നൈറ്റ് ഡൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് തിരികെ വണ്ടിയോടിക്കുമ്പോൾ പ്രകൃതിക്കൊപ്പം ഞാനും ഉണരുകയായിരുന്നു. യാത്രയിലുടനീളം അന്ധകരത്തിന്റെ മേലാപ്പ് നീക്കി പ്രകൃതി പുലരിയെ പുൽകുന്നത് കാണുവാൻ നല്ല രസമാണു. ആ പ്രതിഭാസത്തിനു അകമ്പടിയായി ഒരു മെഡിറ്റേഷം മ്യൂസിക്കുകൂടി കേട്ടുകഴിഞ്ഞാൽ അന്നത്തെ ദിവസം മുഴുവൻ ഒരു വല്ലാത്ത പോസിറ്റിവിറ്റി എന്നിൽ വന്ന് നിറയും. ഡൂട്ടി കഴിഞ്ഞ് വീട്ടിൽ കയറുന്നതിനു മുൻപ് ഞാൻ എന്റെ പ്രഭാത നടപ്പിനായി ഇറങ്ങും. മേപ്പിൾ മരങ്ങൾക്കിടയിലൂടെ, പ്രകൃതിയെ പുൽകുന്ന തണുപ്പിനെ ഭേദിച്ച്, കാതിൽ മുഴങ്ങുന്ന സംഗീതത്തിനൊപ്പം നടക്കുമ്പോൾ ഇടയ്കോക്കെ ഇക്കിളിപ്പെടുത്താൻ വരുന്ന കാറ്റിനോട് പരിഭവിച്ച് ജീവിതത്തിന്റെ മനോഹാരിതയെ പുൽകുമ്പോൾ ഈ ജീവിതം എനിക്ക് നൽകിയ പടച്ചോനോട് ഒരു കൃതഞ്ജത തോന്നും.
ഇന്ന് ഞാൻ പോയത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലത്തേക്കാണു. ആ വിശാലമായ മൈതാനത്തെ ഗോൾ പോസ്റ്റ് അവിടെ ഞാൻ കണ്ടില്ല. ഒരു പക്ഷേ മൈതാനത്തിന്റെ നവീകരണ പ്രവർത്തനത്തിനായി അത് മാറ്റിയതായിരിക്കാം. പക്ഷേ ആ ഗോൾപോസ്റ്റിരുന്ന സ്ഥലമായിരുന്നു എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. ഒരു റൗണ്ട് നടപ്പ് കഴിഞ്ഞ് ആ മൈതാനത്തിനു കോണിൽ ഇട്ടിരിക്കുന്ന ബെഞ്ചിലേക്ക് ഞാനിരുന്നു. ആകാശം അപ്പോഴും ഇരുണ്ട് തന്നെ കിടന്നിരുന്നു. നിമിഷങ്ങൾക്കുളളിൽ അതിലെ കാർമ്മേഘങ്ങളെ വെളളി മേഘങ്ങൾ വിഴുങ്ങനത് ഞാൻ കണ്ടു. എത്ര മനോഹരമായ ഒരു പ്രഭാതക്കാഴ്ച്ച. ആ ബെഞ്ചിലിരുന്ന് സംഗീതത്തിനൊപ്പം മനസ്സ് പാഞ്ഞത് സ്വപ്നങ്ങളുടെ പുറകെയായിരുന്നു.
ഞാൻ പുതിയ കാർ എടുത്തപ്പോൾ പലരും വിവിധ അഭിപ്രായങ്ങൾ പറഞ്ഞു. ശരിക്കും പറഞ്ഞാൽ ആ അഭിപ്രായങ്ങൾ എന്നിൽ ചെറിയ മാനസിക സംഘർഷങ്ങൾ ഉണ്ടാക്കി. ഫെബ്രുവരി 23-നു ഞാൻ വണ്ടിയെടുക്കുവാൻ പോകുന്ന ദിവസം എന്റെ പ്രഭാതം പൊട്ടി വിടർന്നത് ഒരു മനോഹരമായ സ്വപ്നത്തിലൂടെയായിരുന്നു. ഞാൻ മൂന്നു പേരെ സ്വപ്നത്തിൽ കണ്ടു ഒന്ന് എന്റെ വല്യമ്മച്ചി (എന്റെ തലതൊട്ടമ്മ), പിന്നെ എന്റെ മമ്മ, മൂന്നാമത്തെ ആൾ എന്റെ മാഷിന്റെ അമ്മ. ശരിക്കും പറഞ്ഞാൽ ഈ മൂന്നുപേരെയും ഞാൻ സ്വപ്നം കണ്ടുണർന്നപ്പോൾ ഞാൻ മനസ്സിൽ തീരുമാനിച്ചു ആ മൂന്ന് അമ്മമാരുടേയും അനുഗ്രഹത്തോട് കൂടിയാണു ഞാൻ വണ്ടിയെടുക്കാൻ പോകുന്നത്. ഇതിൽ കൂടുതൽ ഐശ്വര്യം ആ വണ്ടിക്കും ലഭിക്കാനില്ല. എന്നിലെ സർവ്വ സംഘർഷങ്ങളും എവിടെയോ പോയി മറഞ്ഞു.
ചില സ്വപ്നങ്ങളുടെ ആഴവും അർത്ഥവും വളരെ വലുതാണു. ആ സ്വപ്നങ്ങൾക്ക് നമ്മുടെ ജീവിതത്തിൽ നിറക്കുവാൻ പറ്റുന്ന പോസിറ്റിവിറ്റിയെക്കുറിച്ച് നമ്മൾക്ക് ഗ്രഹിക്കുവാൻ കഴിഞ്ഞാൽ ഒരു പക്ഷേ ഒരു നല്ല മെഡിറ്റേഷൻ ചെയ്ത അനുഭവം ആ സ്വപ്നങ്ങളിലൂടെ നമ്മളിൽ സ്വായക്തമാകുന്നു.
നടപ്പ് അവസാനിപ്പിച്ച് എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിച്ചതുകൊണ്ടാകാം തണുപ്പിന്റെ കാഠിന്യം കൂടുന്നതായി തോന്നി. അപ്പോൾ ഒരു നല്ല ചൂടുകാപ്പിയും, സോസേജ് റോളും കഴിക്കുവാൻ തോന്നി. നേരെ എഴുത്തവസാനിപ്പിച്ച് ഒ.റ്റി.ആർ പെട്രോൾ സ്റ്റേഷനിലേക്ക് വണ്ടി വിട്ടു. ഒരു കപ്പുച്ചീനോ കോഫിയും, സോസേജ് റോളും സ്വന്തമാക്കി തിരികെ വീട്ടിലേക്ക് വണ്ടിയോടിക്കുമ്പോൾ മനസ്സിൽ തിര തല്ലുന്ന ആഹ്‌ളാദത്തിനു ഒരായിരം നന്ദി ദൈവത്തോടും, ഈ സന്തോഷങ്ങളെ പുൽകുവാൻ എനിക്കൊരു പുനർ ജന്മം നൽകിയ ദൈവതുല്യമായ ആ വ്യക്തിത്വത്തോടും എന്റെ മനസ്സിൽ ഞാൻ ഉരുവിട്ടുകൊണ്ടേയിരുന്നു...