ഏപ്രിൽ 14 എല്ലാവരും വിഷു ആഘോഷിച്ചപ്പോൾ ഞാൻ രെഞ്ചിയെക്കൂട്ടി എന്റെ ആശുപത്രിയിലേക്ക്. മാസം രണ്ടര ലക്ഷം രൂപ ശമ്പളം കിട്ടുന്ന ജോലി രാജിവെക്കുന്നതിനു. ഒരു വലിയ സാമ്പത്തിക ഭദ്രതയിൽ നിന്നും ജീവിതം ശൂന്യതയിലേക്ക് മാറുമെന്നറിഞ്ഞിട്ടും ആ തീരുമാനത്തിനു വഴിതെളിച്ചത് എന്റെ കുഞ്ഞിന്റെ സംരക്ഷണവും. ഏഴു വർഷങ്ങൾക്ക് ശേഷം ദൈവം തന്ന ആ ദാനത്തിന്റെ ജീവൻ എന്റെ ഗർഭാശയത്തിൽ സുരക്ഷിതമാക്കുവാൻ ഒരമ്മക്ക് ചെയ്യുവാൻ പറ്റുന്ന ഏറ്റവും വലിയ കാര്യം. ആരോടും അഭിപ്രായം ചോദിച്ചില്ല. പകരം എല്ലാവരോടും എന്റെ തീരുമാനം ഞാൻ പറഞ്ഞു.
ചിലർ പറഞ്ഞു കുറച്ചുംകൂടി കാത്തിട്ടു മതിയായിരുന്നു രാജിയെന്ന്. ചിലർ എന്റെ രാജിയെ അനുകൂലിച്ചു. പക്ഷേ മറ്റുളളവരുടെ അഭിപ്രായത്തേക്കാൾ എനിക്ക് കേൾക്കുവാൻ കഴിഞ്ഞത് എന്റെ കുഞ്ഞിന്റെ ആ ഹൃദയമിടിപ്പായിരുന്നു. അത് നിലക്കാതിരിക്കുവാൻ എന്നാൽ കഴിയുന്നത് എനിക്ക് ചെയ്യണമെന്ന ദൃഢനിശ്ചയമായിരുന്നു. അവൾ സുരക്ഷിതയാണിപ്പോൾ എന്റെ ഉദരത്തിൽ. എനിക്കും അവൾക്കും മാത്രം മനസ്സിലാകുന്ന ഭാഷയിൽ ഞങ്ങൾ സംസാരിക്കുന്നു. ഞങ്ങൾ പരസ്പരം അറിയുന്നു. എന്റെ തീരുമാനങ്ങൾക്ക് അവൾ പൂർണ്ണ പിന്തുണ നൽകുന്നു.
ഇനി ഒന്നര മാസം കൂടി യു.എ.ഇ. എന്ന രാജ്യത്ത് . പിന്നെയെങ്ങോട്ടാണു യാത്രയെന്നുളളത് ദൈവം പോലും ഒരു സസ്പെൻസായി വെച്ചിരിക്കുകയാണു. പക്ഷേ ഞാൻ വിശ്വസിക്കുന്നു എവിടെയാണോ എന്റെ സ്വപ്നങ്ങൾക്ക് ചിറകുമുളക്കുന്നത് ആ നാട്ടിലേക്ക് ഞാൻ എന്റെ യാത്ര ആരംഭിക്കുമെന്ന്. ഓരോ ദിവസവും എണ്ണപ്പെട്ടുകൊണ്ടിരിക്കുന്നു ആറു വർഷം ജീവിച്ച ഈ മണ്ണിൽ നിന്നും പടിയിറങ്ങുവാൻ. അതൊരു യാത്രയാണു... എല്ലാം അവസാനിപ്പിച്ച്, എല്ലാം ഒരു ഓർമ്മയായി അവശേഷിപ്പിച്ചു കൊണ്ടുളള ഒരു യാത്ര. എവിടെയൊക്കെയോ ഒരു നോവ് മനസ്സിനുളളിൽ വിങ്ങുന്നതു പോലെ. പക്ഷേ പോയേ തീരു.
മരുഭൂമിയുടെ നാട്ടിൽ നിന്നും പൂക്കളും, മഴയും, പച്ചപ്പുമൊക്കെ നിറഞ്ഞ വേറൊരു നാട്ടിലേക്ക്. ഇതെല്ലാം സാർത്ഥകമായത് ഒരു വലിയ സ്വപ്നത്തിലൂടെ, ആ സ്വപ്നത്തിലൂടെ വീണ്ടുമെന്റെ ജീവിതത്തിൽ ഒരു വിരുന്നകാരനെപ്പോലെ വന്നു പോയ ആ നല്ല സൗഹൃദത്തിലൂടെ, ആ സ്വപ്നം എനിക്ക് കാണിച്ചു തന്ന എന്റെ ദൈവത്തിലൂടെ....
നന്ദിയോടെ....