My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Monday, May 29, 2017

എത്ര മനോഹരമായ ആചാരങ്ങൾ...

നല്ല മഴയും തണുപ്പുമുളളതുകൊണ്ട്‌ സോഫയുടെ ഒരു കോണിൽ ചുരുണ്ടുകൂടി എന്റെ കുഞ്ഞിനേയും കെട്ടിപ്പിടിച്ചിരുന്നപ്പോഴാണു വീണ്ടും എന്തെങ്കിലും എഴുതണമെന്ന് തോന്നിയത്‌. എന്റെ പെണ്ണു സുഖമായി അവളുടെ അമ്മയുടെ ചൂടും പറ്റി എന്റെ കൈയ്യിലിരുന്ന് ഉറങ്ങുന്നു. ഇങ്ങ്‌ ആസ്‌ട്രേലിയായിൽ വന്നിട്ട്‌ ഇത്‌ വരെ മ്മടെ പടച്ചോനെ എന്റെ ബ്ലോഗിലൂടെ ഒന്ന് ഗൗനിച്ചില്ലായെന്ന ഒരു വിഷമം മാറട്ടെയെന്ന് കരുതി ഇന്ന് പുളളിയെ കൂട്ടുപിടിക്കാൻ തീരുമാനിച്ചു. ഒരു വർഷത്തെ ഇടവേളക്ക്‌ ശേഷം ഞങ്ങളുടെ സംസാരം അക്ഷരങ്ങളായി കുറിക്കുമ്പോൾ പടച്ചൊനു പറയാനുണ്ടായിരുന്നത്‌ നാട്ടിലെ വിശേഷങ്ങൾ തന്നെയായിരുന്നു.

"അല്ലാ ഈയ്‌ ഇബിടെ കുത്തിയിരിക്കുകാ?? ഈയ്‌ നാട്ടിലെ വിവരങ്ങളു ബല്ലതും അറിയുന്നുണ്ടോ കാത്തുവേ??".

"പിന്നെ അറിയാണ്ട്‌!! ബീഫ്‌ നിർത്തലാക്കിയതല്ലേ. ലാലേട്ടൻ ഒരു സിനിമയിൽ പറയുന്നത്‌ പോലെ "എത്ര മനോഹരമായ ആചാരങ്ങൾ".



"അല്ലാ എനിക്ക്‌ മനസ്സിലാകാത്തത്‌ ഈ മനുഷ്യന്മാർക്കൊക്കെ എന്ത്‌ പറ്റിയെന്നാണു!!!. ഒരു ബശത്ത്‌ പീഡനത്തോട്‌ പീഡനം മറുവശത്ത്‌ മതത്തിന്റെ പേരിൽ ഓരോരൊ കോപ്രായങ്ങളു..." പടച്ചോൻ രാവിലെ ഞാൻ ഉണ്ടാക്കിയ പസ്ത കഴിച്ചുകൊണ്ട്‌ തന്റെ ആവലാതി പങ്കുവെച്ചു.

"അല്ലാ പടച്ചോനെ ഇപ്പോ എല്ലാരുടേയും സംശയം എന്താണെന്ന് വെച്ചാൽ ഗോമാതാവിനു ദൈവീക പരിവേഷം നൽകിയാണു ബീഫ്‌ നിരോധിച്ചത്‌, അപ്പോ കൃഷ്ണന്റെ അവതാരമായിരുന്ന മത്സ്യവും, പന്നിയും നിരോധിക്കണ്ടേ?? മുരുകന്റെ വാഹനമാണു മയിൽ, നാട്ടിൽ ആ മയിലിനെ കൊന്ന് മയിലെണ്ണ ഉണ്ടാക്കുന്നു... ഇന്ദ്രന്റെ വാഹനമാണെ ആന.. ആ ആനയെക്കൊണ്ട്‌ എന്തൊക്കെ കച്ചവടങ്ങൾ നടക്കുന്നു... അങ്ങനെ നോക്കിയാൽ എല്ലാ ജീവജാലങ്ങൾക്കും ഒരു ദൈവീക പരിവേഷമുണ്ട്‌." ഞാൻ എന്റെ സംശയങ്ങളുടെ ഭാണ്ടക്കെട്ടുകൾ തുറക്കുവാൻ തുടങ്ങി.

പാസ്താ കഴിച്ചു കഴിഞ്ഞ ചാരിതാർത്ഥ്യത്തിൽ ഒരു മനോഹരമായ പുഞ്ചിരി പടച്ചോൻ എനിക്ക്‌ സമ്മാനിച്ചുകൊണ്ട്‌ പറഞ്ഞു, "അനക്ക്‌ ഇത്തിരി കൈപുണ്യമൊക്കെയുണ്ട്‌ ട്ടോ. അത്‌ നീയ്‌ പറഞ്ഞത്‌ നേരാ കാത്തൂ. ഇപ്പോ ബീഫ്‌ നിർത്തലാക്കിയത് കൊണ്ട്‌ ഒരു മിണ്ടാപ്രാണിയെ രെക്ഷിച്ചു. അതുപോലെ മറ്റു മിണ്ടാപ്രാണികളെക്കൂടി രെക്ഷിച്ചിരുന്നെങ്കിലെന്നാ ഞാൻ ആഗ്രഹിച്ചു പോകുന്നത്‌. ഒരു മതത്തിന്റെ പേരിൽ ഓരോ കാര്യങ്ങളും സ്വകാര്യവൽക്കരിക്കപ്പെടുമ്പോഴാണു എല്ലാം ഒരു പ്രഹസനമായി മാറുന്നത്‌."

" മത്സ്യവും മാംസവുമൊക്കെ തിന്നുമ്പോൾ ഞാനെപ്പോഴും ഓർക്കും യ്യോ!! മ്മടെ ഭക്ഷണത്തിനായി അവരെ കൊന്നപ്പോൾ അവർക്ക്‌ എത്ര വേദനിച്ചിട്ടുണ്ടാകുമെന്ന്... പക്ഷേ തീറ്റ തുടങ്ങിക്കഴിഞ്ഞാൽ ആ വേദനയൊക്കെ മറക്കും കെട്ടോ. എന്നാലും മനസ്സിന്റെ ഉളളിലെവിടെയോ ഒരു കുറ്റബോധമുണ്ട്‌." അതും പറഞ്ഞ്‌ ഞാനൊരു ദീർഘ നിശ്വാസം വിട്ടു.

"എല്ലാ മനുഷ്യന്മാരും ഇങ്ങനെയിക്കെത്തന്നെയാ കാത്തൂ. ഈ പ്രപഞ്ചത്തിനു ഒരു ആവാസ വ്യവസ്ഥയുണ്ട്‌ . അവിടെ മാംസഭുക്കുകൾ മാംസം കഴിച്ചു ജീവിക്കണം, സസ്യഭുക്കുകൾ സസ്യവും. എന്ത്‌ തിന്നണം, എന്ത്‌ ഉടുക്കണം, എങ്ങനെ ജീവിക്കണം എന്നൊക്കെയുളളത്‌ ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണു. അത്‌ മനുഷ്യനു സ്വീകാര്യമല്ലാത്ത നിയമങ്ങളായും, ആചാരങ്ങളായുമൊക്കെ അടിച്ചേൽപ്പിക്കുന്നത്‌ ഒരു ദുരാചാരമല്ലേ!!!. അതും പറഞ്ഞ്‌ പടച്ചോൻ പോകുവാനായി എണീറ്റു.

"ഇങ്ങളു പോകുവാ. അതിനു മുൻപ്‌ ഞാനൊരു സംശയം ചോദിച്ചോട്ടെ! ഇങ്ങളു മാംസഭുക്കാണോ, അതോ സസ്യഭുക്കാണോ??" എന്റെ ചോദ്യത്തിലെ കുസൃതി മനസ്സിലാക്കിക്കൊണ്ട്‌ പടച്ചോൻ ചിരിച്ചു. 

"ഈയ്‌ കോഴീനേം മീനിനെയുമൊക്കെ തിന്നത്തില്ലേ?. തിന്നുന്നുണ്ടെങ്കിൽ അന്റെ പടച്ചോനും ഇതൊക്കെ തിന്നും. എന്നാലും പറയുകയാ മ്മടെ ആരോഗ്യത്തിനു ഏറ്റവും നല്ലത്‌ ശുദ്ധമായ പച്ചക്കറികളു തന്നെയാ" ഉത്തരങ്ങൾക്ക്‌ മറുചോദ്യം ചോദിച്ചു കൊണ്ട്‌ പടച്ചോൻ വീണ്ടും എന്നെ തോൽപ്പിച്ചു.

"എന്നാപ്പിന്നെ ഇങ്ങൾക്ക്‌ ബീഫ്‌ തിന്നാൻ തോന്നുമ്പോൾ ഇങ്ങട്ട്‌ പോന്നോളൂട്ടോ!! നല്ല ഒന്നാന്തരൻ നസ്രാണി ബീഫ്‌ കറിക്കൂട്ടാം." ഞാൻ പടച്ചോനോടായി പറഞ്ഞു.

പടച്ചോൻ യാത്ര പറഞ്ഞ്‌ ഇറങ്ങിയപ്പോൾ അത്രയും നേരം ചന്നം പിന്നം ചാറിക്കൊണ്ടിരുന്ന ചാറ്റൽ മഴക്ക്‌ ഇടവേള നൽകിക്കൊണ്ട്‌ സൂര്യഭഗവാൻ മേഘങ്ങൾക്കിടയിൽ നിന്നും തലപൊക്കി നോക്കി. മാനുഷ കുലത്തിനു ഹിതമായ നല്ല ആചാരങ്ങൾക്ക്‌ ഓരോ ഉദയവും സാക്ഷിയാകട്ടെയെന്നും ഓരോ അസ്തമയവും മനുഷ്യന്റെ അസ്ഥിത്വത്തിനു വെല്ലുവിളിയാകുന്ന ദുരാചാരങ്ങളുടെ അവസാനത്തിനു സാക്ഷിയാകട്ടെയെന്നു പ്രാർത്ഥിക്കുന്നു.

കാർത്തിക...