ഞാനും എന്റെ കുഞ്ഞിപ്പെണ്ണും കൂടി ആകാശത്തെ നക്ഷത്രങ്ങളേയും നോക്കിക്കിടക്കുകയാണു. അവൾ ഓരോ നക്ഷത്രത്തേയും ചൂണ്ടിക്കാട്ടി അതിന്റെ പേരു ചോദിക്കും. എനിക്കാണെങ്കിൽ ആകെ അറിയാവുന്നത് എന്റെ വാൽ നക്ഷത്രത്തെ മാത്രവും. എല്ലാ നക്ഷത്രത്തേയും എന്റെ വാൽനക്ഷത്രമായി സങ്കൽപ്പിച്ച് ഞാൻ അവൾക്ക് നക്ഷത്രങ്ങളുടെ കഥ പറഞ്ഞു കൊടുക്കുവാൻ തുടങ്ങി.
ഞാൻ അവളെ തലോടിക്കൊണ്ടു പറഞ്ഞു, ദേ.. അവിടെ ചുവന്നു തുടുത്തു നിൽക്കുന്ന നക്ഷത്രത്തെക്കണ്ടോ നീയ്. അതാണു ഈ മമ്മയുടെ വാൽനക്ഷത്രം. മമ്മയുടെ ഭാഗ്യ നക്ഷത്രം. എപ്പോഴൊക്കെ ആ നക്ഷത്രം എന്റെ ജീവിതത്തിലോട്ടു കടന്നു വന്നിട്ടുണ്ടോ അപ്പോഴൊക്കെ മമ്മക്ക് ഒരുപാടു ഭാഗ്യം കൊണ്ടുവന്ന് തന്നിട്ടുണ്ട്. നീയെന്ന ഭാഗ്യത്തെ വീണ്ടും എനിക്ക് തന്നത് എന്റെ വാൽ നക്ഷത്രത്തിന്റെ സാന്നിദ്ധ്യത്താലാണു.
ഒരു പാടു നിർഭാഗ്യങ്ങൾക്കിടയിൽ ഭാഗ്യം എന്നത് എന്നെ തേടി വന്നത് എന്റെ വാൽ നക്ഷത്രത്തിലൂടെയാണു. അത് മമ്മയുടെ ഒരു വിശ്വാസമാണു. മമ്മക്ക് മാത്രം മനസ്സിലാകുന്ന മമ്മയുടെ വിശ്വാസം. ചിലപ്പോൾ തോന്നും ആകാശത്ത് മിന്നിത്തിളങ്ങി നിൽക്കുന്ന അതിന്റെ പ്രഭ കുറയാറുണ്ടോയെന്ന്, ചിലപ്പോൾ അത് ആകാശത്ത് പ്രത്യക്ഷപ്പെടാറേയില്ല.
അപ്പോളൊക്കെ മമ്മക്ക് വിഷമമാകും കാരണം മമ്മയെ ഇട്ടേച്ച് ആ വാൽ നക്ഷത്രവും പോയോന്ന് ചിന്തിക്കും. കാരണം മമ്മ സ്നേഹിച്ചിട്ടുളളവരെല്ലാം മമ്മയെ ഇട്ടിട്ട് പോയിട്ടേയുളളൂ. എന്റെ ഭാഗ്യത്തിന്റെ പേരും പറഞ്ഞ് ഞാൻ എന്റെ വാൽനക്ഷത്രത്തെ ഒത്തിരി ബുദ്ധിമുട്ടിക്കുന്നതുകൊണ്ടാകാം ചിലപ്പോൾ എന്നെ കാണാതെ എന്നോട് മിണ്ടാതെ ആകാശത്ത് മേഘങ്ങൾക്ക് ഇടയിൽ മറഞ്ഞിരിക്കുന്നത്. കാണാതാകുമ്പോൾ എനിക്ക് വിഷമമാകുമെങ്കിലും പിന്നെ ചിന്തിക്കും ഞാനെന്തിനാ പാവം എന്റെ വാൽ നക്ഷത്രത്തെ ബുദ്ധിമുട്ടിക്കുന്നതെന്ന്. അപ്പോ ഞാനും ഒന്നും മിണ്ടാതെ തിരിച്ചു പോരും.
ഞാൻ പോയെന്നറിയുമ്പോൾ എന്റെ വാൽ നക്ഷത്രം വീണ്ടും ആകാശത്ത് മിന്നി തിളങ്ങി നിൽക്കുന്നത് ഞാൻ ദൂരെ നിന്ന് കണ്ടിട്ടുണ്ട്. അപ്പോ എനിക്ക് സന്തോഷാകും. അവിടെ സുഖായിട്ട് ഇരിപ്പുണ്ടെന്ന് അറിഞ്ഞാൽ മാത്രം മതി.
ഞാൻ മെല്ലെ എന്റെ കുഞ്ഞിപ്പെണ്ണിനെ തോട്ടപ്പോൾ മനസ്സിലായി അവൾ ഉറങ്ങിക്കഴിഞ്ഞെന്ന്. ഇനി അടുത്ത വിശപ്പിന്റെ വിളി വരുന്നിടം വരെ ആ ഉറക്കം തുടരും.
ഞാൻ വീണ്ടും ആകാശത്തേക്ക് നോക്കി എന്റെ വാൽനക്ഷത്രത്തോടായി പറഞ്ഞു "അറിയില്ല എത്ര ദിവസം കൂടി എന്റെ കുഞ്ഞിപ്പെണ്ണു എന്റെ കൂടെ കാണുമെന്ന്. ഓരോ പ്രവശ്യവും ഡോക്ട്ർമാരുടെ അടുത്തുചെല്ലുമ്പോഴും ഓരോ ആഴ്ചത്തെ ആയുസ്സാണു അവരു പറയുന്നത്. ഓരോ ആഴ്ചകളും പിന്നിട്ട് അവളെ നെഞ്ചോടു ചേർത്ത് പിടിച്ച് ഞാൻ മുൻപോട്ടു പോവുകയാണു. ആ യാത്രയിൽ നീ എനിക്ക് നൽകിയ ഭാഗ്യം എന്റെ കൂടെയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഇനി അതിന്റെ പേരും പറഞ്ഞു ബുദ്ധിമുട്ടിക്കാൻ വരില്ലാട്ടോ. പക്ഷേ എന്റെ പ്രാർത്ഥനകൾ എന്നും കൂടെയുണ്ടാവും."