കുറേ ദിവസായി ഇതിലെന്തെങ്കിലുമൊന്ന് കുത്തിക്കുറിച്ചിട്ട്. മറന്നിട്ടല്ലാ ട്ടോ. ന്റെ കുഞ്ഞിപ്പെണ്ണു സമ്മതിക്കണ്ടേ. ഓൾക്ക് ആകെയിഷ്ടം സിനിമ കാണുന്നതും പുസ്തകം വായിക്കുന്നതുമാ. ഞാൻ വലിയ സിനിമാ പ്രേമിയൊന്നുമല്ലാട്ടോ. വളരെ സെലെക്റ്റീവായി, എന്റെ മനസ്സിൽ എനിക്ക് ഇഷ്ടം തോന്നണ സിനിമ മാത്രമേ ഞാൻ കാണാറുളളൂ. പക്ഷേ അവളു വന്നേൽപ്പിന്നെ എന്നെക്കൊണ്ട് എല്ലാ സിനിമയും കാണിപ്പിക്കും. ഞാൻ കാണണ്ടായെന്ന് വെച്ച് മാറ്റിവെച്ച സിനിമകളെല്ലാം എന്നെക്കൊണ്ട് തപ്പിയെടുപ്പിച്ച് അവൾ എന്നെക്കാണിച്ചുകൊണ്ടിരിക്കുകയാ. എന്താ പറയുക! അവളൊരു വല്ലാത്ത വാശിക്കാരിയാണെ. അങ്ങനെ ഇന്നത്തെ തപ്പലിന്റെ ഭാഗമായി കിട്ടിയ ഒരു സിനിമയാണു "ഭൂമിയുടെ അവകാശികൾ".
റ്റി. വി. ചന്ദ്രൻ സാറിന്റെ 2012-ൽ ഇറങ്ങിയ ഒരു മനോഹരമായ ചിത്രം. ഈ സിനിമ കാണണമെന്ന് വെച്ചിട്ട് കുറേ നാളായി. ഇതിന്റെ സിഡിയും മുറിയിൽ കിടക്കാൻ തുടങ്ങിയിട്ട് കുറേ നാളുകളായി. ഇന്ന് കുഞ്ഞിപ്പെണ്ണു അതെന്നെക്കൊണ്ട് തപ്പിയെടുപ്പിച്ച് ഞങ്ങൾ രണ്ടുപേരും കൂടിയിരുന്നു കണ്ടു.
ആ സിനിമ എന്നെക്കാണാൻ പ്രേരിപ്പിച്ചത് അതിന്റെ പേരാണു "ഭൂമിയുടെ അവകാശികൾ." ശ്രീ വൈക്കം മുഹമ്മദ് ബഷീർ എഴുതിയ ഭൂമിയുടെ അവകാശികൾ എന്ന കഥയാണോ എന്നുളള ആകാംക്ഷയായിരുന്നു. പക്ഷേ അതല്ലെങ്കിൽ കൂടിയും ബഷീർ പറയുന്ന ഭൂമിയുടെ അവകാശികളെ ഇതിലും പ്രമേയമാക്കിയിട്ടുണ്ട്.
നമ്മുടെ നാട്ടിൽ മുറ്റത്തും തൊടിയിലും കാണുന്ന എല്ലാത്തരം ജീവജാലങ്ങളും ഇതിൽ ആഥിത്യം അരുളിയിട്ടുണ്ടു. അട്ട, പുഴു, മണ്ണിര, പാമ്പ്, അണ്ണാൻ, മരയോന്ത്, പല്ലി എന്നുവേണ്ട ഒരു വലിയ പട്ടിക തന്നെയുണ്ടേ. ഈ ജീവികളെയെല്ലാം വീണ്ടും ഒന്നൂടി കണ്ടപ്പോൾ എനിക്കൊത്തിരി സന്തോഷം തോന്നി, എന്റെ കുഞ്ഞിപ്പെണ്ണിനു അതിശയവും. അവളിതൊക്കെ ആദ്യായിട്ട് കാണണതാണേ. ഞാൻ അവളോടു പറഞ്ഞു നീ കുറച്ചു നാൾ കഴിഞ്ഞു ഈ ലോകത്തിൽ ജനിച്ചു വീഴുമ്പോൾ ഞാൻ നിന്നെയിതൊക്കെ നേരിട്ട് കാണിക്കാമെന്ന്. അവൾക്ക് വലിയ സന്തോഷായി അത് കേട്ടപ്പോൾ.
പിന്നെയൊരു കാര്യം ഞാനീ സിനിമ നല്ലതാണെന്ന് പറഞ്ഞതുകൊണ്ട് എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ലാട്ടോ. കാരണം ചാർളിയെന്ന സിനിമയൊക്കെപ്പോലെ കളർഫുള്ളോ, മാജിക്കോ ഒന്നും ഇതിലില്ല. പ്രകൃതിയെ ഇഷ്ടപ്പെടുന്ന, സമൂഹത്തിലെ ചില തിന്മകളെ ചൂണ്ടിക്കാണിച്ചു കൊണ്ട് മുൻപോട്ടു പോകുന്ന ഒരു സിനിമ. എനിക്കും എന്റെ കുഞ്ഞിപ്പെണ്ണിനും ഒരുപാടിഷ്ടായി. കാണുവാൻ സാധിക്കുമെങ്കിൽ എല്ലാവരും അത് കാണണം.
വിദേശത്തും, ഫ്ലാറ്റുകളിലും വളരുന്ന കുട്ടികളെയൊക്കെ ഇത് കാണിച്ചാൽ ഒരു ചെറിയ പ്രകൃതി പഠനം സമ്മാനിച്ച അനുഭവം അവർക്കും ഉണ്ടാകും. പിന്നെ നമ്മുടെ നാടിന്റെ നന്മയും ഭംഗിയുമൊക്കെ ഇങ്ങനെയെങ്കിലും അവർ ആസ്വദിക്കട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നു.
അപ്പോ ഇത്രയെങ്കിലും എന്നെ എഴുതാൻ സമ്മതിച്ച എന്റെ കുഞ്ഞിപ്പെണ്ണിനോടും, ഒരു നല്ല സിനിമ അനുഭവം സമ്മാനിച്ച ശ്രീ റ്റി. വി. ചന്ദ്രൻ സാറിനോടുമുളള നന്ദിയും സ്നേഹവും അറിയിച്ചുകൊണ്ട് നിർത്തുന്നു.
സ്നേഹപൂർവ്വം
കാർത്തിക