നല്ല നല്ല ഉദ്ധരണികൾ വായിക്കുകയെന്നത് ഞാൻ വളരെ ഇഷ്ടപ്പെടുന്ന കാര്യങ്ങളിൽ ഒന്നാണു. അങ്ങനെ വായിച്ചപ്പോൾ ഇഷ്ടം തോന്നിയ ഒന്ന് എന്റ് ബ്ലോഗിൽ പോസ്റ്റ് ചെയ്യണമെന്ന് തോന്നി. ഒരു പക്ഷേ ഞാൻ മനസ്സിൽ താലോലിക്കുന്ന ചില കാര്യങ്ങളോട് സമാനതയുളളതുകൊണ്ടാവാം.
ജോലിയുടെ ഭാഗമായി ഇപ്പോൾ ഒരുപാട് യാത്രകൾ ആവശ്യമായി വരുന്നു. ജോലിയുടെ ചെറിയ മാനസിക സംഘർഷം ആ യാത്രയിൽ ഉണ്ടെങ്കിൽ കൂടിയും മണിക്കൂറുകൾ നീണ്ട ഡ്രൈവിംഗിൽ ഞാൻ വളരെ സന്തോഷം കണ്ടെത്തുന്നു. വസന്തകാലത്തിന്റെ സൗന്ദര്യം പ്രകൃതിയെ വളരെ മനോഹരമാക്കിയിരിക്കുന്നു. ആ സൗന്ദര്യം എന്റെ മനസ്സിനെ ഒരു യാത്രയ്കായി പ്രേരിപ്പിക്കുന്നു. ഒരു യാത്ര പോകണം... ഒന്നുകിൽ തനിയെ .... അല്ലെങ്കിൽ .... ആ യാത്രയിൽ ഞാൻ എന്റെ അടുത്ത പുസ്തകത്തിന്റെ എഴുത്ത് ആരംഭിക്കും.
ജീവിതത്തിൽ ചിലപ്പോൾ നമ്മളെല്ലാം ആഗ്രഹിക്കുന്ന ഒരു കാര്യമാണു നമുക്ക് മാത്രമായി കുറച്ച് സ്വകാര്യ നിമിഷങ്ങൾ. മനസ്സും ശരീരവും പൂർണ്ണമായും സ്വതന്ത്രമാക്കി, എല്ലാ ചിന്താഭാരങ്ങളിൽ നിന്നുമകന്ന് നിശബ്ദമായി പ്രകൃതിയുടെ സൗന്ദര്യത്തിൽ ലയിച്ചങ്ങനെ ഇരിക്കുക. ഒരു പാട് പോസിറ്റിവിറ്റി അത് നമ്മളിൽ നിറക്കും. ഒരു പാട് നല്ല ചിന്തകളും, ആശയങ്ങളും മനസ്സിൽ വന്നു നിറയും. ജീവിതത്തിലെ പല സമസ്യകൾക്കും നല്ല തീരുമാനങ്ങളെടുക്കുവാൻ എന്നെ സഹായിച്ചിട്ടുളളത് അതുപോലുളള സ്വകാര്യ നിമിഷങ്ങളാണു.
"ഈ ലോകമറിയാതെ നാം കണ്ടെത്തുന്ന സ്വകാര്യ നിമിഷങ്ങൾക്ക് ഒരു വശ്യമായ സൗന്ദര്യമുണ്ട്."
എന്തൊക്കെയോ എഴുതുവാൻ ഉദ്ദേശിച്ചു തുടങ്ങിയതാണു. പക്ഷേ എഴുത്ത് എവിടെയോ തുടങ്ങി എവിടെയോ അവസാനിച്ചിരിക്കുന്നു.