുടെ ഏറ്റവും നല്ല സുഹൃത്തായി. അവർക്ക് അവരുടെ എന്ത് ആവശ്യങ്ങളുമായി എന്നെ സമീപിക്കുവാനുളള സ്വാതന്ത്ര്യം ഞാൻ നൽകി. ചില കുട്ടികൾ പഠന സംബന്ധമായ കാര്യങ്ങളുമായി എന്നെ സമീപിച്ചപ്പോൾ ചിലർ അവരുടെ വ്യക്തിപരമായ പ്രശ്നങ്ങളുമായി എന്നെ സമീപിച്ചു. അങ്ങനെ ഞാൻ അവർക്ക് നല്ല ഒരു കൗൺസിലറും കൂടിയായി മാറി.
ഞാൻ കാണുവാൻ തുടങ്ങി അവരിലെ മാറ്റം. നിരാശയുടെ മൂടു പടം അണിഞ്ഞു ഞാൻ സ്വീകരിച്ച എന്റെ കുട്ടികളുടെ ചുണ്ടിൽ ആത്മവിശ്വാസത്തിന്റെ പുഞ്ചിരി വിരിയിക്കുവാൻ എനിക്കു കഴിഞ്ഞു.
ചെറിയ ചെറിയ ഗൃഹപാഠങ്ങളിലൂടെ , പഴയ ചോദ്യപ്പേപ്പറുകളിലെ ഉത്തരങ്ങൾ അവരെക്കൊണ്ടു തന്നെ തയ്യാറാക്കിച്ച് അതിൽ നിന്നു തിരഞ്ഞെടുത്ത ചോദ്യങ്ങൾക്കൊണ്ട് പരീക്ഷകൾ നടത്തി ഞാൻ അവരുടെ പരീക്ഷയോടുളള പേടി മാറ്റിയെടുത്തു. അവരുടെ എല്ലാ വിഷയങ്ങളിലും ഞാൻ ഈ രീതി അവലംബിച്ചു.
അവരുടെ ക്ലിനിക്കൽ പോസ്റ്റിങ്ങിനും, സൈക്കാട്രി പോസ്റ്റിങ്ങിനുമൊക്കെ ഞാൻ കൂടെ ചെല്ലുവാൻ അവർ അതിയായി ആഗ്രഹിച്ചു. കാരണം അപ്പോഴേക്കും ഞാൻ അവർക്ക് പ്രിയപ്പെട്ട അവരുടെ ടീച്ചറായിട്ട് മാറിയിരുന്നു.
അങ്ങനെ പരീക്ഷ വന്നെത്തി. കുട്ടികളേക്കാൾ കൂടുതൽ ടെൻഷൻ എനിക്കായിരുന്നു. കാരണം അവർ ഇനിയും പരാജയപ്പെട്ടാൽ ആ തോൽവിയുടെ ഉത്തരവാദിത്വം ഈ ടീച്ചർക്കാണു. എല്ലാ ദിവസവും പരീക്ഷയുളളപ്പോൾ രാവിലേയും വൈകിട്ടും കുട്ടികൾ എന്നെ കാണാൻ വരും ഈ ടീച്ചറുടെ അനുഗ്രഹം വാങ്ങുവാൻ. എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും സന്തോഷിച്ച നിമിഷങ്ങളായിരുന്നു അതൊക്കെ.
അങ്ങനെ പരീക്ഷാ ഫലം വന്നു. പ്രിൻസിപ്പാൾ സിസ്റ്റർ എന്നെ സിസ്റ്ററിന്റെ മുറിയിലേക്ക് വിളിപ്പിച്ചു. ഞാൻ അവിടെ ചെന്നപ്പോൾ എന്റെ കുട്ടികളെല്ലാം അങ്ങനെ നിരന്നു നിൽക്കുന്നു. അവരുടെ മുഖത്തേക്ക് നോക്കിയപ്പോൾ എല്ലാവരും പിരിമുറുക്കത്തിന്റെ ഉച്ചസ്ഥായിയിൽ. സത്യം പറഞ്ഞാൽ എനിക്ക് ശരിക്കും ടെൻഷനായി.
സിസ്റ്റർ എന്നോട് ചോദിച്ചു, " മിസ്സറിഞ്ഞോ ഇവരുടെ റിസൽട്ടിന്റെ കാര്യം?"
ഞാൻ ഇല്ലായെന്നു മറുപടി പറഞ്ഞു. ഞാൻ സിസ്റ്ററിന്റെ മറുപടിക്കായി കാത്തിരുന്നു. സിസ്റ്റർ പറഞ്ഞു, "മിസ്സിന്റെ കുട്ടികൾ 100% വിജയം കൈവരിച്ചിരിക്കുന്നു. അവർ എങ്ങനെ ഈ വിജയം കരസ്ഥമാക്കിയെന്നതാണു ഞങ്ങളെ അതിശയപ്പെടുത്തുന്നത്."
എനിക്ക് അതിയായ സന്തോഷം തോന്നി. ഞാൻ പതിയെ തിരിഞ്ഞു എന്റെ കുട്ടികളെ നോക്കി. ചിലർ ചിരിക്കുന്നു, ചിലർ കരയുന്നു. ജീവിതത്തിൽ പരാജയത്തിൽ നിന്നും കൈപിടിച്ചു വിജയത്തിലേക്ക് നയിക്കുമ്പോളുണ്ടാകുന്ന സന്തോഷമെന്താണെന്ന് അന്ന് ഞാൻ ആ കുട്ടികളുടെ സന്തോഷത്തിലൂടെ അനുഭവിച്ചറിഞ്ഞു. പിന്നീട് മൂന്നാം വർഷവും ആ കുട്ടികളെല്ലാവരും 100% വിജയം കൈവരിച്ചുവെന്ന് ആ കുട്ടികൾ എന്നെ ഫോണിലൂടെ വിളിച്ച് അറിയിച്ചു. കാരണം ഞാൻ അപ്പോഴേക്കും ആ നാടു വിട്ടിരുന്നു.
ഒരു നല്ല അധ്യാപനത്തിന്റെ ഓർമ്മകളും, ഒരു പാട് അനുഭവങ്ങളുടെ പാഠങ്ങളും ആ കുട്ടികളിലൂടെ ജീവിതം എനിക്ക് സമ്മാനിച്ചു.
ഒരു വ്യക്തിയേം അവരുടെ കുറവുകളെ ചൂണ്ടി ആ വ്യക്തിത്വത്തിനു വിധിയെഴുതരുതെന്ന് ആ കുട്ടികളിലൂടെ ജീവിതം എനിക്ക് കാണിച്ചു തന്നു. എല്ല്ലാവരും മിടുക്കന്മാരോ, സാമർത്ഥ്യം ഉളളവരോ ആയല്ല ജനിക്കുന്നത്. അവരുടെ കുറവുകളെ സ്നേഹം കൊണ്ടു മനസ്സിലാക്കി, ആത്മവിശ്വാസം കൊണ്ട് അടിത്തറപാകി, കാരുണ്യം കൊണ്ട് നയിക്കുമ്പോഴാണു ഓരോരുത്തരും ജീവിത വിജയത്തെ പുൽകുന്നത്.
സ്നേഹപൂർവ്വം..
കാർത്തിക..