ക്രിസ്തുമസ്സ് ജോലി തിരക്കിൽ മുങ്ങിപ്പോയെങ്കിലും ഒരു പാട് നാളിനു ശേഷം ഞാൻ സംസാരിക്കണമെന്ന് ആഗ്രഹിച്ച, എന്നാൽ പല കാരണങ്ങളാലും പിന്നീടാകട്ടെ എന്ന് പറഞ്ഞ് മനസ്സില്ലാ മനസ്സോടെ മറന്നു കളഞ്ഞ ചില സുഹൃത്തുക്കളെ ഈ ക്രിസ്തുമസ്സിനു വീണ്ടും ജീവിത യാത്രയുടെ ഭാഗമാക്കുവാൻ സാധിച്ചു. അതിലൊരാളാണു പ്രീത. കാലുകൾക്ക് ബാധിച്ച തളർച്ചയെ അധിജീവിച്ച് സ്വന്തമായി ക്രാഫ്റ്റ് ജോലിചെയ്ത് ഒരു വീൽ ചെയറിന്റെ സഹായത്തോടെ ജീവിതത്തെ മുൻപോട്ട് നയിക്കുന്നവൾ.
പ്രീതയക്കുറിച്ച് ഞാൻ ആദ്യം അറിയുന്നത് മലയാളം ബ്ലോഗേർസ്സ് ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്ത് ഒരു പോസ്റ്റിലൂടെയാണു. പിന്നീട് ഞാൻ പ്രീതയെ വിളിക്കുകയും, ഒരു നല്ല സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. പിന്നീട് തിരക്കുകൾ ആ സൗഹൃദത്തിനു ഒരു ഇടവേള നൽകി. ഇടക്കിടക്ക് ഓർമ്മകളിൽ ആ സൗഹൃദം ഒരു അഥിതിയെപ്പോലെ വിരുന്നെത്തിയിരുന്നു. അങ്ങനെയിരിക്കുമ്പോൾ കുറച്ചു ദിവസങ്ങളായി പ്രീതയെ വിളിക്കണമെന്ന് മനസ്സിൽ വളെരെ ശക്തമായി തോന്നലുകളുണ്ടായി. അങ്ങനെ ക്രിസ്തുമസ്സിന്റെയന്ന് വീണ്ടും ആ സൗഹൃദത്തെ തേടി ഞാൻ പോയി.
ശരിക്കും എല്ലാവരുടേയും ജീവിതത്തിൽ നമ്മുടെ റോൾ എന്തായിരിക്കണമെന്ന് ദൈവം മുൻപേ കൂട്ടി തീരുമാനിച്ചിട്ടുണ്ട്. വളരെ നാളത്തെ ഇടവേളക്ക് ശേഷം പ്രീതയുടെ ജീവിതത്തിൽ ഞാൻ വീണ്ടും കടന്നു ചെന്നപ്പോൾ പ്രീതക്ക് എന്നോട് പങ്കുവെക്കുവാനുണ്ടായിരുന്നത് അച്ഛന്റെ മരണ വിവരമാണു. ഒരു മാസത്തിനു മുൻപ് തനിക്ക് നഷ്ടപ്പെട്ട അച്ഛന്റെ ഓർമ്മകളിലൂടെ പ്രീത ഒരു പാട് കാര്യങ്ങൾ എന്നോട് സംസാരിച്ചു, ചില ഓർമ്മകൾക്ക് കണ്ണുനീരിന്റെ നനവും കൂട്ടായി. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ഞാൻ പ്രീതയോട് പറഞ്ഞു, "ചിലപ്പോൾ അച്ഛന്റെ ആത്മാവായിരിക്കാം എന്നെകൊണ്ട് ഇപ്പോൾ പ്രീതയെ വിളിപ്പിച്ചത്. കഴിഞ്ഞ ഒരു മാസമായി ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു പ്രീതയോട് സംസാരിക്കണമെന്ന്. ഒരു പക്ഷേ ദൈവവും ആഗ്രഹിച്ചിരിക്കണം ഒരു സുഹൃത്തിന്റെ വേദനയിൽ ഒരു ആശ്വാസമായി ഞാൻ കടന്ന് ചെല്ലണമെന്ന്."
ഞാനൊരിക്കലും പ്രീതയെ കണ്ടിട്ടില്ല. പക്ഷേ എവിടെയോ ഒരാത്മ ബന്ധം ആ പെൺകുട്ടിയോടുണ്ട്. അവളുടെ വേദനയിൽ, അവളുടെ നിസ്സഹായതയിൽ ഒരു ആശ്വാസമായി ഞാൻ മാറുമ്പോൾ 2017-ലെ ക്രിസ്തുമസ്സിനു ദൈവം എനിക്ക് നൽകിയ അമൂല്യമായ ക്രിസ്തുമസ്സ് സമ്മാനം പ്രീതയെന്ന സൗഹൃദമായിരിക്കും.
അവസാനമായി പടച്ചോനൊടൊരു ചോദ്യം, "എന്റെ വഴികളും, എന്റെ ചിന്തകളും , എന്റെ ജീവിതവും വളരെ വ്യത്യസ്ഥമാണു. എന്റെ അപൂർണ്ണതയിൽ നീയെന്നെ ഏൽപ്പിക്കുന്ന കർത്തവ്യങ്ങൾക്ക് പോലും എന്റെ പൂർണ്ണതയെ പുൽകുവാൻ കഴിയില്ലായെന്ന് നീ അറിഞ്ഞിട്ടും, എന്തിനാണു നീയെന്നെ ഇങ്ങനെ സ്നേഹിക്കുന്നത്!!!...... എന്തിനാണു നീയെന്നെ ഇങ്ങനെ കരുതുന്നത്!!!..... ആ സ്നേഹത്തിനും, കരുതലിനും മുൻപിൽ എനിക്ക് തല കുനിച്ച് നിൽക്കുവാനേ സാധിക്കുന്നുളളൂ.... അങ്ങനെ നിൽക്കുമ്പോഴും മനസ്സിൽ ഒരായിരം ആവർത്തി ഉയരുന്ന വാക്ക് ഒന്നു മാത്രമാണു ...."നന്ദി...".