നഷ്ടപ്പെടലുകൾ എപ്പോഴും ഒരു വേദനയാണു. ആ വേദനയുടെ ആഴം നിർണ്ണയിക്കുന്നത് നഷ്ടപ്പെട്ടത്
നമുക്ക് എത്രമാത്രം പ്രിയപ്പെട്ടതായിരുന്നുവെന്നതാണു. നഷ്ടപ്പെട്ടത് എനിക്ക് സ്വന്തമായതല്ലെങ്കിൽ കൂടിയും ഓർമ്മച്ചെപ്പിൽ ഒരു നഷ്ടം കൂടി ചേക്കേറിയിരിക്കുന്നു.
ഞാൻ ആദ്യമായി എന്റെ സുഹൃത്തിന്റെ വീട്ടിൽ പോയപ്പോൾ ആ വീട്ടിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് ആ റോസാച്ചെടി ആയിരുന്നു. വീടിനു മുൻപിലുളള കൊച്ചു പൂന്തോട്ടത്തിന്റെ നടുക്ക് ഒരു വലിയ ചെടിച്ചട്ടിയിൽ സൗരഭ്യം പടർത്തി, ചുവന്ന പനിനീർ പുഷ്പവുമായി രാജകീയമായി നിന്ന ആ പനിനീർ ചെടിയെ ഞാനന്ന് തൊട്ട് തലോടുകയും, ചുംബിക്കുകയും ചെയ്തു. ഈ നാട്ടിൽ വിവിധയിനം റോസാച്ചെടികൾ ഉണ്ടെങ്കിൽ കൂടിയും, സൗരഭ്യമുളളത് ചുവന്ന റോസച്ചെടികൾക്ക് മാത്രമാണു. പിന്നീട് എന്റെ സുഹൃത്തും കുടുംബവും പുതിയ വീടൊക്കെ വെച്ച് താമസം മാറ്റിയപ്പോഴും , പൂന്തോട്ടത്തിൽ നിന്നും അവരുടെ വീടിന്റെ ഉമ്മറത്തെ തന്നെ ആ പനിനീർച്ചെടി സ്ഥാനം പിടിച്ചു.
ഒരു പാട് ചെടികൾ അവിടെയുണ്ടെങ്കിൽ പോലും ഞാൻ അവിടെചെല്ലുമ്പോളെല്ലാം താലോലിച്ചത് ആ റോസച്ചെടിയെ മാത്രമായിരുന്നു. കഴിഞ്ഞയാഴ്ച്ച അവർ നാട്ടിലേക്ക് പോയപ്പോൾ അവിടുത്തെ ചെടികൾക്കൊക്കെ വെളളം ഒഴിക്കുവാൻ എന്നെ ഏൽപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി ഓസ് ട്രേലിയ ചൂട് കൊണ്ട് ചുട്ടു പഴുത്തപ്പോൾ ഞാൻ ചിന്തിച്ചത് ആ റോസച്ചെടിയെക്കുറിച്ചായിരുന്നു. കാരണം മാഷ് എന്നും രാവിലേയും വൈകിട്ടും നനച്ചു വളർത്തുന്ന ചെടികൾക്ക് എന്നും വെളളം ഒഴിക്കുവാൻ എനിക്ക് സാധിക്കുമായിരുന്നില്ല. കാരണം ഞങ്ങളുടെ വീടുകൾ തമ്മിലുളള ദൂരം ഒരു വിലങ്ങുതടിയായിരുന്നു. എന്നിരുന്നാലും ആ പനിനീർ പുഷ്പങ്ങളോടുളള പ്രണയം ദൂരങ്ങൾ താണ്ടുവാൻ എന്നെ എപ്പോഴും പ്രേരിപ്പിച്ചു കൊണ്ടിരുന്നു.
രെഞ്ചിയുടെ ഒരു ബന്ധുവും കുടുംബവും മെൽബണിൽ നിന്ന് സന്ദർശനത്തിനു വന്നിരുന്നതുകൊണ്ട് കഴിഞ്ഞ ദിവസം രാത്രി പത്തരയോട് കൂടിയാണു ഞാൻ ആ ചെടികൾക്ക് വെളളമൊഴിക്കുവാൻ പോയത്. ആ യാത്രയിലെല്ലാം എന്റെ ചിന്ത ആ റോസച്ചെടിയെക്കുറിച്ചായിരുന്നു. കാരണം നാൽപ്പത് ഡിഗ്രി വരെ വന്ന ചൂടിൽ അത് കരിഞ്ഞുപോയോ എന്നതായിരുന്നു എന്റെ ചിന്ത. അങ്ങനെ വീട്ടിലെത്തി വണ്ടി പാർക്ക് ചെയ്തിട്ട് ആദ്യം നോക്കിയത് ആ പനിനീർ ചെടിയെയാരുന്നു. പക്ഷേ ആ ചെടിയിരുന്നിരുന്ന സ്ഥാനത്ത് ആ റോസച്ചെടിയും, ആ വലിയ ചെടിച്ചട്ടിയും കാണുന്നില്ല.
"ഈശ്വരാ! അതെവിടെപ്പോയി???" ഞാനറിയാതെ ദൈവത്തെ വിളിച്ചു പോയി. ഞാനതവിടെയെല്ലാം തിരഞ്ഞു. ബാക്കിച്ചെടികൾക്കെല്ലാം വെളളമൊഴിച്ച് കഴിഞ്ഞ് എന്റെ സുഹൃത്തിനെ വിളിച്ച് കാര്യം പറഞ്ഞു. അപ്പോൾ അവൾ പറഞ്ഞു അവർ നാട്ടിൽ പോകുന്നതിനു മുൻപ് ആരോ അവരോട് പറഞ്ഞിരുന്നു അവിടെ ചെറിയ മോഷണങ്ങളൊക്കെ പതിവുളളതാണെന്ന്. അത് കേട്ടപ്പോൾ എനിക്കൊരുപാട് വിഷമം തോന്നി. അത്രക്കും മനോഹരമായിരുന്നു ആ റോസച്ചെടി, അത് മോഷ്ടിച്ചോണ്ട് പോയില്ലെങ്കിലേ അതിശയമുളളൂ....
പക്ഷേ ആ റോസച്ചെടിയെ മറ്റാരും സ്നേഹിച്ചിരുന്നതിനേക്കാൾ കൂടുതൽ ഒരാൾ സ്നേഹിച്ചിരുന്നു... അതിനെ നട്ടു വളർത്തി പരിപാലിച്ചിരുന്ന ആൾ... അയാൾക്ക് ആ നഷ്ടം എത്രമാത്രം വേദനയുണ്ടാക്കിയെന്നത് എന്നിലെ വേദനയെ ആഴത്തിലാക്കി... എന്റെ തെറ്റല്ലെങ്കിൽ കൂടിയും പരിപാലിക്കുവാൻ എന്നെയേൽപ്പിച്ച പ്രിയപ്പെട്ടതിൽ ഒന്ന് നഷ്ടപ്പെടുമ്പോൾ ആ നഷ്ടത്തിനുത്തരവാദിത്വം എന്നേയും എവിടെയോ ശ്വാസം മുട്ടിക്കുന്നു... ഒരു ക്ഷമാപണത്തോടെ.... നഷ്ടപ്പെട്ടതിനു തുല്യമാകില്ല എന്നറിയാമെങ്കിൽ കൂടിയും തിരികെ വരുമ്പോൾ ആ ശൂന്യമായ ഉമ്മറത്ത് ഒരു പുതിയ റോസച്ചെടി വെക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.... എന്നും ഞാൻ അവിടെ വരുമ്പോഴെല്ലാം അതിനെ തൊട്ടു തലോടാനും, ചുംബിക്കുവാനുമായി .....