ഒരു വേള ഞാൻ നീയായിരുന്നെങ്കിൽ
നീ ഞാനായിരുന്നുവെങ്കിൽ,
കാലം നിനക്ക് മുൻപിൽ തുറക്കുന്ന
വാതായനങ്ങൾക്ക്, നീ കേൾക്കാത്ത
എന്നിലെ നോവിന്റെ വിങ്ങലുകൾ
നിനക്ക് കേൾക്കുമാറാകുമായിരുന്നു.
ആ നോവിൽ ഞാനെന്ന വ്യക്തിത്വത്തിന്റെ
നിസ്സഹായതയെ നീ കാണുമാറാകുമായിരുന്നു.
എന്റെ ശരികളും തെറ്റുകളും
നീ അറിയുമാറാകുമായിരുന്നു.
എന്നിലെ എന്നെ നീ അറിയുമ്പോൾ
എന്റെയീ ജന്മത്തിൻ കർമ്മങ്ങൾക്ക്
നീ സാക്ഷിയാകുമ്പോൾ
ഞാനെന്ന അസ്ഥിത്വത്തെ നീയും
നെഞ്ചിലേറ്റുമെന്ന് ഞാൻ വിശ്വസിക്കുന്നു....
അവിടെ നീയെല്ലാം ക്ഷമിക്കുമെന്നും ഞാൻ
വിശ്വസിക്കുന്നു!!!
മൂന്നു നാലു ദിവസത്തെ മാനസിക സംഘർഷത്തിനൊടുവിൽ മനസ്സിനെ തിരികെ പിടിക്കുവാൻ ഞാൻ പോയി നിന്റെ പുസ്തകങ്ങളുടെ ലോകത്തേക്ക്. രാവിലെ പോയി ചെടികൾക്കൊക്കെ ജീവജലം നൽകി അവരെ ഉഷാറാക്കി. പിന്നെ എന്നെ ഏൽപ്പിച്ച കടമകളുടെ ലോകത്തേക്ക് ഞാൻ പ്രവേശിക്കുന്നതിനു മുൻപ് മനസ്സിനെ ഒന്നു തിരികെ പിടിക്കേണ്ടതായിട്ടുണ്ടായിരുന്നു. അപ്പോൾ നിങ്ങൾക്ക് രണ്ടു പേർക്കും പ്രിയപ്പെട്ട നിങ്ങളുടെ എഴുത്തുപുരയിലേക്ക് കയറി. ആ മുറിക്ക് വളരെ പോസിറ്റിവിറ്റിയുണ്ട്. കുറേ നേരം നിലത്ത് കാർപ്പെറ്റിലിരുന്നു ചിന്തകളുടെ ലോകത്തേക്ക് എന്നെ സ്വതന്ത്രമാക്കി. ആ ചിന്തകൾ എന്നെ കൂട്ടിക്കൊണ്ട് പോയത് നീ എനിക്ക് അയച്ചു തന്ന നിന്റെ ഡയറിക്കുറിപ്പുകളിലേക്കായിരുന്നു. നിന്റെ പ്രണയവും, നിന്റെ സ്വപ്നങ്ങളും, നിന്റെ ജീവിതവും, നിന്റെ കുറുമ്പും, നിന്റെ പരാതികളും അങ്ങനെ ഈ ജന്മത്തിൽ നീ എഴുതിവെച്ച, ഞാനുമായി നീ പങ്കുവെച്ചിട്ടുളള എല്ലാ കുറിപ്പുകളും എന്നെ വിവിധ മാനസികാവസ്ഥയിലൂടെ യാത്ര ചെയ്യിപ്പിച്ചു. പതിയെ മനസ്സിന്റെ താളം എഴുത്തിന്റെ ലോകത്തിൽ വിലയം പ്രാപിച്ചു.
എഴുതുവാൻ ബാക്കിവെച്ചത്, പറയുവാൻ ബാക്കിവെച്ചതെല്ലാം അക്ഷരങ്ങളായി പിറവിയെടുത്തു.
ആ ഓർമ്മകൾക്ക് കൂട്ടായി എന്റെ കണ്ണിൽ നിന്നുതിർന്ന കണ്ണുനീർ തുളളികളും ഉണ്ടായിരുന്നു... ആ കണ്ണുനീർ തുളളികൾക്ക് പറയുവാനുളളതെല്ലാം ഈ പ്രപഞ്ചത്തിൽ ലയിച്ചു ചേർന്നു. എല്ലാം കാണുന്ന, എല്ലാം അറിയുന്ന പ്രകൃതിക്കും,സർവ്വേശ്വരനും മാത്രമായി വിധിക്കപ്പെടുവാൻ. അത് ചിലപ്പോൾ എന്റെ ഈ ജന്മത്തിന്റെ ഏറ്റവും വലിയ നിസ്സഹായതയായിരിക്കും... സഖീ... നിന്നിലെ നന്മയെ മാത്രമേ ഞാൻ നോക്കിക്കണുന്നുളളൂ... നിന്നിലെ നിന്നെ പൂർണ്ണമായും അറിയുന്നവർ, നിന്നെ ശരീരം കൊണ്ടും, മനസ്സു കൊണ്ടും, ആത്മാവുകൊണ്ടും മനസ്സിലാക്കിയ ആൾ ഈ ലോകത്തിലുണ്ടാവാം... പക്ഷേ ഞാനറിഞ്ഞ നിന്നിലെ നിന്നെ ആരും അറിഞ്ഞിട്ടുണ്ടാവില്ല..... എവിടെയിക്കെയോ ആരും കാണാതെ നീ സൂക്ഷിക്കുന്ന നിന്റെ കണ്ണുനീർ തുളളികളെ ആരും അറിഞ്ഞിട്ടുണ്ടാവില്ല.... അവയിലെല്ലാം ഞാൻ എന്റെ പ്രതിഫലനം കാണുമ്പോൾ .... നിന്റെ ജീവിതം തന്നെ എന്നിലൂടെ പുനരാവിഷ്കരിക്കപ്പെടുമ്പോൾ ഞാൻ നീയാണെന്നും, നീ ഞാനാണെന്നും ഈ ജീവിതം വീണ്ടും വീണ്ടും എന്നോട് ഉറക്കെ തന്നെ പറയുന്നു..... കാലം മാത്രം സാക്ഷിയാകുന്ന ജീവിതം!!!