ഇന്ന് ഫെബ്രുവരി ഇരുപത്....
ഈ ദിവസത്തിന്റെ പ്രത്യേകതകൊണ്ടായിരിക്കാം രാവിലെ തന്നെ നിദ്ര എന്നെ വെടിഞ്ഞ് ഒരു പുതിയ പ്രഭാതത്തെ വരവേറ്റു. അന്ധകാരത്തിന്റെ നേരിയ മേലാപ്പ് പ്രകൃതി അപ്പോഴും പുതച്ചിരുന്നു. സമയം നോക്കുവാനായി മൊബെയിൽ കൈയ്യിലെടുത്തപ്പോൾ എന്റെ കണ്ണുകൾ ആദ്യം കണ്ടത് ഫെബ്രുവരി ഇരുപത് എന്ന ദിവസമാണു. പെട്ടെന്നെ തന്നെ മനസ്സ് ആ ദിവസത്തിന്റെ പ്രത്യേകതയെക്കുറിച്ചോർത്തു. ഞാൻ പതിയെ കട്ടിലിൽ കിടന്നു കൊണ്ട് കർട്ടൻ ഒന്ന് ചെറുതായി പൊക്കിവെച്ചു. മനസ്സിൽ മിന്നി മാഞ്ഞ ഓർമ്മകളെ പുൽകി അനന്തമായിക്കിടക്കുന്ന ആകാശത്തിലേക്ക് നോക്കി കട്ടിലിൽ അങ്ങനെ വെറുതെ കിടന്നു. ആകാശത്ത് ചെമ്മാനം പടരുന്നത് ഞാൻ കണ്ടു. ആ ചെമ്മാനം പ്രഭാതസൂര്യൻ പ്രകൃതിയുടെ നെറുകയിൽ ചാർത്തിയ സിന്ദൂരമായി എനിക്ക് തോന്നി. എന്റെ മനസ്സും ശരീരവും ആത്മാവും മൂന്ന് വർഷം പുറകിലേക്ക് സഞ്ചരിച്ചു.
മൂന്ന് വർഷങ്ങൾക്ക് മുൻപ് ഇതുപോലൊരു ഫെബ്രുവരി ഇരുപത് എന്ന ദിവസത്തിലെ പ്രഭാതം പൊട്ടിവിടർന്നത് ഒരു സ്വപ്നത്തിന്റെ അകമ്പടിയോട് കൂടിയായിരുന്നു. നിരാശയുടേയും, ദുഃഖത്തിന്റേയും, അന്ധകാരത്തിന്റേയും പടുകുഴിയിൽ മുങ്ങിത്താണിരുന്ന എന്റെ ജീവിതത്തിലേക്ക് പ്രതീക്ഷയുടെ നാളങ്ങളുമായി ആ സ്വപ്നം കടന്നു വന്നപ്പോൾ ഞാനറിയാതെ തന്നെ എന്റെ ജീവിത്തിൽ ഒരു വഴിത്തിരിവിനു തുടക്കം കുറിക്കുകയായിരുന്നു ആ പ്രഭാതം. പിന്നീട് ജീവിതത്തിൽ എഴുതിച്ചേർത്ത അനുഭവങ്ങൾ, എന്റെ വ്യക്തിത്വത്തിനു അനുഭവിച്ചറിയുവാൻ കഴിഞ്ഞ എന്നിലെ മാറ്റങ്ങൾ, എന്നിലെ സ്ത്രീത്വത്തെ, എന്നിലെ മാതൃത്വത്തെ, എന്നിലെ പ്രണയത്തെ ഞാൻ പുൽകിയ നിമിഷങ്ങൾ... എന്റെ അസ്ഥിത്വത്തെ അഭിമാനത്തോടെ തല ഉയർത്തിപ്പിടിച്ച് നിർത്തുവാൻ എന്റെ ജീവിതം എന്നെ പ്രാപ്തയാക്കിയ വർഷങ്ങൾ... എല്ലാം ഒരു സ്വപ്നത്തിന്റെ ബാക്കി പത്രം...
സ്വപ്നത്തെ പുൽകിയുണർന്ന പ്രഭാതത്തെ ഞാൻ ഒരു കാപ്പികുടിച്ചു കൊണ്ട് ഒന്ന് ഉഷാറാക്കി. പിന്നീട് പതിയെ മനസ്സ് എഴുത്തിന്റെ ലോകത്തിൽ വിലയം പ്രാപിച്ചു. എഴുതിക്കൊണ്ടിരുന്നപ്പോൾ അത്തിമരത്തിൽ അത്തിപ്പഴം തിന്നുവാൻ വന്ന കിളികളുടെ കിളിക്കൊഞ്ചൽ കേട്ടു. ആ കിളിക്കൊഞ്ചൽ എന്നെ ഓർമ്മിപ്പിച്ചത് എന്റെ പ്രഭാത സവാരിയെക്കുറിച്ചായിരുന്നു. പിന്നീട് എഴുത്തവസാനിപ്പിച്ച് നടപ്പിനായി ഒരുങ്ങി. വെളിയിൽ നല്ല തണുപ്പുണ്ടായിരുന്നു. എന്നാലും പതിയെ ഒരു പാട്ട് കേട്ട് ഞാൻ നടക്കുവാൻ തുടങ്ങി. വഴിക്കും ചുറ്റും പടർന്നു പന്തലിച്ചു നിൽക്കുന്ന മരങ്ങൾക്കിടയിലൂടെ നടന്നപ്പോഴും എന്റെ മനസ്സിൽ മുഖരിതമായ വാചകം ഒന്ന് മാത്രമായിരുന്നു.... " എല്ലാം ഒരു സ്വപ്നത്തിന്റെ ബാക്കി പത്രം....."