പൂക്കളുടേയും, മഞ്ഞിന്റേയും, മഴയുടേയും നാട്ടിൽ വന്നിട്ട് ഇന്ന് ഒരു വർഷം തികയുന്നു. ജീവിതത്തിൽ ഒരു പാട് അനുഭവങ്ങൾ അവശേഷിപ്പിച്ച് വീണ്ടും യാത്ര തുടരുമ്പോൾ നഷ്ടങ്ങളുടേയും, നഷ്ടപ്പെടലിന്റേയും കണക്കുകൾ മാത്രം ജീവിതമാകുന്ന തുലാസിന്റെ ഒരു തട്ടിൽ അവശേഷിക്കുന്നു; മറ്റേത്തട്ടിൽ ആകാശത്തോളം ഉയർന്ന് നിൽക്കുന്ന ഒരു പിടി സ്വപ്നങ്ങളും. ആ സ്വപ്നങ്ങളിൽ ഒന്ന് തോടുവാൻ ഇനിയും എത്ര കാതങ്ങൾ ഞാൻ തനിയെ നടക്കണം. എപ്പോഴും കൂടെയുണ്ടാകുമെന്ന് കരുതിയവർ അവരുടെ ജീവിതത്തിന്റെ കണക്കുക്കൂട്ടലുകളിൽ നിന്ന് ഞാനെന്ന വ്യക്തിയെ മാറ്റിനിർത്തുവാൻ ആഗ്രഹിക്കുമ്പോൾ എവിടെയോ അത് എന്റെ ആത്‌മവിശ്വാസത്തെ തല്ലിക്കെടുത്തുന്നതു പോലെ... എന്നാലും അതിലൂടെ അവർക്കുണ്ടാകുന്ന ലാഭങ്ങൾ ഒരു പക്ഷേ എന്നേക്കാൾ ഒരു പിടി മുന്നിലാണെന്ന സത്യത്തെ ഞാനും അംഗീകരിക്കുന്നു.
നമ്മുടെ ജീവിതത്തിലെ ഏതവസ്ഥയിലും നമുക്ക് കൂട്ടായി തന്റെ നിഴൽ മാത്രമേയുളളുവെന്ന തിരിച്ചറിവാണു ജീവിതത്തിൽ എന്തിനേയും നേരിടാൻ നമ്മെ പ്രാപ്തമാക്കുന്നത്. ആരുടേയും കണക്കു പറച്ചിലുകൾ കേൾക്കണ്ടാ.... ആരേയും കണക്കുകൾ ബോധിപ്പിക്കുകയും വേണ്ടാ....
അമ്മയപ്പന്മാർക്ക് മക്കളെ വളർത്തിയതിന്റേയും, പഠിപ്പിച്ചത്തിന്റേയും, കല്യാണം കഴിച്ചു വിട്ടതിന്റേയും കണക്കുകൾ...
മക്കൾക്ക് അവർക്ക് കിട്ടുന്ന പാരമ്പര്യ സ്വത്തിന്റേയും, സ്വന്തം മാതാപിതാക്കളെ നോക്കുന്നതിന്റേയും കണക്കുകൾ....
ഭാര്യാഭർത്താക്കന്മാർക്ക് അവരവർ ചെയ്യുന്ന ജോലിയുടേയും, അവർക്ക് കിട്ടുന്ന ശമ്പളത്തിന്റേയും, മക്കളെ നോക്കുന്നതിനും കണക്കുകൾ....
"ഞാൻ കഷ്ടപ്പെട്ട.... ഞാൻ അധ്വാനിച്ച.... ഞാൻ ഉണ്ടാക്കിയ..... അങ്ങനെ എവിടേയും ഞാൻ മാത്രം...."
എല്ലായിടത്തും ആരാണു ഒരു പടി മുന്നിൽ നിൽക്കുന്നത് എന്ന് സമർത്ഥിക്കുവാൻ മത്സരം...
ഈ മത്സരവും, കണക്കു പറച്ചിലുകളുമെല്ലാം ജീവിതത്തിൽ എന്തു നേടിത്തരുന്നു എന്നു ചോദിച്ചാൽ... അതിനുത്തരമായി എല്ലാവരും പറയും.. "എല്ലാം ഈ ജീവിതത്തിന്റെ ഒരു ഭാഗം". അങ്ങനെ സ്വയം ആശ്വസം കണ്ടെത്തിക്കൊണ്ട് എല്ലാവരും ഈ ഭൂമിയിലെ ആയുസ്സ് തികക്കുന്നു....