"Self Talk"... കുറേ നാളായി ആ വിഷയത്തെക്കുറിച്ച് എന്റെ ബ്ലോഗിൽ എഴുതണമെന്ന് വിചാരിച്ചിട്ട്. അങ്ങനെ എഴുതുവാൻ ആഗ്രഹിച്ചിരിക്കുമ്പോഴാണു സ്വാമി വിവേകാനന്ദന്റെ വചനങ്ങൾ എന്റെ ശ്രദ്ധയിൽ പെടുന്നത്.
ജീവിതത്തിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യങ്ങളിൽ ഒന്നാണു ഞാൻ എന്നോട് തന്നെ സംസാരിക്കുകയെന്നുളളത്. ഒരു പക്ഷേ പപ്പയുടെ കാർക്കശ്യ സ്വഭാവം കൊണ്ട് ഞങ്ങൾ വീട്ടിൽ പരസ്പരം സംസാരിക്കുന്നത് പോലും വളരെ കുറവായിരുന്നു. അങ്ങനെയാണു ഞാൻ എന്നോട് തന്നെ സംസാരിക്കുവാൻ ആരംഭിച്ചത്. അത് പിന്നീട് ജീവിതത്തിന്റെ ഒരു ഭാഗമായിത്തന്നെ മാറി. ഞാൻ തനിയെ ഇരിക്കുമ്പോൾ, ഡ്രൈവ് ചെയ്യുംമ്പോൾ, ഉറങ്ങാൻ കിടക്കുമ്പോൾ ഒക്കെ ഞാൻ സ്വയം എന്നോട് തന്നെ സംസാരിക്കുവാൻ ഒരു പാട് ഇഷ്ടപ്പെടുന്നു.
സെൽഫ് റ്റോക്ക് ചെയ്യുമ്പോൾ നമുക്ക് നമ്മുടെ എല്ലാ വികാര വിചാരങ്ങളിലും നല്ല നിയന്ത്രണമുണ്ടായിരിക്കും എന്നതാണു അതിന്റെ ഏറ്റവും നല്ല വശം. നമുക്ക് നമ്മളെക്കുറിച്ച്, അല്ലെങ്കിൽ നമ്മുടെ പ്രതികരണത്തെക്കുറിച്ച് ഒരു നല്ല അവലോകനം അതിലൂടെ സാധ്യമാകുന്നു. ഉദാഹരണത്തിനു നമ്മൾ ഒരു വ്യക്തിയോട് ഇന്ന കാര്യങ്ങളൊക്ക് പറയണമെന്ന് ആഗ്രഹിച്ച് സംസാരിക്കുവാൻ തുടങ്ങും; പക്ഷേ ആ സംസാരം നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ മുൻപോട്ട് പോകാതെ വരുമ്പോൾ ഞാൻ പലപ്പോഴും ചിന്തിക്കും എന്തേ എനിക്ക് നല്ല രീതിയിൽ സംസാരിക്കുവാൻ സാധിച്ചില്ലാ, അല്ലെങ്കിൽ നല്ല രീതിയിൽ പെരുമാറുവാൻ സാധിച്ചില്ലായെന്ന്. ആ സാഹചര്യത്തെ ഞാൻ സെൽഫ് റ്റോക്കിലൂടെ അവലോകനം ചെയ്യുമ്പോൾ വളരെ നന്നായി ആ സാഹചര്യത്തെ എനിക്ക് അഭിമുഖീകരിക്കാവായിരുന്നുവെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
തനിയെ സംസാരിക്കുകയെന്നത് ഒരു തരം ഭ്രാന്തായി ആൾക്കാർ കാണാറുണ്ട്. അതിനു സമാനമായ ഒരു സംഭവം എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. ഞാൻ ഡെൽഹിയിൽ ജോലി ചെയ്തുകൊണ്ടിരുന്ന സമയത്ത് ആശുപത്രിയിലെ തിരക്കുകാരണം നിന്ന് തിരിയാൻ സമയമില്ലാത്തപ്പോൾ ഓരോ രോഗിക്കും ചെയ്യാനുളള കാര്യങ്ങൾ ഞാൻ എന്നോട് തന്നെ ഇന്ന ഇന്നത് ചെയ്യാനുണ്ടെന്ന് സ്വയം പറയുന്ന ഒരു രീതിയുണ്ടായിരുന്നു. എന്റെ ഈ സ്വഭാവം ശ്രദ്ധിച്ചു കൊണ്ടിരുന്ന ഒരാൾ ഞങ്ങളുടെ മേട്രന്റെയടുത്ത് ചെന്ന് ചോദിച്ചു, "ആ കുട്ടിക്ക് വല്ല കുഴപ്പവുമുണ്ടോയെന്ന് ( പച്ച മലയാളത്തിൽ പറഞ്ഞാൽ വട്ടുണ്ടോയെന്ന്!!)." ഞങ്ങളുടെ മേട്രൻ ഈ സംഭവം ഒരു മീറ്റിംങ്ങിൽ വെച്ചു പറഞ്ഞു. എനിക്കതു കേട്ടപ്പോൾ ശരിക്കും ചിരി വന്നു. എന്തായാലും അന്നത്തോടെ സെൽഫ് റ്റോക്ക് ചെയ്യുമ്പോൾ ചുറ്റുപാടുമൊന്ന് വീക്ഷിക്കുവാൻ തുടങ്ങി.
"അല്ലാ.... മ്മളെന്തിനാ ബെറുതെ ആൾക്കാരെക്കൊണ്ട് പറയിക്കുന്നത്!!!". ല്ലാ... അവരേയും പറഞ്ഞിട്ട് കാര്യല്ല്യാ ട്ടോ. എനിക്ക് ലേശം ഭ്രാന്തിന്റെ അസ്കിതയുണ്ടോയെന്ന് എനിക്ക് തന്നെ പലപ്പോഴും തോന്നിയിട്ടുണ്ടേ. അതിപ്പോ അത്ര വലിയ തെറ്റൊന്നുമല്ലല്ലോ. ഇത്തിരി വട്ടൊക്കെയില്ലെങ്കിൽ പിന്നെ ഈ ജീവിതത്തിനു എന്താ ഒരു ത്രിൽ!!!. അപ്പോ ഇന്നത്തെ എന്റെ ഭ്രാന്തൻ ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് ഇന്നത്തേക്ക് വിട."
കാർത്തിക....