ഒരു പ്രണയം പൂർണ്ണമാകുന്നത് തന്നിലെ പ്രണയത്തെ
പൂർണ്ണ മനസ്സോടുകൂടി മറ്റൊരാൾ അംഗീകരിക്കുമ്പോഴാണോ!!!
അതോ ആ പ്രണയത്തെ മറ്റൊരാൾ തിരസ്കരിച്ചിട്ടും
ആ പ്രണയത്തിന്റെ നന്മയെ ആത്മാവിനാൽ അറിഞ്ഞുകൊണ്ട്
തന്റെ നെഞ്ചോട് ചേർത്ത് നിർത്തുവാൻ കഴിയുമ്പോഴാണോ!!!
ജീവിതമെന്ന കാൻവാസിൽ കാലം വരച്ചിട്ട വർണ്ണ ചിത്രങ്ങൾക്ക്
പൂർണ്ണതയേകുവാൻ ഞാൻ തേടുന്നത് നീയെന്ന എന്നിലെ പ്രണയത്തെയോ!
എന്നിൽ നിന്നടർന്ന കണ്ണുനീരിനാലും, നീയറിഞ്ഞ എന്നിലെ പ്രണയത്താലും
ക്യാൻവാസ്സിൽ പടർന്ന മഷിയിലും ചില ചിത്രങ്ങൾ പൂർണ്ണമായിരിക്കുന്നു.
ഒരു നല്ല ക്യാൻവാസ്സിൽ കാലം നമുക്കുവേണ്ടി വരക്കുവാൻ
കാത്തുവെച്ചിരിക്കുന്ന നിമിഷങ്ങളിലെ പൂർണ്ണതയെ പുൽകുവാൻ
വർണ്ണ ചിറകു വിടർത്തി പറന്നുയരുവാൻ വെമ്പുന്ന
ഒരു ചിത്ര ശലഭം പോൽ ഞാനും കാത്തിരിക്കുന്നു.....
ഓരോ ചിത്രത്തിനും ജീവനേകുവാൻ ചാലിച്ച വർണ്ണങ്ങളിൽ
ചുവന്ന വർണ്ണങ്ങൾ നിന്നിലെ പ്രണയത്തെ വരച്ചു കാട്ടുമ്പോൾ
ആ ചുവപ്പിനെ വെൺമയാൽ പുൽകുന്നു എന്നിലെ പ്രണയം,
ചുവപ്പ് നിറമെന്നത് നിന്നിലെ പ്രണയത്തിൻ തീവ്രതയെങ്കിൽ
വെണ്മെയെന്നതോ എന്നിലെ പ്രണയത്തിൻ പരിശുദ്ധി!
യുഗയുഗാന്തരങ്ങളായി കാലം വരക്കുവാൻ കാത്തുവെച്ച
ആ ചിത്രങ്ങൾക്ക് ഇന്നിന്റെ നിമിഷങ്ങൾ ജീവൻ പകരട്ടെ
നാളെയുടെ പ്രതീക്ഷകൾ പുതു വർണ്ണങ്ങൾ നൽകട്ടെ
കാത്തിരിക്കാം ആ ചിത്രങ്ങളുടെ പൂർണ്ണതക്കായി....
കാർത്തിക...