കടം വാങ്ങിക്കുക, കടം കൊടുക്കുക, കടം വീട്ടുക... ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും ഈ പ്രക്രിയയിലൂടെ കടന്നു പോകാത്തവരായി ആരും കാണില്ല. എന്തേ ഇപ്പം കടത്തെക്കയറി പിടിച്ചതെന്ന് ചോദിച്ചാൽ... ഞാനും ഒരു കടക്കാരിയായിരുന്നു. ഇപ്പോഴുമാണു, ഭാവിയിലും ബാധ്യതകൾ ബാധ്യതകളായി തന്നെ നിലനിൽക്കും എന്ന് ജീവിതം ഉറക്കെ തന്നെ എന്നോട് പറയുന്നു. ഒരു വലിയ ബാധ്യതയുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഞാൻ സ്വയം എന്നെ തന്നെ മോചിപ്പിച്ചപ്പോൾ എവിടെയിക്കെയോ ഞാനെന്ന വ്യക്തിത്വത്തെ തെല്ല് അഭിമാനത്തോടെയും, അഹങ്കാരത്തോടെയും ഞാൻ നോക്കിക്കാണുന്നു.
കടം വാങ്ങിച്ചവർക്ക് ആ കടം എങ്ങനെ വീട്ടണമെന്നുളള മാനസിക സംഘർഷം. കടം കൊടുത്തവർക്ക് തങ്ങളുടെ പണം എന്ന് തിരികെ കിട്ടുമെന്നുളള സംഘർഷം. അപ്പോ എങ്ങനെ നോക്കിയാലും കടമെന്നത് എല്ലാവർക്കും ഒരു ബാധ്യതയാണു. അവിടെ വ്യക്തിബന്ധങ്ങൾ പോലും അകന്നു നിൽക്കുന്നു. അതുകൊണ്ടായിരിക്കണം പഴമക്കാർ ഇങ്ങനെ പറയുന്നത്, "കഴിവതും നമുക്കടുത്തറിയാവുന്ന ആൾക്കാരുടെ കൈയ്യിൽ നിന്നും പൈസ മാത്രമല്ല ഒന്നും തന്നെ കടം ചോദിക്കാതിരിക്കുക." തികച്ചും യാഥാർത്ഥ്യമാണെങ്കിൽ കൂടിയും മനുഷ്യന്റെ ആവശ്യങ്ങളിൽ അവർ മറ്റുളളവരെ ആശ്രയിച്ചേ മതിയാകൂ. ആ ആശ്രയം നമ്മളെ മനസ്സിലാക്കുന്ന, ഏത് പ്രതിസന്ധിയിലും കൂടെ നിൽക്കുമെന്ന് ഉറപ്പുളള ഒരു കൂടെപ്പിറപ്പോ, സുഹൃത്തോ നമ്മുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ അതായിരിക്കും ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്ന്.
ശക്തമായ ബന്ധങ്ങളിൽ തന്റെ സുഹൃത്തോ, കൂടെപ്പിറപ്പോ അല്ലെങ്കിൽ ആരും ആയിക്കോട്ടെ തന്നാൽ എത്രമാത്രം സുരക്ഷിതമാണു അല്ലെങ്കിൽ സന്തോഷവതിയാണു, സന്തോഷവാനാണു എന്ന് നിർണ്ണയിക്കപ്പെടുമ്പോഴാണു ആ ബന്ധങ്ങൾ എത്രമാത്രം ദൃഢമാണെന്ന് മനസ്സിലാക്കുവാൻ സാധിക്കുന്നത്. എത്ര ആഴത്തിലുളള ബന്ധങ്ങളാണെങ്കിൽ കൂടിയും ആരിൽ നിന്നും തിരികെയൊന്നും പ്രതീക്ഷിക്കാതിരിക്കുമ്പോൾ നാം നമ്മെതന്നെ ബന്ധങ്ങളുടെ കെട്ടുപാടുകളിൽ നിന്ന് മോചിപ്പിക്കുന്നു. അവിടെ നാം തികച്ചും സ്വതന്ത്രർ. ഒരാളെ സഹായിച്ചു എന്ന് കരുതി നമ്മുടെ ആവശ്യങ്ങളിൽ അയാൾ തിരികെ സഹായിക്കുമെന്ന് നാം കരുതിയാൽ അവിടെ സ്വാർത്ഥത ഉടലെടുക്കുന്നു.
തിരികെയൊന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുവാനും, കൊടുക്കുവാനും ജീവിതം എന്നേയും പഠിപ്പിച്ചു. ജീവിതം എന്നതിലപ്പുറം എന്റെ ജീവിതത്തിലൂടെ കടന്നു പോകുന്ന ഓരോ വ്യക്തികളും, അനുഭവങ്ങളും എന്നെ പഠിപ്പിച്ചു. കൊടുക്കും തോറും ഏറിടുമെന്നാണു പറയപ്പെടുന്നത്. അതുകൊണ്ട് കൊടുക്കുക, കൊടുത്തുകൊണ്ടേയിരിക്കുക.......
കടപ്പാട്: എന്റെ ആവശ്യങ്ങളിൽ, എന്റെ നിസ്സഹായതയിൽ എനിക്ക് കടം തന്ന് സഹായിച്ച നല്ല മനസ്സുകൾക്ക്..... ആ കടം വീട്ടുവാനുളള ആയുസ്സും ആരോഗ്യവും തന്ന ദൈവത്തിനു.....