നീ നടന്ന വഴികളിൽ ഇപ്പോൾ എന്റേയും കാൽപ്പാദങ്ങൾ പതിഞ്ഞിരിക്കുന്നു,
നിനക്ക് പ്രിയപ്പെട്ടതെല്ലാം ഇപ്പോൾ എനിക്കും പ്രിയപ്പെട്ടതായിരിക്കുന്നു
ഈ ജീവിതം ഇപ്പോൾ അപ്രതീക്ഷിതമായ എന്തിനെയൊക്കെയോ തേടുമ്പോഴും
ഓരോ നിമിഷവും ഇപ്പോൾ സന്തോഷത്തിന്റെ കണങ്ങളാൽ പൂർണ്ണമാണു.
എല്ലാ നേരങ്ങൾക്കും വളരെക്കുറച്ച് മാത്രമേ ആയുസ്സുളളൂവെന്നത്
ഞാൻ അറിയാതെ എന്നിൽ ഒരു നൊമ്പരം പടർത്തുമ്പോഴും
ആ നൈമിഷികതയുടെ പരിശുദ്ധി പ്രകൃതിപോലും
തന്റെ നെഞ്ചിലേറ്റിയിരിക്കുന്നുവെന്ന സത്യം
എന്റെ വേദനകളെ എന്നിൽ നിന്ന് അടർത്തിമാറ്റുന്നു.
തിരികെയൊന്നും പ്രതീക്ഷിക്കാതെ എല്ലാം പൂർണ്ണമായി സമർപ്പിക്കപ്പെട്ട്
ഓരോ നിമിഷത്തിലൂടെയും ജീവിക്കുക എന്ന ആപ്തവാക്യം
ജീവിതത്തിനിപ്പോൾ ഒരു പുത്തനുണർവ്വ് നൽകിയിരിക്കുന്നു
ഇനിയും ജീവിക്കുവാനുളള ആഗ്രഹം എന്നിൽ നിറച്ചിരിക്കുന്നു.
നല്ല നല്ല സുധിനങ്ങൾ പിറക്കട്ടെ നമുക്കായി
കാലം കാത്തുവെച്ചിരിക്കുന്ന, നമ്മൾ അറിയാത്ത ആ നിമിഷങ്ങൾ
നമ്മൾ പോലുമറിയാതെ നമ്മുടെ ജീവിതത്തെ
എന്നും സുന്ദരമായിത്തന്നെ തുടരുവാൻ ഇടവരുത്തട്ടെ!