ഈ ജന്മത്തിൽ എനിക്ക് നിന്നോട് പറയുവാനുളളതെല്ലാം
എന്റെ ആത്മാവിന്റെ താളുകളിൽ ഞാൻ കുറിച്ചു വെച്ചിരിക്കുന്നു,
ഒരു വേള നിന്നെ ബന്ധിച്ചിരിക്കുന്ന ഭൗതീകമായ
എല്ലാ ചെങ്ങലകളും പൊട്ടിച്ചെറിഞ്ഞു
എന്നെ കേൾക്കുവാൻ, എന്നിലെ എന്നെ അറിയുവാൻ
നീ സ്വതന്ത്രമാകുമെന്ന പ്രതീക്ഷയിൽ.
കാത്തിരിപ്പിന്റെ നാളുകൾക്ക് ദൈർഘ്യമേറെയുണ്ടെങ്കിലും
ഓരോ ദിനവും കൊഴിയുന്തോറും നാം തമ്മിലുളള അകലം
കുറയുന്നുവെന്ന പ്രതീക്ഷ എന്നിൽ നിറക്കുന്നത്
ജീവസ്സുളള ഒരു ആത്മചൈതന്യമാണു.
ആത്മാവിന്റെ സ്പന്ദനത്താൽ കാണാതെ കാണുവാനും,
പറയാതെ കേൾക്കുവാനും, അറിയാതെ അറിയുവാനും
കഴുയുന്നതാണു നാം തമ്മിലുളള ആ അന്തരത്തെ സാധൂകരിക്കുന്നത്.
ദിനരാത്രങ്ങൾ കൊഴിഞ്ഞു വീഴുമ്പോഴും, വർഷങ്ങൾ പോയ് മറയുമ്പോഴും,
ഋതുക്കൾ മാറി വരുമ്പോഴും കണ്ണിമ പൂട്ടാതെ കാത്തിരിക്കുന്ന
എന്നിലെ പ്രണയത്തിനു പറയുവാനും, കേൾക്കുവാനും,
കാണുവാനും, അറിയുവാനും കഴിയുന്നത് ഒന്നു മാത്രമാണു;
ഒരു ജന്മത്തിന്റെ പുണ്യമായി ഞാൻ കരുതുന്ന
നിന്നിലെ പ്രണയത്തെ...
നീ അറിഞ്ഞും അറിയാതെയും എന്റെ ജീവിതത്തിന്റെ
ഗതിവിഗതികളെ നിയന്ത്രിക്കുമ്പോൾ
എന്റെ ജീവിതത്തിലും നിന്റെ കൈയ്യൊപ്പുണ്ടെന്നുളള സത്യത്തെ
ഞാൻ ഏറ്റവും അഭിമാനത്തോടെ നോക്കിക്കാണുന്നു.
ഇനി എത്ര നാൾ ഞാൻ കാത്തിരിപ്പേണ്ടു എന്നറിയില്ലെങ്കിൽ കൂടിയും,
പ്രതീക്ഷകൾ അസ്തമിക്കാത്ത, സ്വപ്നങ്ങളാൽ നിറഞ്ഞ ആ ദിനം
എന്നിൽ നിറക്കുന്ന അത്മവിശ്വാസത്തിനു ഈ ജന്മം മുഴുവൻ
ഞാൻ നിന്നോട് കടപ്പെട്ടിരിക്കുന്നു...