വീണ്ടുമൊരു ഓണം കൂടി വന്നണഞ്ഞിരിക്കുന്നു. ഓർമ്മകളെ തഴുകി ഉണർത്തി, മനസ്സിൽ ഒരായിരം പൂക്കൾ കൊണ്ട് അത്തപൂക്കളവുമിട്ട്, ഒരു നല്ല സദ്യയുടെ രുചിയും നാവിൻ തുമ്പിൽ നിറച്ച് ഇത്തവണ ഓണം എത്തിയപ്പോൾ ഞങ്ങൾക്ക് കൂട്ടായി ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട അമ്മുവും ഈ ഓണത്തിനു ഞങ്ങളോടൊപ്പം. കഴിഞ്ഞ വർഷം അവൾ എന്റെ ഉദരത്തിൽ ഓണം ആഘോഷിച്ചു. ഓണത്തെക്കുറിച്ചോ, ആഘോഷങ്ങളെക്കുറിച്ചോ അവൾക്ക് മനസ്സിലാക്കുവാനുളള പ്രായമല്ലെങ്കിൽ കൂടിയും അവളുമൊത്ത് ചെറുതായിയൊന്ന് ആഘോഷിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
കഴിഞ്ഞ നാലു ദിവസമായി ജോലിയാണു, അതും രണ്ടു ദിവസത്തെ പന്ത്രണ്ട് മണിക്കൂർ ജോലിയുടെ ക്ഷീണത്തിൽ നിന്നും മനസ്സും ശരീരവും മുക്തമല്ലെങ്കിൽ കൂടിയും ഇന്ന് വൈകിട്ട് ജോലി കഴിഞ്ഞ് ചെന്ന് അവൾക്കൊരു പായസം വെച്ചു കൊടുക്കണം. ഓണം മുഴുവൻ ജോലിയിൽ മുങ്ങിക്കുളിച്ചു പോയതുകൊണ്ട് അതിന്റെ പൂർണ്ണതയിൽ ആഘോഷിക്കുവാൻ സാധിക്കുന്നില്ല. എന്നാലും അവൾക്കുവേണ്ടി കുറച്ചു സമയം എത്ര ക്ഷീണമാണെങ്കിലും എനിക്ക് മറ്റിവെക്കണം.
ഈ അവസരങ്ങളിലാണു ബാല്യകാല സ്മരണകൾ അതിന്റെ പ്രൗഡിയിൽ അങ്ങനെ തലപൊക്കിവരുന്നത്. എത്ര മനോഹരമായിരുന്നു ആ ദിനങ്ങൾ. പപ്പയുടെ ഒൻപത് സഹോദരങ്ങളുടെ മക്കളും, ഞങ്ങളും ഒരുമിച്ച് ആഘോഷിച്ച ഓണങ്ങൾ എത്രയാണു! ഇന്ന് രാവിലെ ആറു മണിക്ക് ജോലിക്ക് വരുമ്പോൾ മഴ ചാറുന്നുണ്ടായിരുന്നു. അപ്പോൾ ചിന്തിച്ചു ഓ! ഇപ്രാവശ്യത്തെ ഓണം മഴയത്താണല്ലോയെന്ന്. എട്ടു മണിയായപ്പോഴേക്കും മഴയൊക്കെ മാറി സൂര്യഭഗവാൻ ഹാജർ വെച്ചു. അപ്പ്പോൾ ശരിക്കും നാട്ടിലെ ഒരോണത്തിന്റെ പ്രതീതി മനസ്സിൽ തെളിഞ്ഞു. പറഞ്ഞറിയിക്കാനാവാത്ത ഒരു സന്തോഷം മനസ്സിൽ നിറഞ്ഞു.
നാട്ടിലും ചിലപ്പോൾ ഓണത്തിനു മഴയും അകമ്പടി സേവിക്കാറുണ്ട്. കുട്ടിക്കാലത്ത് വെളുപ്പിനെ എണീറ്റ് അത്തപൂക്കളമിടാൻ പൂപറിക്കാൻ പോകുമായിരുന്നു. ഞങ്ങളുടെ വീട്ടിലാണു കുട്ടിപ്പട്ടാളങ്ങളുടെ എല്ലാം സങ്കേതം. രാവിലെ എല്ലാത്തിനേം കുത്തിപ്പൊക്കി പൂ പറിക്കുവാൻ കൊണ്ടു പോകുന്നത് എന്റെ ജോലിയായിരുന്നു. പത്ത് ദിവസവും അത്തപൂക്കളമിട്ട ഓണങ്ങളുണ്ട്. രാത്രിയിൽ പെയ്ത മഴയുടെ ബാക്കിപത്രമായി പുല്ലിന്മേലും, ചെടികളിലും, മരങ്ങളിലുമെല്ലാം മഴത്തുളളികൾ കാണും. കാലിൽ ചെരുപ്പ്പൊന്നും ഇടാതെ പുല്ലിന്മേൽ നടക്കുവാൻ എന്തോരു സുഖമായിരുന്നു. പാദത്തിന്റെ ഉളളിലൂടെ ഒരു നനുത്ത കുളിർ അങ്ങനെ ശരീരം മുഴുവൻ പടർന്നു കയറും.
എനിക്ക് ഏറ്റവും ഇഷ്ടം തുമ്പപ്പൂക്കൾ പറിക്കുവാനായിരുന്നു. അതിന്റെ പരിശുദ്ധിയും, വെണ്മയും ഒന്ന് വേറെ തന്നെ. തൊടിയായ തൊടിയെല്ലാം നടന്ന് നടന്ന് പൂക്കൾ ശേഖരിച്ച് അത്തപ്പൂക്കളവുമിട്ട്, ഊഞ്ഞാലാട്ടവും, വടം വലിയും, ഓണക്കളിയുമൊക്കെ കഴിഞ്ഞ് വരുമ്പോൾ മമ്മി ചെറിയ ഒരു സദ്യയും ഉണ്ടാക്കിയിട്ടുണ്ടാവും. വാഴയിലയിലെ സദ്യയും കഴിഞ്ഞ് ഒരു സിനിമായിക്കെ കണ്ട് കഴിയുമ്പോഴേക്കും അന്നത്തെ ദിവസവും അവസാനിച്ചിരിക്കും. പിന്നെ ഓണം കഴിഞ്ഞു പോയതിന്റെ ദുഃഖമാണു. ഇനിയും ഒരു വർഷം കാത്തിരിക്കണം അടുത്ത ഓണക്കാലത്തിനായി.... അങ്ങനെ എല്ലാം ഒരു ഓർമ്മ... മനസ്സിൽ സൂക്ഷിക്കുവാൻ, താലോലിക്കുവാൻ, ഇതുപോലെ ബ്ലോഗിലോ, ഡയറിയിലോ ഓക്കെ കുറിക്കുവാനായി ജീവിതം ബാക്കിവെച്ചത്.