ജോലിക്ക് പോരുന്ന വഴിക്ക് മനസ്സിൽ ചിന്തകൾ കൂട്ക്കൂട്ടി എന്നെ എഴുത്തിന്റെ മൂഡിലേക്ക് എത്തിച്ചിരുന്നു. അപ്പോൾ എഴുതണമെന്ന് തോന്നിയ വിഷയമാണു ആത്മസംതൃപ്തി. ജോലിക്കിടയിൽ കിട്ടിയ ഇടവേളയിൽ ആ ചിന്തകൾ അക്ഷരങ്ങളായി പിറവിയെടുത്തു.
രണ്ടാഴ്ച്ചത്തെ തിരക്കിനൊടുവിൽ എന്റെ മനസ്സിൽ ഇപ്പ്പോൾ നിറഞ്ഞു നിൽക്കുന്ന ഒന്നാണു ആത്മസംതൃപ്തി. അതൊരു പുഞ്ചിരിയായി എന്റെ ചുണ്ടിൽ വിരിഞ്ഞു നിൽക്കുമ്പോൾ ഞാനെന്ന അസ്ഥിത്വത്തിനു ഓർമ്മിക്കുവാൻ ഒരു പാട് അനുഭവങ്ങൾ ജീവിതം എഴുതിച്ചേർത്തിരിക്കുന്നു. സ്നേഹിക്കുവാനും, സ്നേഹിക്കപ്പെടുവാനും സർവ്വേശ്വരൻ നൽകിയ അവസരങ്ങൾ അതിന്റെ നന്മയിൽ തന്നെ ഹൃദയം കൊണ്ട് സ്വീകരിച്ചപ്പോൾ അവിടെ എല്ലാം അതിന്റെ പൂർണ്ണതയിൽ തന്നെ ജീവിതവും നിവർത്തിച്ചിരിക്കുന്നു. എല്ലാം ശുഭമായി പര്യവസാനിക്കുമ്പോൾ ഒരു വാക്ക് അവസാനമായി കുറിക്കുന്നു, നന്ദി ദൈവമേ!
ഈ ഒരു കൊച്ചു ജീവിതത്തിൽ നാം ആരുടെയെല്ലാം ജീവിതത്തിന്റെ ഭാഗമാകുന്നു ല്ലേ! ആരൊക്കെ നമ്മുടെ ജീവിതത്തിൽ വന്നാലും, നിന്നാലും, പോയാലും എല്ലാത്തിനുമൊടുവിൽ നമുക്ക് നാം മാത്രമേയുളളൂവെന്നത് വളരെ പരമമായ യാഥാർത്ഥ്യം. ആ ഏകാന്തതയെ സുന്ദരമാക്കുവാൻ ചില നല്ല ഓർമ്മകളെ ജീവിതം കൂടെക്കൂട്ടുന്നു. ആ നല്ല ഓർമ്മകളിൽ ജീവിക്കുവാൻ പറ്റുകയെന്നത് തന്നെ ഒരു ഭാഗ്യമാണു.
ഹേ! ജീവിതമേ നീയെനിക്ക് നൽകിയ ഓർമ്മകൾ
എന്നിലെ പ്രണയത്തെ പുൽകുമ്പോൾ, ഞാനറിയുന്നു
പ്രണയമെന്നത് എത്രയോ സുന്ദരമെന്ന്....
പ്രണയാതുരമായ എന്റെ ആത്മാവിന്റെ സ്പന്ദനങ്ങളെ
എനിക്ക് മാത്രം കേൾക്കുമാറാക്കി
നീയതിന്റെ സൗന്ദര്യം ഇരട്ടിയാക്കിരിക്കുന്നു...
നന്ദി.....
എന്നിലെ പ്രണയത്തിനും,
സുന്ദരമാം ഈ ജീവിതത്തിനും!!!