ലോക പ്രശസ്തയായ സ്ത്രീവിമോചനവാദിയും, പത്ര പ്രവർത്തകയും, പുരോഗമന വാദിയുമായ ഗ്ലോറിയ സ്റ്റീനെം ഒരിക്കൽ പറയുകയുണ്ടായി, "സമത്വത്തിനു വേണ്ടിയുളള സ്ത്രീകളുടെ പോരാട്ടത്തിന്റെ കഥ ഒരു സ്ത്രീവിമോചന വാദിയിലും, ഏതെങ്കിലുമൊരു സംഘടനയിലും ഒതുങ്ങുന്നതല്ല, മറിച്ച് മാനുഷിക അവകാശങ്ങൾക്കു വേണ്ടി പോരാടുന്ന എല്ലാവരുടേയും ഒരു സംയുജിത ലക്ഷ്യമായിരിക്കണം സ്ത്രീ സമത്വം."
ലോക രാഷ്ട്രങ്ങൾ മാർച്ച് എട്ട് എന്ന തീയതിയിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുമ്പോൾ, ഓരോ വർഷവും ആ ദിനം ജന മനസ്സുകളിലേക്ക് ഉത്ഘോഷിക്കുന്ന സന്ദേശങ്ങൾ സ്ത്രീകളുടെ ഉന്നമനത്തിനും, സ്ത്രീശാക്തീകരണത്തിനുമായി വലിയ ഒരു പങ്കു വഹിക്കുന്നു. 2018-ൽ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പ്രമേയമായി തിരഞ്ഞെടുത്തിരിക്കുന്നത് "പ്രസ്സ് ഫോർ പ്രോഗ്രെസ്സ്" എന്ന ആശയമാണു. ലിംഗ സമത്വത്തിലൂടെ സമൂഹത്തിലെ പിന്നോക്ക സമുദായത്തിൽപ്പെട്ട സ്ത്രീകളുടേയും, കുട്ടികളുടേയും ഉന്നമനത്തിനുവേണ്ടിയുളള ശക്തമായ മുറവിളിയാണു ഈ സന്ദേശത്തിലൂടെ ലോകത്തിനു മുന്നിൽ തുറന്നു കാണിക്കുന്നത്. സാമൂഹികമായ അസഹിഷ്ണതയുടെ ബലിയാടുകളായി സ്ത്രീകൾ ഇപ്പോഴും ഈ സമൂഹത്തിൽ സഹവർത്തിക്കുമ്പോൾ ഈ വനിതാ ദിനത്തിലൂടെ ലോകം മുഴുവൻ പ്രചരിപ്പിക്കപ്പെടുന്ന ഈ സന്ദേശത്തിലൂടെ അസഹഷ്ണതയുടെ ചെങ്ങലകളെ തച്ചുടച്ച് സ്ത്രീ സ്വാതന്ത്ര്യത്തിന്റേയും, സമത്വത്തിന്റേയും ഒരു പുതിയ ലോകം സ്ത്രീകൾക്ക് മുന്നിൽ തുറക്കപ്പെടുമെന്ന് വിശ്വസിക്കുന്നു.
വനിതകളുടെ ഉന്നമനത്തിനു വേണ്ടിയുളള ആദ്യ പ്രക്ഷോഭം ആരംഭിക്കുന്നത് 1908-ലാണു. വസ്ത്രനിർമ്മാണ മേഖലയിൽ ജോലിചെയ്യുന്ന ഒരു കൂട്ടം വനിതകൾ മെച്ചപ്പെട്ട തൊഴിൽ വ്യവസ്ഥിതികൾക്കും, തുല്യ അവകാശങ്ങൾക്കും വേണ്ടി സമരം ചെയ്തുകൊണ്ട് വനിതകളുടെ ഉന്നമനത്തിനു വേണ്ടിയുളള സംരഭങ്ങൾക്ക് തുടക്കം കുറിച്ചു. ആ പ്രക്ഷോഭത്തെ അന്നത്തെ ഗവൺമന്റ് അടിച്ചമർത്തിയെങ്കിലും, അതിൽ നിന്ന് നേടിയ ആർജ്ജവം കൊണ്ട് 1909-ൽ യുണൈറ്റഡ് സ്റ്റെയിറ്റ്സിൽ ആദ്യത്തെ വനിതാ ദിനം ആഘോഷിച്ചു. ജെർമ്മൻ സോഷ്യലിസ്റ്റായ ലൂയിസ് സെയ്റ്റ്സാണു അന്താരഷ്ട്ര വനിതാ ദിനം എന്ന ആശയം നിർദ്ദേശിച്ചത്. ഒന്നാം ലോക മഹായുദ്ധ കാലഘട്ടത്തിൽ മാർച്ച് 8 എന്ന തീയതിയിൽ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ സ്ത്രീകളുടെ നേതൃത്വത്തിൽ സമാധാന മുന്നേറ്റങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. 1975-ന്റെ അവസാന ഘട്ടങ്ങളിലാണു മാർച്ച് എട്ട് എന്ന തീയതി അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചത്.
അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഔദ്യോതിക ലോഗൊ വീനസ് ചിഹ്നമാണെങ്കിൽ, നിറം പർപ്പിളാണു. വീനസ്സെന്ന ചിഹ്നം സ്ത്രീയെ പ്രതിനിധാനം ചെയ്യുമ്പോൾ പർപ്പിൾ എന്ന നിറം പ്രതിനിധാനം ചെയ്യുന്നത് അന്തസ്സുളളതും, നീതിയുക്തവുമായ വനിതാ ജീവിതങ്ങളെയാണു. സ്ത്രീ സമത്വത്തിനു വേണ്ടിയുളള സന്ദേശങ്ങളും, മുറവിളികളും വാക്കുകളിലും, പ്രഘോഷണങ്ങളിലും ഒതുങ്ങാതെ, ആ ആശയങ്ങൾ യഥാർത്ഥ ജീവിതത്തിൽ പ്രാവൃത്തികമാക്കുവാൻ നമുക്കോരുരുത്തർക്കും കടമയും, ഉത്തരവാദിത്വവും ഉണ്ടെന്ന തിരിച്ചറിയൽ ഈ വനിതാ ദിനത്തിലെങ്കിലും ജനഹൃദയങ്ങളിൽ വേരൂന്നട്ടെയെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഒരു സ്ത്രീയായി ജനച്ചതിൽ അഭിമാനിച്ചു കൊണ്ട് എല്ലാ ആർജ്ജവവും ഉൾക്കൊണ്ട ഒരു വനിതാ ദിനം ആശംസിക്കുന്നു.
(മെട്രോ മാഗസിനുവേണ്ടി എഴുതിയ ലേഖനം)
കാർത്തിക....