വീണ്ടും ഒരു യാത്ര... അത് വേണ്ടിവരുമോയെന്ന് അറിയില്ലാ... പക്ഷേ അങ്ങനെയൊരു യാത്ര ഉണ്ടെങ്കിലും ഇല്ലെങ്കിലും എന്റെ ജീവിതത്തിൽ നിന്നും അടർത്തി മാറ്റപ്പെടേണ്ടത് സ്വയമേ മാറ്റപ്പെട്ടിരിക്കുന്നു. സ്നേഹം എന്നത് പരസ്പര വിശ്വാസമാണെങ്കിൽ സൗഹൃദമെന്നത് ആ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്ന കണ്ണിയാണു. അതിനെക്കുറിച്ച് ഒന്നും എഴുതുവാൻ ഞാൻ ആഗ്രഹിക്കുന്നില്ലാ... അതെന്തെങ്കിലുമാകട്ടെ... പക്ഷേ ഇന്നത്തെ എന്റെ ചിന്താവിഷയം ഒരു പാട്ടാണു.
പതിവ് പോലെ രാവിലെ എണീറ്റ് കുഞ്ഞിന്റെ കാര്യങ്ങളൊക്കെ നോക്കി ഇനി എന്ത് എന്നാലോചിച്ചു ഇരുന്നപ്പോളാണു എന്റെ നോവലിന്റെ അവസാന അധ്യായങ്ങൾ എഴുതിയ ഡയറി കണ്ണിൽപ്പെടുന്നത് എന്നാൽപ്പിന്നെ അത് ടൈപ്പ് ചെയ്യാമെന്ന് വിചാരിച്ചു ലാപ് ടോപ്പുമായിട്ടിരുന്നപ്പോൾ എന്റെ പെണ്ണു അവളുടെ കളിപ്പാട്ടമൊക്കെ ഉപേക്ഷിച്ച് എന്റെ ഡയറിയും ലാപ് ടോപ്പും പിന്നെ അവളുടെ കളിപ്പാട്ടമായി തിരഞ്ഞെടുത്തു. അതോടെ എഴുത്തുപരിപാടി അവസാനിപ്പിച്ച് അവളോടോപ്പം കളിക്കുവാൻ തുടങ്ങി. അതിനിടയിൽ അവൾക്ക് പറ്റിയ പാട്ട് തപ്പി യൂടൂബിൽ ചെന്നപ്പോൾ ഞാൻ കേൾക്കാനാഗ്രഹിച്ച ഒരു നല്ല പാട്ട് അതിൽ കണ്ടു... ജോർജ്ജേട്ടൻസ് പൂരം എന്ന സിനിമയിലെ "ഒടുവിലെ യാത്രക്കായി" എന്ന പാട്ട്. കുറേ നേരം ആ പാട്ട് തന്നെ വീണ്ടും വീണ്ടും കേട്ടു... മനോഹരമായ വരികൾ... മനസ്സിനെ സ്പർശ്ശിക്കുന്ന സംഗീതം. കേട്ടപ്പോൾ ഇഷ്ടം തോന്നിയതുകൊണ്ട് സംഗീതത്തെ ഒരുപാട് ഇഷ്ടപ്പെടുന്ന രണ്ടു മൂന്ന് സുഹൃത്തുക്കൾക്ക് അത് അയച്ചും കൊടുത്തു.
ഗായിക - രാജലക്ഷ്മി
സംഗീതം - ഗോപി സുന്ദർ
വരികൾ - ഹരിനാരായണൻ
അപ്പോ ദേ വരുന്നു അന്നക്കുട്ടിയുടെ കമന്റ്, "എടീ പെണ്ണേ നീ ഇരുപത്തിനാലും മണിക്കുറും പോസിറ്റിവിറ്റിയെക്കുറിച്ച് സംസാരിച്ചിട്ട് നീയെന്തിനാ ഇപ്പോ ഈ മരണപ്പാട്ടുമായിട്ട് വന്നിരിക്കുന്നതെന്ന്." അവളുടെ മെസ്സേജ് വായിച്ചപ്പോൾ എനിക്ക് ചിരി വന്നു.
മനുഷ്യർ എല്ലാവരും അങ്ങനെയാണു മരണം എന്നത് എല്ലാവരും ഭയാശങ്കയോടെ നോക്കിക്കാണു. ഒരു പാട്ടിൽ മരണത്തെക്കുറിച്ചുളള സന്ദേശമാണെങ്കിൽ അത് എങ്ങനെ നെഗറ്റിവിറ്റിയെ പ്രതിനിധാനം ചെയ്യുന്നു?അവിടെ വിരഹത്തിന്റെ ദു:ഖം എന്നുളളത് സത്യമാണു പക്ഷേ മരണമെന്നത് പകൽ പോലെ സത്യമായത് .. എന്തിനാണു മനുഷ്യർ ആ സത്യത്തെ ഭയപ്പെടുന്നത്... നമ്മുടെ ജീവിതത്തിലെ ഏറ്റവും സുന്ദതരമായ ഘട്ടമാണു മരണം.. കാരണം ഈ ലോകത്തിന്റെ തീരാ വേദനകളിൽ നിന്നും പൈശാചികതങ്ങളിൽ നിന്നുമുളള നിതാന്തമായ മുക്തിയാണു മരണം... ജീവിതത്തിലെ എല്ലാ സമസ്യകൾക്കുമുളള നിതാന്തമായ പരിഹാരം...
ഞാൻ ഫിലോസഫിക്കലായ ഒരു മെസ്സേജ് അന്നക്കുട്ടിക്ക് അയച്ചപ്പോൾ എന്റെ ചിരിയിൽ അവളും പങ്കുകൊണ്ടു.
വീണ്ടു പാട്ടിന്റെ ലോകത്തേക്ക് ലയിക്കുവാൻ തുടങ്ങിയപ്പോൾ പുറത്ത് ചാറ്റൽ മഴ ചാറുവാൻ തുടങ്ങിയിരുന്നു... പക്ഷേ ഒന്ന് പറയാതെ വയ്യാ ആ പാട്ട് മനസ്സിന്റെ ഉളളിലെവിടെയോ ഒരു നോവ് ഉണർത്തിക്കൊണ്ടേയിരുന്നു.... എനിക്ക് പ്രിയപ്പെട്ടത് എവിടെയോ നഷ്ടപ്പെട്ടതുപോലെ ...
മനസ്സ് തുറന്ന് സ്നേഹിച്ചിട്ടും ആ സ്നേഹം മനസ്സിലാക്കാത്തവർ,
മനസ്സിൽ ഒരു കുന്നോളം സ്നേഹമുണ്ടായിട്ടും
അത് പരസ്പരം പങ്കുവെക്കുവാൻ സാധിക്കാത്തവർ,
സ്വാർത്ഥമായ സ്നേഹത്തെ പുൽകി
സ്നേഹിക്കുന്നവരെ ഒറ്റപ്പെടുത്തുന്നവർ,
സ്നേഹിക്കുവാനും, സ്നേഹിക്കപ്പെടുവാനുമായി മത്സരിക്കുന്നവർ....
എല്ലാം ഒരു യാത്രയുടെ അന്ത്യം വരെ മാത്രം...
പിന്നീടങ്ങോട്ട് ആർക്കും സ്വന്തമാകാതെ തനിച്ച്...